Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യത്തിൽ വിസ്മയം തീർത്ത ശൈലജ ടീച്ചറെ ഒഴിവാക്കിയത് വോട്ടർമാരുടെ നിരാശയ്ക്ക് കാരണമായി; പേരാവൂരിലെ ബാങ്ക് അഴിമതിയും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും തിരിച്ചടിച്ചു; കോൺഗ്രസും ലീഗും ഒറ്റമനസ്സായപ്പോൾ വീണ്ടും 14 ജയം; സീറ്റും വോട്ടുമില്ലാതെ പടുകുഴിയിൽ ബിജെപിയും; മട്ടന്നൂരിലെ മുസ്ലിം മനസ്സു മാറ്റം സിപിഎമ്മിന്റെ തലപുകയ്ക്കും

ആരോഗ്യത്തിൽ വിസ്മയം തീർത്ത ശൈലജ ടീച്ചറെ ഒഴിവാക്കിയത് വോട്ടർമാരുടെ നിരാശയ്ക്ക് കാരണമായി; പേരാവൂരിലെ ബാങ്ക് അഴിമതിയും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും തിരിച്ചടിച്ചു; കോൺഗ്രസും ലീഗും ഒറ്റമനസ്സായപ്പോൾ വീണ്ടും 14 ജയം; സീറ്റും വോട്ടുമില്ലാതെ പടുകുഴിയിൽ ബിജെപിയും; മട്ടന്നൂരിലെ മുസ്ലിം മനസ്സു മാറ്റം സിപിഎമ്മിന്റെ തലപുകയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിനിടയിലും മട്ടന്നൂർ കോട്ട എൽഡിഎഫ് നിലനിർത്തിയെങ്കിലും കണ്ണൂരിലെ പാർട്ടിയെ ഈ വിധി പിടിച്ചുലയ്ക്കും. കഴിഞ്ഞ 25 വർഷമായി തുടരുന്ന എൽഡിഎഫ് ഭരണം മട്ടന്നൂർ നഗരസഭയിൽ മാറ്റമില്ലാതെ തുടരുമ്പോഴും പരമ്പരാഗത വോട്ടുകളിലെ ചോർച്ച സിപിഎമ്മിനെ ഞെട്ടിക്കുന്നുണ്ട്. ഇതിനൊപ്പം മുസ്ലിം വോട്ട് ബാങ്ക് യുഡിഎഫിനോട് വീണ്ടും അടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. തുടർഭരണത്തിന്റെ ആവേശത്തിൽ നേരിട്ട തെരഞ്ഞെടുപ്പിലാണ് ഭരണം നിലനിർത്തുമ്പോഴും സിപിഎമ്മിന് തിരിച്ചടിയുണ്ടാകുന്നത്. തൃക്കാക്കരയ്ക്ക് ശേഷം കോൺഗ്രസിനും ലീഗിനും യുഡിഎഫിനും പ്രതീക്ഷയാണ് മട്ടന്നൂരിലെ തിരിച്ചു വരവ്

35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഫ് 21 സീറ്റുകൾ പിടിച്ചാണ് അധികാരം നിലനിർത്തിയത്. യുഡിഎഫിന് 14 സീറ്റുകളിൽ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകൾ നേടാനായിരുന്നു. മുസ്ലിം ലീഗിന് വീണ്ടും വോട്ട് കൂടിയെന്നതും ശ്രദ്ധേയമാണ്. അഞ്ചു സീറ്റുകൾ മുസ്ലിം ലീഗ് നേടി. കോൺഗ്രസിന് ഒൻപതും. സിപിഎമ്മിന് 19 പേരെ ജയിപ്പിക്കാനായി. സിപിഐയും ഐഎൻഎല്ലും ഓരോ സീറ്റും സ്വന്തമാക്കി. പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങൾ മട്ടന്നൂരിൽ സിപിഎമ്മിന് തിരിച്ചടി നൽകിയെന്നാണ് വിലയിരുത്തൽ.

നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. പ്രചരണത്തിന്റെ അവസാന ദിനം തന്നെ ഇടതു ക്യാമ്പുകളിൽ നിരാശ പ്രകടമായിരുന്നു. ഭരണം പിടിക്കാനായില്ലെങ്കിലും സീറ്റ് ഇരട്ടിയാക്കി കരുത്ത് കാട്ടാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. മുസ്ലീവോട്ടുകളുടെ തിരിച്ചുവരവ് ഇതിന് സഹായകവുമായി. ഇതിനൊപ്പം സിപിഎമ്മിന്റെ അവകാശ വാദങ്ങൾക്കും തിരിച്ചടിയായി. കേരളത്തിൽ കോൺഗ്രസും യുഡിഎഫും തകരന്നുവെന്ന് വരുത്താനായിരുന്നു മട്ടന്നൂരിലെ ശ്രമം. എന്നാൽ അതുണ്ടായില്ല. സിപിഎം കോട്ടകളിൽ പോലും കരുത്തു കാട്ടാനായില്ല.

ബിജെപി ആകെ പരാജയമായി. സീറ്റ് കിട്ടിയില്ലെന്നതു മാത്രമല്ല, ബഹു ഭൂരിപക്ഷം വാർഡുകളിലും നാമമാത്ര വോട്ടുകൾ മാത്രമേ ലഭിച്ചൂള്ളൂ. ഒരു സ്വാധീനവും കാടിളക്കിയുള്ള പ്രചരണത്തിലൂടെ കാട്ടാൻ ബിജെപിക്ക് കഴിഞ്ഞില്ല. കോൺഗ്രസിന് ചിട്ടയായ പ്രചരണമാണ് തുണയായി മാറിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിലും മുന്നണിയെന്ന തരത്തിൽ മുസ്ലിംലീഗുമായുണ്ടായ ഏകോപനവും കരുത്തായി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ലീഗ് മികച്ച പ്രകടനം കാഴ്ച വച്ചുവെന്നതാണ് യാഥാർത്ഥ്യം. കുറച്ചു കാലമായി മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്ക് പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിൽ മാറ്റം മട്ടന്നൂരിൽ പ്രകടമാണ്.

കണ്ണൂരിലെ സിപിഎമ്മിലെ പ്രാദേശിക പ്രശ്‌നങ്ങളോട് സംസ്ഥാന നേതൃത്വം ഏകപക്ഷീയ ഇടപെടലാണ് നടത്തുന്നത്. എല്ലാ തീരുമാനവും മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നു. മട്ടന്നൂരിന് ചേർന്നുള്ള പേരാവൂരിലെ സിപിഎം നേതാക്കളുടെ ബാങ്ക് തട്ടിപ്പും രക്തസാക്ഷി ഫണ്ടിലെ പയ്യന്നൂർ തട്ടിപ്പുമെല്ലാം കണ്ണൂരിൽ ഉടനീളം അണികൾക്ക് നിരാശ നൽകുന്ന ഘടകങ്ങലായിരുന്നു. പയ്യന്നൂരിൽ തെറ്റ് കണ്ടെത്തിയ ആളെ ശിക്ഷിക്കുന്ന നടപടിയാണ് സിപിഎം സംസ്ഥാന നേതൃത്വം എടുത്തത്. സത്യസന്ധനായ പഴയ ഏര്യാസെക്രട്ടറി വി കുഞ്ഞികൃഷ്ണന് രാഷ്ട്രീയം പോലും അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടിയും വന്നു.

മട്ടന്നൂരിലാണ് കണ്ണൂർ വിമാനത്താവളവും. മൂർഖൻപറമ്പിൽ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും പോലുള്ളവർക്കും ചെറിയ സ്വാധീനമുണ്ട്. നഗരമേഖലയിൽ പഴയ വോട്ടുകൾ കോൺഗ്രസിന് തിരിച്ചു കിട്ടുമ്പോൾ സിപിഎമ്മിന് തില്ലങ്കേരി ഫാക്ടറും തിരിച്ചടിയായി. പിജെ ആർമിയും ഈ മേഖലയിൽ സിപിഎമ്മുമായി സഹകരിക്കുന്നില്ല. അണികളിൽ സ്വാധീനമുള്ള നേതാക്കളെ വെട്ടുന്നതിലെ നീരസവും പ്രകടം. മട്ടന്നൂരിൽ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച കെകെ ശൈലജയെ മന്ത്രിയാക്കാതെ തഴഞ്ഞതും സിപിഎമ്മുകാർക്ക് പോലും അംഗീകരിക്കാനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത് ശക്തമായ വികാരം മണ്ഡലത്തിലുണ്ടാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആയി ശൈലജ ടീച്ചർ മാറുമെന്നായിരുന്നു മട്ടന്നൂരുകാരുടെ വികാരം. എന്നാൽ ഭാവിയിൽ പുതിയ നേതാവുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ആരോഗ്യവകുപ്പിൽ വിസ്മയം കാട്ടിയ ടീച്ചറമ്മയെ പിണറായി ഒഴിവാക്കി. പുതുമുഖങ്ങൾ മാത്രം മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. കണ്ണൂരിൽ നിന്നുള്ള എംവി ഗോവിന്ദന് മന്ത്രി പദം കൊടുത്തപ്പോഴും മികച്ച വകുപ്പൊന്നും നൽകിയില്ല. ഇതെല്ലാം കണ്ണൂരിലെ സിപിഎം അണികളിൽ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ഇതിനൊപ്പം സർക്കാരിനെതിരെ ഉയരുന്ന വികാരവും മട്ടന്നൂരിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചർച്ചയാക്കിയിരുന്നു. ഇതും അന്തിമ ഫലത്തെ സ്വാധീനിച്ചു.

മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂർ മാറ്റിനിർത്തുന്നത്. മട്ടന്നൂർ എച്ച്എച്ച്എസ്എസിലായിരുന്നു വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 2017ലെ പോളിങ് ശതമാനം 82.91 ആയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP