Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവേകാനന്ദ പ്രതിമയിലെ പുഷ്പാർച്ചനക്ക് ശേഷം കലക്ട്രേറ്റിലേക്ക് എത്തിയത് നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; 12:30ന് കളക്ടർക്ക് മുന്നിലെത്തിയെങ്കിലും നല്ല സമയം നോക്കി പത്രിക കൈമാറിയത് 12:45ന്; ഇടവേളയിൽ വാസുകിയോട് മിസോറാം വിശേഷങ്ങൾ പങ്കുവെച്ചു; പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് ശബരിമല മാത്രമല്ല, തലസ്ഥാന വികസനവും തെരഞ്ഞെടുപ്പു ചർച്ചയാകുമെന്ന്; ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി കുമ്മനം രാജശേഖരൻ പത്രിക നൽകിയത് ഇങ്ങനെ

വിവേകാനന്ദ പ്രതിമയിലെ പുഷ്പാർച്ചനക്ക് ശേഷം കലക്ട്രേറ്റിലേക്ക് എത്തിയത് നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; 12:30ന് കളക്ടർക്ക് മുന്നിലെത്തിയെങ്കിലും നല്ല സമയം നോക്കി പത്രിക കൈമാറിയത് 12:45ന്; ഇടവേളയിൽ വാസുകിയോട് മിസോറാം വിശേഷങ്ങൾ പങ്കുവെച്ചു; പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് ശബരിമല മാത്രമല്ല, തലസ്ഥാന വികസനവും തെരഞ്ഞെടുപ്പു ചർച്ചയാകുമെന്ന്; ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി കുമ്മനം രാജശേഖരൻ പത്രിക നൽകിയത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പത്രിക സമർപ്പണം ആഘോഷമാക്കി പ്രവർത്തകർ. പാർട്ടിക്ക് ഏറ്റവും ജയസാധ്യതയും പ്രതീക്ഷയുമുള്ള മണ്ഡലത്തിൽ ജനകീയനും പ്രവർത്തകരുടെ ആവേശവുമായ സ്ഥാനാർത്ഥി തന്നെ എത്തിയത് മുതലുള്ള ആവേശമാണ് ഇന്ന് പത്രിക സമർപ്പണത്തിലും കണ്ടത്. ഉച്ചയ്ക്ക് 12:45ന് തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിക്ക് മുൻപാകെയാണ് കുമ്മനം രാജശേഖരൻ പത്രിക സമർപ്പിച്ചത്. കവടിയാർ വിവേകാനന്ദ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കളക്ടറേറ്റിലേക്ക് അദ്ദേഹം പോയത്.

പത്രിക സമർപ്പിക്കാനുള്ള യാത്ര കവടിയാറിൽ നിന്നും ആരംഭിച്ചത് നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ്. പ്രിയ നേതാവിന് വേണ്ടി മുദ്രാവാക്യം വിളിച്ചും ആർപ്പുവിളിച്ചുമാണ് കവടിയാറിൽ നിന്നും അമ്പലമുക്ക് പേരൂർക്കട വഴി കുടപ്പനക്കുന്നിലെ കളക്ടറേറ്റിലേക്ക് എത്തിയത്. പ്രധാന ജംഗ്ഷനുകളിലെല്ലാം തന്നെ ബിജെപി പ്രവർത്തകർ വലിയ തോതിൽ കേന്ദ്രീകരിച്ചിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നോട്ട് പോയ നേതാവിനെ ജംഗ്ഷനുകളിൽ പടക്കം പൊട്ടിച്ചാണ് ആവേശ സ്വീകരണം നൽകിയത്. കളക്ടറേറ്റിലേക്ക് എത്തുന്നതിന് മുൻപ് വാഹനത്തിൽ നിന്ന് ഇറങ്ങി പ്രവർത്തകർക്കൊപ്പം കാൽനടയായിട്ടാണ് കുമ്മനം കളക്ടറേറ്റ് പടിക്കൽ എത്തിയത്.

ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, പ്രധാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പത്രിക സമർപ്പണത്തിന് എത്തിയിരുന്നു. എംഎം ലോറൻസിന്റെ കൊച്ചുമകനും ചടങ്ങിന് എത്തിയിരുന്നു. ഉച്ചയ്ക്ക് 12:30 കഴിഞ്ഞപ്പോൾ കളക്ടർക്ക് മുന്നിലെത്തി. 12:45ന് ആണ് പത്രിക സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നതിനാൽ കളക്ടറോട് അൽപ്പ നേരം സാവകാശം ചോദിച്ചു. സമയം അനുവദിച്ച ശേഷം കളക്ടറും കുമ്മനവും തമ്മിൽ അൽപ്പനേരം കുശല സംഭാഷണം.

ഗവർണർ ആയിരിക്കുമ്പോൾ ഉള്ള കാര്യങ്ങളും അവിടെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായുള്ള പരിചയവും മറ്റും ഒക്കെ ഇരുവരും പരസ്പരം പങ്കു വെച്ചു. തനിക്ക് നഗരങ്ങളിൽ ജോലി ചെയ്യുന്നതിനെക്കാൾ ഇഷ്ടം ട്രൈബൽ മേഖലയിലാണ് എന്ന് വാസുകി പറഞ്ഞപ്പോൾ ട്രൈബൽ സ്റ്റേറ്റായ മിസോറാമിനെക്കുറിച്ച് കുമ്മനവും വാചാലനായി. പിന്നീട് പത്രിക സമർപ്പിച്ച് മടങ്ങിയ കുമ്മനത്തിനെ സ്വീകരിക്കാൻ യുവാക്കൾ അടക്കമുള്ള ആളുകളും എത്തിയിരുന്നു.

പത്രിക സമർപ്പിച്ചതോടെ കൂടുതൽ ആത്മവിശ്വാസമായെന്നും താൻ ഉറപ്പായും തിരുവനന്തപുരത്ത് വിജയിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ സാഹചര്യം തനിക്ക് അനുകൂലമാണ് എന്നും എല്ലായിടത്തും വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എന്ന തലസ്ഥാന നഗരം മറ്റ് തലസ്ഥാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയാണ്. അതിന് ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മോദിക്ക് കരുത്ത് പകരാൻ തിരുവനന്തപുരത്ത് നിന്ന് പ്രതിിധിയുണ്ടാകുമെന്നും കുമ്മനം പറഞ്ഞു. മറ്റ് മുന്നണികൾക്ക് എൻഡിഎയുടെ വളർച്ച കണ്ട് ഭയന്നിരിക്കുകയാണ്. ആര് ജയിക്കണം എന്നല്ല ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമെ അവർക്ക് പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം മാത്രമല്ല ചർച്ചയാവുക. ജനങ്ങളെ ബാധിക്കുന്ന കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും പ്രശ്നങ്ങൾ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തർ തെരുവിലിറങ്ങിയ ശബരിമല വിഷയം ഉറപ്പായും ചർച്ചയാവും. തിരുവനന്തപുരത്തെ സംബന്ധിച്ച് നഗര വികസനവും വിമാനത്താവളവും മെട്രോ റെയിലും ഒക്കെ ചർച്ചയാവണം. ഹൈക്കോടതി ബെഞ്ച് ചർച്ചയാകണം. പ്രേരണകുമാരിയുടെ ബിജെപി ബന്ധത്തെ ക്കുറിച്ചുള്ള ചോദ്യത്തിന് സിപിഎം നേതാക്കൾ ഒറ്റപ്പെട്ടെന്നും അവഗണിക്കപ്പെട്ടെന്നും മനസ്സിലായതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് എന്നായിരുന്നു കുമ്മനത്തിന്റെ ഉത്തരം. അല്ലെങ്കിൽ തന്നെ ഇപ്പോഴാണോ ശബരിമല വിഷയം ചർച്ച ചെയ്യുന്നത് എന്നും കുമ്മനം ചോദിച്ചു.

കഴിഞ്ഞ ദിവസം പന്തളം രാജകുടുംബ അംഗം രാജകുമാരവർമ്മ ശബരിമല വിഷയത്തിൽ കേന്ദ്രം സഹായിച്ചില്ലെന്ന് പറഞ്ഞത് ശരിയല്ലെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷനും നേരിട്ട് എത്തി കാര്യങ്ങൾ ധരിപ്പിച്ചുവെന്നും പിന്തുണ നൽകിയെന്നും ഇനി ബാക്കി കാര്യങ്ങൾ സുപ്രീം കോടതി വിധിക്ക് ശേഷം തീരുമാനിക്കാമെന്നും കുമ്മനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP