Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി; വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടി തന്നെ; കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാം; രാഹുൽ ഗാന്ധി ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും പിണറായി; കോഴിക്കോട് കടപ്പുറത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയത് വൻ ജനാവലി

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി; വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടി തന്നെ; കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാം; രാഹുൽ ഗാന്ധി ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും പിണറായി; കോഴിക്കോട് കടപ്പുറത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയത് വൻ ജനാവലി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടിതന്നെയാണെന്നും ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 ൽ കൂടുതൽ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ കരാർ എന്നിവയിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടിൽ മത്സരിക്കാൻ എത്തിയ സഹചര്യത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്ന പിണറായിയുടെ പ്രസംഗത്തിന് നല്ല കൈയടിയാണ് ലഭിച്ചത്.സമ്പന്നരായവർക്ക് അതിസമ്പന്നരാവാനും ദരിദ്രർ കൂടുതൽ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വർഷക്കാലം കൊണ്ട് രാജ്യത്തുണ്ടായത്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുള്ള രാജ്യത്ത് അവരെ പരിഗണിക്കാതെ കോർപറേറ്റുകൾക്ക് വമ്പിച്ച പരിഗണന ലഭിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സംബന്ധിച്ച്, അതൊക്കെ നടപ്പാക്കാനുള്ളതാണോ എന്നാണ് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തിൽ അധികാരത്തിൽ കയറിയവരുടെ പേര് മാത്രമാണ് മാറിയത്. നയം ഒട്ടും മാറിയില്ല. കോൺഗ്രസ് നയം ബിജെപിയും സ്വീകരിച്ചു.രാജ്യത്തെ തങ്ങളുടെ വരുതിയിലാക്കാൻ വരുന്ന സാമ്രാജ്യത്വത്തോട് രണ്ട് കൂട്ടർക്കും ഒരേ സമീപനമാണ്. ഇതാണ് നമ്മുടെ ദുരന്തത്തിന് കാരണം. അഞ്ച് വർഷത്തെ ബിജെപിയുടെ എല്ലാ നടപടികളും ജനദ്രോഹപരമായിരുന്നു.

രാജ്യം ശ്രദ്ധിക്കപ്പെട്ട കർഷക പ്രക്ഷോഭങ്ങൾ പലയിടത്തും ഉണ്ടായി.വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ പ്രശ്‌നങ്ങളുയർത്തി തെരുവിലിറങ്ങി. അഴിമതിയുടെ കാര്യത്തിൽ വീരന്മാരാണ് തങ്ങൾ എന്ന് തെളിയിക്കുകയാണ് ബിജെപി. ബിജെപിക്ക് തുടർ ഭരണം ലഭിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.അതിനാൽ ബിജെപി പരാജയപ്പെടണം. നമ്മുടെ രാജ്യം ബിജെപിയിൽ നിന്നും മുക്തമായ രാജ്യമായി മാറണം.പകരം വേണ്ടത് മതനിരപേക്ഷ സർക്കാരാണ് എന്ന കാര്യത്തിൽ സംശയമില്ല. മതനിരപേക്ഷത അവകാശപ്പെട്ടിട്ട് കാര്യമില്ല, മറിച്ച് എല്ലാ കാര്യത്തിലും ബദൽ നയം രൂപപ്പെടണം.

കോൺഗ്രസ് പണ്ട് രാജ്യത്ത് വലിയ ശക്തിയായിരുന്നു. എന്നാലിപ്പോഴോ. ജയിക്കുമെന്നുറപ്പുള്ള ഒരു മണ്ഡലമെങ്കിലും രാജ്യത്തില്ലാത്ത അവസ്ഥയിലാണവർ. ഇത് സ്വയമേ വരുത്തിവച്ചതാണ്. കോൺഗ്രസിന്റെ പഴയ നേതൃനിരയിൽ നല്ലൊരുഭാഗം ഇപ്പോൾ ബിജെപിയിലാണ്. ആർഎസ്എസ് മറയില്ലാതെ വർഗീയത പ്രചരിപ്പിക്കുന്നു. അതിനായി ബിജെപി ആകുവുന്നതൊക്കെ ചെയ്യുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വൻ ജന പങ്കാളിത്തം എൽഡിഎഫിന് പുത്തൻ ഉണർവാണ് നൽകിയത്. കോഴിക്കോട് കടപ്പുറത്തെ ഓപ്പൺ സ്റ്റേജിൽ സമ്മേളനം ആരംഭിക്കും മുമ്പുതന്നെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വഴികളിലൂടെയും ജാഥയായി ആയിരങ്ങൾ ഒഴുകിയെത്തുകയായിരുന്നു. ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ കോഴിക്കോട് നോർത്ത്്, കോഴിക്കോട് സൗത്ത്, എലത്തൂർ മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ എന്നിവ കേന്ദ്രീകരിച്ചാണ് റാലി നടത്തിയത്. എന്നിട്ടും ഇത്രയും വലിയ ജനം എത്തിയത് എൽഡിഎഫിന് വലിയ പ്രതീക്ഷയായിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയോടെ തന്നെ ചെറു ജാഥകളായി ജനങ്ങൾ കടപ്പുറം ലക്ഷ്യമാക്കി നീങ്ങിയിരുന്നു. സിഎച്ച് ഓവർ ബ്രിഡ്ജ് എത്തിയതോടെ ജാഥകൾ ഒത്തുചേർന്ന് ജനസാഗരമായി. തങ്ങളുടെ സ്ഥാനാർത്ഥി പ്രദീപ് കുമാറിന്റെ പ്ലക്കാർഡുകൾ ഉയർത്തി അദ്ദേഹത്തിനു വോട്ടു ചോദിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ് ജാഥ നീങ്ങിയത്. അഞ്ചു മണിയോടെ കടപ്പുറം നിറഞ്ഞു കവിഞ്ഞു.

ആറുമണിയോടെ മുഖ്യമന്ത്രി എത്തുമ്പോഴേക്കും പ്രവർത്തകർ ആവേശത്തിന്റെ പാരമ്യത്തിലായിരുന്നു. കഴിഞ്ഞ 13 വർഷമായി നോർത്ത് അസംബ്ലിമണ്ഡലം എംഎൽഎയെന്ന നിലക്ക് പ്രദീപ് കുമാർ കോഴിക്കോട്ട് കൊണ്ടുവന്ന വികസനത്തിന്റെ അംഗീകാരം കൂടിയായിരുന്നു തടിച്ചുകൂടിയ ജനസഞ്ചയമെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. ചടങ്ങിൽ സംസാരിച്ച ഓരോരുത്തരും എംഎൽഎ എന്ന നിലയിലുള്ള പ്രദീപ് കുമാറിന്റെ പ്രവർത്തനം എടുത്തു പറഞ്ഞു. ഈ വികസന നായകൻ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ കൂടി വരണമെന്നും എങ്കിലേ കോഴിക്കോടിന്റെ വികസനം പൂർണാവൂ എന്നും ഘടക കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP