Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിലെ ജയിലുകൾ ക്വട്ടേഷൻ കോൾസെന്ററുകളായെന്ന് രമ; പതിവ് പോലെ പ്രസംഗം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി; മറുപടി പറയുമ്പോഴും ടിപിയുടെ ഭാര്യയുടെ പേര് പറയാതെ പിണറായി; നിയമസഭയിൽ നിറഞ്ഞതുകൊടി സുനിയുടെ വർക്ക് ഫ്രം ഹോം

കേരളത്തിലെ ജയിലുകൾ ക്വട്ടേഷൻ കോൾസെന്ററുകളായെന്ന് രമ; പതിവ് പോലെ പ്രസംഗം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി; മറുപടി പറയുമ്പോഴും ടിപിയുടെ ഭാര്യയുടെ പേര് പറയാതെ പിണറായി; നിയമസഭയിൽ നിറഞ്ഞതുകൊടി സുനിയുടെ വർക്ക് ഫ്രം ഹോം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിൽ എല്ലാം ഇന്ന് ക്ലീനാണെന്ന് ഡിജിപി ഋഷിരാജ് സിങ് പറയുന്നു. എന്നാൽ വർക് ഫ്രം ഹോമാണ് ജയിലിൽ നടക്കുന്നത് പ്രതിപക്ഷവും. നിയമസഭയിലും കൊടി സുനിയിൽ ചർച്ച നടന്നു. കൊടി സുനിയും ടി പി കേസ് പ്രതികളും സമാന്തര സംവിധാനമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

ഈ കോവിഡ് കാലത്ത് 'വർക് ഫ്രം ഹോം' നാട്ടുനടപ്പാണ്. കൊടി സുനിയെയോ കിർമാണി മനോജിനെയോ പോലുള്ള കൊടും കുറ്റവാളികളും ആ സമ്പ്രദായത്തിന് എതിരല്ല. അവർ ജയിലിനുള്ളിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പരിപാടി നിയമസഭയെ അറിയിച്ചത് മുസ്ലിം ലീഗിലെ എൻ.ഷംസുദീനാണ്: 'വർക് ഫ്രം ജയിൽ!'. സ്മാർട് ഫോണും മറ്റും ഉപയോഗിച്ചു പാർട്ടിക്കു വേണ്ടി ക്വട്ടേഷൻ കലാവിദ്യ ആസൂത്രണം ചെയ്യുന്ന ഇവർക്കു കിട്ടുന്ന ആശീർവാദം കാണുമ്പോൾ ഈ ഭരണത്തെ ഇങ്ങനെ വിശേഷിപ്പിക്കാനേ ഷംസുദീനു കഴിയുന്നുള്ളൂ:' ബൈ ദ് ഗുണ്ടാസ് ആൻഡ് ഫോർ ദ് ഗുണ്ടാസ്'.

ഇക്കണക്കിന് ഒരു ജയിൽ ഡിജിപി പോരെന്ന് അദ്ദേഹം കണ്ടെത്തി. ഒരാളെക്കൂടി അദ്ദേഹം ഉടൻ നിയമിച്ചു: കൊടി സുനി ! ഋഷിരാജ് സിങ്ങാണ് ജയിൽ മേധാവിയെങ്കിലും ജയിൽ കൊടി കുത്തി ഭരിക്കുന്നത് സുനി അല്ലേ? പ്രതിപക്ഷ ആക്ഷേപങ്ങൾ തള്ളി പിണറായി വിജയന്റെ പൊലീസിന് ഭരണപക്ഷക്കാർ നൂറിൽ നൂറു മാർക്ക് ചാർത്തുന്നതു കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണനും ആഞ്ഞടിച്ചു.

നിയമസഭയിൽ കെകെ രമയുടെ പ്രസംഗം കേൾക്കാൻ മുഖ്യമന്ത്രിക്ക് തീരെ താൽപ്പര്യമില്ല. ജയിലുകൾ അധോലോക ഇടപാടുകാരുടെ വിഹാര രംഗമായി മാറിയതിനാൽ വകുപ്പു മന്ത്രി എന്തിനാണ് ആ സ്ഥാനത്തു തുടരുന്നതെന്ന കെ.കെ. രമയുടെ ചോദ്യം കേൾക്കാൻ മുഖ്യമന്ത്രി സീറ്റിൽ ഇല്ലായിരുന്നു.

കേരളത്തിലെ ജയിലുകൾ ക്വട്ടേഷൻ കോൾസെന്ററുകളായെന്ന് രമ നിയമസഭയിൽ ആരോപിച്ചു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ നൽകിയ ഒരു പരാതി പോലും പരിഗണിച്ചില്ലെന്നും രമ പറഞ്ഞു. കോവിഡ് കാലത്ത് അനുവദിച്ച പരോളുകളിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പൊലീസ്, ജയിൽ വകുപ്പുകളുടെ ധനാഭ്യർഥനകളിലുള്ള ചർച്ചയിൽ അനുവദിച്ചു കിട്ടിയ അഞ്ചു മിനിറ്റിലായിരുന്നു കെ.കെ.രമ മുഖ്യമന്ത്രിയുടെ വകുപ്പുകളെ കടന്നാക്രമിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളായ കൊടും ക്രിമിനലുകളാണു ജയിലുകൾ ഭരിക്കുന്നത്. പരോളിലിറങ്ങുന്നവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും രമ ആരോപിച്ചു.

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.കെ.രമയ്ക്കും കത്തുകളിലൂടെ വന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കാനെങ്കിലും മുഖ്യമന്ത്രി തയാറാകുമോ എന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വീഴ്ചകളും പരാതികളും ഉന്നയിച്ച അംഗങ്ങളെ പേരെടുത്തു പറഞ്ഞും ബഹുമാന്യരായ അംഗങ്ങളെന്നു വിശേഷിപ്പിച്ചും മറുപടി നൽകിയ മുഖ്യമന്ത്രി, രമയുടെ പേരു പറയാതിരുന്നത് ശ്രദ്ധേയമായി. കരിപ്പൂർ സ്വർണക്കടത്തിൽ ജയിലിലുള്ള പ്രതികൾക്കു പങ്കുണ്ടെന്ന പരാതി ഉയർന്നപ്പോൾതന്നെ അന്വേഷിക്കാൻ നിർദ്ദേശം നൽകി. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനു മുൻപു പൊലീസിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP