Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ്-ആം ആദ്മി സഖ്യം പൊളിഞ്ഞ ഡൽഹിയിൽ ബിജെപിക്ക് പ്രതീക്ഷ; തൊഴിലാളികളുടെയും കച്ചവടക്കാരുടെയും വോട്ടുകൾ ഇരുപാർട്ടികൾക്കും ഇടയിലായി ഭിന്നിക്കുമ്പോൾ സർക്കാർ ജീവനക്കാർ അടങ്ങുന്ന മധ്യവർഗം മോദിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുമെന്ന പ്രതീക്ഷയിൽ ബിജെപി; മുസ്ലിം വോട്ടുകളും സമാനമായി ഭിന്നിക്കപ്പെടുമ്പോൾ ഏഴിൽ അഞ്ചു സീറ്റിലും കാവിപ്പടക്ക് പ്രതീക്ഷ; മിനി ഇന്ത്യയെന്ന് അറിയപ്പെടുന്ന ഡൽഹിയിലെ തെരഞ്ഞെടുപ്പ് ചിത്രം വിലയിരുത്തുമ്പോൾ

കോൺഗ്രസ്-ആം ആദ്മി സഖ്യം പൊളിഞ്ഞ ഡൽഹിയിൽ ബിജെപിക്ക് പ്രതീക്ഷ; തൊഴിലാളികളുടെയും കച്ചവടക്കാരുടെയും വോട്ടുകൾ ഇരുപാർട്ടികൾക്കും ഇടയിലായി ഭിന്നിക്കുമ്പോൾ സർക്കാർ ജീവനക്കാർ അടങ്ങുന്ന മധ്യവർഗം മോദിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുമെന്ന പ്രതീക്ഷയിൽ ബിജെപി; മുസ്ലിം വോട്ടുകളും സമാനമായി ഭിന്നിക്കപ്പെടുമ്പോൾ ഏഴിൽ അഞ്ചു സീറ്റിലും കാവിപ്പടക്ക് പ്രതീക്ഷ; മിനി ഇന്ത്യയെന്ന് അറിയപ്പെടുന്ന ഡൽഹിയിലെ തെരഞ്ഞെടുപ്പ് ചിത്രം വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി ഇത്തവണ ആർക്കൊപ്പം ?. ഡൽഹിയിലെ ഏഴ് പാർലിമെന്റ് മണ്ഡലങ്ങളിലും ഇത്തവണ ത്രികോണ മത്സരമാണ്. തന്ത്രപരമായ സഖ്യങ്ങളാണ് തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാവുകയെന്നതിന് മികച്ച ഒരു ഉദാഹരണം കൂടിയാണ് രാജ്യ തലസ്ഥാനം. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ എളുപ്പത്തിൽ ഈ ഏഴ് സീറ്റുകളും ജയിക്കാമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ധാർഷ്ട്യംമൂലം സഖ്യം നടന്നില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ പറയുന്നത്.

ഇതോടെ നേട്ടമായത് ബിജെപിക്ക് തന്നെയാണ്. തൊഴിലാളികളും കച്ചവടക്കാരും അടങ്ങുന്ന സാധാരണക്കാരുടെ വോട്ടുകൾ കോൺഗ്രസിനും ആം ആദ്്മി പാർട്ടിക്കും ഇടയിലായി ഭിന്നിക്കപ്പെടുമ്പോൾ, സർക്കാർ ജീവനക്കാർ അടങ്ങുന്ന മധ്യവർഗവും പരമ്പരാഗത വോട്ടർമാരും തങ്ങളെ വിജയത്തിൽ എത്തിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതുപോലെ മണ്ഡലത്തിലെ മുസ്ലിം വോട്ടുകളും ഈ രീതിയിൽ ഭിന്നിക്കപ്പെടുമ്പോൾ, മുന്നോക്ക ഹിന്ദു വോട്ടുകൾ കാവിപ്പടയിലേക്ക് ആകർഷിക്കപ്പെടുമെന്നും അവർ കണക്കൂകൂട്ടുന്നു. അവസാനഘട്ട കണക്കൂകൂട്ടലിൽ ഡൽഹിയിലെ ഏഴിൽ അഞ്ചു സീറ്റുകളും പിടിച്ചെടുക്കാമെന്നാണ് ബിജെപി കരുതുന്നത്.

തീപാറുന്ന ത്രികോണം

ന്യൂഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, ചാന്ദിനിചൗക്ക്, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്ററ് ഡൽഹി എന്നീ ഏഴു പാർലമെന്റ് മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ തന്നെയാണ്. ബിജെപിയുടെ മീനാക്ഷി ലേഖിയും, കോൺഗ്രസിന്റെ അജയ്മാക്കനും, എഎപി നേതാവ് ബ്രിജേഷ് ഗോയലും തമ്മിൽ കടുത്ത മൽസരമാണ് ഇവിടെ.

രാജ്യത്തെ ഒരുവിധപ്പെട്ട എല്ലാ ദേശക്കാരും വസിക്കുന്ന മണ്ഡലമാണെന്ന പ്രത്യേകതയും ന്യൂഡൽഹിക്കുണ്ട്. മണ്ഡലത്തിൽ അധികവും കേന്ദ്ര സർക്കാർ-സംസ്ഥാന സർക്കാർ ജീവനക്കാരാണ്. അതിനാൽ തന്നെ ഏഴാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട അപാകതകളും ഇവിടെ ചർച്ചകളിൽ സജീവമാണ്. രാഹുൽ പ്രഭാവത്തിന്റെ പിന്തുണയോടെ കോൺഗ്രസിനെ നയിച്ച് അജയ് മാക്കനും കൂട്ടരും രംഗത്ത് നിലയുറപ്പിക്കുമ്പോഴാണ് അമിത് ഷായുടെ ആശീർവാദത്തോടെ എത്തിയ മീനാക്ഷി ലേഖിയും ആം ആദ്മി പ്രതീക്ഷയായ ബ്രിജേഷ് ഗോയലും തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്നത്. മികച്ച പ്രാസംഗികയായും അഭിഭാഷകയായും ജനങ്ങൾക്കിടയിൽ സുപരിചിതയായ മീനാക്ഷി ലേഖി കാർക്കശ്യക്കാരിയായ ബിജെപി നേതാവ് കൂടിയാണ്. ഇതാണ് മീനാക്ഷിയുടേയും ബിജെപിയുടേയും ആത്മവിശ്വാസം കൂട്ടുന്നതും.

കഴിഞ്ഞ 5 വർഷത്തിൽ നഗരത്തിൽ ഏറെ വികസനം കൊണ്ടുവന്നെന്നും ഇതു വോട്ടാകുമെന്നും ഇവർ പറയുന്നു. 3 വട്ടം എംഎൽഎയും 2 വട്ടം എംപിയുമായ മാക്കനു കഴിഞ്ഞ തവണത്തെ പരാജയത്തിനു പകരം വീട്ടേണ്ടതുമുണ്ട്. ഡിപിസിസി അധ്യക്ഷനായിരുന്ന അജയ് മാക്കൻ അനാരോഗ്യം കാരണം ജനുവരിയിലാണു പദവി ഒഴിഞ്ഞത്. ഡൽഹി സർക്കാരിന്റെ പിന്തുണയിൽ എഎപി സർക്കാരിന്റെ പ്രവർത്തനങ്ങൾ തനിക്കു വോട്ടാകുമെന്നാണു ബ്രിജേഷ് ഗോയലിന്റെ വിലയിരുത്തൽ. ജയ്പുരിൽ നിന്ന് അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ ബ്രിജേഷ് ഗോയൽ 2012 ലാണ് എഎപിയിൽ ചേർന്നത്.

തലസ്ഥാന നഗരത്തിന്റെ കേന്ദ്രമാണു ന്യൂഡൽഹി മണ്ഡലം. പാർലമെന്റും രാഷ്ട്രപതി ഭവനും സുപ്രീം കോടതിയും പ്രധാനമന്ത്രിയുടെ വസതിയുമെല്ലാം ഈ മണ്ഡലത്തിന്റെ ഭാഗമാണ്. ന്യൂഡൽഹി മണ്ഡലത്തിൽ വിജയം നേടുന്ന പാർട്ടി, കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നൊരു വിശ്വാസമുണ്ട്. ചില വർഷങ്ങളിൽ അങ്ങനെ സംഭവിച്ചില്ലെങ്കിലും. യുപിഎ ഭരിച്ച 2004, 2009 വർഷങ്ങളിൽ കോൺഗ്രസിന്റെ അജയ് മാക്കനായിരുന്നു പ്രതിനിധി. 1999, 1998 വർഷങ്ങളിൽ ബിജെപിയുടെ ജഗ്മോഹൻ മൽഹോത്രയാണു വിജയിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കൾ വിജയിച്ച ഖ്യാതിയുണ്ട് ന്യൂഡൽഹിക്ക്.

ഈസ്റ്റ് ഡൽഹി മണ്ഡലത്തിലാണ് ശ്രദ്ധേയമായ മറ്റൊരു പേരാട്ടം. ഇവിടെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. എഎപിയുടെ അതിഷി മർലെനയും, മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുൻ മന്ത്രിയുമായ അരവിന്ദർ സിങ് ലവ്‌ലിയുമാണ് ഗംഭീറിന്റെ എതിരാളികൾ. ബോക്‌സിങ് താരം വിജേന്ദർ സിങ്ങും മൽസരിക്കുന്ന സൗത്ത് ഡൽഹിയും ഇക്കുറി ശ്രദ്ധാകേന്ദ്രമാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് വിജേന്ദറിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. സിറ്റിങ് എംപി. ബിജെപിയിലെ രമേഷ് ബിദുരിയും എഎപിയുടെ രാഘവ് ചന്ദയുമാണ് വിജേന്ദറിന്റെ എതിരാളികൾ.

അരക്കൈ നോക്കാൻ ഷീലാ ദീക്ഷിതും

വടക്കു കിഴക്കൻ ഡൽഹിയിൽ ഷീലാ ദീക്ഷിത് സ്ഥാനാർത്ഥിയായി എത്തിയതതോടെ കോൺഗ്രസും ആത്മവിശ്വാസത്തിലാണ്. 3 വട്ടം മുഖ്യമന്ത്രിയായിരുന്ന 'ഡൽഹിയുടെ സുൽത്താന' പ്രചരണത്തിനെത്തുമ്പോൾ ആവേശം ഉയരുകയാണെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഡൽഹി ബിജെപി അധ്യക്ഷനും മണ്ഡലത്തിലെ സിറ്റിങ് എംപിയുമായ മനോജ് തിവാരിയെ പരാജയപ്പെടുത്തി ഇരട്ടി പ്രഹരം നൽകാമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

പ്രായത്തിന്റെയും രോഗത്തിന്റെയും തളർച്ചയുണ്ട്. ഈ ഓർമകളിലും ബന്ധത്തിന്റെ കെട്ടുറപ്പിലുമാണു ഷീലയുടെയും കോൺഗ്രസിന്റെയും പ്രതീക്ഷ. 'കോൺഗ്രസ് സർക്കാരിന്റെ നേട്ടങ്ങൾ മാത്രമാണു ഡൽഹിയിലുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിൽ കോൺഗ്രസ് കാലത്ത് ഡൽഹി ഏറെ മുന്നോട്ടു പോയി. എന്നാൽ ഇപ്പോൾ സർക്കാർ തന്നെയില്ലാത്ത അവസ്ഥ. ഈ കോളനികളുടെ അവസ്ഥ തന്നെ നോക്കൂ. വെള്ളവും റോഡും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഇവിടെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ'- ഷീല ചോദിക്കുന്നു.

കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷർ പരസ്പരം മൽസരിക്കുന്നുവെന്നതിനാൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മൽസരം. രാജ്യം ഉറ്റു നോക്കുന്നുണ്ട് ഇവിടെ ദിലീപ് പാണ്ഡെയാണ് എഎപി സ്ഥാനാർത്ഥി. മോദി തരംഗത്തിലും ഭോജ്പുരി നടനും ഗായകനുമെന്ന താരപരിവേഷത്തിലുമാണ് 2014 ൽ ബിജെപി നേതാവ് മനോജ് തിവാരി മണ്ഡലത്തിൽ മികച്ച വിജയം നേടിയത്. പക്ഷേ, കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണ പ്രയാസമെന്നു ബിജെപി പ്രവർത്തകർ തന്നെ രഹസ്യം പറയുന്നു.

ആപ്പിനും കോൺഗ്രസിനും തിരിച്ചടികളുടെ കാലം

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്ത് ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേൽക്കാമെന്ന ധാരണയിലായിരുന്നു കോൺഗ്രസും ആം ആദ്മിയും ഇത്രയും നാൾ കാത്തിരുന്നത്. എന്നാൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വന്ന ആം ആദ്മിക്കും വർഷങ്ങളുടെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന കോൺഗ്രസിനും കഴിഞ്ഞ കുറച്ച് നാളുകളായി ഡൽഹിയിൽ അത്ര അനുകൂല അവസ്ഥയല്ല. അരവിന്ദ് കെജരിവാളെന്ന അതിബുദ്ധിമാനായ നേതാവിന് ഡൽഹിയിലെ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടർച്ച നേരിട്ടത് മുതൽ ആം ആദ്മിയുടെ മങ്ങൽ ആരംഭിച്ചിരുന്നു.

ഡൽഹിയിൽ 270 സീറ്റിലേക്ക് നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ്കൊണ്ട് കേജ്രിവാളിനും കൂട്ടർക്കും തൃപ്തിപ്പെടേണ്ടി വന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പത്തു ശതമാനം വോട്ടിന്റെ നഷ്ടമുണ്ടായ കണ്ണീർക്കഥയാണ് പറയാനുള്ളതെങ്കിൽ ജനപ്രിയ നടപടികൾ കൊണ്ടുവന്നതാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് ബിജെപി അവകാശപ്പെടുന്നു. വീണ്ടും ഡൽഹിയിൽ താമര വിരിയും എന്നതിന്റെ സൂചനയാണ് ഡൽഹിയിലെ ജനങ്ങളെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നന്ദിയറിയിക്കൽ.

മൂന്നു കോർപ്പറേഷനുകളിലെ 270 സീറ്റുകളിൽ 184 സീറ്റും നേടിയാണ് ബിജെപി ഹാട്രിക് വിജയം കൊയ്തത്. വടക്കൻ ഡൽഹി, തെക്കൻ ഡൽഹി, കിഴക്കൻ ഡൽഹി കോർപ്പറേഷനുകളിൽ വീണ്ടും അധികാരത്തിലെത്തിയ ബിജെപിയുടെ വിജയം ആധികാരികമാണ്. വടക്കൻ ഡൽഹിയിൽ 103ൽ 66 സീറ്റുകളും ബിജെപി നേടി. ആപ്പിന് 22, കോൺഗ്രസിന് 15 സീറ്റുകൾ. തെക്കൻ ഡൽഹിയിൽ 104ൽ 70 സീറ്റുകളിൽ ബിജെപി വിജയിച്ചു. ആപ്പിന് 16, കോൺഗ്രസിന് 12 സീറ്റുകൾ. കിഴക്കൻ ഡൽഹിയിൽ 63ൽ 48 സീറ്റുകളും ബിജെപിക്കൊപ്പം. ആപ്പിന് 10 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസ് മൂന്ന് സീറ്റിൽ ഒതുങ്ങി.

ആം ആദ്മിയെ തളർത്തി നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്

കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും പാർട്ടി ദയനീയമായി തോറ്റതിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞ് പോക്കും ആംആദ്മിയെ തളർത്തുന്നുണ്ട്. എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനിടെ ഡൽഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിൽ നിന്നു വീണ്ടും കൊഴിഞ്ഞുപോക്കുണ്ടായത്. നിയമസഭാംഗമായ ദേവീന്ദർ സിങ് ഷെരാവതാണ് അടുത്തിടെ ബിജെപിയിൽ ചേർന്നത്.

10 കോടി വാഗ്ദാനം ചെയ്ത് ഏഴ് എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നു നേരത്തേ അരവിന്ദ് കേജ്രിവാൾ ആരോപിച്ചിരുന്നു. 14 എംഎൽഎമാർ ബിജെപിയിൽ ഉടൻ ചേരുമെന്ന കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ പ്രസ്താവനയോട് ആം ആദ്മി നേതാക്കളെ വിലയ്ക്കെടുക്കുക അത്ര എളുപ്പമാകില്ലെന്ന് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ എംഎൽഎയും ബിജെപിയിൽ ചേർന്നത്. പാർട്ടി പരിപാടികളിൽ ഒന്നും തന്നെ തന്നെ ക്ഷണിക്കാറില്ലെന്നും ആംആദ്മി തന്നെ അവഗണിക്കുകയാണെന്നും ദേവീന്ദർ സിങ് ഷെരാവത് ആരോപിച്ചു. ഡൽഹിയിലെ ബിജ്വാസൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ദേവീന്ദർ സിങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP