Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു പാലാക്കാർ; മാണി സി കാപ്പനു അനുകൂലമായി ഉയരുന്നത് ഒ രാജഗോപാൽ ഇഫക്ട്; 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ; മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെ: വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നു

ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു പാലാക്കാർ; മാണി സി കാപ്പനു അനുകൂലമായി ഉയരുന്നത് ഒ രാജഗോപാൽ ഇഫക്ട്; 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ; മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെ: വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലാ: മാണി ഇല്ലാത്ത പാലയിലെ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി ആർക്കായിരിക്കും വിജയം? രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് ടോം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കെ എം മാണി മരിച്ചതിന്റെ സഹതാപ തരംഗം മുതലെടുക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. അതേസമയം മൂന്ന് തവണ തോറ്റ എനിക്ക് ഒരു തവണയെങ്കിലും അവസരം തരണം എന്നു പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മത്സര രംഗത്തുള്ളത്. അതുകൊണ്ട് തന്നെ കാപ്പന് അനുകൂലമായ തരംഗമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

തിങ്കളാഴ്‌ച്ചയാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. യുഡിഎഫിന് തന്നെയാണ് മുൻതൂക്കമെങ്കിലും അടിയൊഴുക്കുകൾ ഉണ്ടായാൽ കളം മാറുമെന്നത് ഉറപ്പാണ്. ഒ രാജഗോപാൽ നേമത്ത് വിജയിച്ചു കയറിയതിൽ മുഖ്യമായ കാര്യം ഈ സഹാതാപ തരംഗമായിരുന്നു. അതുപോലെ ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് പാലാക്കാർ. ഇത് വോട്ടായി മാറിയാൽ ജോസ് ടോമിന് മുന്നിൽ പ്രതിസന്ധിയാകും. മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടുകളിൽ ഒരു പങ്ക് കെ എം മാണിക്ക് ലഭിച്ചിരുന്നു. ഇക്കുറി അതുണ്ടാകില്ലെന്നതും യുഡിഎഫിന് പ്രതിബന്ധമായി മാറുന്ന കാര്യമാണ്.

അതേസമയം ഇക്കുറി ബിജെപി കൂടുതൽ വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്നാണ് റിപ്പോർട്ടുള്ളത്. കോട്ടയത്തെ കോൺഗ്രസുകാർക്ക് കേരളാ കോൺഗ്രസ് പ്രാദേശിയ നേതൃത്വത്തോട് അത്രയ്ക്ക് മതിപ്പില്ല. ജില്ലാ പഞ്ചായത്തിൽ അടക്കം ദ്വീർഘകാലം ഭരണം കോൺഗ്രസിന് മുമ്പ് നഷ്ടമാകാൻ ഇടയാക്കിയത് അടക്കമുള്ള പ്രദേശിക വികാരം അവിടെ നിലനിൽക്കുന്നു. ഇവർ അവസരം മുതലെടുത്ത് അടിയൊഴുക്കിന് വഴിമരുന്നിട്ടാൽ അത് തിരിച്ചടിയാകുക കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്കാകും.

അടുത്തിടെ പി ജെ ജോസഫിനോട് ചേർന്നു നിൽക്കുന്നത് കേരളാ കോൺഗ്രസുകാരും പാലം വലിക്കുമോ എന്ന ഭയം യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്ത് എങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ. മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെയാകും. വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നുണ്ട്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പാലാ മണ്ഡലത്തിൽ നേടിയത്. ഇത്രയും വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറിയും ഉണ്ടാകുമെന്ന് ജോസ് കെ മാണിയും കൂട്ടരും പ്രതീക്ഷിക്കുന്നത്. അതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ആരോപിച്ചിച്ചിട്ടുണ്ട്. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചു. യുഡിഎഫിന് പരാജയ ഭീതിയാണ്. അതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഒരു മാസം നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് ഒരു ദിവസം മുമ്പെ കൊട്ടിക്കലാശം ആയെങ്കിലും വീടുകയറിയുള്ള സജീവ പ്രചാരണങ്ങളിലാണ് സ്ഥാനാർത്ഥികൾ. ഇന്ന് ശ്രീനാരായണ ഗുരു സമാധി ആയതിനാൽ പരസ്യ പ്രചാരണം ഇന്നലെ അവസാനിപ്പിക്കാൻ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ വിവിധ ഇടങ്ങളിൽ പങ്കെടുത്തു. പാലാ കുരിശുപള്ളി കവലയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം. ഒരു ദിനം മുമ്പേ ആയതിനാൽ 5 മണിയെന്ന സമയ നിബന്ധന ബാധകമല്ലാത്തതും കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു. മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവരെല്ലാവരും മണ്ഡലത്തിൽ സജീവമാണ്.

പാലരിവട്ടവും കിഫ്ബിയും ആയുധമാക്കിയാണ് ഭരണ - പ്രതിപക്ഷ കക്ഷികളുടെ കൊട്ടിക്കലാശം. ഈ ഉപതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധമായി ഇടത് പക്ഷം പാലാരിവട്ടം പാലം അഴിമതി ഉയർത്തിക്കാട്ടുമ്പോൾ കിഫ്ബി അഴിമതി ആരോപണവുമായി പ്രതിരോധം തീർക്കുകയാണ് യുഡിഎഫ്. പാലാരിവട്ടം പാലം അഴിമതിയിൽ മുന്മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ അത് ആയുധമാക്കിയാണ് മുഖ്യമന്ത്രിയുടെ പാലാ പ്രചാരണം. തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സർക്കാരിന്റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പിണറായി വിജയൻ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി മുഖ്യ വിഷയമാക്കുന്നത്.

എന്നാൽ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം, ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും ഉണ്ടയില്ലാ വെടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പാലാരിവട്ടത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപക്ഷം ബേജാറാകുന്നത് എന്തിനെന്ന് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു. അതേസമയം, പാലാരിവട്ടത്തെ നേരിടാൻ കിഫ്ബിയാണ് പ്രതിപക്ഷത്തിന്റെ ആയുധം. ലാവ്ലിൻ കേസ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു.

വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകും. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലത്തിൽ വിജയം പ്രവചിക്കുക അസാധ്യമാണ്. കെ.എം മാണിയുടെ സ്മരണകൾ പറഞ്ഞാണ് യുഡിഎഫ് വോട്ട് തേടുന്നത്. എന്നാൽ മണ്ഡലത്തിൽ പരിചിതനായ മാണി. സി. കാപ്പനിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടന്ന മികച്ച പ്രകടനത്തിലാണ് എൻ.ഡി.എ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.

മറുനാടൻ മലയാളി പാലാ അഭിപ്രായ സർവേയുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിതുപോലെ യുഡിഎഫ് തരംഗം മണ്ഡലത്തിൽ പ്രകടമല്ല എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 40 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വോട്ടുചെയ്യുമെന്ന് പറയുമ്പോൾ, 38 ശതമാനം പേർ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെ അനുകൂലിക്കുന്നവരാണ്. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയെ 11 ശതമാനം പേർ അനുകൂലിക്കുന്നു. ഈ സർവേയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മറ്റുള്ളവർക്കും നോട്ടക്കും കിട്ടിയ വർധിച്ച പിന്തുണയാണ്. മറ്റുള്ളവർ 6 ശതമാനവും നോട്ട 5 ശതമാനവും വോട്ടുകൾ നേടുമെന്നാണ് സർവേയിൽ കാണുന്നത്. അതായത് ചെറുതല്ലാത്ത ഒരു വിഭാഗം ഇനിയും ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പാലായിൽ അന്തിമ വിധി നിർണ്ണയിക്കുക അവസാന നിമിഷം തീരുമാനമെടുക്കുന്ന ഇത്തരം വോട്ടർമാർ തന്നെ ആയിരിക്കും. തങ്ങളുടെ അഭിപ്രായം മനസ്സിൽ മാത്രം സൂക്ഷിച്ച ഈ വോട്ടർമാർ ഒരു അട്ടിമറി സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. എതായാലും പാലായിൽ ആർക്കും ഈസി വാക്കോവർ ഇല്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP