Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് ഈഴവ സമുദായാംഗം; ഭാര്യ ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കുന്ന നേതാവും; നവോത്ഥാനം വോട്ടായി മാറാൻ സർപ്രൈസ് സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം; കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബുവിനെ ഇടത് സ്വതന്ത്രയാക്കാൻ ചർച്ച; കോൺഗ്രസിന്റെ പരിഗണനാ ലിസ്റ്റിലും എലിസബത്തിന്റെ പേര്: കോന്നിയിൽ കോൺഗ്രസിലെ തമ്മിലടി അനുകൂലമാക്കാൻ സിപിഎം

ഭർത്താവ് ഈഴവ സമുദായാംഗം; ഭാര്യ ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കുന്ന നേതാവും; നവോത്ഥാനം വോട്ടായി മാറാൻ സർപ്രൈസ് സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം; കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബുവിനെ ഇടത് സ്വതന്ത്രയാക്കാൻ ചർച്ച; കോൺഗ്രസിന്റെ പരിഗണനാ ലിസ്റ്റിലും എലിസബത്തിന്റെ പേര്: കോന്നിയിൽ കോൺഗ്രസിലെ തമ്മിലടി അനുകൂലമാക്കാൻ സിപിഎം

ആർ കനകൻ

തിരുവനന്തപുരം: അടുത്തു തന്നെ നടക്കാൻ പോകുന്ന കോന്നി നിയമസഭാ ഉപ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം കേന്ദ്രങ്ങളിൽ ചർച്ച സജീവം. കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗമായ എലിസബത്ത് അബുവിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. അതേ സമയം, കോൺഗ്രസിന്റെ സാധ്യതാ ലിസ്റ്റിലും എലിസബത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ, സന്തത സഹചാരിയായ റോബിൻ പീറ്ററിന് വേണ്ടി മുൻ എംഎൽഎ അടൂർ പ്രകാശ് ശക്തമായ അവകാശവാദം ഉന്നയിച്ചതോടെ യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം ത്രിശങ്കുവിലാണ്.

പ്രധാനമായും രണ്ടു കാര്യങ്ങൾ മുന്നിൽ കണ്ടാണ് എലിസബത്തിനെ മറുകണ്ടം ചാടിക്കാൻ സിപിഎം ശ്രമിക്കുന്നത്. ഒന്നാമത്തേത് വനിതാ സമത്വം, നവോഥാനം എന്നിവ തന്നെയാണ്. രണ്ടാമത്തെ ഘടകം എലിസബത്ത് അബു മിശ്രവിവാഹിതയാണെന്നതാണ്. മാർത്തോമ്മ സമുദായാംഗമായ എലിസബത്ത് വിവാഹം കഴിച്ചിരിക്കുന്നത് ഈഴവ സമുദായാംഗമായ അബുവിനെയാണ്. ദേവസ്വം ബോർഡിൽ അസി കമ്മിഷണറായി വിരമിച്ചയാളാണ് അബു. എലിസബത്തിനെ നിർത്തിയാൽ രണ്ടുണ്ട് കാര്യം എന്ന് സിപിഎം വിലയിരുത്തുന്നു. ഈഴവ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് കോന്നി. എലിസബത്തിന്റെ ഭർത്താവ് ഈഴവനായതിനാൽ സമുദായത്തിന്റെ വോട്ടുകൾ ലഭിക്കും.

എലിസബത്ത് ഇപ്പോഴും ക്രിസ്തുമത ആചാരം പിന്തുടരുന്നതിനാൽ ക്രൈസ്തവ സമുദായത്തിന്റെ വോട്ടും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിൽ നിന്നാണ് എലിസബത്ത് തെരഞ്ഞെടുക്കപ്പെട്ടത്. അന്നു എലിസബത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ വേണ്ടി അടൂർ പ്രകാശ് ആഞ്ഞു പിടിച്ചിരുന്നു. പത്തനംതിട്ട കോൺഗ്രസിലെ മുടിചൂടാ മന്നനായ പിജെ കുര്യൻ ആ നീക്കം വെട്ടിനിരത്തി. കോയിപ്രത്തു നിന്നുള്ള അന്നപൂർണാ ദേവിയെ പ്രസിഡന്റാക്കി. രണ്ടര വർഷം വീതം അധികാരം പങ്കിടാമെന്ന നിർദ്ദേശവും കുര്യൻ വെട്ടി നിരത്തി. ഈ സാഹചര്യത്തിൽ എലിസബത്ത് കോൺഗ്രസിനോട് ചെറിയ അകൽച്ചയുണ്ട്. ഇതു മനസിലാക്കിയാണ് സിപിഎം തന്ത്രം മെനയുന്നത്.

ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനാണ് കോന്നിയിലേക്ക് സിപിഎം പ്രഥമ പരിഗണന നൽകിയത്. എസ്എൻഡിപിക്കാരനായ ഉദയഭാനുവിന് ഇവിടെ വിജയിക്കാൻ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തിയത്. എന്നാൽ, ഉദയഭാനുവിന് ആത്മവിശ്വാസം തീരെയില്ല. മറ്റു ജില്ലാ സെക്രട്ടറിമാരെപ്പോലെ പൊതുജന സമ്പർക്കം തീരെയില്ലാത്ത ആളാണ് ഉദയഭാനു. പതിഞ്ഞ സ്വഭാവക്കാരനാണ് ഇദ്ദേഹം. തന്റെ ന്യൂനതകൾ നന്നായി അറിയാവുന്ന ഉദയഭാനു മൽസരിക്കാനില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. പിന്നെ സീറ്റിൽ നോട്ടമിട്ടിരിക്കുന്നത് എംഎസ് രാജേന്ദ്രനും ജനീഷ്‌കുമാറുമാണ്. രണ്ടു പേരും ചിറ്റാറുകാർ. മുമ്പൊരിക്കൽ അടൂർ പ്രകാശിനെതിരേ രാജേന്ദ്രൻ മൽസരിച്ചിരുന്നു. അന്ന് മാത്രമാണ് അടൂർ പ്രകാശ് ജയിക്കാൻ ഇത്തിരി കഷ്ടപ്പെട്ടത്.

അതു കൊണ്ടു തന്നെ രാജേന്ദ്രന് സീറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, നേതൃത്വത്തിന് അത്ര തൃപ്തിയില്ല. ജനീഷ് കുമാർ ഡിവൈഎഫ്ഐ നേതാവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമാണ്. പക്വത കുറവാണ് സീറ്റ് ലഭിക്കാനുള്ള മുഖ്യതടസം. ഈ സാഹചര്യത്തിലാണ് റിട്ട അദ്ധ്യാപിക കൂടിയായ എലിസബത്തിനെ പരിഗണിക്കുന്നത്. ഭർത്താവ് അബുവിന്റെ കുടുംബം പരമ്പരാഗതമായി കമ്യൂണിസ്റ്റുകാരാണ്. അബുവിന്റെ പിതാവ് കോന്നിയിലെ ആദ്യകാല സിപിഎം പ്രവർത്തകനാണ്. മാമൂലുകൾക്കെതിരേ പോരാടിയ ഇദ്ദേഹം മകൻ, ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ കെട്ടിയപ്പോൾ അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാൻ സമ്മതം മൂളുകയും ചെയ്തിരുന്നു.

22 വർഷം കോന്നിയെ പ്രതിനിധീകരിച്ച അടൂർ പ്രകാശ്, താൻ പറയുന്നവർക്ക് സീറ്റ് നൽകണമെന്ന ഉറച്ച അഭിപ്രായക്കാരനാണ്. സന്തത സഹചാരി കൂടിയായ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററാണ് പ്രകാശിന്റെ മനസിൽ. റോബിൻ അല്ലാതെ ഒരു സ്ഥാനാർത്ഥിയെയും താൻ അവിടെ അംഗീകരിക്കില്ല എന്ന് പ്രകാശ് നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഡിസിസി നേതൃത്വവും ഐ ഗ്രൂപ്പും ഇതിന് എതിരാണ്. ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണ് കോന്നി. കെപിസിസി സെക്രട്ടറി പഴകുളം മധുവിന് സീറ്റ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. എ ഗ്രൂപ്പിൽ നിന്ന് പരിഗണിക്കുന്നത് മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജിനെയാണ്.

സമുദായ സമവാക്യങ്ങൾ നോക്കിയാണ് എലിസബത്ത് അബുവിന്റെ പേര് കോൺഗ്രസ് ഉയർത്തുന്നത്. അവർക്ക് സീറ്റ് നൽകുമെന്ന് യാതൊരു ഉറപ്പുമില്ല. കിട്ടുമെന്ന് അവർക്കും പ്രതീക്ഷയില്ല. അതു കൊണ്ടു തന്നെയാണ് സിപിഎമ്മിന്റെ നീക്കങ്ങളോട് അവർ നോ പറയാത്തതും. കോന്നി മണ്ഡലം ഒരു പാർട്ടിയുടെയും കുത്തകയല്ല. മുൻപ് സിപിഎം വിജയിച്ചിരുന്ന മണ്ഡലമാണ്. അടൂർ പ്രകാശിന്റെ വികസന നയങ്ങൾ തന്നെയാണ് തുടർച്ചയായി അഞ്ചാം വർഷവും ഇവിടെ നിന്ന് അദ്ദേഹത്തെ വിജയിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം മാറിയ സ്ഥിതിക്ക് വോട്ടർമാർ പാർട്ടിയും സമുദായവും നോക്കിയാകും വോട്ടിടുക.

അങ്ങനെ വന്നാൽ സിപിഎമ്മിന് ബാലികേറാമല ആകില്ല. ശബരിമല വിഷയത്തിലെ നാണക്കേട് നീങ്ങാൻ ഈ തെരഞ്ഞെടുപ്പ് വിജയം ഉപകരിക്കുകയുംചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP