Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശികവാദം തലപൊക്കുന്നു; സംസ്ഥാന നേതൃത്വത്തിന്റെ മനസിലുള്ളത് എം സി കമറുദ്ദീന്റെ പേര്; മഞ്ചേശ്വരത്ത് മഞ്ചേശ്വരത്തുകാരനെ മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വത്തിൽ തൃക്കരിപ്പൂരുകാരുടെ അപ്രമാധിത്വമെന്നും ഒരു വിഭാഗം; ഇവർ മുന്നോട്ടു വെക്കുന്നത് എകെഎം അഷറഫിന്റെ പേര്; എല്ലാം പാണക്കാട് തങ്ങളിന് വിട്ട് നേതാക്കൾ

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശികവാദം തലപൊക്കുന്നു; സംസ്ഥാന നേതൃത്വത്തിന്റെ മനസിലുള്ളത് എം സി കമറുദ്ദീന്റെ പേര്; മഞ്ചേശ്വരത്ത് മഞ്ചേശ്വരത്തുകാരനെ മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വത്തിൽ തൃക്കരിപ്പൂരുകാരുടെ അപ്രമാധിത്വമെന്നും ഒരു വിഭാഗം; ഇവർ മുന്നോട്ടു വെക്കുന്നത് എകെഎം അഷറഫിന്റെ പേര്; എല്ലാം പാണക്കാട് തങ്ങളിന് വിട്ട് നേതാക്കൾ

രഞ്ജിത്ത് ബാബു

കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽ പ്രാദേശിക വാദം തലപൊക്കുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി കമറുദ്ദീനെ മത്സരിപ്പിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം പരിഗണിച്ചെങ്കിലും മഞ്ചേശ്വരത്ത് മഞ്ചേശ്വരത്തുകാരനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ശക്തമാവുകയാണ്. കാസർഗോഡ് ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം നിലവിൽ തൃക്കരിപ്പൂരുകാരുടെ അപ്രമാധിത്വത്തിലാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. പാർട്ടിയിലെ പ്രധാന ഭാരവാഹികളും ജില്ലാ പഞ്ചായത്ത് നേതൃത്വവും എല്ലാം കുറേ കാലമായി തൃക്കരിപ്പൂരുകാരനായ മുസ്ലിംലീഗ് നേതാക്കൾ കൈയടക്കി വച്ചിരിക്കയാണെന്ന ആരോപണം പരസ്യമായും രഹസ്യമായും ലീഗ് അണികൾ ഉയർത്തിയിരുന്നു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ആസന്നമായതോടെ ഈ ആരോപണം മറനീക്കി പുറത്ത് വന്നിരിക്കയാണ്. ഇത്തവണ മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കാൻ ഭാഷാ ന്യൂനപക്ഷവിഭാഗത്തിൽപെട്ട ഒരാൾ വരണമെന്നാണ് മഞ്ചേശ്വരത്തുകാരുടെ പൊതു അഭിപ്രായം. ഇതിനെ പിൻതുണക്കുന്ന നിലപാടാണ് യൂത്ത് ലീഗിലെ ഭൂരിപക്ഷവും സ്വീകരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം. അഷറഫിനെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം സജീവമായിട്ടുള്ളത്.

മരണമടഞ്ഞ മുൻ എംഎൽഎ പി ബി അബ്ദുൾ റസാഖ് കാസർഗോഡുകാരനായിരുന്നു. മുമ്പ് ഈ നിയമസഭാ സീറ്റിൽ ചെർക്കളം അബ്ദുള്ളയായിരുന്നു സ്ഥിരമായി നിന്നിരുന്നത്. 2006 ൽ സിപിഎം. ലെ സി.എച്ച് കുഞ്ഞമ്പുവിനോട് പരാജയപ്പെടുന്നതുവരെ ചെർക്കളം അബ്ദുള്ളയുടെ കുത്തക സീറ്റായിരുന്നു ഇത്. അപ്പോഴൊന്നും യു.ഡി.എഫോ മുസ്ലിം ലീഗോ മഞ്ചേശ്വരത്തുകാരെ പരിഗണിച്ചിരുന്നില്ല. അബ്ദുൾ റസാഖിനെ സംബന്ധിച്ച് മലയാളത്തെ പോലെ കന്നഡയും വഴങ്ങുമെന്നതിനാൽ മഞ്ചേശ്വരത്തുകാർക്ക് വലിയ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പരിഗണന ലഭിക്കുന്ന എം. സി. കമറുദ്ദീന് കന്നഡ മേഖലയിൽ കാര്യമായ ബന്ധമില്ല. കന്നഡയോ തുളുവോ വശവുമില്ല.

എന്നാൽ യൂത്ത് ലീഗ് നേതാവ് എ.കെ. എം. അഷറഫിന് ഈ മേഖലയിലെ എല്ലാ ന്യൂനപക്ഷ ഭാഷകളിലും പ്രാവീണ്യമുണ്ട്. ബ്യാരി, തുളു. മറാട്ടി, ഹിന്ദി എന്നീ ഭാഷകൾക്കു പുറമേ കന്നഡയും ഉറുദുവും അദ്ദേഹത്തിന് നന്നായി വശമുണ്ട്. മാത്രമല്ല കന്നഡയിൽ ബിരുദധാരികൂടിയാണ് അഷറഫ്. കേരള നിയമസഭയിൽ കന്നഡ ഉൾപ്പെടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രതിനിധി തന്നെ മഞ്ചേശ്വരത്തു നിന്നും ജയിച്ചു കയറണണെന്ന ശക്തമായ വാദവും ഇവിടെ നിന്നും ഉയരുന്നുണ്ട്. 1982 സി.പി. ഐ യിലെ എ. സുബ്ബറാവു തെരഞ്ഞെടുക്കപ്പെട്ട ശേഷം ഭാഷാ ന്യൂനപക്ഷത്തിലെ ആരും മഞ്ചേശ്വരത്തു നിന്നും കേരള നിയമസഭയിൽ അംഗമായിട്ടില്ല.

മഞ്ചേശ്വരത്തു കാർക്ക് അതിൽ ചില പ്രതിഷേധങ്ങളുണ്ട്. ഏറെ ക്കാലത്തെ ഇടവേളക്കു ശേഷം മഞ്ചേശ്വരത്തുകാരനായ ഒരു പ്രതിനിധി ഇത്തവണയെങ്കിലും ഇവിടെ നിന്നും ജയിച്ചു കയറണണെന്ന ആവശ്യം ശക്തമായിട്ടുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം മാത്രമേ എൽ.ഡി.എഫും എൻ.ഡി.എ .യും സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധ്യതയുള്ളൂ. മുസ്ലിം ലീഗ് കമറുദ്ദീനെ തന്നെ സ്ഥാനാർത്ഥിയാക്കിയാൽ സിപിഎം. മഞ്ചേശ്വരത്തുകാരനായ കെ.ആർ. ജയാനന്ദയെ തന്നെ നിർത്താനാണ് സാധ്യത. ബിജെപി. തദ്ദേശീയനായ രവീശ തന്ത്രി കുണ്ടാറിനേയോ മറ്റ് കന്നഡ ഭാഷാ നേതാക്കളേയോ സ്ഥാനാർത്ഥിയാക്കിയേക്കും.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ ഭൂരിപക്ഷം നിലനിർത്തണമെന്ന തീരുമാനത്തിലാണ് യു.ഡി.എഫ്. എന്നാൽ സ്ഥാനാർത്ഥി പ്രശ്നത്തിൽ തർക്കം തുടരുന്നതു കാരണം ബൂത്ത് കമ്മിറ്റി യോഗങ്ങൾ ചേരുന്നത് നിർത്തിവെച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുന്നിട്ട് നിൽക്കുന്ന യു.ഡി.എഫിന് ഇത് കനത്ത തിരിച്ചടിയായിരിക്കയാണ്. ലോകസഭാ തെരഞ്ഞെടുപ്പിലെ 11,000 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക എന്ന ലക്ഷ്യത്തിൽ ഏറെ മുന്നോട്ട് പോയ യു.ഡി.എഫിന് സ്ഥാനാർത്ഥി കാര്യത്തിലെ തർക്കം കാരണം പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനാവാത്ത അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP