Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുലും പ്രിയങ്കയും പറന്നിറങ്ങിയത് വയനാട്ടിലേക്കല്ല... ദക്ഷിണേന്ത്യയുടെ നെഞ്ചിലേക്ക്; മാസ് എൻട്രി കാണാൻ റോഡുകളും കെട്ടിടങ്ങളും നിറഞ്ഞുകവിഞ്ഞ് രാഷ്ട്രീയ ഭേദമെന്യേ ജനക്കൂട്ടം; വീണ്ടും പ്രചരണത്തിനായി നേതാവ് എത്തുക തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ്; പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ ദർശനത്തിന് പ്രിയങ്കയും കൂടെയെത്തും; ഉത്തരകാശിയിൽ മത്സരിക്കുന്ന മോദിക്ക് രാഹുലിന്റെ മറുപടി ദക്ഷിണകാശിയിൽ മത്സരിച്ചുകൊണ്ട്

രാഹുലും പ്രിയങ്കയും പറന്നിറങ്ങിയത് വയനാട്ടിലേക്കല്ല... ദക്ഷിണേന്ത്യയുടെ നെഞ്ചിലേക്ക്; മാസ് എൻട്രി കാണാൻ റോഡുകളും കെട്ടിടങ്ങളും നിറഞ്ഞുകവിഞ്ഞ് രാഷ്ട്രീയ ഭേദമെന്യേ ജനക്കൂട്ടം; വീണ്ടും പ്രചരണത്തിനായി നേതാവ് എത്തുക തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ്; പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ ദർശനത്തിന് പ്രിയങ്കയും കൂടെയെത്തും; ഉത്തരകാശിയിൽ മത്സരിക്കുന്ന മോദിക്ക് രാഹുലിന്റെ മറുപടി ദക്ഷിണകാശിയിൽ മത്സരിച്ചുകൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഇന്ന് അക്ഷരാർത്ഥത്തിൽ ദക്ഷിണേന്ത്യയുടെ നെഞ്ചിലേക്കായിരുന്നു രാഹുലിന്റേയും പ്രിയങ്കയുടേയും മാസ് എൻട്രി. വയനാട്ടിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ആകമാനം തരംഗം തീർത്ത് രാഹുലും പ്രിയങ്കയും കോൺഗ്രസിനും യുഡിഎഫിനും നൽകിയത് പുതുജീവൻ. നേതാക്കന്മാരുടെ എല്ലാ പ്രതീക്ഷകളേയും തകർത്തുകൊണ്ടാണ് ഇന്ന് കോഴിക്കോട്ടേക്കും വയനാട്ടിലേക്കും ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലേക്കും ജനക്കൂട്ടം ഒഴുകിയെത്തിയത്.

വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട്ടേയും മലപ്പുറത്തേയും മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളം നിന്ന് കോൺഗ്രസിന്റെ നവനേതൃത്വമായ പ്രിയങ്കയേയും രാഹുലിനേയും കാണാനും അവരുടെ ഒരു കൈവീശിക്കാണിക്കലെങ്കിലും കാണാനുമായി ആയിരങ്ങളാണ് എത്തിയത്. കടുത്ത സുരക്ഷാ ഏർപ്പാടുകളാണ് ഇവരുടെ സന്ദർശനം പ്രമാണിച്ച് ഏർപ്പെടുത്തിയതെങ്കിലും അവരെ ദൂരെനിന്നെങ്കിലും കാണാൻ ജനക്കൂട്ടം ഓരോയിടത്തും കാത്തുനിന്നു.

കൽപ്പറ്റയിൽ പാതകൾ നിറഞ്ഞ് ജനം കാത്തുനിന്നതോടെ പൂഴിവീണാൽ നിലത്തെത്താത്ത തിരക്കായി. നേതാക്കളെ കാണാൻ റോഡിന് ഇരുവശത്തും കെട്ടിടങ്ങളുടെ മുകളിലും മരങ്ങളിലും ഉൾപ്പെടെ പലരും കയറിപ്പറ്റി. ഇത്തരത്തിൽ ഇന്നോളം കാണാത്ത തിരക്കാണ് കൽപ്പറ്റയിൽ അനുഭവപ്പെട്ടത്. ഏതായാലും ഈ ഊർജം നിലനിർത്തി കേരളത്തിൽ എല്ലാ മണ്ഡലത്തിലും യുഡിഎഫ് തരംഗം ശക്തമാക്കാനുള്ള പ്രവർത്തനമാണ് കോൺഗ്രസും ഘടകകക്ഷികളും നടത്തുന്നത്. ദക്ഷിണേന്ത്യയിൽ ഇത് വലിയ ചലനം സൃഷ്ടിക്കുമെന്നും കോൺഗ്രസിന് അനുകൂലമാകും തമിഴ്‌നാട്ടിലും കർണാടകത്തിലും ഉൾപ്പെടെ കാര്യങ്ങളെന്നും ആണ് പൊതുവെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കുംമുമ്പ് രണ്ടുദിവസം കൂടെ രാഹുൽ കേരളത്തിലെത്തും. ഇതോടെ ഇന്നത്തെ ആവേശം പരമാവധി വോട്ടാക്കിമാറ്റാനാണ് യുഡിഎഫ് തന്ത്രങ്ങൾ മെനയുന്നത്. ഇന്ന് നോമിനേഷൻ കൊടുക്കാൻ പോകുന്നതിനിടെ രാവിലെ പതിനൊന്നിനാണ് കൽപ്പറ്റയിലെ സ്‌കൂൾ ഗ്രൗണ്ടിൽ രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്. അവിടെ നിന്ന് 400 മീറ്റർ റോഡ് ഷോ നടത്തിയാണ് കലക്ടറേറ്റിലേക്ക് എത്തിയത്. പിന്നീട് ബൈപ്പാസ് വഴി പിണങ്ങോട് ജംഗ്ഷൻ മുതൽ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടുവരെ രണ്ടര കിലോമീറ്റർ റോഡ്‌ഷോ നടത്താൻ ഒരുമണിക്കൂറിലേറെ വേണ്ടിവന്നു. അത്രയ്ക്കായിരുന്നു റോഡിലും വശങ്ങളിലുമായി ജനം കാത്തുനിന്നത്.

ഉത്തരകാശിയിൽ മോദി; ദക്ഷിണ കാശിയിൽ രാഹുൽ

രാഹുൽ സ്ഥിരമായി മണ്ഡലത്തിൽ പ്രചരണത്തിന് ഉണ്ടാവില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായി ഇന്നത്തെ ജനസാന്നിധ്യം. ഏതായാലും ഈ മാസം 16, 17 തീയതികളിലായി വീണ്ടും വയനാട്ടിലേക്ക് വരാനും വലിയ റോഡ്‌ഷോ ഉൾപ്പെടെ മണ്ഡലത്തിൽ നടത്താനുമാണ് രാഹുൽ ആലോചിക്കുന്നത്. കൂടെ പ്രിയങ്കയും എത്തും. പിതാവ് രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിൽ കൊലചെയ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ചിതാഭസ്മം ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന വയനാട്ടിലെ തിരുനെല്ലി പാപനാശത്തിലും നിമജ്ജനം ചെയ്തിരുന്നു.

ഇനി പര്യടനത്തിന് വരുന്ന വേളയിൽ പ്രിയങ്കയും രാഹുലും ഈ ഓർമ്മകളുമായി തിരുനെല്ലി ക്ഷേത്രവും പാപനാശവും സന്ദർശിക്കുമെന്നാണ് സൂചനകൾ വന്നിട്ടുള്ളത്. ഇതിലൂടെ മറ്റൊരു സന്ദേശം കൂടെ നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. ഉത്തരകാശിയായ വാരണാസിയിൽ മോദി മത്സരിക്കുമ്പോൾ എതിരാളിയായ രാഹുൽ മത്സരിക്കുന്നത് ദക്ഷിണകാശി ഉൾക്കൊള്ളുന്ന വയനാട്ടിലാണ്. ഇത്തരത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ഏതായാലും അടുത്ത സന്ദർശനത്തിൽ വയനാടിന് പുറമെ കേരളത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും റാലികളെ കോൺഗ്രസ് അധ്യക്ഷൻ അഭിസംബോധന ചെയ്യും. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ഇത്തരത്തിൽ രാഹുൽ എത്തുമ്പോൾ അത് വലിയ ആവേശമാകും കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും സൃഷ്ടിക്കുകയെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. രാഹുൽ തരംഗം എല്ലാ മണ്ഡലങ്ങളിലും വോട്ടാകുമെന്ന് ഉറപ്പുള്ളതിനാൽ കൊണ്ടുപിടിച്ച് പ്രചാരണം നടത്തും. രാഹുൽ വരുന്നത് പ്രമാണിച്ച് വയനാട്ടിൽ വലിയ ഒരുക്കങ്ങൾ നടത്താൻ കോൺ്ഗ്രസ് നേതൃത്വം സംസ്ഥാന നേതാക്കൾക്കും ഡിസിസിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

മോദിയും കേരളത്തിൽ പ്രചാരണത്തിന്

കേരളത്തിൽ വലിയ വിജയപ്രതീക്ഷ പുലർത്തുന്നില്ലെങ്കിലും രാഹുൽ ഇവിടെ മത്സരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രചരണയോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിയോഗി നരേന്ദമോദിയും എത്തും. ഈ മാസം പന്ത്രണ്ടിന് അദ്ദേഹത്തെ എത്തിച്ച് രണ്ട് റാലികൾ നടത്തി ആവേശം സൃഷ്ടിക്കാനാണ് ബിജെപിയും ഒരുങ്ങുന്നത്. 12-ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നരേന്ദ്ര മോദി റാലികളിൽ പങ്കെടുക്കും. വൈകീട്ട് 5-ന് കോഴിക്കോട്ടും രാത്രി 7-ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

പതിനേഴാം ലോക്‌സഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പ് നടക്കാൻ ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ രാഹുലും മോദിയും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലാവും ഇനിയുള്ള ദിവസങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുക. ഏതായാലും ദേശീയത മാത്രം വോട്ടാകില്ലെന്ന ബോധ്യം വന്നതോടെ പതുക്കെ ഹിന്ദുത്വ അജണ്ടയും ബിജെപി പൊടിതട്ടിയെടുക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP