Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാമ്പസുകളെ ഇളക്കിമറിച്ച് സാനുവിന്റെ തേരോട്ടം; ലീഗിന്റെ പുലിക്കുട്ടിയെ മടയിലെത്തി വെല്ലുവിളിച്ച സിപിഎമ്മിന്റെ കുട്ടിനേതാവിന് കൈയടി; പക്ഷേ രാഷ്ട്രീയ സാഹചര്യം തീർത്തും യുഡിഎഫിനൊപ്പം; ഇവിടെ ഫലിക്കുന്നത് മോദി വിരുദ്ധതയും രാഹുൽ പ്രഭാവവും; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടുലക്ഷം കടക്കുമോ, അതോ ഒരു ലക്ഷത്തിൽ താഴെയായി പിടിച്ചുകെട്ടപ്പെടുമോ? അവസാന ലാപ്പിൽ മലപ്പുറത്ത് തർക്കം ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

കാമ്പസുകളെ ഇളക്കിമറിച്ച് സാനുവിന്റെ തേരോട്ടം; ലീഗിന്റെ പുലിക്കുട്ടിയെ മടയിലെത്തി വെല്ലുവിളിച്ച സിപിഎമ്മിന്റെ കുട്ടിനേതാവിന് കൈയടി; പക്ഷേ രാഷ്ട്രീയ സാഹചര്യം തീർത്തും യുഡിഎഫിനൊപ്പം; ഇവിടെ ഫലിക്കുന്നത് മോദി വിരുദ്ധതയും രാഹുൽ പ്രഭാവവും; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടുലക്ഷം കടക്കുമോ, അതോ ഒരു ലക്ഷത്തിൽ താഴെയായി പിടിച്ചുകെട്ടപ്പെടുമോ? അവസാന ലാപ്പിൽ മലപ്പുറത്ത് തർക്കം ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രചാരണം അവസാന ലാപ്പിലെത്തിനിൽക്കുമ്പോൾ മലപ്പുറത്ത് ഒറ്റചോദ്യമോ ബാക്കിയുള്ളു. യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം എത്ര. രണ്ടുലക്ഷം കടക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുമ്പോ, ഒരുലക്ഷത്തിൽ താഴെ വോട്ടിന് കുഞ്ഞാലിക്കുട്ടിയെ തളക്കുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്. പക്ഷേ ഒരുകാര്യമുണ്ട്. ഇടതുസ്ഥാനാർത്ഥി വി പി സാനു ഇവിടെ പ്രചാരണത്തിൽ തരംഗം തീർത്തിട്ട്ുണ്ട്. കാമ്പസുകളെ ഇളക്കിമറിച്ച് സാനുവിന്റെ തേരോട്ടം ഗംഭീരമായിരുന്നൂ. ലീഗിന്റെ പുലിക്കുട്ടിയെ മടയിലെത്തി വെല്ലുവിളിച്ച സിപിഎമ്മിന്റെ കുട്ടിനേതാവിന് കൈയടി കിട്ടുന്നുണ്ട്. പക്ഷേ രാഷ്ട്രീയ സാഹചര്യം ഇവിടെ തീർത്തും യുഡിഎഫിന് അനുകൂലമാണ്.മാദി വിരുദ്ധതയും രാഹുൽ പ്രഭാവവും ഇവിടെ കുഞ്ഞാലിക്കുട്ടിക്ക് തുണയാകുന്നു.

ഇവിടെ ഇത്തവണ ഇരുമുന്നണികളുടേയും സ്ഥാനാർത്ഥികൾ ദേശീയ നേതാക്കളാന്ന് തമാശയായി പലരും പറഞ്ഞിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറിയും സിറ്റിങ് എംപിയുമായ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്, സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയും എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റുമായ വി.പി സാനുവിനെ((30)യാണ്.

യുവ രക്തമായതിനാൽ തന്നെ സാനുവിന്റെ പ്രചരണം തുടക്കം മുതലെ യുവരക്തങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ വൻപിന്തുണയോടെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചു സാനു നടത്തിയ പ്രചരണങ്ങൾ യു.ഡി.എഫ് കേന്ദ്രങ്ങളെ വരെ ഞെട്ടിച്ചുകളഞ്ഞു.

മലപ്പുറത്തു അത്രവലിയ പ്രചാരണ പരിപാടികളൊന്നും മുൻകാലങ്ങളിൽ എൽ.ഡി.എഫ് നടത്തിയിരുന്നില്ല, ക്യാമ്പസുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന വൻസ്വീകരണങ്ങൾ കണ്ടുതുടങ്ങിയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും തന്റെ പ്രചരണ പരിപാടികൾ ക്യാമ്പസുകളിലേക്ക് കേന്ദ്രീകരിച്ചു. പ്രചരണം അവസാന ലാപ്പുകളിലേക്കു കടക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സാനു പരമാവധി വോട്ടർമാരെ നേരിൽകണ്ടും, കുടുംബ യോഗങ്ങളിൽ പങ്കെടുത്തുമാണ് മുന്നേറുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി റോഡ് ഷോകളിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് മറ്റു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽകൂടി പങ്കെടുക്കാൻ പേകേണ്ടതിനാലാണ് നിലവിൽ കൂടുതലായി റോഡഷോകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്നത്.

ഇരുവർക്കും പുറമെബി.ജെപിക്കായി അദ്ധ്യാപകസംഘടനാ നേതാവ് വി.ഉണ്ണിക്കൃഷ്ണൻ, എസ്.ഡി.പി.ഐക്കായി സംസ്ഥാന പ്രസിഡന്റ് അബ്ദുൽമജീദ് ഫൈസി, പി.ഡി.പിക്കായി നിസാർമേത്തർ എന്നിവരും മത്സര രംഗത്തുണ്ട്. പ്രചാരണ രംഗത്ത് വൈകിയെത്തിയ ബിജെപി. സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണനും വോട്ടർമാരെ പരമാവധിനേരിട്ടുകാണാൻ വിശ്രമില്ലാത്ത ഓട്ടത്തിലാണ്.

കുഞ്ഞാലിക്കുട്ടിയെ കാമ്പസുകളിൽ എത്തിച്ച സാനു

മലപ്പുറത്ത് എൽ.ഡി.എഫിന്റെ പ്രാധാന വല്ലുവിളി യു.ഡി.എഫിന് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വൻ ഭൂരിപക്ഷമാണ്. ലീഗിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടി തന്നെ സ്ഥാനാർത്ഥിയായതും ഈവെല്ലുവിളി ഇരട്ടിയാക്കി. എന്നാൽ പുതിയ വോട്ടുകൾ അനുകൂലമാക്കാനുള്ള കടുത്ത പ്രചരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. കോളജ് കാമ്പസുകളിലാണ് വി.പി.സാനു ശോഭിക്കുന്നത്. എസ്.എഫ്.ഐ നേതാവ് എന്ന നിലയിൽ നേരത്തെ തന്നെ സാനുവിനെ വിദ്യാർത്ഥികൾക്കെല്ലാം പരിചയമുണ്ട്. ഡിഗ്രി വിദ്യാർത്ഥികളുടെ വലിയ വോട്ട് ബാങ്കിനെ അനുകൂലമാക്കാൻ ആദ്യഘട്ടം മുതൽ സാനു കോളജുകളിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇത് കണ്ട് പി.കെ.കുഞ്ഞാലികുട്ടിക്കും കാമ്പസുകളിൽ ഇറങ്ങേണ്ടി വന്നു. ഇത് പ്രചാരണ രംഗത്ത് സാനുവിന്റെ വിജയമാണ്.

ദേശീയ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് മലപ്പുറത്ത് പ്രചാരണം ശക്തമാക്കുന്നത്. കേന്ദ്രത്തിൽ വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ മതേതര സ്വഭാവം തകരുമെന്നതാണ് പ്രധാന പ്രചാരണം. ഇ.അഹമ്മദിന്റെയും കുഞ്ഞാലികുട്ടിയുടെയും ശ്രമഫലമായി മണ്ഡലത്തിൽ കൊണ്ടു വന്ന വികസനപദ്ധതികളും അവർ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ മണ്ഡലത്തിൽ യാതൊരു വികസനവും നടന്നിട്ടില്ലെന്നതാണ് ഇടതുമുന്നണിയുടെ പ്രചാരണം. കരിപ്പൂർ വിമാനത്താവളത്തിന്റെ വിളർച്ചക്ക് കാരണം യു.ഡി.എഫിന്റെ പിടിപ്പു കേടാണെന്ന് അവർ ഉയർത്തിക്കാട്ടുന്നു. ന്യൂനപക്ഷ വിഷയങ്ങളിൽ മുസ്്‌ലിം ലീഗിന് ആത്്മാർത്ഥതയില്ലെന്നും വർഗീയ പാർ്ട്ടികളുമായി അവർ കൂട്ടുകൂടാൻ ശ്രമിക്കുന്നതായും ഇടതുപക്ഷം ആരോപിക്കുന്നു. ബിജെപിയാകട്ടെ കേന്ദ്രസർക്കാരിന്റെ വികസനം ഉയർത്തിക്കാട്ടിയാണ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് വരുന്നതിനു മുമ്പേ മലപ്പുറത്തെ ലീഗ് പ്രവർത്തകർ സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയാണെന്ന് ഉറപ്പിച്ചിരുന്നു. കളത്തിലിറങ്ങാൻ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരുന്നുവെന്നു മാത്രം. എന്നാൽ സ്ഥാനാർത്ഥി ചർച്ചാ വേദികളിലൊന്നും ഉയർന്നു കേൾക്കാത്ത പേരായിരുന്നു വി.പി സാനു. അവസാന ഘട്ടങ്ങളിലാണ് ഈ പേര് കേട്ടു തുടങ്ങിയത്. പ്രഖ്യാപിച്ചതു മുതൽ പോർക്കളത്തിൽ സജീവമാണ്. ഇതിനകം മൂന്നു വട്ടം പര്യടനം പൂർത്തിയാക്കി. ദേശീയ രാഷ്ട്രീയം മുതൽ എൻ.ഡി.എ ഭരണകാലത്ത് കാമ്പസുകളിൽ നടന്ന അതിക്രമങ്ങൾ വരെ ചർച്ചാ വിഷയം. ഒപ്പം പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങളും എൽ.ഡി.എഫ് ചർച്ചയാക്കുന്നു.

സാഹിബിന്റെ ഭൂരിപക്ഷം രണ്ടുലക്ഷം കടക്കുമോ?

രണ്ടു വർഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിയമസഭാംഗത്വം രാജിവെച്ച് പി.കെ.കുഞ്ഞാലികുട്ടി മലപ്പുറത്തെ പാർലമെന്റ് അംഗമായത്. മുസ്്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച കുഞ്ഞാലികുട്ടി മലപ്പുറത്തു നിന്ന് ലോക്‌സഭയിലേക്ക് അദ്യമായി മത്സരിക്കുകയായിരുന്നു. 171038 വോട്ടുകൾക്കായിരുന്നു വിജയം.
2014 ൽ ഇ.അഹമ്മദിന് ലഭിച്ച 194739 വോട്ടുകളെ അപേക്ഷിച്ച് കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം കുറവായിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് സമഗ്രാധിപത്യമായിരുന്നു. അന്ന് ലോക്‌സഭാ മണ്ഡലത്തിൽ ഇ.അഹമ്മദിന് മൊത്തം ലഭിച്ചത് 437723 വോട്ടുകളായിരുന്നു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ പി.കെ.സൈനബക്ക് ലഭിച്ചത് 242984 വോട്ടുകളും ബിജെപി.സ്ഥാനാർത്ഥിയായിരുന്ന എൻ.ശ്രീപ്രകാശിന് ലഭിച്ചത് 64705 വോട്ടുകളും.

ഇതിന് പുറമെ അന്നത്തെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നസറുദ്ദീൻ എളമരം 47,000വോട്ടുകളും നേടിയിരുന്നു. നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഇ.അഹമ്മദിന്റെ ഭൂരിപക്ഷം ഏറെ വലുതായിരുന്നു. എന്നാൽ 2017ൽ കുഞ്ഞാലിട്ടുക്കി മത്സരിച്ച ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിച്ചിരുന്നില്ല, ഇത്തവണ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്നത് ലീഗിനാകും തിരിച്ചടിയെന്നാണ്പ്രതീക്ഷിക്കുന്നത്. അതേ സമയം 2014 ലോകസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പി.ഡി.പി.സ്ഥാനാർത്ഥി ഇത്തവണ മത്സര രംഗത്തുണ്ട്. ഇത് എൽ.ഡി.എഫിനാകും തിരിച്ചടിയെന്നാണ് പ്രതീക്ഷിക്കുന്നത്. പി.ഡി.പിയുടെ പിന്തുണ നേരത്തെ എൽ.ഡി.എഫിന് നൽകിയിരുന്നു. ഇതിന് പുറമെ ഇത്തവണ വെൽഫെയർപാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് കുഞ്ഞാലിക്കുട്ടിക്ക് ഗുണം ചെയ്യും. 2014ൽ മത്സര രംഗത്തുണ്ടായിരുന്ന വെൽഫെയർ പാർട്ടി അന്ന് അവർ മുപ്പതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു.

കൊണ്ടോട്ടി-31717,മഞ്ചേരി-26026,പെരിന്തൽമണ്ണ-10614, മങ്കട -23461, മലപ്പുറം-36324, വേങ്ങര-42632,വള്ളികുന്ന്-23935 എന്നിങ്ങിനെയായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചെങ്കിലും ചിലയിടങ്ങളിൽ ഭൂരിപക്ഷത്തിൽ കുറവുണ്ടായി. കൊണ്ടോട്ടിയിൽ ടി.വി.ഇബ്രാഹിം 19654 വോട്ടുകൾക്കും മഞ്ചേരിയിൽ അഡ്വ.എം.ഉമ്മർ 19616 വോട്ടുകൾക്കും മലപ്പുറത്ത് പി.ഉബൈദുള്ള 35672 വോട്ടുകൾക്കും വേങ്ങരയിൽ പി.കെ.കുഞ്ഞാലികുട്ടി 38057 വോട്ടുകൾക്കും വള്ളികുന്നിൽ പി.അബ്്ദുൾഹമീദ് 12610 വോട്ടുകൾക്കും വിജയിച്ചു. പെരിന്തൽമണ്ണയിലും മങ്കടയിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 579 വോട്ടുകളും മങ്കടയിൽ ടി.എ.അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1508 വോട്ടുകളുമായിരുന്നു.

വേങ്ങര നിയമസഭാമണ്ഡലത്തിൽനിന്നും കുഞ്ഞാലികുട്ടി എംഎ‍ൽഎ സ്ഥാനം രാജിവച്ചപ്പോൾ വേങ്ങര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്്‌ലിം ലീഗിലെ അഡ്വ.കെ.എൻ.എ.ഖാദർ വിജയിച്ചത് 23310 വോട്ടുകൾക്കായിരുന്നു. മലപ്പുറത്ത് 2017 ൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും വോട്ട് വിഹിതത്തിൽ വർധനവുണ്ടായി. പി.കെ.കുഞ്ഞാലികുട്ടിക്ക് ലഭിച്ചത് 515325 വോട്ടുകളായിരുന്നു. എതിർസ്ഥാനാർത്ഥി സിപിഎമ്മിലെ എം.ബി.ഫൈസൽ 344287 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി 65662 വോട്ടുകളും നേടി. ഇത്തവണ സാഹചര്യങ്ങൾ അനുകൂലമായതിനാൽ രണ്ടുലക്ഷത്തിലധികം വോട്ടിന് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്.

വികസനമില്ലായ്മയിൽ ഊന്നി ഇടതുപക്ഷം

മുൻകാലങ്ങളിൽ കാണാൻ കിട്ടാത്ത എംപി എന്നതായിരുന്നു ലീഗ് സ്ഥാനാർത്ഥികൾ മലപ്പുറത്ത് നേരിട്ടിരുന്ന പ്രധാന ആക്ഷേപം. ഇത്തവണ ആ നിലമാറിയിട്ടുണ്ട്. എംപിയെന്ന നിലയിൽ പരാജയമെന്ന ആരോപണമാണ് ഇപ്പോഴുള്ളത്. മലപ്പുറമായി രൂപം മാറിയ ശേഷവും പുനർ നിർണ്ണയത്തിനു മുമ്പും (ഒരിക്കലൊഴികെ) ലീഗിനൊപ്പം നിന്നിട്ടുള്ള മണ്ഡലത്തിൽ ഇക്കാലത്തിനിടക്ക് എന്ത് വികസനമുണ്ടായെന്ന ചോദ്യമാണ് ഇടതുപക്ഷം പ്രധാനമായും ഉയർത്തുന്നത്. എടുത്തു കാണിക്കാവുന്ന വ്യവസായമോ കേന്ദ്ര പദ്ധതികളോ കൊണ്ടുവരാൻ ലീഗിനായില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ പാർലിമെന്റിലെ ഹാജർ നിലയും നിർണായക സന്ദർഭങ്ങളിലെ അസാന്നിദ്ധ്യവും കൂടി അവർ വോട്ടർമാർക്കിടയിലേക്ക് എടുത്തിടുന്നു.

ദേശീയ രാഷ്ട്രീയവും ചൂടൻ ചർച്ച സൃഷ്ടിക്കുന്നു. ഇവയെല്ലാം ഉന്നയിച്ചാണ് സാനു വോട്ട് തേടുന്നത്. ഇ അഹമ്മദിന്റെ പിന്മുറക്കാരനായി എത്തിയ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിലായിരുന്നുവെന്നാണ് യു.ഡി.എഫ് പക്ഷം. അതിനാൽ ഇടതു ആരോപണങ്ങളൊന്നും അത്ര വലിയ ഇഷ്യൂവാവില്ലെന്ന് വിശ്വസിക്കുന്നു. നടന്നു വരുന്ന വികസന പദ്ധതികളും തുടങ്ങി വെച്ചവയും വോട്ടർമാർക്ക് മുന്നിൽ വിവരിക്കുന്നുണ്ട്. ദേശീയ നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിക്കുള്ള പ്രാധാന്യവും അവർ ഉയർത്തിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP