Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാശക്കൊട്ടിൽ കോഴിക്കോട്ട് കത്തുന്നത് ഒളിക്യാമറാ വിവാദം തന്നെ; വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവന് ഇടിത്തീയായത് ഹിന്ദി ചാനലിന്റെ സ്റ്റിങ്ങ് ഓപ്പറേഷൻ; മുസ്ലിം ന്യൂനപക്ഷ വോട്ടുകളും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; ചില ബിജെപി വോട്ടുകൾ കൂടി തങ്ങൾക്ക് വീഴുമെന്നും ഐക്യമുന്നണിയുടെ പ്രതീക്ഷ; ക്ലീൻ ഇമേജും എംഎൽഎ സ്ഥാനത്തെ മികച്ച പ്രകടനവും പ്രദീപ്കുമാറിന് തുണയാവുന്നു; കോഴിക്കോട്ട് അവസാനഘട്ടത്തിൽ എൽഡിഎഫ് ഒരു പണത്തൂക്കം മുന്നിൽ

കലാശക്കൊട്ടിൽ കോഴിക്കോട്ട് കത്തുന്നത് ഒളിക്യാമറാ വിവാദം തന്നെ; വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവന് ഇടിത്തീയായത് ഹിന്ദി ചാനലിന്റെ സ്റ്റിങ്ങ് ഓപ്പറേഷൻ; മുസ്ലിം ന്യൂനപക്ഷ വോട്ടുകളും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; ചില ബിജെപി വോട്ടുകൾ കൂടി തങ്ങൾക്ക് വീഴുമെന്നും ഐക്യമുന്നണിയുടെ പ്രതീക്ഷ; ക്ലീൻ ഇമേജും എംഎൽഎ സ്ഥാനത്തെ മികച്ച പ്രകടനവും പ്രദീപ്കുമാറിന് തുണയാവുന്നു; കോഴിക്കോട്ട് അവസാനഘട്ടത്തിൽ എൽഡിഎഫ് ഒരു പണത്തൂക്കം മുന്നിൽ

കെ വി നിരഞ്ജൻ

 കോഴിക്കോട്: ധർമ്മയുദ്ധമായി തുടങ്ങി അവസാനം കൊടിയ വഞ്ചനയിലും ചതിയിലും അവസാനിച്ച് മഹാഭാരതയുദ്ധം പോലെയാണ് ഇത്തവണ കോഴിക്കോട്ടെ ലോക്സഭാ തെരഞ്ഞെടുപ്പ് മൽസരം. എതിരാളിയെ ബഹുമാനിച്ചുകൊണ്ട് മാന്യതയിൽ തുടങ്ങിയ പോരാട്ടം. രണ്ടു ഏട്ടന്മാർ തമ്മിലുള്ള മൽസരമെന്ന് മാധ്യമങ്ങൾ കൊഴുപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനും, എൽഡിഎഫ് സ്ഥാനാർത്ഥി പ്രദീപ് കുമാറും നാട്ടുകാർക്ക് രാഘവേട്ടനും, പ്രദീപേട്ടനും തന്നെയായിരുന്നു. നാടിന്റെ പ്രിയപ്പെട്ട രണ്ടുപേർ ഏറ്റുമുട്ടുന്നു എന്ന തരത്തിലായി ആളുകൾക്കിടയിലെ സംസാരം. ഇവരിൽ ആരെ തെരഞ്ഞെടുക്കും എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്നായിരുന്നു നിഷ്പക്ഷരായ വോട്ടർമാരുടെയെല്ലാം അഭിപ്രായം. ഇതിനിടയിലും പരസ്പരം ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഇരുവിഭാഗവും പ്രചാരണവുമായി മുന്നോട്ട് പോയി.

ഏറ്റുമുട്ടൽ ശക്തമായതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ ഒളിക്യാമറയിൽ കുടങ്ങി. ഇതോടെ പടയാളികൾ കളി നിയമങ്ങളെല്ലാം മറന്നു. സ്ഥാനാർത്ഥികളെ വ്യക്തിപരമായി പോലും ആക്ഷേപിച്ചുകൊണ്ട് തകൃതിയായുള്ള പ്രചാരണം. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ അവസാനം ഇതാണ് അവസ്ഥ. കലാശക്കൊട്ടിൽ നിറയുന്നത് കോഴ വിവാദവും വ്യക്തി അധിക്ഷേപവും തന്നെയാണ്. ഒളി ക്യാമറയിൽ കുടുങ്ങിയതോടെ അൽപ്പം കളങ്കം രാഘവന്റെ വ്യക്തിത്വത്തിൽ പതിച്ചിരിക്കുന്നു. പ്രദീപ് കുമാറാകട്ടെ കളങ്കമില്ലാത്ത നേതാവും. അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു പണത്തുക്കം മുന്നിൽ ഇടതുമുന്നണി തന്നെയാണെന്ന് പറയേണ്ടി വരും. ശബരിമല സമരത്തിന്റെ പേരിൽ ജയിലിലായ അഡ്വ പ്രകാശ് ബാബുവാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. അയ്യപ്പവികാരം ആളിക്കത്തിച്ചുകൊണ്ട് പ്രകാശ് ബാബു പ്രചാരണം ശക്തമാക്കുന്നുണ്ട്.

യുഡിഎഫിന് ഇടിത്തീയായി ഒളിക്യാമറ

എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് മുമ്പേ തന്നെ പ്രചരണത്തിൽ മുന്നേറിയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ. എന്നാൽ എ.പ്രദീപ് കുമാർ എംഎൽഎ സ്ഥാനാർത്ഥിയായി വന്നതോടെ മത്സരം പ്രവചനാതീതമായി. തുല്യശക്തികളുടെ ഏറ്റുമുട്ടലെന്ന് വിലയിരുത്തൽ. എംഎൽഎ എന്ന നിലയിൽ നടത്തിയ വികസന നേട്ടങ്ങൾ പ്രദീപ് കുമാറിന് കരുത്തായി. ഇതിനിടയിൽ ടി വി 9 ഭാരതവർഷ എന്ന ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ ചില ദൃശ്യങ്ങൾ പുറത്തുവന്നത്. വ്യാവസായിക കൾസൾട്ടൻസി ഏജൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം കെ രാഘവൻ എം പിയെ കണ്ട വാർത്താസംഘം അഞ്ചുകോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനം എം.കെ രാഘവൻ സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുപത് കോടിയോളം രൂപ ചെലവായെന്നും ഇത്തവണയും അത്ര തന്നെ ചെലവ് പ്രതീക്ഷിക്കുന്നതായും രാഘവൻ പറഞ്ഞിരുന്നു. ഇത്തവണ ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ പാർട്ടി തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പരാമർശം കോൺഗ്രസിനെയും വെട്ടിലാക്കി. ഇതോടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും രാഘവന്റെ പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നു തുടങ്ങി. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ നേതാക്കൾ ഭൂരിഭാഗവും ഈ മണ്ഡലങ്ങളിലേക്ക് പോവുകയും ചെയ്തു.

ഇതോടെ രാഘവന്റെ പ്രചാരണ പ്രവർത്തനങ്ങളും താഴേക്ക് പോയി. വികസനം മാത്രം ഉന്നയിച്ച് പ്രദീപ് കുമാർ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. ഇതിനിടയിൽ ചാനൽ സ്റ്റിങ് ഓപ്പറേഷൻ സത്യം തന്നെയെന്ന് തെളിവ് സഹിതം സമർത്ഥിച്ച മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ഉൾപ്പെടെ സംഭവത്തിൽ സംശയം പ്രകടിപ്പിച്ചതോടെ രാഘവന് നേരിയ ആശ്വാസം. ചില പ്രമുഖ ചാനൽ സർവ്വേകളിൽ രാഘവൻ ജയിക്കുമെന്ന വാർത്ത വന്നതോടെ പ്രചാരണ രംഗത്ത് അൽപ്പം കൂടി മുന്നേറ്റം. തകർന്നുപോയിടത്തു നിന്ന് കയറിവന്ന് ഒപ്പമെത്താനുള്ള ശ്രമത്തിലാണ് എം.കെ രാഘവൻ. അപ്പോഴേക്കും അതാ ഒളിക്യാമറ വീണ്ടും പൊങ്ങി വന്നിരിക്കുന്നു. രാഘവനെതിരെ കേസ് എടുക്കാൻ നീക്കം നടക്കുകയാണ്. ഇതോടെ വീണ്ടും വിഷയം അതിലേക്ക് മാറി.

പ്രത്യാക്രമണമായി പ്രദീപ് കുമാറിനെതിരെയും ആരോപണങ്ങൾ

ഒളിക്യാമറ കത്തിയതോടെയാണ്, ഇടതു സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിനെതിരെ വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കാൻ പ്രചാരണ രംഗത്തുള്ള കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്. സ്റ്റിങ് ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷം രാഘവനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലുമെല്ലാം പരാതി നൽകിയിരുന്നു. സംഗതി കൈവിട്ടുവെന്ന് മനസ്സിലാക്കിയ യുഡിഎഫ് നേതൃത്വം എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. അന്താരാഷ്ട്ര നിലവാരമുള്ള ഇവന്റ് മാനേജ്‌മെന്റ് വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് കോടികൾ ചെലവഴിച്ച് നടത്തുന്നതെന്നാണ് ഇവരുടെ പരാതി. പ്രദീപ് കുമാർ വൻകിട മുതലാളിമാരിൽ നിന്ന് വൻ തോതിൽ പണം പറ്റുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു. എന്നാൽ വ്യാജ പ്രചരണമാണ് യുഡിഎഫ് നടത്തുന്നതെന്നും തോൽക്കുമെന്നായപ്പോൾ എല്ലാ മര്യാദകളും ലംഘിക്കുകയാണ് യുഡിഎഫ് എന്നുമാണ് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്.

ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് പ്രദീപ് കുമാറിന്റെ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനെയാണ് ഇവന്റ് മാനേജ്‌മെന്റ് എന്നെല്ലാം യുഡിഎഫ് പ്രചരിപ്പിക്കുന്നത്. നടക്കാവ് ഗേൾസ് വൊക്കഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ മോഡലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനും കോഴിക്കട്ടെ ഫുട്‌ബോൾ അസോസിയേഷൻ പ്രവർത്തനം വിപുലപ്പെടുത്താനമായി വിദേശമലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായം എംഎൽഎ എന്ന നിലയിൽ പ്രദീപ് കുമാർ തേടിയിരുന്നു. ഇതിനെ വൻകിട മുതലാളിമാരിൽ നിന്ന് അദ്ദേഹം പണം പറ്റുകയാണെന്ന് ആക്ഷേപിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും എൽ ഡി എഫ് വ്യക്തമാക്കുന്നു.വിദേശമലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായം കൊണ്ട് സ്വന്തമായി പണമുണ്ടാക്കുകയല്ല പ്രദീപ് കുമാർ ചെയ്തത്. ആ വികസന നേട്ടങ്ങളെല്ലാം കോഴിക്കോട്ട് തലയുയർത്തി നിൽക്കുന്നുണ്ട്.

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രിസം പദ്ധതി പ്രകാരം ബഹുമുഖ ഇടപെടലുകളിലൂടെയായിരുന്നു വിഭവ സമാഹരണം നടന്നത്. പൊതുവിദ്യാലങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയാണ് ഈ സഹായമെല്ലാം ഉപയോഗിച്ചത്. ഇതെല്ലാം സർക്കാറിന്റെ ആസ്തിയായി മാറുകയും ചെയ്തിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിച്ചാണ് പ്രവാസി നവ സമ്പന്നരുമായി പ്രദീപ് കുമാറിന് ബന്ധമുണ്ടെന്നും ഇതിന് പിന്നിലുള്ള നിഗൂഢ താത്പര്യം വെളിപ്പെടുത്തണമെന്നുമെല്ലാം ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തുന്നത്. സ്വകാര്യ മുതലാളിമാർക്ക് സർക്കാർ സ്‌കൂളിന്റെ നിയന്ത്രണം വിട്ടു നൽകിയെന്നുമെല്ലാമുള്ള കളവുകൾ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനാകുമോ എന്നാണ് ഇപ്പോൾ യു എഡി എഫ് നോക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറയുന്നു.

മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ തുണക്കുമെന്ന് രാഘവൻ

രണ്ടുതവണ കോഴിക്കോട് നിന്നും വിജയിച്ചു കയറിയ യു ഡി എഫ് സ്ഥാനാർത്ഥി എം കെ രാഘവൻ ഇത്തവണയും എളുപ്പത്തിൽ തന്നെ വിജയിക്കാമെന്ന പ്രതീക്ഷയുമായിട്ടാണ് കളത്തിലിറങ്ങിയത്. നേരത്തെ തന്നെ രംഗത്തിറങ്ങിയതുകൊണ്ട് പ്രചാരണ രംഗത്തും അദ്ദേഹം മുന്നേറി. എന്നാൽ രാഘവനെ നേരിടാൻ കോഴിക്കോടിന്റെ ജനപ്രിയ എം എൽ എയായ എ പ്രദീപ് കുമാറിനെ ഇടതു മുന്നണി കളത്തിലിറക്കിയതോടെ കാര്യങ്ങളാകെ മാറി.

ഇതേ സമയം വെൽഫെയർ പാർട്ടിയുടെ പിന്തുണ രാഘവനാണ്. എസ്ഡിപിഐ കോഴിക്കോട് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുമില്ല. ഇതും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതുന്നു. മാത്രമല്ല രാഹുൽഗാന്ധി സ്ഥാനാർത്ഥിയായതോടെ ന്യുനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകുമെന്ന് ഇവർ കുരുതുന്നു. കൊടുവള്ളി, കോഴിക്കോട് സൗത്ത്, കുന്ദമംഗലം എന്നീ മണ്ഡലങ്ങളിൽ നിന്ന് ലീഡ് എടുക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. ബിജെപിയിൽ ഒരു വിഭാഗത്തിന്റെ വോട്ടും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

ചിദാനന്ദപുരി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഇതിനായി ശ്രമങ്ങൾ നടക്കുന്നുണ്ട്. രാഘവനെതിരെ ഉയർന്ന ആരോപണങ്ങൾ കോഴിക്കോട്ടെ വോട്ടർമാർ തള്ളിക്കളയുമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ വിജയം എം.കെ.രാഘവനൊപ്പം തന്നെ നിൽക്കുമെന്നാണ് യു ഡിഎഫ് വിശ്വാസം. ഈ ഘടകങ്ങളെല്ലാം അവസാനം ഏത് നിലയിൽ പ്രവർത്തിക്കും എന്നത് അനുസരിച്ചായിരിക്കും കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് ഫലമെന്നത് തീർച്ച.

എംഎൽഎ നിലയിലുള്ള വികസനം പ്രദീപിന് മുതൽക്കൂട്ട്

എംഎൽഎ എന്ന നിലയിൽ പ്രദീപ് കുമാറിന്റെ വികസന നേട്ടങ്ങളായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന പല കാര്യങ്ങളിലും പ്രദീപ് കുമാറിന് യാതൊരു പങ്കുമില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാൽ ഇതിനും എൽ ഡി എഫ് മറുപടി നൽകുന്നുണ്ട്. കോട്ടപ്പറമ്പ് ആശുപത്രിക്ക് എൻ എ ബി എച്ച് അക്രഡിറ്റേഷൻ ലഭിക്കുന്നതിനും, കോഴിക്കോട് നഗരത്തിലെ 6 റോഡുകളുടെ നിലവാരം ഉയർത്തുന്നതിനും എ.പ്രദീപ്കുമാറിനുള്ള പങ്കില്ലെന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രസ്താവന വസ്തുതക്ക് നിരക്കാത്തതാണെന്ന് എൽ.ഡി.എഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലംകമ്മറ്റി വ്യക്തമാക്കി.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കോട്ടപ്പറമ്പ് ആശുപത്രി അതിശോചനീയമായ അവസ്ഥയിലായിരുന്നു. യു.ഡി.എഫ് സർക്കാരുകൾ ഈ ആശുപത്രി അടച്ചുപൂട്ടുന്നതിനും ആലോചന നടത്തിയിരുന്നു. 2006 മുതൽ എംഎ‍ൽഎ ആയ എ.പ്രദീപ്കുമാറിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ ആശുപത്രിക്ക് എൻഎബി എച്ച് അക്രഡിറ്റേഷൻ ലഭിച്ചത് എന്നത് ഒരു വസ്തുതയാണ്. 2007-ൽ എ.പ്രദീപ്കുമാർ എംഎ‍ൽഎ യുടെ ഇടപെടലിന്റെ ഭാഗമായി അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ടീച്ചർ ഇടപെട്ട് സർക്കാരിൽ നിന്നും 2.5 കോടി രൂപയും എംഎ‍ൽഎ ഫണ്ടും ചെലവഴിച്ച് വാർഡുകളുടെ നവീകരണം, കാഷ്വാലിറ്റിയുടെ നവീകരണം, മെയിൽ ബൈസ്റ്റാന്റേഴ്‌സിന് വിശ്രമകേന്ദ്രം, കാന്റീൻ നവീകരണം, പവർ ലോൺട്രി കെട്ടിടത്തിന്റെ നിർമ്മാണം, ആകർഷണീയമായ പെയ്ന്റിങ്ങ്, മനോഹരമായ പൂന്തോട്ടം, സൈൻ ബോർഡ്, പേവാർഡ് കെട്ടിടത്തിന്റെ നവീകരണം എന്നീ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. എംഎ‍ൽഎ യുടെ നേതൃത്വത്തിൽ എൻഎബിഎച്ച് അക്രഡിറ്റേഷന് അപേക്ഷിക്കത്തക്കവിധത്തിലുള്ള 90 ശതമാനം വികസന പ്രവർത്തനങ്ങൾ കോട്ടപ്പറമ്പ് ആശുപത്രിയിൽ നടത്തിയതെന്നും എൽഡിഎഫ് വ്യക്തമാക്കുന്നു. ഇത്തരത്തിൽ വികസന പ്രവർത്തനങ്ങളുടെ പേരിലും ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

വീരേന്ദ്രകുമാറിന്റെ എൽ ജെ ഡി എൽ ഡി എഫിലേക്ക് വന്നതും വികസന നായകനെന്ന പ്രദീപ് കുമാറിന്റെ പ്രതിച്ഛായയും അഴിമതി ആരോപണത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി പെട്ടതുമെല്ലാം എൽ ഡി എഫിന് പ്രതീക്ഷ നൽകുന്നു. ബേപ്പൂർ, എലത്തൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെ വൻ ലീഡാണ് എൽഡിഎഫിന് തുണയാവുക. പ്രദീപ് കുമാറിന്റെ മണ്ഡലമായ നോർത്തും വലിയ ഭൂരിപക്ഷം നൽകുമെന്ന് എലഡിഎഫ് പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP