Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുറ്റ്യാ‌ടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കേരള കോൺ​ഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക; പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും ഉൾപ്പെടെ പട്ടികയിലുള്ളത് 12 സ്ഥാനാർത്ഥികൾ; കുറ്റ്യാടിയിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെന്നും നിലപാട്

കുറ്റ്യാ‌ടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കേരള കോൺ​ഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക; പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും ഉൾപ്പെടെ പട്ടികയിലുള്ളത് 12 സ്ഥാനാർത്ഥികൾ; കുറ്റ്യാടിയിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെന്നും നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺ​ഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് പട്ടിക പുറത്തിറക്കിയത്. കുറ്റ്യാടി സീറ്റിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർ‌ട്ടി ചെയർമാൻ ജോസ് കെ മാണി പ്രസ്താവനയിൽ വ്യക്തമാക്കി. പാല മണ്ഡലത്തിൽ ജോസ് കെ മാണി മത്സരിക്കും.

കേരള കോൺ​ഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ..

  • പാല: ജോസ് കെ മാണി
  • ഇടുക്കി: റോഷി അ​ഗസ്റ്റിൻ
  • കാഞ്ഞിരപ്പള്ളി: ഡോ. എൻ ജയരാജ്
  • ചങ്ങനാശ്ശേരി: അഡ്വ. ജോബ് മൈക്കിൾ
  • കടുത്തുരുത്തി: സ്റ്റീഫൻ ജോർജ്ജ്
  • പൂഞ്ഞാർ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
  • തൊടുപുഴ: പ്രൊഫ. കെ ഐ ആന്റണി
  • പെരുമ്പാവൂർ: ബാബു ജോസഫ്
  • റാന്നി: അഡ്വ. പ്രമോദ് നാരായൺ
  • പിറവം: ഡോ. സിന്ധുമോൾ ജേക്കബ്
  • ചാലക്കുടി: ഡെന്നീസ് ആന്റണി
  • ഇരിക്കൂർ: സജി കുറ്റ്യാനിമറ്റം

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷവും കുറ്റ്യാടിയിലെ പാർട്ടി സഖാക്കളുടെ രോഷം തണുപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് സംസ്ഥാന നേതൃത്വം തിരക്കിട്ട കൂടിയാലോചനകളിലാണ്. നിലവിലെ സാഹചര്യത്തിൽ കുറ്റ്യാടിയിൽ കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥി മത്സരിച്ചാൽ കുറ്റ്യാടി ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ പരാജയപ്പെടും എന്ന അവസ്ഥ തിരിച്ചറിഞ്ഞാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇക്കാര്യങ്ങൾ കേരള കോൺ​ഗ്രസിനെ ബോധ്യപ്പെടുത്തി മണ്ഡലം തിരിച്ചെടുക്കാനാണ് സിപിഎം ആലോചിക്കുന്നത്.

മണ്ഡലത്തിലെയാകെ ജനവികാരം കണക്കിലെടുത്താണ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടക്കുകയാണ്. ഇന്നും കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കുറ്റ്യാടി മണ്ഡലം കേരളാ കോൺഗ്രസിന് നൽകിയ നേതൃത്വത്തിന്റെ തീരുമാനം പുനപരിശോധിക്കണം എന്നാണ് പ്രവർത്തകരുടെ ആവശ്യം. കുന്നുമ്മൽ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിൽ നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധി സ്ത്രീകളും പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

നേതാക്കളെ പാർട്ടി തിരുത്തും. പാർട്ടിയെ ജനം തിരുത്തും. കുറ്റിയാടിയുടെ മാനം കാക്കാൻ സിപിഎം തുടങ്ങിയ ബാനറുകളാണ് പ്രതിഷേധത്തിൽ ഉള്ളത്. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നതല്ല തങ്ങളുടെ ആവശ്യം. ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നതാണ് തങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ ദിവസവും ഇതേ ആവശ്യവുമായി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

രാവിലെ തന്റെ പേരും ഫോട്ടോയും വെച്ച് പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ട് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നിരുന്നു. കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണം. അത്തരം പ്രചാരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിലെയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് സിപിഎമ്മിന് ആശങ്ക ഉയരുന്നുണ്ട്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് (എം) ന് വിട്ടുകൊടുത്തതിനെതിരെ സി പി എം പ്രവർത്തകർ ഇന്നലെ കുറ്റ്യാടിയിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് പങ്കെടുത്തത്. കുറ്റ്യാടി സീറ്റിൽ സിപിഐ എം തന്നെ മത്സരിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രകടനം.

എന്നാൽ, സംസ്ഥാന നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചതോടെ, വടകര താലൂക്കിനു കീഴിലുള്ള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികൾക്കാവില്ല. വടകര എൽജെഡിക്കും കുറ്റ്യാടി കേരള കോൺഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എൽഡിഎഫ് കൊടുത്തത്. ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാർട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തതാണ് അണികളെ പ്രകോപിപ്പിച്ചത്.

 

പ്രിയമുള്ളവരേ, ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി പതിമൂന്ന് സീറ്റുകളിലാണ് കേരളാ...

Posted by Jose K Mani on Wednesday, March 10, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP