Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടിങ് യന്ത്രം എറിഞ്ഞുടയ്ക്കലും ബലപ്രയോഗവും വെടിവെപ്പും സ്‌ഫോടനവുമായി ആദ്യദിനം; അങ്ങിങ്ങ് അക്രമങ്ങൾ അരങ്ങേറിയെങ്കിലും ആദ്യഘട്ടത്തിൽ 55 ശതമാനത്തിലേറെ പോളിങ്; ആന്ധ്രയിൽ ഇരുവിഭാഗങ്ങളുടെ ഏറ്റമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു; വോട്ടിങ് യന്ത്രങ്ങളുടെ തകരാറും വോട്ടർ പട്ടികയിൽ പേരില്ലാത്തതും അടക്കം പരാതികളും; ആദ്യഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗമെന്ന് അവകാശപ്പെട്ട് നരേന്ദ്ര മോദി; അനധികൃതമായി സൂക്ഷിച്ച 2626 കോടി ഇതുവരെ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടിങ് യന്ത്രം എറിഞ്ഞുടയ്ക്കലും ബലപ്രയോഗവും വെടിവെപ്പും സ്‌ഫോടനവുമായി ആദ്യദിനം; അങ്ങിങ്ങ് അക്രമങ്ങൾ അരങ്ങേറിയെങ്കിലും ആദ്യഘട്ടത്തിൽ 55 ശതമാനത്തിലേറെ പോളിങ്; ആന്ധ്രയിൽ ഇരുവിഭാഗങ്ങളുടെ ഏറ്റമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു; വോട്ടിങ് യന്ത്രങ്ങളുടെ തകരാറും വോട്ടർ പട്ടികയിൽ പേരില്ലാത്തതും അടക്കം പരാതികളും; ആദ്യഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗമെന്ന് അവകാശപ്പെട്ട് നരേന്ദ്ര മോദി; അനധികൃതമായി സൂക്ഷിച്ച 2626 കോടി ഇതുവരെ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പിൽ മികച്ച പോളിങ്. 55 ശതമാനത്തിന് മുകളിലാണ് പോളിങ്. എന്നാൽ, 2014 നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ, ലോകസഭാതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ആന്ധപ്രദേശിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടത് തിരിച്ചടിയായി. തദിപത്രിയിൽ ടിഡിപി വൈഎസ്ആർ കോൺഗ്രസ് വിഭാഗങ്ങൾ തമ്മിൽ പോളിങ് ബൂത്തിന് പുറത്ത് ഏറ്റമുട്ടിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.

ഉത്തർപ്രദേശിലെ കൈറാനയിൽ കുറച്ച് പേർ തിരിച്ചറിയൽ കാർഡില്ലാതെ ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ബിഎസ്എഫ് ആകാശത്തേക്ക് വെടിവെച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോലിയിൽ പൊലീസ് സംഘത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായി. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്ടറിൽ നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്ടറിന് നേരെയും മാവോവാദി സംഘം വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിൽ സൈനിക യൂണിഫോമിലെത്തിയവർ ബിജെപിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ചതായി നാഷണൽ കോൺഫറൻസും ബിജെപിയും ആരോപിച്ചു. പൂഞ്ചിലെ ഒരു ബൂത്തിൽ വോട്ടിങ് മെഷീനിൽ കോൺഗ്രസ് ബട്ടൻ പ്രവർത്തിച്ചില്ലെന്ന പരാതി ഉയർന്നു. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് ഒഡീഷയിലെ 15 ബൂത്തുകളിൽ ആരും വോട്ട് ചെയ്തില്ലെന്നും റിപ്പോർട്ടുണ്ട്.

18 സംസ്ഥാനങ്ങളിലെയും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ദണഡേവാഡയിലെ ബസ്തറിലെ ശ്യാമഗിരിയിൽ 77 ശതമാനം പോളിങ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറും, വോട്ടർ പട്ടികയിൽ പേരില്ലാത്തതും അടക്കമുള്ള പ്രശ്‌നങ്ങൾ ചില സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ, വോട്ടിങ് മെഷീനുകൾ തകരാറിലായത് കാരണം 150 ഓളം ഇടങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അനന്ത്പൂർ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി മധുസൂദനൻ ഗുപ്ത വോട്ടിങ് യന്ത്രം എറിഞ്ഞുതകർത്തു. വോട്ടിങ് യന്ത്രം തകരാറിലായതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മാധ്യമങ്ങളെ ഉൾപ്പെടെ പോളിങ് ബൂത്തിലേക്ക് വിളിച്ചു വരുത്തിയതിനുശേഷമാണ് വോട്ടിങ് യന്ത്രം മധുസുദനൻ എറിഞ്ഞുടച്ചത്. മധുസുദനനെ പൊലീസ് അറസ്റ്റു ചെയ്തു.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അസമിലെ സിൽച്ചറിൽ, തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരം നിലനിർത്തിയാൽ, മുത്തലാഖ്, പൗരത്വഭേദഗതി ബിൽ എന്നിവ പാസാക്കുമെന്നും മോദി പറഞ്ഞു. ദേശീയ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും റായ് ബറേലിയിലും, അമേഠിയിലും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതാണ് തിരഞ്ഞെടുപ്പ് രംഗത്തെ മറ്റൊരുവിശേഷം.

അഞ്ചു മണിവരെയുള്ള കണക്കുകൾ പ്രകാരം സിക്കിം (ഒരു സീറ്റ്) 69%, മിസോറം (1) 60%, നാഗലാൻഡ് (1)78%, മണിപ്പുർ (1)78.2%, ത്രിപുര (1)81 %, അസ്സം (5)68%, പശ്ചിമ ബംഗാൾ (2) 81%, ആൻഡമാൻ നിക്കോബാർ (1)70.67%, ആന്ധപ്രദേശ് (25) 66%, ഉത്തരാഖണ്ഡ് (5)57.85%, ജമ്മു കശ്മീർ-(2)54.49%, തെലങ്കാന (17)60%, ഛത്തീസ്‌ഗഢ് (1)56% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 18-നാണ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വികെ സിങ്, മഹേഷ് ശർമ്മ, കിരൺ റിജ്ജു, ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രി ഷരീഷ് റാവത്ത്, ജാട്ട് നേതാവും ആർഎൽഡി അധ്യക്ഷനുമായ അജിത് സിങ്, മകൻ ജയന്ത് ചൗധരി എന്നിവർ ആദ്യഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖരാണ്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പ്രതിപക്ഷ നേതാവ് ജഗൻ മോഹൻ റെഡ്ഡി എന്നിവർ രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, മകൾ കവിത, മകൻ കെ.ടി.രാമറാവു, എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി, പിസിസി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി, നടന്മാരായ അല്ലു അർജുൻ, ചിരഞ്ജീവി, തുടങ്ങിയവരെല്ലാം വിവിധ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടർപട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പ്രമുഖരടക്കം നിരവധിപേർ രംഗത്തെത്തിയതും വിവാദമായത്.

അതേസമയം, ഈ തിരഞ്ഞെടുപ്പിൽ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 2626 കോടി പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 607 കോടിയുടെ പണം. 198 കോടിയുടെ മദ്യം, 1091 കോടിയുടെ മയക്കുമരുന്ന്, സ്വർണം, സമ്മാനങ്ങൾ എന്നീവകയിൽ 534 കോടി തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP