Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടത് അനുകൂല മനസ്സുള്ള മണ്ഡലത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കളം നിറഞ്ഞ് കെ എൻ ബാലഗോപാൽ; കോലീബി സഖ്യത്തെക്കുറിച്ച് ഉയർന്ന ആരോപണവും വോട്ടുമറിക്കലും യുഡിഎഫിന് തിരിച്ചടി; ബിജെപി ചിത്രത്തിലില്ല; രാഹുൽ തരംഗം വിജയത്തിന് അടിത്തറയാകുമെന്ന് യുഡിഎഫ്; ശബരിമലയും ഇവിടെ തുണയാവുന്നത് ഐക്യമുന്നണിക്ക്; ഈസി വാക്കോവറായി തുടങ്ങിയ കൊല്ലത്ത് ഇപ്പോൾ പ്രേമചന്ദ്രന് നേരിയ മുൻതൂക്കം മാത്രം

ഇടത് അനുകൂല മനസ്സുള്ള മണ്ഡലത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കളം നിറഞ്ഞ് കെ എൻ ബാലഗോപാൽ; കോലീബി സഖ്യത്തെക്കുറിച്ച് ഉയർന്ന ആരോപണവും വോട്ടുമറിക്കലും യുഡിഎഫിന് തിരിച്ചടി; ബിജെപി ചിത്രത്തിലില്ല; രാഹുൽ തരംഗം വിജയത്തിന് അടിത്തറയാകുമെന്ന് യുഡിഎഫ്; ശബരിമലയും ഇവിടെ തുണയാവുന്നത് ഐക്യമുന്നണിക്ക്; ഈസി വാക്കോവറായി തുടങ്ങിയ കൊല്ലത്ത് ഇപ്പോൾ പ്രേമചന്ദ്രന് നേരിയ മുൻതൂക്കം മാത്രം

അരുൺ ജയകുമാർ

കൊല്ലം: കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഇരു മുന്നണികൾക്കും അഭിമാനപോരാട്ടമായ മത്സരം നടക്കുന്നതുകൊല്ലം ലോക്‌സഭ മണ്ഡലത്തിലാണ്. കഴിഞ്ഞ തവണ എൽഡിഎഫിന് ഒപ്പം ഉണ്ടായിരുന്ന ആർഎസ്‌പി കൊല്ലം സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫിൽ ചേരുകയും ഇടത് കോട്ടയായ മണ്ഡലത്തിൽ സിപിഎം പിബി അംഗം എംഎ ബേബിയെ 37,649 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത് ഇടത് ക്യാമ്പിനെ പോലും ഞെട്ടിച്ചിരുന്നു. പിണറായി വിജയൻ പ്രേമചന്ദ്രനെ കുറിച്ച് നടത്തിയ പരനാറി പ്രയോഗം വലിയ രീതിയിലുള്ള ചർച്ചയായി മാറിയിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം കെഎൻ ബാലഗോപാൽ എന്ന ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി സിപിഎം കരുത്ത് കാട്ടാനും മണ്ഡലം തിരിച്ച് പിടിക്കാനും ശക്തമായി തന്നെ രംഗത്തുണ്ട്. എൻകെ പ്രേമചന്ദ്രന് നേരിയ മുൻതൂക്കമുള്ള മണ്ഡലത്തിൽ പക്ഷേ ഉറച്ച പ്രവചനം അസാധ്യമാണ്. ബിജെപിയിലുണ്ടായ വോട്ട് മറിക്കൽ വിവാദം ഇപ്പോൾ മണ്ഡലത്തിലെ ചൂടൻ ചർച്ചയാണ്. തുടക്കത്തിൽ പ്രേമചന്ദ്രന് ഈസി വാക്കോവർ എന്ന തോന്നിച്ച മണ്ഡലത്തിൽ ഇപ്പോൾ നടക്കുന്നത് കടുത്തത മൽസരം.

പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം 

ഇടത് വലത് സ്ഥാനാർത്ഥികൾ തമ്മിൽ നേരിട്ട് ഏറ്റ് മുട്ടുന്ന മണ്ഡലത്തിൽ ബിജെപിക്ക് കാര്യമായി ഒരു റോളും തന്നെ ഇല്ല. പ്രസ്റ്റീജ് മണ്ഡലമായ കൊല്ലം തിരിച്ച് പിടിക്കാൻ അരയും തലയും മുറുക്കിയാണ് ഇരു മുന്നണികളും രംഗത്തുള്ളത്. സംസ്ഥാനത്ത് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി എന്നതും സിറ്റിങ് എംപി എന്നതും പ്രേമചന്ദ്രന് ഗുണം ചെയ്തു. ഇത്തവണ അതുകൊണ്ട് തന്നെ കളം അറിഞ്ഞ് കളിക്കാൻ പ്രേമചന്ദ്രന് കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംഎ ബേബിയെ മുന്നിലെത്തിച്ച ചാത്തന്നൂർ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയാണ് പ്രേമചന്ദ്രൻ പ്രചാരണം മുന്നോട്ട് കൊണ്ട് പോയത്. അത്‌പോലെ തന്നെ നിയമസഭയിൽ എല്ലാ മണ്ഡലങ്ങളും തൂത്ത് വാരുന്നതിന് ഇടത് വോട്ട് ബാങ്കായ കശുവണ്ടി തൊഴിലാളികളെ നേരിൽ കാണുന്നതിന് പ്രേമചന്ദ്രൻ ദിവസങ്ങളോളം തന്നെ മാറ്റി വെച്ചു എന്നതും സവിശേഷതയാണ്.

ഇടത് അനുകൂല മനസ്സുള്ള കൊല്ലത്ത് പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കെഎൻ ബാലഗോപാൽ കളം നിറഞ്ഞത്. ജില്ലയിലെ എംഎൽഎമാർ നടത്തിയ വികസനങ്ങളും ഇടത് സ്ഥാനാർത്ഥി പ്രചാരണ വിഷയമാക്കി. അതോടൊപ്പം തന്നെ എല്ലാ മണ്ഡലങ്ങളിലേയും എംഎൽഎമാർ വലിയ രീതിയിൽ പ്രചാരണം നേരിട്ട് നിയന്ത്രിച്ചു എന്നതും ഇടത് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നു. കശുവണ്ടി തൊഴിലാൽകൾ നിരവധിയുള്ള കുണ്ടറ മണ്ഡലത്തിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ സാന്നിധ്യവും ബാലഗോപാലിന് തുണയായി. എന്നാൽ സിറ്റിങ് എംപിയും ജനകീയനും മികച്ച പാർലമെന്റേനിയൻ എന്ന ഖ്യാതിയുമുള്ള പ്രേമചന്ദ്രന് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് നിഷ്പക്ഷ വിഭാഗത്തിനിടയിലുള്ള സ്വാധീനത്തിൽ കാര്യമായ വിള്ളൽ വീഴ്‌ത്താൻ ഇടത് പക്ഷത്തിന് എത്രത്തോളം കഴിഞ്ഞു എന്ന് മനസ്സിലാക്കണമെങ്കിൽ മെയ് 23ന് അന്തിമ ഫലം വരെ കാത്തിരിക്കുയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ല.


കൊല്ലത്ത് ശബരിമല തുണയായത് യുഡിഎഫിന്

ശബരിമലയിലെ യുവതി പ്രവേശന വിഷയം നേരിട്ട് ബാധിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം എന്നത് രാഷ്ട്രീയ പോരാട്ടത്തിന് ഇടയിലും ബാക്കിയാകുന്ന ഒരു സത്യം തന്നെയാണ്. എന്നാൽ പത്തനംതിട്ടയിലെയോ തിരുവനന്തപുരത്തേയോ പോലെ ഇവിടെ ശബരിമല വികാരം വോട്ടാക്കാൻ ബിജെപിക്ക് കഴിയില്ല. ശക്തനായ ഒരു സ്ഥാനാർത്ഥിയില്ലാത്തത് തന്നെയാണ് അതിന് കാരണം. എന്നാൽ ആചാരസംരക്ഷണത്തെ കുറിച്ചും ശബരിമലയിലെ പിണറായി വിജയൻ സർക്കാരിന്റെ ഇടപെടലുകളെ കുറിച്ചും ശക്തമായി പ്രതിഷേധിക്കുന്ന എൻകെ പ്രേമചന്ദ്രന്റെ അക്കൗണ്ടിലേക്ക് ഈ വോട്ടുകൾ എത്തുമെന്ന് തീർച്ച. പുറമെ ശബരിമല വിഷയം അത്ര ചർച്ചയാകുന്നില്ല അല്ലെങ്കിൽ ബിജെപിക്ക് അതിനുള്ള സംഘടനാ ശക്തി ഇല്ലാത്ത മണ്ഡലത്തിൽ ആ വോട്ട് വിഹിതം പ്രേമചന്ദ്രന്റെ പെട്ടിയിലെത്തും.

കൊല്ലത്തെ കോ ലീ ബി ആരോപണം

കേന്ദ്രത്തിൽ കാര്യം ബിജെപിയും കോൺഗ്രസും തമ്മിൽ ആണ് പോരാട്ടം. എന്നാൽ കേരളത്തിൽ നിർണായക ശക്തിയാകാൻ നിരന്തരം ശ്രമിക്കുന്ന ബിജെപിക്ക് അതിന് കഴിയാതെ പോകുന്നത് സിപിഎം എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയുടെ സാന്നിധ്യം തന്നെയാണ്. ഇത് തിരിച്ചറിഞ്ഞും സിപിഎമ്മിനെ ദുർബലമാക്കാൻ തങ്ങൾക്ക് വിജയ പ്രതീക്ഷയോ അല്ലെങ്കിൽ കാര്യമായ വോട്ട് വിഹിതമോ ഇല്ലാത്ത മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥിയുടെ തോൽവി ഉറപ്പിക്കുക എന്നത് എൻഎസ്എസ് ആശീർവാദത്തോടെ ബിജെപി തീരുമാനിച്ച് ഉറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. ബിജെപിക്കാർ പോലും തനിക്ക് വോട്ട് ചെയ്യും എന്ന പ്രേമചന്ദ്രന്റെ പ്രസ്താവനയും ഇതിന് തെളിവാണ്.

കൊല്ലത്ത് ബിജെപിയിൽ എന്നാൽ വലിയൊരു വിഭാഗം ഇതിന് എതിരാണ്. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അത് ചെയ്യാൻ പാടില്ലെന്നും കോൺഗ്രസ് മുന്നണിക്ക് അനാവശ്യമായി സഹായം നൽകേണ്ടതില്ലെന്ന നിലപാടെടുത്ത പ്രശാന്തിനെ പോലെ ഉള്ള നേതാക്കളെ പുറത്താക്കണം എന്ന ആവശ്യം പോലും ഉയർന്നെങ്കിലും പാർട്ടിയിലെ വലിയൊരു വിഭാഗം പ്രശാന്തിന്റെ വാദത്തോട് യോജിച്ചത് അവർക്ക് തുണയായി.അതൊടൊപ്പം തന്നെ ആർഎസ്എസ് ബിജെപി അണികൾ തനിക്ക് വോട്ട് ചെയ്യും എന്ന പ്രേമചന്ദ്രന്റെ പ്രസ്താവനയോട് യോജിപ്പില്ലാതെ യൂത്ത് കോൺഗ്രസ് പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

സംസ്ഥാനത്ത് എല്ലായിടത്തും വോട്ട് കൂടുമ്പോൾ ഒരു മണ്ഡലത്തിലെങ്കിലും വോട്ട് കുറഞ്ഞാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയും കോൺഗ്രസിന് കൂടുതൽ ക്ഷീണവുമാകും. ഇത് രണ്ട് വർഷങ്ങൾക്ക് അപ്പുറം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ എൽഡിഎഫിനെ കൂടുതൽ ശക്തരാക്കും എന്ന വാദവും ബിജെപി ക്യാമ്പിലും കോൺഗ്രസ് ക്യാമ്പിലും ഉണ്ട്.

സംഘിയല്ലെന്നും ആകില്ലെന്നും പ്രേമചന്ദ്രൻ

തനിക്ക് സംഘി പട്ടം ചാർത്തുന്നത് സിപിഎം തോൽവി ഉറപ്പിച്ചതിനാലാണ് എന്നും എന്നാൽ അതൊന്നും ആരും വിശ്വസിക്കില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പക്ഷം.സിപിഎം ഈ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ചെയ്യുന്നത് പരാജയപ്പെടുത്താൻ ഒരു മാർഗവുമില്ല എന്ന് കണ്ടപ്പോൾ അപവാദങ്ങൾ പറഞ്ഞ് പരത്തുകയാണ് അവർ സ്വീകരിച്ചിക്കുന്ന തന്ത്രം. ബിജെപി ബന്ധം എന്ന ആരോപണവും അതിന്റെ ഭാഗം തന്നെയാണ്. ഡിസംബർ 27ന് നരേന്ദ്ര മോദിയവതരിപ്പിച്ച മുത്തലാഖ് ബില്ലിനെതിരെ ഞാനാണ് നിരാകാരണപ്രമേയം അവതരിപ്പിച്ചത്. ആ ബില്ലിന്റെ വിവിധ വശങ്ങൾ ഞാൻ വിശകലനം ചെയ്തശേഷമാണ് ആ ബില്ലിന്റെ അപകടകരമായിട്ടുള്ള അവസ്ഥയെ സംബന്ധിച്ച് ആളുകൾക്ക് ബോധ്യം ഉണ്ടായത്. മുസ്ലിം പെൺകുട്ടികൾ അനാഥരാവുകയും മുസ്ലിം ചെറുപ്പക്കാരെ അകാരണമായി തടവിലാക്കാനും പോകുന്ന ആ ബില്ല് ദേശീയ തലത്തിൽ വലിയ സംവാദത്തിനിടയാക്കി. അതിന്റെ പ്രാകൃത സ്വഭാവത്തെപറ്റി കൃത്യമായി ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ നടത്തിയ പ്രസംഗത്തിന് പൊതുസമൂഹത്തിൽ വലിയ അംഗീകാരമുണ്ടായി. അങ്ങനെ ഞാൻ ന്യൂനപക്ഷങ്ങൾക്കിടയിൽ നേടിയ സ്വീകാര്യത ഇല്ലാതാക്കാൻ ആണ് എന്നെ അവർ ഒരു സംഘിയാക്കി ചിത്രീകരിച്ചത്.

രാഹുൽ തരംഗം വിജയത്തിന് അടിത്തറയാകുമെന്ന് യുഡിഎഫ്

വിജയപ്രതീക്ഷ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു മതേതര ജനാധിപത്യ ഗവർണമെന്റ് രാജ്യത്ത് അധികാരത്തിൽ വരണമെന്നുള്ള ഒരു പൊതുതാൽപര്യം. പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച് പ്രത്യേക താൽപര്യം ആ കാര്യത്തിലുണ്ട് എന്നുള്ളതുകൊണ്ട് തന്നെ നിലവുലുള്ള ബിജെപി യുടെ നേതൃതത്തിലുള്ള ഗവർൺമെന്റിനെതിരായി ഫലപ്രദമായൊരു ബദൽ ഗവർൺമെന്റ്, ബദൽ മുന്നണി രൂപീകരിക്കാനുള്ള നേതൃപരമായ സംഘടനാശേഷിയും കഴിവും ഇന്നുള്ളത് ഇന്ത്യൻ നാഷനൽ കോൺഗ്രസും കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ പുരോഗമന സഖ്യത്തിനുമാണെന്ന നല്ല തിരിച്ചറിവ് ദേശീയ തലത്തിൽ തന്നെ പൊതുവായി ഉയർന്നുവന്നിട്ടുണ്ട്. ഒരു മൂന്നാം മുന്നണിയുടെ പ്രസക്തി ഈ തിരഞ്ഞെടുപ്പിൽ ഇല്ല എന്നുള്ളത്‌കൊണ്ട് തന്നെ ഒരൊറ്റ ഓപ്ഷൻ മാത്രമേ ബാക്കിയുള്ളു, കോൺഗ്രസിന്റെ നേതൃതത്തിലുള്ള ഐക്യ പുരോഗമന സഖ്യം. അത്തരത്തിലുള്ള ഒരു മതേതര ജനാധിപത്യ സഖ്യം ദേശീയ തലത്തിൽ അധികാരത്തിൽ വരണമെന്നുള്ള രാഷ്ട്രീയം തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായി വരാൻ പോകുന്നത്.

വോട്ട് മറിക്കൽ വിവാദം

ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ബിജെപി യുഡിഎഫിന് വോട്ട് മറിക്കാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ഇടതുമുന്നണി നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ കൊല്ലത്ത് നിന്ന് പുറത്തുവരുന്നത്. ബിജെപിക്ക് ഉള്ളിൽ ഈ വിഷയത്തിലുണ്ടായ പൊട്ടിത്തെറി ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്.ദേശീയ ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ പ്രസിഡന്റ് കെ വി സാബുവാണ് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി. മണ്ഡലത്തിൽ തീരെ അപ്രസ്‌കതനായ വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിന് വോട്ട് മറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് എൽഡിഎഫ് ആദ്യ ഘട്ടം മുതൽ ആരോപിക്കുന്നത്. ഇത് ശരിവച്ചുകൊണ്ടാണ് ബിജെപി നേതാവ് തന്നെ പരസ്യമായി ഇതിനെ കുറിച്ച് പറഞ്ഞതും.

പ്രവചനം അസാധ്യം

ജാതി സമവാക്യങ്ങൾ ഇരു സ്ഥാനാർത്ഥികൾക്കും ഒരുപോലെ അനുകൂലമാകുന്ന മണ്ഡലത്തിൽ പക്ഷേ എൻഎസ്എസ് കൈക്കൊള്ളുന്ന ഇടത് പ്രതികൂല നിലപാട് ബാലഗോപാലിന്റെ സഹോദരന് എൻഎസ്എസുമായുള്ള ബന്ധത്തിൽ മറികടക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ശബരിമലയിലെ അടിയൊഴുക്കുകളും അത് സൃഷ്ടിച്ച് അലയൊലികളും പ്രവചിക്കുക അസാധ്യമാണ്. പ്രത്യേകിച്ച് കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി തീരെ അപ്രസക്തനായ സാഹചര്യത്തിൽ. തീരദേശ സമൂഹവും ശബരിമല വിഷയവും കശുവണ്ടി തൊഴിലാളികളും വലിയ വോട്ട് ബാങ്കായ പ്രസ്റ്റീജ് മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അതീതമായ വോട്ട് സമാഹരിച്ചാൽ മാത്രമെ ഡൽഹി യാത്ര സാധ്യമാവുകയുള്ളു. പ്രേമചന്ദ്രന് നേരിയ മുൻതൂക്കമുണ്ടെങ്കിലും ബാലഗോപാലിനെ ചെറുതായി കാണാൻ പ്രേമചന്ദ്രൻ പോലും തയ്യാറാകില്ല എന്നതാണ് യാഥാർഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP