Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ദിവസത്തിൽ പത്രിക സമർപ്പിച്ചത് കുമ്മനവും കുഞ്ഞാലിക്കുട്ടിയും ഇ.ടിയും അടക്കം അഞ്ചുപേർ; ഇടതു പക്ഷത്തു നിന്ന് പത്രിക നൽകിയത് പത്തനംതിട്ടയിലെ വീണ ജോർജ് മാത്രം; കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പത്രിക നൽകി; അണികളുടെ അകമ്പടിയോടെ കുമ്മനവും പ്രാർത്ഥനകൾക്കു ശേഷം മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും പത്രിക നൽകാനെത്തി

ആദ്യ ദിവസത്തിൽ പത്രിക സമർപ്പിച്ചത് കുമ്മനവും കുഞ്ഞാലിക്കുട്ടിയും ഇ.ടിയും അടക്കം അഞ്ചുപേർ; ഇടതു പക്ഷത്തു നിന്ന് പത്രിക നൽകിയത് പത്തനംതിട്ടയിലെ വീണ ജോർജ് മാത്രം; കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പത്രിക നൽകി; അണികളുടെ അകമ്പടിയോടെ കുമ്മനവും പ്രാർത്ഥനകൾക്കു ശേഷം മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും പത്രിക നൽകാനെത്തി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജും പത്രിക സമർപ്പിച്ചു. കവടിയാർ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായെത്തിയ കുമ്മനം ജില്ലാ കലക്ടർ കെ. വാസുകിക്ക് പത്രിക കൈമാറി.

മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും നാമനിർദേശ പത്രിക നൽകി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയും ആശീർവാദവും ഏറ്റുവാങ്ങിയ ശേഷമാണ് ഇരുവരും മലപ്പുറത്തെത്തി വരണാധികാരി ജില്ലാകലക്ടർ അമിത് മീണ മുമ്പാകെ പത്രിക സമർപ്പിച്ചത്. രാവിലെ പത്ത് മണിയോടെ പാണക്കാട്ടെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പത്രിക കൈമാറി.

പ്രാർത്ഥനക്ക് ശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പി.എം.എസ്.എ പൂക്കോയതങ്ങൾ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബറിടം സന്ദർശിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും കണ്ടശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ 10.45 ഓടെ മലപ്പുറത്തേക്ക് പുറപ്പെട്ടു. ജില്ലാ കോൺഗ്രസ് ആസ്ഥാനത്തെത്തിയ സ്ഥനാർഥികളെ ജില്ലാ യു.ഡി.എഫ് കൺവീനർ പി.ടി അജയമോഹനും മുൻ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞിയും ഷാളണിയിച്ചു സ്വീകരിച്ചു.

യു.ഡി.എഫ് നേതാക്കൾക്കൊപ്പം കലക്ട്രേറ്റിലെത്തി 11.20 ഓടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പത്രിക നൽകി. ജില്ലാ യു.ഡി.എഫ് ജനറൽ കൺവീനർ അഡ്വ. യു.എ ലത്തീഫ്, കെ.പി അബ്ദുൽ മജീദ്, എ.കെ മുസ്തഫ എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് 11.40 ഓടെയാണ് ഇ.ടി മുഹമ്മദ് ബഷീർ പത്രിക സമർപ്പിച്ചത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, വി.ടി ബൽറാം എംഎ‍ൽഎ, യു.ഡി.എഫ് ചെയർമാൻ പി.ടി അജയമോഹൻ, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ എന്നിവർക്കൊപ്പമെത്തിയാണ് ഇ.ടി മുഹമ്മദ് ബഷീർ പത്രിക നൽകിയത്.

പി.കെ കുഞ്ഞാലിക്കുട്ടിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇ.ടി മുഹമ്മദ് ബഷീറിനെ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീനും പിന്താങ്ങി. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരുമടക്കം നൂറുകണക്കിന് പേരാണ് പത്രിക സമർപ്പണത്തിന് സാക്ഷികളാവാൻ മലപ്പുറത്തെത്തിയത്.

യു.ഡി.എഫ് വലിയ വിജയം നേടും: കുഞ്ഞാലിക്കുട്ടി അപവാദ പ്രചരണങ്ങളെ ആദർശംകൊണ്ട് നേരിടും: ഇ.ടി

ഇലക്ഷനിൽ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ യു.ഡി.എഫ് ഒറ്റക്കെട്ടായി വിജയത്തിനായി പ്രവർത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. യു.ഡി.എഫ് മികച്ച വിജയം നേടാൻ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അപവാദ പ്രചരണങ്ങളെ ആദർശംകൊണ്ട് നേരിടാനുള്ള ആത്മവിശ്വാസമുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു.

പി.വി അബ്ദുൽ വഹാബ് എംപി, കെ.പി.എ മജീദ്, സി.പി ബാവ ഹാജി, പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, എംഎ‍ൽഎമാരായ അഡ്വ. എൻ.ശംസുദ്ദീൻ, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി.കെ ബഷീർ, പി ഉബൈദുല്ല, സി. മമ്മുട്ടി, അഡ്വ. എം. ഉമ്മർ, ടി.വി ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, കെ.എൻ.എ ഖാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, അഡ്വ.എം റഹ്മത്തുല്ല, കെ.മുഹമ്മദുണ്ണി ഹാജി, തുടങ്ങിയവരും പാണക്കാട് സന്നിഹിതരായിരുന്നു. പൊന്നാനി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കാടാമ്പുഴ സ്വദേശിനി ബിന്ദുവും പത്രിക സമർപ്പിച്ചിട്ടുണ്ട്.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ജില്ലാ കലക്ടർ പി.കെ.സുധീർബാബുവിന് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് ജോസ് കെ.മാണി എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് എന്നിവർ കൂടെയുണ്ടായിരുന്നു  വരണാധികാരി കൂടിയായ കലക്ടർ പി.ബി.നൂഹിനാണ് വീണാ ജോർജ് പത്രിക സമർപ്പിച്ചത്. ടൗൺഹാൾ ജങ്ഷനിൽ നിന്ന് പ്രകടനമായാണ് വീണ ജോർജെത്തിയത്. എംഎൽഎ മാത്യു ടി.തോമസ്, സിപിഎം ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു, മുൻ ജില്ലാ സെക്രട്ടറി കെ.അനന്തഗോപൻ, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ എന്നിവരും അനുഗമിച്ചു.

നിരീക്ഷകർ ചുമതലയേറ്റു

മലപ്പുറം ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു ചെലവ് നിരീക്ഷിക്കാനായി തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നീരീക്ഷകർ ചുമതലയേറ്റു. ഇന്ത്യൻ സിവിൽ അക്കൗണ്ട് സർവ്വീസിൽ ഉദ്യോഗസ്ഥനായ ധ്രുവ കുമാർ സിംഗാണ് മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിരീക്ഷകനായി എത്തിയിട്ടുള്ളത്. ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥൻ എൻ. രാജ്കുമാറാണ്് പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ നിരീക്ഷകൻ. പൊന്നാനി മണ്ഡലത്തിലെ അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചർ ഒബ്‌സർവർമാരുടെ യോഗം കാലിക്കറ്റ് യൂനിവേഴ്സ്റ്റി ഗസ്റ്റ് ഹൗസിലും മലപ്പുറം മണ്ഡലത്തിലെ അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചർ ഒബ്‌സർവർമാരുടെ യോഗം മലപ്പുറം ഗസ്റ്റ് ഹൗസിലും ഇവരുടെ നേതൃത്വത്തിൽ ചേർന്നു.

പൊതുവാഹനങ്ങളുൾപ്പടെയുള്ള വാഹനങ്ങളിലും റെയിൽവെ സ്റ്റേഷനുകളക്കമുള്ള പൊതുഇടങ്ങളിലും പരിശോധന കർശനമാക്കാൻ യോഗത്തിൽ നിരീക്ഷകർ ആവശ്യപ്പെട്ടു. വിവിധ സ്‌ക്വാഡുകളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കാനും അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചർ ഒബ്‌സർവർമാരോട് ആവശ്യപ്പെട്ടു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചർ ഒബ്‌സർവർമാർ, അക്കൗണ്ടിങ് ടീം, മീഡിയ വ്യൂവിങ് ടീം, വീഡിയോ സർവെയ്‌ലൻസ്, സ്റ്റാറ്റിക് സർവെയ്‌ലൻസ്, ഫ്‌ളയിങ് സ്‌ക്വാഡ് ടീം ലീഡർമാരുടെ യോഗം ചെലവ് നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ ശനിയാഴ്‌ച്ച രാവിലെ 10.30 ന് മലപ്പുറം പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP