Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാകോട്ടിലെ സർജിക്കൽ സ്‌ട്രൈക്കും രാജ്യത്തിന്റെ കാവൽക്കാരൻ എന്ന പ്രയോഗവും സാറ്റലൈറ്റ് വേധ മിസൈൽ വിക്ഷേപണവും തിരഞ്ഞെടുപ്പ് ചർച്ചയാക്കാൻ നോക്കിയിട്ടും ഫലിച്ചില്ലേ? ഒടുവിൽ മഹാരാഷ്ട്രയിൽ തീവ്രഹിന്ദു നിലപാടുള്ള ശിവസേനയ്‌ക്കൊപ്പം പ്രചരണത്തിന് എത്തിയപ്പോൾ ഹിന്ദുത്വ അജണ്ടതന്നെ പുറത്തെടുത്ത് മോദി; സമാധാന പ്രിയരായ ഹിന്ദുക്കളെ കോൺഗ്രസുകാർ ഭീകരർ ആയി കാണുന്നുവെന്നും തോൽവി ഭയന്നാണ് രാഹുലിന്റെ ഒളിച്ചോട്ടമെന്നും പ്രധാനമന്ത്രി

ബലാകോട്ടിലെ സർജിക്കൽ സ്‌ട്രൈക്കും രാജ്യത്തിന്റെ കാവൽക്കാരൻ എന്ന പ്രയോഗവും സാറ്റലൈറ്റ് വേധ മിസൈൽ വിക്ഷേപണവും തിരഞ്ഞെടുപ്പ് ചർച്ചയാക്കാൻ നോക്കിയിട്ടും ഫലിച്ചില്ലേ? ഒടുവിൽ മഹാരാഷ്ട്രയിൽ തീവ്രഹിന്ദു നിലപാടുള്ള ശിവസേനയ്‌ക്കൊപ്പം പ്രചരണത്തിന് എത്തിയപ്പോൾ ഹിന്ദുത്വ അജണ്ടതന്നെ പുറത്തെടുത്ത് മോദി; സമാധാന പ്രിയരായ ഹിന്ദുക്കളെ കോൺഗ്രസുകാർ ഭീകരർ ആയി കാണുന്നുവെന്നും തോൽവി ഭയന്നാണ് രാഹുലിന്റെ ഒളിച്ചോട്ടമെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

വിധർഭ: ഈ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണായുധം ഏതായിരിക്കുമെന്ന ചോദ്യം ഏറെ നേരത്തേ തന്നെ ഉയർന്നിരുന്നു. രാമക്ഷേത്ര നിർമ്മാണവും ഹൈന്ദവ പ്രീണനവും ബിജെപി ഈ തിരഞ്ഞെടുപ്പിലും ഉയർത്തിക്കൊണ്ടുവരുമെന്ന നിലയിൽ ഇക്കാര്യം ചർച്ചയുമായി. എന്നാൽ അതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടാകുന്നതും അതിന് തിരിച്ചടിയായി ബാലാകോട്ടിൽ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരതാവളം ആക്രമിക്കുന്നതും. ഈ വിഷയങ്ങളെല്ലാം വന്നതോടെ താൻ രാജ്യത്തിന്റെ കാവൽക്കാരനാണെന്നും തന്റെ കയ്യിൽ രാജ്യം സുരക്ഷിതമാണെന്നുമെല്ലാം ആയി നരേന്ദ്ര മോദിയുടെ പ്രചരണത്തിന്റെ മുഖ്യ ആയുധം.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ വിക്ഷേപിക്കുകയും കൂടി ചെയ്തതോടെ ഇതും മോദി പ്രസംഗത്തിൽ തന്റെ ഭരണനേട്ടമെന്ന മട്ടിൽ പറഞ്ഞതും ചർച്ചയായി. ഈ വിഷയത്തിൽ വലിയ പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുകയും ഇടതുകക്ഷികൾ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. ഇത്തരത്തിൽ രാജ്യ സുരക്ഷയിലൂന്നി പ്രചരണം മുന്നോട്ടു പോകുന്നതിനിടെ ഹിന്ദുത്വ അജണ്ട ബിജെപിയും മോദിയും ഈ തിരഞ്ഞെടുപ്പുകാലത്ത് വലിയതോതിൽ ഉയർത്തിക്കൊണ്ടു വരില്ലെന്നായിരുന്നു ദേശീയതലത്തിൽ വിലയിരുത്തലുകൾ. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്.

തീവ്ര ഹിന്ദു നിലപാടുമായി ബിജെപിയെക്കാൾ ശക്തമായി നിലകൊണ്ട ശിവസേനയുടെ തട്ടകത്തിൽ പ്രചരണത്തിന് എത്തിയപ്പോൾ മോദി ഹിന്ദുത്വ അജണ്ടതന്നെ ഉയർത്തിക്കാട്ടി പ്രസംഗിച്ചതാണ് ചർച്ചയാകുന്നത്. രാജ്യത്തിന്റെ കാവൽക്കാരൻ ആണ് താൻ എന്ന നിലയിൽ രാജ്യത്തിന്റെ അതിർത്തിയിലെ ചെറുത്തുനിൽപ്പും യുദ്ധരംഗത്തെ മേന്മകളും കാണിച്ച് പ്രചരണത്തിനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം. എന്നാൽ ബാലാകോട്ടിൽ ഇന്ത്യ തിരിച്ചടിച്ചതിന്റെ തെളിവു ചോദിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തുവന്നതോടെ വിഷയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനായി മോദിയുടേയും അമിത്ഷായുടേയും എല്ലാം പ്രസംഗങ്ങൾ.

പക്ഷേ, കോൺഗ്രസിന്റെ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളായി വർഷം 72,000 രൂപ ദരിദ്രർക്ക് ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന മിനിമം വേതനം പദ്ധതിയുടെ പ്രഖ്യാപനവും ഇതോടൊപ്പം കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുമെന്നും രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികകളിൽ എല്ലാം നിയമനം നടത്തുമെന്നും കോൺഗ്രസും രാഹുലും പ്രഖ്യാപിച്ച് തുടങ്ങിയതോടെ ഇപ്പോൾ ബിജെപി ചുവടുമാറ്റുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. 'സമാധാന പ്രിയരായ ഹിന്ദുക്കളെ കോൺഗ്രസ് ഭീകരരായി കാണുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് വിധർഭയിൽ ശിവസേനയുമായി ബിജെപി സഖ്യത്തിൽ മത്സരിക്കുന്ന പ്രദേശങ്ങളിൽ മോദി റാലികളിൽ പ്രസംഗിച്ചത്.

ഹിന്ദുക്കളെ ഭീകരരായി കണ്ട് കോൺഗ്രസുകാർ ഒളിച്ചോടുകയാണ്. സമാധാന പ്രേമികളായ ഹിന്ദുക്കളെ ഇത്തരത്തിൽ കാണുകയാണ് കോൺഗ്രസ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ രാജ്യത്തെ ഹിന്ദു സമൂഹം പ്രതിപക്ഷത്തിന് 'ശിക്ഷ' കൊടുക്കാൻ പോകുകയാണ്. - ബിജെപി-ശിവസേന സഖ്യത്തിന്റെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ മോദി പറഞ്ഞു. ഹിന്ദു ഭൂരിപക്ഷം ഉള്ള മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസുകാർ ഒളിച്ചോടുന്നു എന്ന സൂചന നൽകിക്കൊണ്ടാണ് രാഹുൽ അമേഠിക്കു പുറമെ വയനാട്ടിലും മത്സരിക്കാൻ എത്തുന്നതിനെ രാഹുലിന്റെ പേര് പറയാതെ മോദി വിമർശിച്ചത്.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ഹിന്ദു ഭീകരത പറഞ്ഞ് കോൺഗ്രസ് അപകീർത്തിപ്പെടുത്തുകയാണ്. ഹിന്ദു ഭീകരത എന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് അത് വലിയ വിഷമം ഉണ്ടാക്കുന്നില്ലേ. ആയിരക്കണക്കിന് വർഷത്തിനിടെ ഹിന്ദുക്കൾ എന്തു ഭീകരതയാണ് ഉണ്ടാക്കിയത്. ഒരു സംഭവമെങ്കിലും പറയാമോ? - ഇങ്ങനെ പോയി മോദിയുടെ പ്രസംഗം. ഇതോടെ ഈ തിരഞ്ഞെടുപ്പിലും വീണ്ടും ഹിന്ദുത്വ അജണ്ടയിലേക്ക് ചുവടുമാറ്റുകയാണ് ബിജെപിയും മോദിയുമെന്ന നിലയിൽ വിഷയം ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

ഏതായാലും വിഷയത്തിൽ ശക്തമായി പ്രതികരിച്ച് കോൺഗ്രസും രംഗത്തെത്തി. മതത്തിന്റെ പേരിൽ അല്ല കോൺഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തീവാരി മോദിയുടെ പരാമർശങ്ങൾക്ക് മറുപടിയായി പറഞ്ഞു. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ നേരത്തേയും ദക്ഷിണേന്ത്യയിൽ മത്സരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മോദി മത്സരിക്കാൻ തയ്യാറാകാത്തതെന്നും തീവാരി ചേദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP