Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോന്നിയിൽ അടൂർ പ്രകാശ് ഉടക്കി നിൽക്കുന്നത് മുതലെടുക്കാൻ ഇറങ്ങിയ സിപിഎമ്മിന് വിനയാകുക ബിജപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രന്റെ എൻട്രി; എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത പിണറായി ആഞ്ഞടിച്ചത് ബിജെപിക്കെതിരേ മാത്രം; ആർഎസ്എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി; ശബരിമല യുവതീപ്രവേശന വിഷയം തന്നെ ഉപ തെരഞ്ഞെടുപ്പിലും ചർച്ചയാക്കും എന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും

കോന്നിയിൽ അടൂർ പ്രകാശ് ഉടക്കി നിൽക്കുന്നത് മുതലെടുക്കാൻ ഇറങ്ങിയ സിപിഎമ്മിന് വിനയാകുക ബിജപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രന്റെ എൻട്രി; എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത പിണറായി ആഞ്ഞടിച്ചത് ബിജെപിക്കെതിരേ മാത്രം; ആർഎസ്എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി; ശബരിമല യുവതീപ്രവേശന വിഷയം തന്നെ ഉപ തെരഞ്ഞെടുപ്പിലും ചർച്ചയാക്കും എന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിലുണ്ടായ സമരം മുതൽ സിപിഎമ്മും സംസ്ഥാന സർക്കാരും ഏറ്റവുമധികം പേടിച്ച ബിജെപി നേതാവാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഓരോരോ കാരണങ്ങൾ നിരത്തി സുരേന്ദ്രനെ ജയിലിൽ അടച്ചു. റിമാൻഡ് നീട്ടാൻ ഇല്ലാത്തതും ഉണ്ടാക്കിയതുമായ കേസുകൾ കുത്തിപ്പൊക്കി. ഒടുക്കം പത്തനംതിട്ട പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയാകാൻ എത്തിയ സുരേന്ദ്രന് ലഭിച്ച വരവേൽപ്പ് കണ്ട് അന്തം വിട്ട് 242 കേസുകൾ ഒറ്റയടിക്ക് സുരേന്ദ്രന് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ വിരോധത്തിന് അപ്പുറം വ്യക്തിപരമായി സുരേന്ദ്രനെ പിണറായി സർക്കാർ നേരിടുന്നതാണ് കണ്ടത്.

കോന്നി ഉപതെരഞ്ഞെടുപ്പിൽ അവസാന നിമിഷം സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ വീണ്ടുമെത്തിയതോടെ സിപിഎം പ്രതിരോധത്തിലാണ്. നിലവിൽ രണ്ടു മുന്നണികളുടെയും സ്ഥാനാർത്ഥിക്ക് അമിത വിജയപ്രതീക്ഷയില്ല. അവിടേക്ക് സുരേന്ദ്രൻ വന്നിറങ്ങുമ്പോൾ മൽസരം എവിടേക്ക് വേണമെങ്കിലും തിരിയാം എന്ന അവസ്ഥയായി. അടൂർ പ്രകാശ് ഇടഞ്ഞു നിൽക്കുമ്പോൾ കോന്നി നിഷ്പ്രയാസം പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലായിരുന്നു സിപിഎമ്മിന്. സുരേന്ദ്രന്റെ വരവോടെ ഈ നീക്കം പാളിയിരിക്കുകയാണ്. അതാണ് ഇന്ന് കോന്നിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രതിഫലിച്ചത്. കൺവൻഷൻ ഉദ്ഘാടനം ചെയ്ത പിണറായി ആർഎസ്എസിനും ബിജെപിക്കുമെതിരേ രൂക്ഷമായ വിമർശനം അഴിച്ചു വിട്ടു. കോൺഗ്രസിനോട് മൃദുസമീപനവും സ്വീകരിച്ചു.

ഭരണം ഉപയോഗിച്ച് ആർഎസ്എസ് പ്രത്യയ ശാസ്ത്രം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. എതിർക്കുന്നവരെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഐക്യവും തകർക്കും. ഇതെല്ലാം കണ്ടിട്ടും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്. ബിജെപിയെ ചോദ്യം ചെയ്യാൻപോലും കോൺഗ്രസ് തയാറാകുന്നില്ല. ബിജെപിക്ക് ഒപ്പം ചേർന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ കോൺഗ്രസും ശ്രമിക്കുന്നത്. നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം ബിജെപിയിൽ ചേർന്നതും ഇതിന് തെളിവാണ്. കോൺഗ്രസ് ബിജെപിയുടെ പിണിയാളുകളായി മാറിക്കഴിഞ്ഞു. പാർലമെന്റിൽ അംഗബലം കുറവാണെങ്കിലും ഇടതുമുന്നണി മാത്രമാണ് ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ചോദ്യം ചെയ്തിട്ടുള്ളത്.

പാവപ്പെട്ടവരെ ദ്രോഹിക്കുകയും കോർപ്പറേറ്റുകളുടെ മാത്രം സംരക്ഷകരുമായി ബിജെപി സർക്കാർ മാറുന്നു. ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ കുത്തകകൾക്ക് കോടികളുടെ ആനുകൂല്യങ്ങൾ വരിക്കോരി നൽകുന്നു. ധൂർത്ത് രാജ്യത്ത് വികസന മുരിടിപ്പ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ മേഖലകളും സ്തംഭനത്തിലാണ്. കാർഷിക വിപണി തകർന്നു. ഇന്ധനവില കുതിച്ചുയരുന്നു. ജനങ്ങളെ ഇങ്ങനെ കൊള്ളയാടിക്കാമെന്നാണ് മോദി സർക്കാർ നോക്കുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കോടികൾ മുടക്കി പ്രധാന മന്ത്രി അമേരിക്കൽ പോയി ഹൗഡി-മോദി സംഘടിപ്പിച്ചത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ വലിയ തോതിലുള്ള ഭീഷണിയാണ് നേരിടുന്നത്. എഴുതപ്പെട്ട ഭരണഘടന ഉണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ബിജെപി സർക്കാരിന്റെ നിലപാട്. അവർ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നു.

ആശങ്കകളും ഭീതിയും ജനിപ്പിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ വലിയ തോതിൽ ശ്രമം നടക്കുന്നു. കാശ്മീർ വിഷയത്തിൽ പോലും കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. അഭിപ്രായം പറയാൻ പോലും പകച്ചുനിൽക്കുന്നു. ബിജെപി നിലപാടുകൾ ശരിവയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബിജെപിയുടെ വെല്ലുവിളികളെ നേരിടാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയുകയുള്ളു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണം ജനങ്ങൾ നെഞ്ചേറ്റിയതിന് തെളിവാണ് പാലായിലെ ചരിത്ര വിജയമെന്നും ഇത് കോന്നിയിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോന്നിയിൽ ശബരിമല പ്രചരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി തീരുമാനം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും കോന്നിയിൽ മികച്ച വിജയം കാഴ്ചവയ്ക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിന് വലിയ സാധ്യതയുള്ള മണ്ഡലമാണ് കോന്നി. യുഡിഎഫും എൽഡിഎഫും ബിജെപിയും തമ്മിൽ വളരെ ചെറിയ ശതമാനം വോട്ട് വ്യത്യാസം മാത്രമേയുള്ളു. ഇത്തവണ ഈ വോട്ട് വ്യത്യാസം ഞങ്ങൾക്ക് മറികടക്കാൻ കഴിയുമെന്ന വലിയ ആത്മവിശ്വാസമുണ്ട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കോന്നിയിലെ സ്ഥാനാർത്ഥിയെന്ന ഉത്തരവാദിത്വം താൻ സന്തോഷപൂർവ്വം ഏറ്റെടുക്കുന്നു. കേരള രാഷ്ട്രീയത്തിന് തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ഉപതെരഞ്ഞെടുപ്പായി ഇതിനെ മാറ്റാനാണ് പരിശ്രമിക്കുന്നത്. വർധിച്ച ആത്മവിശ്വാസമുണ്ടെന്നും മികച്ച മുന്നേറ്റം ഈ ഉപതെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP