Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം ആർക്കൊപ്പമെന്ന് വിധിയെഴുതാനിനി മണിക്കൂറുകൾ മാത്രം; മൂന്നാം ഘട്ടത്തിൽ ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് സംസ്ഥാനത്തെ 20 സീറ്റടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിൽ; പിടിച്ചെടുക്കാൻ ബിജെപിയും തൂത്തുവാരാൻ കോൺഗ്രസും നിലനിൽപ്പിനായി സിപിഎമ്മും പോരാടുമ്പോൾ കേരളം വേദിയാകുന്നത് സമാനതകളില്ലാത്ത രാഷ്ട്ട്രീയ പോരിന്; കൂട്ടലും കിഴിക്കലുമായി മുന്നണികൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും, തൃശ്ശൂരും തോൽവിയെക്കാൾ ഭയം മൂന്നാം സ്ഥാനത്തെ; പോളിങ്ങിന് കനത്ത സുരക്ഷ

കേരളം ആർക്കൊപ്പമെന്ന് വിധിയെഴുതാനിനി മണിക്കൂറുകൾ മാത്രം; മൂന്നാം ഘട്ടത്തിൽ ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് സംസ്ഥാനത്തെ 20 സീറ്റടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിൽ; പിടിച്ചെടുക്കാൻ ബിജെപിയും തൂത്തുവാരാൻ കോൺഗ്രസും നിലനിൽപ്പിനായി സിപിഎമ്മും പോരാടുമ്പോൾ കേരളം വേദിയാകുന്നത് സമാനതകളില്ലാത്ത രാഷ്ട്ട്രീയ പോരിന്; കൂട്ടലും കിഴിക്കലുമായി മുന്നണികൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും, തൃശ്ശൂരും തോൽവിയെക്കാൾ ഭയം മൂന്നാം സ്ഥാനത്തെ; പോളിങ്ങിന് കനത്ത സുരക്ഷ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാല്പത് ദിവസത്തിലധികം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. വാർഡിലെ തൊഴിലുറപ്പും റോഡ് നന്നാക്കലും മുതൽ ഫാസിസവും റഫാലും ഭീകരവാദവുമെല്ലാം ചർച്ചയായ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നടന്നത് കേരളം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത പ്രചാരണപ്രവർത്തനങ്ങളാണ്. ആഗോള വിഷയങ്ങൾ മുതൽ പഞ്ചായത്ത് പൈപ്പിലെ വെള്ളമില്ലായ്മ വരെ ചർച്ചയായ കേരളത്തിൽ ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകാനുള്ള ആവേശത്തിലാണ് ജനങ്ങൾ. ശബരിമല സമരവും, പ്രളയവും പ്രളയാനന്തര പുനർ നിർമ്മാണവുമൊക്കെ ചർച്ചകളായപ്പോൾ കേരളം ആർക്കൊപ്പമെന്ന വിധിയെഴുതാൻ ഇനി ഒരുരാത്രിയുടെ ദൂരം മാത്രം. നാളെ സൂര്യനുദിക്കുമ്പോൾ കേരളം ക്യൂ നിൽക്കും അടുത്ത അഞ്ച് വർഷത്തെ തങ്ങളുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ മുഴക്കേണ്ടയാളെ തിരഞ്ഞെടുക്കാൻ. സംസ്ഥാനത്ത് ആവേശം അലയടിക്കുമ്പോൾ പോളിങ് ശതമാനം കുത്തനെ വർധിക്കും എന്നാണ് മുന്നണികൾ കണക്ക് കൂട്ടുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു.

കേരളത്തിലെ 20 സീറ്റടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്. 13 സംസ്ഥാനത്തും, രണ്ടുകേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമേ ഗുജറാത്തിലും(26), ഗോവയിലും(2) മുഴുവൻ സീറ്റിലും വോട്ടെടുപ്പ് നടക്കും. കർണാടക(14), മഹാരാഷ്ട്ര( 14), ഉത്തർപ്രദേശ് (10), ഛത്തീസ്‌ഗഡ്, (7), ഒഡിഷ് (6), ബിഹാർ, ബംഗാൾ-5, അസം-4, ജമ്മു-കശ്മീർ,ത്രിപുര, ദാദർ നഗർഹാവേലി, ദാമൻ ആൻഡ് ദിയ എന്നിവിടെയാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്.

പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്നു നടന്നത് നിശബ്ദ പ്രചരണമായിരുന്നു. ഒരു മാസത്തെ പ്രചാരണത്തിന് ശേഷം ഇന്ന് മുന്നണികൾ മാസ് സ്‌ക്വാഡുകളായി രാവിലെ ഏഴ് മണി മുതൽ തന്നെ രംഗത്തെത്തിയിരുന്നു. പ്രചാരണം തുടങ്ങിയത് കത്തിക്കാളുന്ന വേനൽ ചൂടിലായിരുന്നെങ്കിൽ കേരളം പോളിങ് ബൂത്തിലേക്ക് എത്തുന്നത് കേരളത്തിന്റെ തനതു സ്വഭാവമായ സമശീതോഷ്ണ കാലാവസ്ഥയിലാണ്. ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിന് വിവിധ സ്‌ക്വാഡുകളായി പാർട്ടി പ്രവർത്തകർ ബൂത്തുകളുടെ മുക്കും മൂലയും ഇന്നും സന്ദർശിച്ചു. മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ഇനിയും നേരിൽ കാണാത്തവരെ ഒരു തവണ എങ്കിലും നേരിൽ കാണാനുമാണ് സ്ഥാനാർത്ഥികൾ ഇന്ന് ശ്രമിച്ചത്. കൂട്ടലും കിഴിക്കലുമായി പാർട്ടി പ്രവർത്തകരും അവസാന റൗണ്ട് പ്രവർത്തനങ്ങളിൽ മുഴുകി.

വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. സംസ്ഥാനത്ത് ആക 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2.61 കോടി വോട്ടർമാരാണ് കേരളത്തിൽ. ഇതിൽ 1.34 കോടി സ്ത്രീകളാണ്. 1.26 കോടി പുരുഷന്മാരും. 174 ട്രാൻസ്ജെൻഡറുകളും വോട്ടർമാരായുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാൽ ഫലമറിയാൻ മെയ് 23 വരെ കാത്തിരിക്കണം.

പോളിങ് ബൂത്തിൽ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ: വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർക്കാർ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച പാസ് ബുക്ക്, പാൻ കാർഡ്, കേന്ദ്രസർക്കാരിന്റെ സ്മാർട് കാർഡ്, തൊഴിലുറപ്പു പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ജനപ്രതിനിധികൾക്കുള്ള തിരിച്ചറിയൽ രേഖ, ആധാർ കാർഡ്. ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് തിരിച്ചറിയൽ രേഖയായി കണക്കാക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിശദമായ വിവരങ്ങൾക്ക് ഹെൽപ്ലൈൻ നമ്പറായ 1950 ലേക്ക് വിളിക്കാം.

പ്രതീക്ഷയോടെ മുന്നണികൾ

ഇത്തവണ കേരളത്തിലെ മുഴുവൻ സീറ്റുകളും വിജയിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തോടെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിരുദ്ധ വികാരവും രാഹുൽ തരംഗവും 20 സീറ്റുകളിലും വിജയം തങ്ങൾക്ക് ഉറപ്പാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്.പരമ്പരാഗത ഇടതു കോട്ടകളിൽ പോലും ശക്തമായ മത്സരം കാഴ്‌ച്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷം തെരഞ്ഞെടുപ്പ് സർവേകളിലും യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന പ്രവചനവും യുഡിഎഫ് കേന്ദ്രങ്ങൾക്ക് നൽകുന്നുണ്ട്.

ഇടതുപക്ഷം തങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഇത്തവണ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ഇടതുപക്ഷത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മതേതര സർക്കാരിനെ പിന്തുണയ്ക്കും എന്ന് ഇടതുപക്ഷം പറയുമ്പോഴും കോൺഗ്രസ് സർക്കാരിന് പിന്തുണ നൽകും എന്നു തന്നെയായിരുന്നു പറയാതെ പറഞ്ഞിരുന്നത്. അതേ ബിജെപി വിരുദ്ധ മതേതര മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി തന്നെ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനെത്തിയത് ഇടതു നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. എങ്കിലും സംസ്ഥാന സർക്കാരിനുള്ള ജനകീയ പ്രതിച്ഛായയും സ്ഥാനാർത്ഥികളുടെ മേന്മയും വർഗീയ വിരുദ്ധ മുദ്രാവാക്യങ്ങളും തങ്ങൾക്ക് അനുകൂല ഘടകമാണെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. മുൻപെങ്ങുമില്ലാത്ത തരത്തിൽ മുന്നണിക്കകത്തെ കെട്ടുറപ്പ് വിജയപ്രതീക്ഷ ഇരട്ടിയാക്കുകയാണ് ഇടതുമുന്നണിക്ക്.

സംസ്ഥാന രാഷട്രീയത്തിൽ ബിജെപി ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു തെരഞ്ഞെടുപ്പ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. രാജ്യമാകെ മോദി തരംഗം അലയടിച്ച 2014ല തെരഞ്ഞെടുപ്പിനെക്കാൾ വലിയ വിജയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം. പ്രചരണത്തിലുണ്ടായ മേൽക്കെ വോട്ട് വിഹിതത്തിൽ പ്രകടമാകുന്നില്ലെങ്കിൽ സംസ്ഥാന രാഷ്ട്ട്രീയത്തിൽ തങ്ങൾ പൂർണമായും അപ്രസക്തമാകും എന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകർ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത് ചില മണ്ഡലങ്ങളിലെയെങ്കിലും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മുന്നണിയിലെ ഘടകകക്ഷിയായ ബിഡിജെസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകർ തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിയിലും മുന്നണിയിലും ഇത് സൃഷ്ടിക്കുക വലിയ പൊട്ടിത്തെറിയാകും.

മുന്നാം സ്ഥാനമെന്ന ഭീകര സത്യം

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിലെങ്കിലും മൂന്നു മുന്നണികളും തോൽവിയെക്കാൾ ഭയക്കുന്നത് മൂന്നാം സ്ഥാനമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് ആരാകും പിന്തള്ളപ്പെടുക എന്നതാണ് രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനവും ഇവയാണ്. തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർ്ത്ഥിയായതോടെ കോൺഗ്രസുമായി സിപിഎം അകന്നത് ഇവിടെ ശശി തരൂരിന് തിരിച്ചടിയാകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യുക എന്ന ശൈലി ഇത്തവണ സിപിഎം കൈക്കൊള്ളില്ല എന്നാണ് റിപ്പോർട്ടുകൾ. പകരം, പരമാവധി വോട്ടുകൾ ഉറപ്പാക്കി ഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് നേതൃത്വം അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരത്ത് എല്ലാ സർവേകളും ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് വിജയമോ രണ്ടാം സ്ഥാനമോ പ്രവചിക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് വിനയാകും. അതേസമയം സിപിഎം നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ഏറ്റെടുത്തതും കോൺഗ്രസിലെ പടലപ്പിണക്കവും സി ദിവാകരന് അനുകൂലമാകും എന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

പത്തനംതിട്ടയിലും മൂന്നു മുന്നണികളും ഭയക്കുന്നത് ആര് മുന്നാം സ്ഥാനത്തേക്ക് തള്ളിപ്പോകും എന്നതാണ്. ശബരിമല വിഷയം ശക്തമായ അടിയൊഴുക്കുകൾ തീർക്കും എന്ന് വിശ്വസിക്കുന്ന ബിജെപി ഇവിടെ കെ സുരേന്ദ്രൻ വിജയിക്കും എന്ന പ്രതീക്ഷയിലാണ്. ആന്റോ ആന്റണി പത്തു വർഷമായി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫിനും ഗുണകരമാകില്ല. മൂന്നാം സ്ഥാനത്തേക്കു പോയാൽ യുഡിഎഫ് തകർന്നടിഞ്ഞു എന്നു തന്നെ വിലയിരുത്തപ്പെടും. ഇടതു പക്ഷത്തിനും തങ്ങളുടെ നിലപാടുകളുടെ ജയപരാജയങ്ങളുടെ ദിശാസൂചികയാണ് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ഫലം. തോറ്റാലും ഒരു കാരണവശാലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാതിരിക്കാനുള്ള ജീവന്മരണ പോരാട്ടമാണ് ഇടതുപക്ഷം ഇവിടെയും നടത്തുന്നത്.

സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞ മണ്ഡലമാണ് തൃശ്ശൂർ. ഇവിടെയും മൂന്നു മുന്നണികളെയും ഭയപ്പെടുത്തുന്നത് ആര് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നതാണ്.

വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത പ്രചരണം

പ്രചരണങ്ങൾക്കിടെ വിവാദങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ പണം ആവശ്യപ്പെടുന്ന വീഡിയോ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ ഇടതുമുന്നണി കൺവീനറുടെ മോശം പരാമർശവും വിവാദമായിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണം തടയാൻ ശ്രമിച്ചു എന്ന തരത്തിൽ ഇടതുപക്ഷം നടത്തിയ പ്രചരണവും വിവാദമായിരുന്നു. ബിജെപി നേതാക്കളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും തമ്മിലുള്ള കൊമ്പു കോർക്കലും പ്രചരണത്തിനിടയിൽ ചൂടുള്ള വാർത്തകളായി. ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ളയുടെയും കൂട്ടരുടെയും വർഗീയ ചുവയുള്ള പരാമർശങ്ങളും പ്രചരണത്തിനിടെ വിവാദമായിരുന്നു.

ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രണ്ടു തവണ വീതം പ്രചരണം നടത്തി. ബിജെപി അധ്യക്ഷൻ അമിത്ഷായും കേന്ദ്ര മന്ത്രിമാരും എൻഡിഎക്കു വേണ്ടി കളത്തിലിറങ്ങിയപ്പോൾ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിൽ എത്തിയില്ല. ഇടതു നേതാക്കൾ എല്ലാവരും തന്നെ ഇത്തവണ കേരളത്തിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.

കേരളത്തിലെ വോട്ടർമാർ തങ്ങൾക്ക് അനുകൂലമായി വിധിയെഴുതും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫും എൽഡിഎഫും. മുമ്പൊന്നുമില്ലാത്ത വിധം പ്രചാരണ രംഗത്ത് ആവേശം കാണിച്ച ബിജെപി അഞ്ച് മണ്ഡലങ്ങളിലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. ഇതിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിക്കാനും സാധ്യതയുണ്ട്. വിജയ സാധ്യത ഇല്ലാത്ത പല മണ്ഡലങ്ങളിലും പക്ഷേ ബിജെപി നേടുന്ന വോട്ടുകൾ നിർണായകമാണ്. വിജയിയെ തീരുമാനിക്കുന്നതിൽ പല മണ്ഡലങ്ങളിലും ബിജെപിക്ക് നിർണായക ശക്തിയാകാൻ കഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്.

ദേശീയരാഷ്ട്രീയം മുതൽ ശബരിമലയടക്കമുള്ള വിവാദപർവങ്ങൾ വരെ കളം നിറഞ്ഞാടിയ പ്രചാരണദിനങ്ങളുടെ ആവേശം വോട്ടർമാരും ഏറ്റുവാങ്ങിയിട്ടുണ്ടെന്നു കക്ഷിഭേദമന്യേ നേതാക്കൾ വിലയിരുത്തുന്നു. തങ്ങളുടെ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ അവർ കൈമെയ് മറന്നു നാളെ അധ്വാനിക്കുക കൂടി ചെയ്യുമ്പോൾ പോളിങ് ശതമാനം 2014 ലെ 74.04 ശതമാനത്തിൽ നിന്നും ഉയരുമെന്നാണു കരുതുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പു പ്രക്രിയയോടുള്ള താൽപര്യം കൂട്ടാൻ യുവാക്കളടക്കമുള്ളവരെ പ്രേരിപ്പിക്കുമെന്ന വിശകലനവുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35% എന്ന മികച്ച പോളിങ്ങായിരുന്നു കേരളത്തിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിലേക്കു വരാമെന്ന പ്രതീക്ഷ ശക്തം. കഴിഞ്ഞ തവണ ദേശീയ ശരാശരി 66.40% ആയിരുന്നു. 2009 ൽ കേരളത്തിൽ 73.36 ശതമാനവും. രാഷ്ട്രീയം തിളച്ചു മറിയുന്നതിനാൽ 'നോട്ട'യുടെ അരാഷ്ട്രീയതയോടു വോട്ടർമാർ മുഖം തിരിക്കുമെന്ന വിശ്വാസവും പാർട്ടികൾക്കുണ്ട്. 2014 ൽ രണ്ടുലക്ഷത്തിലേറെപ്പേർ 'നോട്ട'യിൽ കുത്തിയിരുന്നു. ഇത്തവണ 2,88,191 കന്നി വോട്ടർമാർ വോട്ടിടും. ഇവരുടെ നിലപാട് ചില മണ്ഡലങ്ങളിൽ നിർണായകമാകും.

സുരക്ഷ ശക്തമാക്കി കേരള പൊലീസ്

ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് 58,138 പൊലീസുകാർ സ്‌പെഷൽ പൊലീസായി 11,781 പേർ എന്നിങ്ങനെയാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സേനയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുന്നു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നിൽക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളിൽ റിസർവിൽ ഉള്ള പൊലീസ് സംഘങ്ങളെ പോളിങ് ബൂത്തിന് സമീപം റോന്ത് ചുറ്റാൻ നിയോഗിക്കും.

ക്യാമറ സംഘങ്ങൾ നിരീക്ഷണം നടത്താത്ത പ്രശ്‌നബാധിത സ്ഥലങ്ങളിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ പൊലീസ് സംഘം പട്രോളിങ് നടത്തും.

വനിതാ വോട്ടർമാർക്ക് സ്വതന്ത്രമായും നിർഭയമായും വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പൊലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത് . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികൾ ഉൾപ്പടെ സ്വീകരിക്കുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ലഭ്യമായിരിക്കും. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമെങ്കിൽ സജ്ജരായിരിക്കാൻ മുതിർന്ന പൊലീസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തെരഞ്ഞെടുപ്പ് തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായും ഡിജിപി പറഞ്ഞു

ഓൺലൈൻ മാധ്യമങ്ങളുടെ കാലം

ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിജിറ്റൽ പ്രചരണവും ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടലുമാണ്. സ്ഥാനാർത്ഥികളുടെ പ്രചരണം ഫേസ്‌ബുക്ക് ലൈവിലൂടെ അതത് സമയങ്ങളിൽ ജനങ്ങളിലെത്തിക്കാൻ എല്ലാ പാർട്ടികളും ശ്രദ്ധിച്ചു. സൂക്ഷ്മമായ രാഷ്ട്രീയ നീക്കങ്ങൾ പോലും ഓൺലൈൻ മാധ്യമങ്ങൾ വാർത്തകളിലൂടെ പൊതുജനങ്ങളിലെത്തിച്ചു. മുഖ്യധാരാ വർത്തമാനപത്രങ്ങളെക്കാൾ വേഗത്തിൽ കൂടുതൽ വാർത്തകൾ ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ പ്രധാന്യം വർദ്ധിപ്പിച്ചത്.

കേരളത്തിൽ ഫേസ്‌ബുക്കും വാട്ട്സാപ്പുമായിരുന്നു ഡിജിറ്റൽ പ്രചരണത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത്. ഓരോ സ്ഥാനാർത്ഥികൾക്കകും പ്രത്യേകം പേജുകളും ഗ്രൂപ്പുകളും സജീവമായി വാർത്തകളും പോസ്റ്ററുകളും ട്രോളുകളുമെല്ലാം പ്രചരിപ്പിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമവും ഇത്തരം പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP