Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇടതുമുന്നണി; ഡിസിസി അധ്യക്ഷന്മാരുടെ 'കണക്കുകൂട്ടലിൽ' ഭരണമാറ്റമെന്ന വിലയിരുത്തലുമായി യുഡിഎഫ്; ജയം ഉറപ്പെന്ന കണക്കിൽ 69 മണ്ഡലങ്ങൾ; കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേട്ടം കൊയ്യുമെന്നും പ്രതീക്ഷ

സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇടതുമുന്നണി; ഡിസിസി അധ്യക്ഷന്മാരുടെ 'കണക്കുകൂട്ടലിൽ' ഭരണമാറ്റമെന്ന വിലയിരുത്തലുമായി യുഡിഎഫ്; ജയം ഉറപ്പെന്ന കണക്കിൽ 69 മണ്ഡലങ്ങൾ; കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേട്ടം കൊയ്യുമെന്നും പ്രതീക്ഷ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ തുടർച്ചയെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇടതുമുന്നണി. ജില്ല തിരിച്ച് ഡിസിസികൾ വഴി കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭരണമാറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലുമായി യുഡിഎഫ്. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഇരു മുന്നണികളുടേയും നേതൃത്വം ശുഭപ്രതീക്ഷയിലാണ്.

കേരളത്തിൽ അധികാരം പിടിക്കുമെന്ന് കോൺഗ്രസ് ഉറച്ചുവിശ്വസിക്കുന്നത് അതത് ജില്ലകളിൽ നിന്നും ഡിസിസി അധ്യക്ഷന്മാർ നൽകിയ റിപ്പോർട്ടുകളുടെ പിൻബലത്തിലാണ്. കെ പി സി സി അദ്ധ്യക്ഷൻ കഴിഞ്ഞദിവസം ഡിസിസി അദ്ധ്യക്ഷന്മാരുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു.

ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളെപ്പറ്റിയുള്ള വിവരങ്ങൾ മാത്രമാണ് അദ്ദേഹം തേടിയത്. തുടർന്ന് ഉന്നത നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. ഇതിനുശേഷമാണ് 69 സീറ്റുകളിൽ ഉറപ്പായും ജയിക്കുമെന്ന വിലയിരുത്തലിലേക്ക് നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞ പ്രാവശ്യത്തതിനെക്കാൾ നേട്ടം കൊയ്യാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ.

കനത്ത മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ കുറച്ചെങ്കിലും സ്വന്തമാക്കാൻ സാധിച്ചാൽ കേവല ഭൂരിപക്ഷത്തിലേക്ക് മുന്നണി എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ 75 മുതൽ 80 സീറ്റ് വരെ അവർ ജയം പ്രതീക്ഷിക്കുന്നു.

കോൺഗ്രസ് നാൽപ്പതിനും അമ്പതിനും ഇടയിൽ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് 20 സീറ്റ് വരെയും നേടും. മറ്റുള്ളവർ പരമാവധി പത്ത് സീറ്റ് നേടുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

കാസർകോട് രണ്ട് സീറ്റിലാണ് കോൺഗ്രസ് പ്രതീക്ഷവയ്ക്കുന്നത്. ഉദുമയിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിക്കും. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും പതിവില്ലാത്ത വിധം കടുത്ത മത്സരമാണ് യു.ഡി.എഫ് നടത്തിയത്. എന്നാൽ മണ്ഡലം പിടിക്കാനുള്ള സാദ്ധ്യത വിരളമാണ്.

ഇരിക്കൂർ, പേരാവൂർ, അഴീക്കോട് സീറ്റുകൾ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഉറപ്പിക്കുന്നു. കണ്ണൂരിലും കൂത്തുപറമ്പിലും അട്ടിമറിയുണ്ടാവുമെന്ന് സൂചനകളും നേതാക്കൾ നൽകുന്നുണ്ട്.

ധർമ്മടത്ത് ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരുമോയെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്.വയനാട്ടിൽ രാഹുൽ ഗാന്ധി വന്നത് ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ജില്ലയിൽ നിന്ന് കെ പി സി സിക്ക് ലഭിച്ചിരിക്കുന്ന വിവരം. മൂന്ന് സീറ്റും തൂത്തുവാരുമെന്ന് ജില്ലാ നേതൃത്വം ഉറപ്പ് പറയുന്നു.

കോഴിക്കോട് ജില്ലയിൽ വടകരടക്കമുള്ള മണ്ഡലങ്ങൾ ഇത്തവണ മുന്നണിക്കൊപ്പം നിൽക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്.മലപ്പുറത്ത് പതിനൊന്ന് സീറ്റുകൾ യു ഡി എഫ് തന്നെ നിലനിർത്തും. മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കൽ, മങ്കട, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, തിരൂർ, വണ്ടൂർ സീറ്റുകൾ യു.ഡി.എഫ് നേടും.

പൊന്നാനിയിലു തവനൂരിലും മത്സരം നടക്കുന്നുണ്ടെങ്കിലും മുൻതൂക്കം ഇടതിനാണ്. നിലമ്പൂർ, താനൂർ, പെരിന്തൽമണ എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്ന് നേതാക്കൾ പറയുന്നു.

പാലക്കാട് അഞ്ച് സീറ്റുകളിലാണ് യു ഡി എഫ് പ്രതീക്ഷ. തൃത്താലയിൽ ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കും. പാർട്ടിയിൽ നിന്നു തന്നെ പാലംവലി ഉണ്ടായിട്ടില്ലെങ്കിൽ വൻ ഭൂരിപക്ഷത്തിൽ ഷാഫി ജയിക്കും.

പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂർ, നെന്മാറ എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.ഇത് നാലും ഇടതിന്റെ സിറ്റിങ് സീറ്റുകളാണ്.തൃശൂർ, ഗുരുവായൂർ, ചാലക്കുടി സീറ്റുകൾ തൃശൂർ ജില്ലയിൽ യു ഡി എഫ് ഉറപ്പിക്കുന്നു.

വടക്കാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലും മത്സരം കടുത്തുവെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് പതിനൊന്ന് സീറ്റാണ് യു ഡി എഫ് ഉറപ്പിക്കുന്നത്.

ഇടുക്കിയിൽ പീരുമേടും തൊടുപുഴയും യു.ഡി.എഫ് ഉറപ്പിക്കുമ്പോൾ ആലപ്പുഴയിൽ ഹരിപ്പാട്, ചേർത്തല,അരൂർ, കായംകുളം ഉൾപ്പടെ പല സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

കോട്ടയത്ത് പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി എന്നീ സീറ്റുകളിൽ യു ഡി എഫ് ജയം ഉറപ്പിക്കുന്നു. തരംഗമുണ്ടായാൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കൂടെ പോരുമെന്നാണ് വിശ്വാസം.

പത്തനംതിട്ടയിൽ കോന്നി, റാന്നി, ആറന്മുള സീറ്റുകളിൽ വിജയിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. അടൂരിൽ അട്ടിമറിയും പ്രതീക്ഷിക്കുന്നുണ്ട്. കൊല്ലത്ത് ഇത്തവണ ആറ് സീറ്റിലാണ് യു.ഡി.എഫ് പ്രതീക്ഷവയ്ക്കുന്നത്.

കരുനാഗപള്ളി, ചവറ, കുണ്ടറ, കൊല്ലം, പത്തനാപുരം, കുന്നത്തൂർ സീറ്റുകളിലാണ് മുന്നണിക്ക് വിശ്വാസം. മറ്റ് ചില സീറ്റുകളിലും അത്ഭുതങ്ങൾ നടന്നേക്കാമെന്നും നേതാക്കൾ പറയുന്നു.

അതേസമയം, തിരുവനന്തപുരത്ത് എല്ലാസീറ്റിലും മത്സരം കടുപ്പമാണ്. ഇവിടെ കോവളം, അരുവിക്കര, തിരുവനന്തപുരം, പാറശാല, നെയ്യാറ്റിൻകര, നെടുമങ്ങാട് സീറ്റുകൾ യു ഡി എഫ് പ്രതീക്ഷിക്കുന്നു. വാമനപുരവും വർക്കലയും അട്ടിമറിയുണ്ടായേക്കും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച് തുടർഭരണം നേടും എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം.

ഇതിനുശേഷമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്. തിരുവനന്തപുരം ജില്ല ഇക്കുറി ഇടതുപക്ഷം തൂത്തുവാരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജില്ലയിൽ കോവളം മാത്രമാണ് യു.ഡി.എഫിന് ലഭിക്കുകയെന്നും ബാക്കി സീറ്റുകൾ എൽ.ഡി.എഫ് സ്വന്തമാക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP