Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ ബിജെപി ആരെ പുൽകും? ശിവസേനയെ സമ്മർദ്ദത്തിലാക്കി പുറത്തു നിന്നും പിന്തുണ വാഗ്ദാനം ചെയ്ത് എൻസിപി; പവാറിന് അയിത്തം പ്രഖ്യാപിച്ച് ആർഎസ്എസ്

മഹാരാഷ്ട്രയിൽ ബിജെപി ആരെ പുൽകും? ശിവസേനയെ സമ്മർദ്ദത്തിലാക്കി പുറത്തു നിന്നും പിന്തുണ വാഗ്ദാനം ചെയ്ത് എൻസിപി; പവാറിന് അയിത്തം പ്രഖ്യാപിച്ച് ആർഎസ്എസ്

മുംബൈ: സഖ്യങ്ങളില്ലാതെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മന്ത്രിസഭ രൂപീകരിക്കാൻ ആരെ പിന്തുണയ്ക്കും? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഈ ചർച്ച സജീവമായിരിക്കയാണ്. പഴയ കൂട്ടുകാരായ ശിവസേനയുമായി സഖ്യമുണ്ടാക്കാനാണ് പാർട്ടിയുടെ ബിജെപി ശ്രമിക്കുന്നത്. എന്നാൽ ബിജെപിയോട് വിലപേശാൻ ശിവസേന ഒരുങ്ങിയേക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ സേനയെ കൂടുതൽ സമ്മർദ്ദത്തിലാക്കി എൻസിപി രംഗത്തെത്തി. സർക്കാറുണ്ടാക്കാൻ ബിജെപിയെ പിന്തുണക്കാമെന്നാണ് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞത്.

മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാരിനായി ബിജെപിയെ പുറത്തു നിന്നു പിന്തുണക്കുമെന്നാണ് എൻസിപിയുടെ വാഗ്ദാനം. മഹാരാഷ്ട്രയിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും സർക്കാർ രൂപീകരണത്തിന് മറ്റ് കക്ഷികളുടെ പിന്തുണ ബിജെപിക്ക് ആവശ്യപ്പെടേണ്ടി വരുന്ന സാഹചര്യത്തിനാണ് എൻസിപിയുടെ സുപ്രധാന തീരുമാനം. അതേസമയം ബിജെപി കേന്ദ്രനേതൃത്വം എൻ സി പിയെ സഖ്യസാധ്യതകൾ ആരായുന്നതിന് സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സംസ്ഥാന ഘടകത്തിന് ഈ നീക്കത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഇക്കാര്യം കേന്ദ്രനേതൃത്വത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ നാലാം സ്ഥാനത്താണ് എൻസിപി.

കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റപ്പോൾ എൻസിപി ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച്ചവച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 20 സീറ്റിന്റെ കുറവുകളാണ് എൻസിപിക്ക് ഉണ്ടായത്. വിദർഭയും ജാട്ട് വംശവും കോൺഗ്രസിനെ കൈവിട്ടപ്പോൾ ഈ മേഖലയിൽ ശരദ്പവാറിന്റെ പാർട്ടി കരുത്തുകാട്ടി.

മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിക്ക് ശിവസേനയുടെ പിന്തുണ തന്നെ തേടാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയിൽ ശിവസേനയടെ പ്രാതിനിധ്യമുണ്ടെന്നതു കൊണ്ട് തന്നെ സഖ്യം തുടരാനാണ് ബിജെപിക്കും താൽപ്പര്യം. ഇതിനിടെ വേണ്ടിവന്നാൽ ശരദ് പവാറിന്റെ എൻസിപിയെ ഒപ്പം കൂട്ടണമെന്ന നിലപാടിലാണ് മഹാരാഷ്ട്രയിലെ ചില ബിജെപി നേതാക്കൾ. എന്നാൽ ബിജെപി നേതാക്കളുടെ ഈ നിർദേശത്തെ ആർഎസ്എസ് നേതാക്കൾ തള്ളിക്കളഞ്ഞു. എൻസിപിയോട് കൂട്ടുവേണ്ടെന്ന് ആർഎസ്എസ് നേതാക്കൾ വ്യക്തമാക്കി.

ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ എൻ.സി.പിയെ കൂട്ടുപിടിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം മുൻ സഖ്യകക്ഷിയായ ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാക്കുന്ന കാര്യം തള്ളാനും ബിജെപി തയ്യാറായില്ല. കോൺഗ്രസിന്റേയും എൻ.സി.പിയുടേയും അഴിമതിക്കെതിരെയാണ് ബിജെപി പോരാടിയത്. അതിനാൽ അഴിമതിപ്പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ബിജെപിയെ വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കുമോയെന്ന കാര്യം ടെലിവിഷൻ ചാനലുകളിൽ ചർച്ച ചെയ്യാനുള്ളതല്ല. തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്ത് വന്നശേഷം ഇക്കാര്യത്തിൽ ബി,ജെ.പി ആലോചിച്ച് തീരുമാനം കൈക്കൊള്ളും. സഖ്യം പിരിഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ശിവസേനയെ ബിജെപി കടന്നാക്രമിച്ചിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ വ്യക്തമാക്കിയതാണെന്നും ജാവദേക്കർ ചൂണ്ടിക്കാട്ടി. അതേസമയം മഹാരാഷ്ട്രയിൽ മോദി തരംഗം ഉണ്ടായില്ലെന്നാണ് ശിവസേന നേതാവ് ഉദ്ധവി താക്കറെ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP