Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കയ്‌പ്പമംഗലത്തെ ന്യൂനപക്ഷം തന്നെ കൈവിടില്ല; സീറ്റിനായി പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന് വാർത്ത; യുവാക്കൾക്കായി മാറി നിൽക്കുമെന്ന് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന വാർത്ത വിവാദത്തിൽ

കയ്‌പ്പമംഗലത്തെ ന്യൂനപക്ഷം തന്നെ കൈവിടില്ല; സീറ്റിനായി പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന് വാർത്ത; യുവാക്കൾക്കായി മാറി നിൽക്കുമെന്ന് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന വാർത്ത വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുവാക്കൾക്ക് അവസരം നൽകാനായി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്നുവെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ടി എൻ പ്രതാപൻ കയ്‌പ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രതാപൻ കത്തയച്ചെന്ന് വാർത്ത. മനോരമ ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. കയ്പമംഗലത്ത് തനിക്ക് വിജയ സാധ്യത ഉണ്ടെന്നും, ഇവിടത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ തനിക്ക് വലിയ സ്വാധീനമുണ്ടെന്നും കാണിച്ചാണ് പ്രതാപൻ കത്തെഴുതിയിരിക്കുന്നത്. കൃത്യമായി താൻ നോമ്പു നോക്കുന്ന വ്യക്തിയാണെന്ന പരമാർശവും കത്തിലുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചനയുണ്ടെന്ന് ചാനൽ റിപ്പോർട്ട് ചെയ്ത്.

പ്രതാപന്റെ കത്ത് ഇന്നലെ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ വായിച്ച രാഹുൽ ഗാന്ധി, പ്രതാപന് സീറ്റു നൽകാൻ അനുവാദം നൽകുകയും ചെയ്തു. അതേസമയം, താൻ ഹൈക്കമാൻഡിന് കത്തയച്ചു എന്ന കാര്യം പ്രതാപൻ നിഷേധിച്ചു. കത്തയച്ചുവെന്നത് രാഷ്ട്രീയ എതിരാളികളുടെ പ്രചരണം മാത്രമാണെന്നും പ്രതാപൻ വിശദീകരിച്ചു. യുവാക്കൾക്കായി വഴിമാറുന്നുവെന്ന ടി.എൻ. പ്രതാപന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും ഇത് മാതൃകയാക്കാവുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ പരിഹസിച്ചിരുന്നു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലും സുധീരൻ ഈ വാദം ഉയർത്തിയിരുന്നു. കെസി ജോസഫിനെ പോലുള്ള മന്ത്രിമാർക്ക് സീറ്റ് നൽകാതിരിക്കാൻ പ്രതാപന്റെ മാതൃകയാണ് ഉയർത്തിക്കാട്ടിയത്. തേറമ്പിൽ രാമകൃഷ്ണനും സീറ്റ് നൽകിയില്ല. യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകാനായി ഇത്തവണ മാത്രം മത്സരരംഗത്തുനിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നു കാണിച്ച് അദേഹം കെപിസിസി പ്രസിഡന്റ് വി എം. സുധീരന് കത്ത് നൽകിയിരുന്നു.

യുവാവായിരിക്കുമ്പോൾ തന്നെ പാർട്ടി തനിക്ക് സ്ഥാനാർത്ഥിത്വം നൽകി. മൂന്ന് തവണ തുടർച്ചയായി ജയിക്കാനും കഴിഞ്ഞു. തനിക്ക് അവസരം ലഭിച്ചതുപോലെ മറ്റുള്ളവർക്ക് കൂടി അവസരം ലഭിക്കണമെന്നായിരുന്നു സുധീരൻ നൽകിയ കത്തിൽ പ്രതാപൻ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ സീറ്റ് നിർണ്ണയ ചർച്ചകളിൽ ഉമ്മൻ ചാണ്ടി മുൻതൂക്കവും നേടി. തനിക്കൊപ്പമുള്ളവരെ തഴയാനുള്ള നാടകമാണ് പ്രതാപനെ മുൻനിർത്തി സുധീരൻ കളിക്കുന്നതെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇതിന് ബലം നൽകുന്നതാണ് പുതിയ സംഭവം.

അഴിമതിക്കാരായ മന്ത്രിമാരുടേതടക്കമുള്ള അഞ്ച് സീറ്റിലേക്ക് തീരുമാനമാകാത്തതിനാൽ വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുകയാണ്. മന്ത്രിമാരായ കെ സി ജോസഫ്, കെ, ബാബു, അടൂർ പ്രകാശ് എന്നിവർ മൽസരിക്കുന്ന സീറ്റുകളിലാണ് തർക്കം രൂക്ഷം. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും സീറ്റുതർക്കങ്ങൾക്ക ്പരിഹാരമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം എകെ ആന്റണിയുടെ സാന്നിധ്യത്തിൽ ഉമ്മൻ ചാണ്ടി, സുധീരൻ, ചെന്നിത്തല എന്നിവർ അനൗദ്യോഗികമായി യോഗം ചേർന്നിരുന്നു. കെ സി ജോസഫ്, കെ, ബാബു, അടൂർ പ്രകാശ് എന്നിവരെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുധീരൻ കടുംപിടിത്തം തുടരുന്നതിനിടെയാണ് പ്രതാപന്റെ കത്ത് ചർച്ചയായത്.

തെരഞ്ഞെടുപ്പ് സമിതിയിലേക്ക് പേര് നിർദ്ദേശിച്ചത് താനാണെന്നും മത്സരിക്കില്ലെന്ന തീരുമാനം മാറ്റണമെന്ന രാഹുൽ ഗാന്ധിയുടെ സ്‌നേഹപൂർവമായ നിർബന്ധം കൊണ്ടാണ് തീരുമാനം മാറ്റിയത്. അനുസരണയുള്ള പാർട്ടിപ്രവർത്തകൻ എന്ന നിലയിൽ നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്. മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം മത്സരിക്കുന്നത് തിരിച്ചടിയാകില്ലെന്നും പ്രതാപൻ പറഞ്ഞു. ഇതിന് വിരുദ്ധമായാണ് പുറത്തുവന്ന കത്തിലെ വിവരങ്ങൾ.

ഇന്നലെ രാവിലെയാണ് ടി.എൻ പ്രതാപൻ എംഎൽഎ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നേരത്തെ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച പ്രതാപനെ കയ്പമംഗലത്ത് സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നായിരുന്നു പ്രചരണം. എന്നാൽ പ്രതാപന്റെ കത്തിൽ വിശദീകരണം ചോദിക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യം. നിലവിൽ കൊടുങ്ങല്ലൂർ മണ്ഡലത്തെയാണ് പ്രതാപൻ പ്രതിനിധീകരിക്കുന്നത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP