Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ ഏക്സിറ്റ്പോളുകളെ കവച്ചുവെക്കുന്ന വിജയവുമായി എൻഡിഎ; ആകെയുള്ള 48 സീറ്റുകളിൽ 41 എണ്ണവും ബിജെപി- സേനാ സഖ്യം നേടിയപ്പോൾ കോൺഗ്രസ്-എൻസിപി സഖ്യത്തിന് വെറും അഞ്ചു സീറ്റുകൾ മാത്രം; കർഷകരോഷം വോട്ടാകുമെന്ന കോൺഗ്രസ് പ്രതീക്ഷകളും പൊളിഞ്ഞു; യുപി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

മഹാരാഷ്ട്രയിൽ ഏക്സിറ്റ്പോളുകളെ കവച്ചുവെക്കുന്ന വിജയവുമായി എൻഡിഎ; ആകെയുള്ള 48 സീറ്റുകളിൽ 41 എണ്ണവും ബിജെപി- സേനാ സഖ്യം നേടിയപ്പോൾ കോൺഗ്രസ്-എൻസിപി സഖ്യത്തിന് വെറും അഞ്ചു സീറ്റുകൾ മാത്രം; കർഷകരോഷം വോട്ടാകുമെന്ന കോൺഗ്രസ് പ്രതീക്ഷകളും പൊളിഞ്ഞു; യുപി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: യുപി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും സീറ്റുകൾ ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ ബിജെപി- ശിവസേനാ സഖ്യത്തിന് എക്സിറ്റ്പോളുകളുടെ പ്രവചനത്തെയും കവച്ചുവെക്കുന്ന വിജയം.. ആകെയുള്ള 48 സീറ്റുകളിൽ 41 എണ്ണവും എൻഡിഎ നേടിയപ്പോൾ കോൺഗ്രസ്- എൻസിപി സഖ്യത്തിന് വെറും അഞ്ച് സീറ്റുകൾ മാത്രമാണ് നേടാനായത്.

അവസാന കക്ഷി നില ഇങ്ങനെ-

ബിജെപി-23
ശിവസേന-18
എൻസിപി-4
കോൺഗ്രസ-1
മറ്റുള്ളവർ-2

മറ്റുള്ളരിൽ പെടുത്തിയ രണ്ട് സീറ്റുകളിൽ ഒന്നിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം സ്ഥാനാർത്ഥിയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള ഔറംഗാബാദിലാണ് എഐഎംഐഎം അപ്രതീക്ഷിതമായി വിജയിച്ചത് . 2014ലെ മാജിക്ക് 2019ലും മഹാസഖ്യം ആവർത്തിക്കുമെന്നായിരുന്നു പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഒന്നടങ്കം പ്രവചിച്ചത്. എൻഡിഎ സഖ്യം 34 മുതൽ 40 സീറ്റുകൾ വരെ നേടാമെന്നായിരുന്നു പ്രവചനം. എക്‌സിറ്റ് പോൾ പ്രവചനത്തിലും അപ്പുറത്താണ് ബിജെപി ശിവസേന സഖ്യം നേടിയ വിജയം. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് എൻഡിഎ(ബിജെപി-23, ശിവസേന-18) സഖ്യം നേടിയത്. യുപിഎ 4, സ്വാഭിമാൻ പക്ഷ 1 എന്നിങ്ങനെയായിരുന്നു ഫലം.

ചന്ദ്രാപുർ ആണ് കോൺഗ്രസ് നേടിയ ഏക സീറ്റ്. ബിജെപിയിൽ നിന്ന് കോൺഗ്രസ് തിരിച്ചുപിടിച്ച മണ്ഡലം എന്ന പ്രത്യേകയും ചന്ദ്രൂപുരിനുണ്ട്. 3000ൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ നേടിയത്. ബാരാമതി, റായ്ഗഡ്, സത്താറ, ഷിരൂർ എന്നിവയാണ് യുപിഎ സഖ്യം നേടിയ മറ്റ് സീറ്റുകൾ. ഇതിൽ റായ്ഗഡും ഷിരൂരും ശിവസേനയിൽ നിന്നാണ് യുപിഎ തിരിച്ചുപിടിച്ചത്.

നാഗ്പുരിൽ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി സീറ്റ് നിലനിർത്തി. കോൺഗ്രസിന്റെ നാന പഠോളയെ 11000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിതിൻ ഗഡ്കരി പരാജയപ്പെടുത്തിയത്. മുംബൈ നോർത്ത് സെൻട്രലിൽ ബിജെപിയുടെ സിറ്റിങ് എംപിയായ പൂനം മഹാജൻ വിജയിച്ചു. ബോളിവുഡ താരവും മുൻ എംപിയുമായ സുനിൽ ദത്തിന്റെ മകളായ പ്രിയ ദത്തിനെയാണ് പൂനം മഹാജൻ പരാജയപ്പെടുത്തിയത്. കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ മുംബൈ നോർത്തിൽ ബോളിവുഡ് താരം ഊർമിള മണ്ഡോത്കർ പരാജയപ്പെട്ടു. ബിജെപിയുടെ ഗോപാൽ ഷെട്ടിയോട് നാല് ലക്ഷത്തിൽപ്പരം വോട്ടിനാണ് ഊർമിള തോറ്റത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മുംബൈ നോർത്തിൽ ഊർമിളയുടെ താരമൂല്യം കോൺഗ്രസ് പരമാവധി ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഊർമിളയുടെ താരമൂല്യം വിലപോയില്ലെന്ന് മാത്രമല്ല മുംബൈ നോർത്ത് ഗോപാൽ ഷെട്ടിയെ കൈവിട്ടിട്ടില്ലെന്ന് തന്നെ പറയാം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്ന് നാലുലക്ഷത്തിൽ അധികം വോട്ടുകൾ നേടിയാണ് ഗോപാൽ ഷെട്ടി വിജയിച്ചത്.

നന്ദേതിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാനും ബിജെപി പ്രതാപ് പാട്ടീലും തമ്മിലായിരുന്നു മത്സരം. എന്നാൽ 40000 വോട്ടുകൾക്ക് അശോക് ചവാൻ പരാജയപ്പെട്ടു. പൂണെയിൽ ബിജെപിയുടെ ഗിരീഷ് ബാപതും ബരാമതിയിൽ എൻസിപിയുടെ സുപ്രിയ സുലേയും വിജയിച്ചു.

കർഷകരോഷം ഏശിയില്ല; നിറഞ്ഞു നിന്നത് ദേശീയത

മഹാരാഷ്ട്രയിൽ കർഷകരുടെ രോഷം വോട്ടാകുമെന്ന കോൺഗ്രസ് പ്രതീക്ഷകൾ ഫലവാത്തായില്ല. എവിടെയും നിറഞ്ഞുനിന്നത് ബിജെപി ഉയർത്തിവിട്ട ദേശീയതയും ഹിന്ദുത്വവുമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. ശിവസേനയുമായി സഖ്യത്തിലായതും ഇവിടെ ബിജെപിക്ക് വല്ലാതെ ഗുണം ചെയ്തു.

തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പുവരെയും ബിജെപി- ശിവസേനാ സഖ്യം യാഥാർഥ്യമാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. ബിജെപിയുടെ കടുത്ത വിമർശകാരിയിരുന്നു ശിവസേന.പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നീക്കമാണ് ഇവിടെ സഖ്യത്തിലേക്ക് നയിച്ചത്. എൻഡിഎയിലെ മുഖ്യ സഖ്യകക്ഷി ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ഏറെ നാൾ ഭീഷണി മുഴക്കി വന്നത്. കിട്ടിയ അവസരത്തിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുച്ഛിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയും വന്ന ശിവസേനയ്ക്കു മനം മാറിയതിനു പിന്നിൽ കുശാഗ്രബുദ്ധിയോടെ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളുണ്ട്.

കേന്ദ്രത്തിൽ വീണ്ടും വലിയ ഒറ്റക്കക്ഷിയാകുക ബിജെപി തന്നെയാവുമെന്നു ശിവസേനയെ ബോധ്യപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. വലിയ കക്ഷിക്കു സർക്കാരുണ്ടാക്കാൻ ക്ഷണം കിട്ടും. അപ്പോൾ തിരഞ്ഞെടുപ്പു കാലത്തു കൂടെ നിൽക്കാതിരുന്ന ശിവസേനയെ ഒഴിവാക്കും; എൻസിപിയെ ഉൾപ്പെടുത്തും. ഇതോടെ, രാഷ്ട്രീയമായി ശിവസേന ഒറ്റപ്പെടാനുള്ള സാധ്യതയാണു ബിജെപി മുന്നോട്ടു വച്ചത്. ഇതോടൊപ്പം സീറ്റുകൾ ഏറെക്കുറെ തുല്യമായി വീതം വയ്ക്കാനുള്ള തീരുമാനം കൂടിയായപ്പോൾ ശിവസേന കൂടെ നിന്നു: 25 സീറ്റ് ബിജെപിക്ക്; 23 ശിവസേനയ്ക്ക്. കേന്ദ്ര സർക്കാരിൽ സഹമന്ത്രി കൂടിയായ രാംദാസ് അത്തെവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഇതോടെ ബിജെപി സഖ്യത്തിൽനിന്ന് പുറത്തുമായി. പക്ഷേ ഇത്ര നാൾ കേന്ദ്ര ഭരണത്തിന്റെ രൂക്ഷവിമർശകരായിരുന്ന ശിവസേനയുടെ മുൻകാല വാക്കുകളും ചെയ്തികളും പ്രതിപക്ഷം ആയുധമാക്കിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP