Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോന്നിയിൽ ഓർത്തഡോക്‌സിലെ ഒരു വിഭാഗം യുഡിഎഫുമായി അകന്നതിന് പിന്നിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റോ? മോഹൻരാജിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിന്റെ വിശ്വസ്തൻ ചരട് വലി നടത്തുന്നതായി ആരോപിച്ച് എ-ഐയും; കോന്നിയിൽ സഭാ തർക്കം വിഷയമാക്കിയത് കോൺഗ്രസുകാരനെ തോൽപ്പിക്കാനുള്ള ഗൂഡനീക്കമെന്നും ആരോപണം; റോബിൻ പീറ്ററിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; കോന്നിയിൽ തോൽക്കാതിരിക്കാൻ കരുതലുകളെടുക്കാൻ കെപിസിസി നിർദ്ദേശം

കോന്നിയിൽ ഓർത്തഡോക്‌സിലെ ഒരു വിഭാഗം യുഡിഎഫുമായി അകന്നതിന് പിന്നിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റോ? മോഹൻരാജിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിന്റെ വിശ്വസ്തൻ ചരട് വലി നടത്തുന്നതായി ആരോപിച്ച് എ-ഐയും; കോന്നിയിൽ സഭാ തർക്കം വിഷയമാക്കിയത് കോൺഗ്രസുകാരനെ തോൽപ്പിക്കാനുള്ള ഗൂഡനീക്കമെന്നും ആരോപണം; റോബിൻ പീറ്ററിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; കോന്നിയിൽ തോൽക്കാതിരിക്കാൻ കരുതലുകളെടുക്കാൻ കെപിസിസി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിൽ ഓർത്തഡോക്‌സുകാരുടെ വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജ്. അതിനിടെ തനിക്ക് റോബിൻ പീറ്ററുടെ പിന്തുണ കിട്ടുന്നില്ലെന്ന പരാതി മോഹൻരാജിനുണ്ട്. കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് ആദ്യം മുമ്പോട്ട് വച്ചത് റോബൻ പീറ്ററെയാണ്. എന്നാൽ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം ഒന്നാകെ എതിർത്തതോടെ മോഹൻരാജ് സ്ഥാനാർത്ഥിയായി. പിണക്കം വിട്ട് അടൂർ പ്രകാശ് പ്രചരണത്തിൽ സജീവമായി. അപ്പോഴും റോബിൻ പീറ്റർ സജീവമല്ല. ഓർത്തഡോക്‌സ് സഭയാകട്ടെ ബിജെപിക്കും അനുകൂല പ്രതികരണവുമായെത്തുന്നു. പിറവം പള്ളിയിൽ നിന്നുള്ള ഓർത്തഡോക്‌സ് നേതാക്കന്മാർ ബിജെപിയുടെ കെ സുരേന്ദ്രന് വേണ്ടി വോട്ടും പിടിക്കുന്നു. ഇതിന് പിന്നിൽ റോബിൻ പീറ്ററാണെന്ന ആരോപണമാണ് പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.

എങ്ങനേയും കോന്നിയിൽ ജയിക്കണമെന്നാണ് കെപിസിസി നൽകിയ നിർദ്ദേശം. അടൂർ പ്രകാശ് എംപിയായതോടെ കോന്നിയിലെ എംഎൽഎ സ്ഥാനം രാജിവച്ചു. അടൂർ പ്രകാശിന് നിർണ്ണായക സ്വാധീനം മണ്ഡലത്തിലുണ്ട്. ഇതിനാലാണ് തന്റെ വിശ്വസ്തനായ റോബൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന് അടൂർ പ്രകാശ് നിർദ്ദേശിച്ചത്. ഇത് നടക്കാത്തതു കൊണ്ട് റോബിൻ പീറ്ററെ ഡിസിസി ഭാരവാഹിയാക്കി. അങ്ങനെ സ്ഥാനം മാനങ്ങൾ കൊടുത്തിട്ടും റോബിൻ പീറ്റർ കള്ളക്കളി തുടരുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ തന്റെ പരാതി. റോബിൻ പീറ്ററിനൊപ്പമുള്ളവർ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്. കെപിസിസിയുടെ ശ്രദ്ധയിലും ഇക്കാര്യം വന്നു കഴിഞ്ഞു. ജൂനിയറായ റോബിൻ പീറ്ററെ പാർട്ടി അംഗീകരിച്ചിട്ടും ഇതെല്ലാം ചെയ്യുന്നത് വഞ്ചനായണെന്നാണ് ഉയരുന്ന ആരോപണം.

സ്ഥാനർത്ഥി നിർണ്ണയത്തെച്ചൊല്ലിയുണ്ടായ ഭിന്നതകൾ പരിഹരിച്ച് കോന്നിയിൽ ഒറ്റക്കെട്ടായി മുന്നേറാൻ യുഡിഎഫ് തീരുമാനിച്ചതുമാണ് മോഹൻ രാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ അടൂർ പ്രകാശിനെ മണ്ഡലത്തിൽ നേരിട്ടിറക്കി തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് ഒരുവിധം പരിഹാരം ആയെങ്കിലും നേതാക്കൾ ഒറ്റക്കെട്ടാണെന്ന ധാരണ അണികളിലെത്തിക്കാൻ മുഴുവൻ നേതാക്കളും സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. പിജെ കുര്യനും ആന്റോ ആന്റണിയും അടക്കം കോൺഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷി പ്രമുഖരുമെല്ലാം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാണ്. എന്നിട്ടും സ്ഥാനാർത്ഥിത്വത്തിലേക്ക് അടൂർ പ്രകാശിന്റെ പിന്തുണയുണ്ടായിരുന്ന പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ പ്രചരണത്തിൽ സജീവമാകുന്നില്ല. ഇത് കെപിസിസിയും തിരിച്ചറിയുന്നു. എല്ലാ പ്രശ്‌നങ്ങളും മറികടന്ന് ജയിക്കാൽ ബാക്കി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം.

തന്റെ പിൻഗാമിയായി വിശ്വസ്തനായ റോബിൻ പീറ്ററെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു മണ്ഡലത്തിലെ മുൻ എംഎൽഎയായ അടൂർ പ്രകാശിന്റെ ആവശ്യം. എന്നാൽ ഡിസിസിയുടെയും കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെയും പിന്തുണ പി മോഹൻ രാജിനായിരുന്നു. സാമുദായിക സന്തുലനം പരിഗണിച്ച് കെപിസിസി മോഹൻ രാജിനെ തിരഞ്ഞെടുത്തപ്പോൾ കടുത്ത പ്രതിഷേധമായിരുന്നു അടൂർ പ്രകാശും റോബിൻ പീറ്ററും നടത്തിയത്. ഒരു ഘട്ടത്തിൽ റോബിൻ പീറ്റർ കോന്നിയിൽ വിമതസ്ഥാനാർത്ഥിയായേക്കും എന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെയാണ് കെപിസിസി അ നുനയത്തിന് എത്തിയത്. റോബിൻ പീറ്ററിനെ ഡിസിസി ഭാരവാഹിയാക്കി. ഇതിനൊപ്പം തോറ്റാലും ജയിച്ചാലും അതിന്റെ ക്രെഡിറ്റ് അടൂർ പ്രകാശിനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എതോടെ അടൂർ പ്രകാശും സജീവമായി.

മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫിന്റെ തന്ത്രങ്ങൾ മെനയുന്നു. മുമ്പ് ജില്ലയിൽ എംഎ‍ൽഎ.യായിരുന്നപ്പോഴുള്ള പരിചയങ്ങൾ വഴിയാണ് തിരുവഞ്ചൂരിന്റെ ഓപ്പറേഷൻ. മുൻ കെപിസിസി. അധ്യക്ഷൻ എം.എം. ഹസൻ, ആന്റോ ആന്റണി എംപി., തോമസ് ചാഴികാടൻ എംപി., പന്തളം സുധാകരൻ, കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുൻ എംഎ‍ൽഎ. എ.കെ.മണി, കെപിസിസി. നിർവാഹക സമിതിയംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മാലേത്ത് സരളാദേവി, മാത്യു കുളത്തുങ്കൽ, എ.സുരേഷ് കുമാർ എന്നിവരെല്ലാം വിവിധയിടങ്ങളിൽ പ്രചാരണത്തിൽ സജീവമാണ്. റോബിൻ പീറ്ററെ കാണാമെങ്കിലും അദ്ദേഹം അത്ര സജീവമല്ല. ഇതാണ് കോൺഗ്രസിലെ പരാതിക്ക് കാരണം. ഇതിനിടെയാണ് വനിതാ മതിൽ പണിയാൻ അഞ്ച് ബസ് പിറവം പള്ളിയിൽ നിന്ന് പോയെന്നും അതിന് സഹായിച്ചതും തെറ്റായി പ്പോയി എന്ന വെളിപ്പെടുത്തലുമായി പിറവം പള്ളി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസ് തെന്നലും, മലങ്കര ഓർത്തഡോക്‌സ് അസോസിയേഷൻ മെമ്പർ പ്രകാശ് ഗ വർഗീസും രംഗത്ത് വന്നത്. ബിജെപിക്ക് പിന്തുണ നൽകുകയും ചെയ്തു.

ഞങ്ങൾക്കിവിടെ ജീവിക്കണ്ടെ? രാഷ്ട്രീയക്കാരും, പൊലീസും ഞങ്ങൾക്കെതിരാണ്. കോടതികളിൽ മാത്രമാണാശ്രയം. സഹായത്തിനായി ബിജെപിക്കാർ മാത്രമാണ് മുന്നോട്ട് വന്നിട്ടുള്ളത്. റോബിൻ പീറ്ററിനെതിരെ പ്രവർത്തിച്ചത് ബന്നി ബെഹനാനാണ്. ഉമ്മൻ ചാണ്ടി ഓർത്തഡോക്‌സ് സഭാംഗമാണെങ്കിലും സഭക്ക് വേണ്ടി പ്രവർത്തിച്ചില്ല. യുഡിഎഫ് ഓർത്തഡോക്‌സ് സഭക്കെതിരാണ്. 2018 ജൂലൈ 3 ന് മലങ്കര ഓർത്തഡോക്‌സ് സഭയാണ് യഥാർത്ഥ സഭയെന്ന് 1934 ഭരണ ഘടന അനുസരിച്ച് വിധിച്ചിട്ടുള്ളതാണ്. ഏതെങ്കിലും യുഡിഎഫ് നേതാക്കൾ ഞങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തിയിട്ടും ഒരു പ്രസ്ഥാവന പോലും നടത്തിയിട്ടില്ല. പിറവം പള്ളി മാത്രമല്ല, പെരുമ്പാവൂർ, വടവുകോട്, മാന്നമംഗലം, പഴന്തോട്ടം എന്നിവിടങ്ങളിലെല്ലാം പ്രശ്‌നങ്ങളുണ്ട്. ഞങ്ങളെ സഹായിക്കാൻ ബിജെപി മാത്രമേ മുന്നോട്ട് വന്നിട്ടുള്ളൂവെന്നാണ് ഓർത്തഡോക്‌സ് നേതാവ് പ്രഖ്യാപിച്ചത്. ഇതെല്ലാം റോബിൻ പീറ്ററുടെ തന്ത്രമാണെന്നാണ് കോൺഗ്രസുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP