Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിൽ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല; വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ തിരിച്ചെത്തിയത് 1854 പോസ്റ്റൽ വോട്ടുകളാണ്; ഇനിയും എത്തേണ്ടത് 2894 പോസ്റ്റൽ ബാലറ്റുകൾ; ഒരു മാസം മുമ്പ് വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ ഇത്രയും വൈകിയതിന്റെ കാരണം വ്യക്തമല്ല

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിൽ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല; വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ തിരിച്ചെത്തിയത് 1854 പോസ്റ്റൽ വോട്ടുകളാണ്; ഇനിയും എത്തേണ്ടത് 2894 പോസ്റ്റൽ ബാലറ്റുകൾ; ഒരു മാസം മുമ്പ് വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ ഇത്രയും വൈകിയതിന്റെ കാരണം വ്യക്തമല്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിൽ പകുതിയിലേറേും ഇനിയും തിരിച്ചെത്തിയില്ല. വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ 1854 പോസ്റ്റൽ വോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. 2894 പോസ്റ്റൽ ബാലറ്റുകൾ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 4748 പോസ്റ്റൽ ബാലറ്റുകളാണ് വിതരണം ചെയ്തത്. ഒരു മാസം മുമ്പ് വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ ഇത്രയും വൈകിയതിന്റെ കാരണം വ്യക്തമല്ല.

വോട്ടെണ്ണൽ ദിവസം രാവിലെ 8 മണി വരെയാണ് പോസ്റ്റൽ ബാലറ്റ് സ്വീകരിക്കപ്പെടുക. എന്നാൽ അതിന് മുമ്പ് 3000 ഓളം വരുന്ന അവശേഷിക്കുന്ന ബാലറ്റുകൾ തിരിച്ചെത്തുമോ? സൈനിക വോട്ടർമാർക്ക് നൽകുന്ന സർവ്വീസ് വോട്ടുകളുടെ എണ്ണം 4406 ആണ്. ഇത്രയും ബാലറ്റുകൾ നേരത്തെ വിതരണം ചെയ്തിരുന്നു. എന്നാൽ സർവ്വീസ് ബാലറ്റുകളിൽ പകുതിയിലേറേയും തിരിച്ചെത്തിയിട്ടുണ്ട്. 2644 ബാലറ്റുകളാണ് ഇങ്ങിനെ തിരിച്ചെത്തിയത്. എന്നാൽ സംസ്ഥാനത്തിനകത്ത് നൽകിയ പോസ്റ്റൽ ബാലറ്റുകൾ തിരിച്ചെത്തിയതിന്റെ എണ്ണം താരതമ്യേന കുറവാണ്.

നാളെ വൈകീട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തി രജിസ്ട്രർ ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ ഏജന്റിന്റേയും സ്ഥാനാർത്ഥികളുടേയും സാന്നിധ്യത്തിൽ കലക്ട്രേറ്റിൽ നിന്നും വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും. നാളെ മൂന്ന് മുതൽ വോട്ടെണ്ണൽ ദിനമായ 23 ന് രാവിലെ 8 മണിവരെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ റിട്ടേണിങ് ഓഫീസർ നേരിട്ട് സ്വീകരിക്കും.

കണ്ണൂർ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ്, സർവ്വീസ് വോട്ട് എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥർക്ക് ഉള്ള പരിശീലനം നൽകുകയുണ്ടായി. പോസ്റ്റൽ ബാലറ്റുകൾ സർവ്വീസ് വോട്ടുകൾ എന്നിവ എണ്ണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാർഗ്ഗ നിർദേശങ്ങൾ എന്നിവയും ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനായി ആറ് മേശകളും സർവ്വീസ് വോട്ടെണ്ണാനായി 14 മേശകളും സജ്ജീകരിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയ ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണൽ ആരംഭിക്കുക.

വോട്ടെണ്ണൽ ആരംഭക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കേ ജയാപജയങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ അവകാശ വാദവും സജീവമാകുന്നു. വടക്കേ മലബാറിലെ കണ്ണൂർ, വടകര, കാസർഗോഡ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ജയിക്കുമെന്ന കാര്യത്തിൽ സംശയം ലവലേശമില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ അഭിപ്രായപ്പെട്ടു. പ്രീ പോൾ സർവ്വേയിലും എക്സിറ്റ് പോൾ ഫലത്തിലും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത്. ബിജെപി.യുടെ വെല്ലുവിളി നേരിടാൻ എൽ.ഡി.എഫിനേ കഴിയൂ എന്ന് വോട്ടർമാർ മനസ്സിലാക്കിയിരുന്നു.

അതിന്റെ ഗുണം എൽ.ഡി.എഫിന് ലഭിക്കുക തന്നെ ചെയ്യും. കണ്ണൂർ, വടകര ലോകസഭാ മണ്ഡലങ്ങളിൽ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും അവകാശ വാദമുന്നയിക്കുന്നു. കമ്യൂണിസ്റ്റ് കാരുടേയും ന്യൂനപക്ഷങ്ങളുടേയും കുടിയേറ്റ ജനതയുടേയും വോട്ടുകൾ ഇവിടങ്ങളിൽ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. സിപിഎം. ന്റെ അക്രമ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകാൻ ജനങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് പാച്ചേനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP