Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സർക്കാർ; പഴയ വാർഡുകൾ കണക്കിലെടുത്ത് സമയത്ത് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും; തർക്കം ഗവർണ്ണറുടെ അരുകിലേക്ക്

തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സർക്കാർ; പഴയ വാർഡുകൾ കണക്കിലെടുത്ത് സമയത്ത് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും; തർക്കം ഗവർണ്ണറുടെ അരുകിലേക്ക്

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഗവർണ്ണർ പി സദാശിവം സർക്കാറിനോടാവശ്യപ്പെട്ടു. തദ്ദേശഭരണ തെരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ടു സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഗവർണ്ണറുടെ ഇടപെടൽ.

വാർഡ് വിഭജനം പൂർത്തിയാകാത്തതിനാൽ നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തെരഞ്ഞെടുപ്പു നടത്താനാകൂ എന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട് അംഗീകരിക്കില്ലെന്ന് ഉന്നത സർക്കാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പു വൈകിയാലും പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ തന്നെ നടത്തണമെന്നാണു സർക്കാർ നിലപാട്. എന്നാൽ, കൃത്യസമയത്തു തെരഞ്ഞെടുപ്പു നടത്തേണ്ടതു ഭരണഘടനാ ബാധ്യതയാണെന്നും സർക്കാരിന്റെ താൽപര്യം നോക്കി നീട്ടാനാകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണു കമ്മിഷൻ. അതിനിടെയാണ് കമ്മിഷന്റെ കത്തിന്മേൽ സർക്കാരിന്റെ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ഗവർണർ പി. സദാശിവം കത്തു നൽകി. ഈ സാഹചര്യത്തിൽ കമ്മീഷനുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും.

നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരണം. പ്രതിസന്ധി പരിഹരിച്ച് വ്യക്തത വരുത്തണമെന്നാണ് ഗവർണ്ണർ ആവശ്യപ്പെട്ടത്. കഴക്കൂട്ടം അടക്കം 4 പുതിയ മുൻസിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ചൊവ്വാഴ്ച അപ്പീൽ നൽകും. പഞ്ചായത്തുകളിലെ വാർഡ് വിഭജനം സംബന്ധിച്ച 50 ഓളം പരാതികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. പുതിയ ബ്‌ളോക്കുകളുടേയും പഞ്ചായത്തുകളുടെയും വാർഡ് വിഭജനം പൂർത്തിയാകാൻ ഇനിയും ഒന്നരമാസത്തോളം വേണം. എന്നാൽ വാർഡ് വിഭജനത്തിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നിയമ നടപടികൾ നീണ്ടുപോയാൽ ഒക്ടോബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആവശ്യപ്പെടുനാണ് സർക്കാർ തീരുമാനം. പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 151 ഇതിനനുവദിക്കുന്നുണ്ടെന്നാണ് വാദം.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഇ-വോട്ട് അനുവദിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ തള്ളിയപ്പോൾ തന്നെ കമ്മിഷനെതിരെ സർക്കാരിൽ ഉയർന്ന എതിർപ്പാണ് പുതിയ വിവാദത്തിലേക്ക് എത്തുന്നത്. പഴയ വാർഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്തണമെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കു കത്തു നൽകിയതോടെ ശക്തമായി. എന്തുവന്നാലും കമ്മീഷന്റെ തീരുമാനം അംഗീകരിക്കേണ്ടെന്ന അഭിപ്രായം മന്ത്രിസഭയിലും സജീവമാണ്. പഞ്ചായത്ത് വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ ഹൈക്കോടതി വിധി ഇന്നു വരാനിരിക്കെ അതിനെ സ്വാധീനിക്കാവുന്ന കത്താണു കമ്മിഷണർ കെ. ശശിധരൻ നായർ ഗവർണർക്കു നൽകിയതെന്ന ഗൗരവമേറിയ ആരോപണം പഞ്ചായത്ത്, നഗരവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ് ഇന്നലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ചു.

തന്റെ ചുമതലയിലോ, അധികാരപരിധിയിലോ വരാത്ത കാര്യങ്ങൾ വരെ തെരഞ്ഞെടുപ്പു കമ്മിഷണർ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ കത്തു ചോർന്നതിൽ ദുരൂഹതയുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, സർക്കാരുമായി പൂർണമായി സഹകരിച്ചാണു കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മിഷണർ കെ. ശശിധരൻ നായർ പറഞ്ഞു. വാർഡ് പുനർവിഭജന നടപടികൾ ആരംഭിക്കണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടിട്ടു രണ്ടരക്കൊല്ലമായി. ഇപ്പോഴും പൂർത്തിയായിട്ടില്ല. നൂറോളം കേസുകളാണു കോടതികളിലുള്ളത്. കൂടുതൽ നിയമക്കുരുക്കുകളൊന്നും ഉണ്ടായില്ലെങ്കിൽ പോലും പുനർവിഭജന നടപടി പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണം. പക്ഷേ, അതുവരെ തെരഞ്ഞെടുപ്പു നീട്ടുന്നതു ഭരണഘടനാ ലംഘനമാണ്. സർക്കാർ ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകൾ വിഭജിച്ചു പുതിയ നഗരസഭകൾ രൂപീകരിച്ചതു ഹൈക്കോടതി കഴി!ഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിച്ചു പരാതി സ്വീകരിക്കാൻ സമയവും നൽകണം. ജില്ലാ പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കോർപറേഷനുകൾ വിഭജിച്ചു പുതിയ നഗരസഭകൾ രൂപീകരിച്ചതു റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പീലിൽ വിധി വന്നശേഷമേ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാൻ കഴിയൂ.

ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച കേസുകളും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ഭൂമിശാസ്ത്രപരമായ വസ്തുതകൾ പരിഗണിക്കാതെ വാർഡ് വിഭജനം നടത്തിയതിനാൽ ഈ കേസിലെ വിധി എന്താകുമെന്നതിനെക്കുറിച്ചു കമ്മിഷന് ആശങ്കയുണ്ട്. വില്ലേജ് അടിസ്ഥാനമായി വേണം പഞ്ചായത്തുകൾ രൂപീകരിക്കാനെന്ന നിർദ്ദേശം പാലിക്കാത്തതു കമ്മിഷന്റെ ആശങ്കയെ ബലപ്പെടുത്തുന്നതാണ്. ഈ പ്രശ്‌നങ്ങൾ വാർഡ് പുനർനിർണയ കമ്മിഷനെ തുടക്കത്തിലേ തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP