Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്ങനെ സഹിക്കും സിപിഎം! യുഡിഎഫ് കൊടുങ്കാറ്റിൽ കടപുഴകിയത് നാല് കോട്ടകൾ; പാലക്കാടൻ കോട്ട തകർന്നത് 23 വർഷത്തിന് ശേഷം; ആലത്തൂരിൽ 26 കാസർഗോഡ് 35 ആറ്റിങ്ങലിൽ 30 വർഷത്തെയും പടയോട്ടം അവസാനിക്കുന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കോട്ടകളിൽ ചെങ്കൊടി താഴുമ്പോൾ ഇടനെഞ്ച് തകർന്ന് സിപിഎം

എങ്ങനെ സഹിക്കും സിപിഎം! യുഡിഎഫ് കൊടുങ്കാറ്റിൽ കടപുഴകിയത് നാല് കോട്ടകൾ; പാലക്കാടൻ കോട്ട തകർന്നത് 23 വർഷത്തിന് ശേഷം; ആലത്തൂരിൽ 26 കാസർഗോഡ് 35 ആറ്റിങ്ങലിൽ 30 വർഷത്തെയും പടയോട്ടം അവസാനിക്കുന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കോട്ടകളിൽ ചെങ്കൊടി താഴുമ്പോൾ ഇടനെഞ്ച് തകർന്ന് സിപിഎം

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ തകർന്നു വീണത് വർഷങ്ങളായി ചെങ്കോടിക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന ഇടതു കോട്ടകൾക്കാണ്. ഇതിൽ കാസർകോടിന് 35 വർഷവും ആറ്റിങ്ങലിന് 30 വർഷത്തിന് ശേഷവുമാണ് ചെങ്കൊടി താഴുന്നത്. ആലത്തൂരിൽ 36ഉം പാലക്കാട് 23 വർഷത്തിനും ശേഷമാണ് ഇടതു പക്ഷം തോൽവി രുചിക്കുന്നത്. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ അവസ്ഥ എന്നതിനേക്കാൾ ജനങ്ങൾക്കിടയിൽ ആഴത്തിലുള്ള ആധിപത്യം ഉറപ്പിക്കാനായി എന്ന് പറഞ്ഞാൽ പോലും തെറ്റില്ല.

സിപിഎമ്മിന്റെ ഉറച്ച ഒരു ലോക്സഭാ സീറ്റാണ് പാട്ടും പാടി യുഡിഎഫിന്റെ പെങ്ങളൂട്ടി സ്വന്തമാക്കുന്നത്. ആലത്തൂർ പോലുള്ള ഒരു സീറ്റ് രമ്യാ ഹരിദാസിനെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയുടെ കയ്യിൽ ഒതുങ്ങുമെന്നത് സിപിഎം പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് രമ്യ ജനവിധിക്കായി കാത്തിരുന്നത്. ജയമുറപ്പില്ലാത്ത മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് പലരും ചോദിച്ചു. എന്നാൽ ആലത്തൂരിന്റെ മനസ്സ് രമ്യയ്ക്ക് അറിയാമായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിൽ പെങ്ങളൂട്ടി ജയിച്ചത് ആലത്തൂരിന്റെ മനസ്സിൽ കയറിക്കൂടി തന്നെയാണ്.

സോഷ്യൽ മീഡിയയിൽ രമ്യ ഹരിദാസ് താരമായപ്പോൾ തന്നെ സിപിഎമ്മിന് നെഞ്ചിടുപ്പു കൂട്ടി. അശ്ലീല പരാമർശവുമായി ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ സ്ഥാനാർത്ഥിയെ കളിയാക്കുകയും ചെയ്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ കളിയാക്കി. രമ്യയുടെ ആത്മവിശ്വാസം തകർക്കാനായിരുന്നു ഇത്.

ദീപാ നിശാന്തിനെ പോലുള്ളവരും അധിക്ഷേപവുമായി എത്തി. അപ്പോഴും രമ്യ തളർന്നില്ല. രമ്യാ ഹരിദാസിനെതിരേ വ്യാപക പ്രചാരണമാണ് സിപിഎം പ്രവർത്തകരും അനുഭാവികളും നടത്തുന്നത്. രമ്യാ ഹരിദാസ് പാട്ടുപാടുന്നതിനെ വിമർശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. 1,58,968 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ യുവ വനിതാ സാരഥിയായ രമ്യ ഹരിദാസിന്റെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്. 2008-ൽ ആലത്തൂർ ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാർത്ഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസ് ലോക്സഭയിലേക്കെത്തുന്നത്.

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് രമ്യയുടെ കുതിപ്പ്. തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോൺഗ്രസ് ഏറെ പിന്നിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആലത്തൂർ മണ്ഡലം രൂപകൃതമാകുന്നതിന് മുമ്പ് ഒറ്റപ്പാലമായിരുന്ന മണ്ഡലം 1993 മുതൽ ഇടതുപക്ഷത്തോടൊപ്പമാണ്. ഇടത്തോട്ടുള്ള തുടർച്ചയായ ഈ വിജയക്കുതിപ്പിന് കൂടിയാണ് ഇത്തവണ വിരാമമായത്.

5,33,815 വോട്ടുകൾ സ്വന്തമാക്കിയാണ് ലോക്സഭയിലേക്ക് കന്നി അങ്കത്തിൽതന്നെ രമ്യ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ കോൺഗ്രസിന് 3,74,496 വോട്ടായിരുന്നു ആകെ ലഭിച്ചത്. 2009-ൽ 3,87,352 വോട്ടും 2014-ൽ 4,11,808 വോട്ടും പെട്ടിയിലാക്കിയ പികെ ബിജുവിന് ഇത്തവണ ലഭിച്ചത് 3,74,847 വോട്ടുകൾ മാത്രമാണ്.

ഇത്തവണ എൽ.ഡി.എഫിന്റെ ഏറ്റവും ഉറച്ച സീറ്റായി വിലയിരുത്തിയ മണ്ഡലമാണ് പാലക്കാടാണ്. അവിടെയാണ് എൽ.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി വി.കെ ശ്രീകണ്ഠൻ മുന്നേറിയത്. 3,99,274 വോട്ട് ശ്രീകണ്ഠന് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സിറ്റിങ് എംപി കൂടിയായ എം.ബി.രാജേഷിന് ലഭിച്ചത് 3,87,637 വോട്ടായിരുന്നു. 218556 വോട്ട് ലഭിച്ച ബിജെപിയുടെ സി. കൃഷ്ണകുമാറിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വെല്ലുവിളിയുയർത്താൻ പറ്റിയില്ല.
23 വർഷമായി ഇടതുപക്ഷത്തിനൊപ്പം നിന്ന പാലക്കാട് 11637 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സീറ്റ് പിടിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളെല്ലാം എം.ബി രാജേഷിനേയാണ് തുണച്ചത്. ഇത്തവണ പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ ശ്രീകണ്ഠൻ ലീഡുയർത്തി. 2014 ൽ 4,12,897 വോട്ടുകൾ രാജേഷിന് ലഭിച്ചപ്പോൾ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംപി.വീരേന്ദ്രകുമാറിന് ലഭിച്ചത് 3,07,597 വോട്ടായിരുന്നു.

മണ്ണാർക്കാട്, പട്ടാമ്പി, പാലക്കാട്, കോങ്ങാട് എന്നീ മണ്ഡലങ്ങളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നും ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് നിലവിലുള്ള വോട്ട് ശതമാനത്തിൽ കുറവ് വരുമെന്നുമായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. ഏതാണ്ട് അതുപോല തന്നെ സംഭവിക്കുകയും ചെയ്തു.അതേസമയം മൂന്ന് ലക്ഷം വോട്ടുകൾ നേടാനാവുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ വിശ്വാസികളുടെ വോട്ടായി വരുമെന്നും അവർ കണക്കുകൂട്ടി. ആ പ്രതീക്ഷയും അസ്ഥാനത്തായി.

35 വർഷത്തിന് ശേഷമാണ് യുഡിഎഫ് കാസർകോട് വിജയിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ സിപിഎം സ്ഥാനാർത്ഥി സതീഷ് ചന്ദ്രനെതിരേ 40,438 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം കൈവരിച്ചത്. ാസർകോട് മണ്ഡലത്തിൽ ഒരിടത്ത് പോലും എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കല്ല്യാശ്ശേരിയിൽ പോലും ഇടതുപക്ഷത്തിന് 13694 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പയ്യന്നൂർ മണ്ഡലത്തിൽ മാത്രമാണ് 26131 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രന്റെ സ്വന്തം മണ്ഡലമായിരുന്നിട്ടുപോലും കേവലം 1900 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ഇടതുപക്ഷത്തിനുണ്ടായത്.

2014-ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ കാസർകോട് മണ്ഡലത്തിലെ ഇടതുപക്ഷ മേൽകോയ്മയ്ക്ക് മങ്ങലേറ്റിരുന്നു. 2004-ൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഹിദ കമാലിനെ 64427 വോട്ടുകൾക്കാണ് പി.കരുണാകരൻ പരാജയപ്പെടുത്തിയത്. എന്നാൽ, 2014-ലെ തിരഞ്ഞെടുപ്പിൽ ഇത് 6921 ആയി കുറയ്ക്കാൻ അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി.സിദ്ദിഖിനായിരുന്നു. കോൺഗ്രസ് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കാലത്താണ് ഭൂരിപക്ഷം ഇത്രകണ്ട് കുറയ്ക്കാൻ സിദ്ദിഖിനായത്. ഇതിന്റെ തുടർച്ചയാണ് ഉണ്ണിത്താന്റെ ജയം. ാഞ്ഞങ്ങാട് മണ്ഡലത്തിൽ സിപിഎമ്മിന് ഭൂരിപക്ഷമുണ്ടെങ്കിലും ഉദുമയിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തും കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്.

39,171 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുപ്പത് വർഷത്തിന് ശേഷം ആറ്റിങ്ങലിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചത്. അടൂർപ്രകാശ് 3,79469 വോട്ടുകളും സിപിഎം.സ്ഥാനാർത്ഥി എ.സമ്പത്ത് 3,40298 വോട്ടുകളും ബിജെപി.സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ 2,56502 വോട്ടും നേടി.2014 ൽ അഡ്വ.ബിന്ദുകൃഷ്ണയും 2009 ൽ ജി.ബാലചന്ദ്രനും 2004 ലും1999 ലും എം.ഐ.ഷാനവാസിനേയും 1998 ൽ എം.എം.ഹസനേയും തലേക്കുന്നിൽ ബഷീറിനേയുമടക്കം തോൽപ്പിച്ചായിരുന്നു 1991 ന് ശേഷം തുടർച്ചയായി ഏഴ് തവണ കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം പിടിച്ചടക്കിയത്.

ആറ്റിങ്ങൽ,വർക്കല,ചിറയിൻകീഴ്,നെടുമങ്ങാട് എന്നീ മണ്ഡലങ്ങളാണ് 2014 ലെ തിരഞ്ഞെടുപ്പിൽ സമ്പത്തിന് വൻ ഭൂരിപക്ഷം നൽകിയത്. എന്നാൽ ഇത്തവണ ഇവയെല്ലൊം കോൺഗ്രസിനോട് ചായുകയായിരുന്നു. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എം.കെ.കുമാരന്റെ വിജയത്തോടെയാണ് ആറ്റിങ്ങൽ മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. പിന്നീട് നടന്ന മിക്ക തിരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആറ്റിങ്ങലിനെ ചുവപ്പണിയിക്കാൻ നിഷ്പ്രയാസം സാധിച്ചു. പതിനാറ് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പതിനൊന്ന് തവണയും ആറ്റിങ്ങൽ ചെങ്കൊടി പാറിച്ചപ്പോൾ അഞ്ച് തവണ മാത്രമാണ് കോൺഗ്രസ് പതാകപാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP