Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടിലിൽ നിന്നും നാട്ടുകാരുടെ ഹൃദയത്തിൽ ചേക്കേറി കനയ്യ ചെറുപ്പക്കാരുടെയിടയിൽ തരംഗമാകുന്നു; ബെഗുസരായിയെ ഒരിക്കൽ കൂടി ചുവപ്പിക്കാൻ ഈ തീപ്പൊരി നേതാവിനാകുമോ ? ബിജെപിയും ലാലുവിന്റെ മക്കളും ഒരുപോലെ ഭയക്കുന്ന ഈ ചെറുപ്പക്കാരനുള്ളത് ഒറ്റയ്ക്ക് പൊരുതി ജയിച്ച ചരിത്രം; ബീഹാറിന്റെ ലെനിൻ ഗ്രാഡിൽ മഹാസഖ്യത്തെയും ബിജെപിയെയും വിറപ്പിച്ച് ജെഎൻയുവിലെ പോരാളിയുടെ തേരോട്ടം

കുടിലിൽ നിന്നും നാട്ടുകാരുടെ ഹൃദയത്തിൽ ചേക്കേറി കനയ്യ ചെറുപ്പക്കാരുടെയിടയിൽ തരംഗമാകുന്നു; ബെഗുസരായിയെ ഒരിക്കൽ കൂടി ചുവപ്പിക്കാൻ ഈ തീപ്പൊരി നേതാവിനാകുമോ ? ബിജെപിയും ലാലുവിന്റെ മക്കളും ഒരുപോലെ ഭയക്കുന്ന ഈ ചെറുപ്പക്കാരനുള്ളത് ഒറ്റയ്ക്ക് പൊരുതി ജയിച്ച ചരിത്രം; ബീഹാറിന്റെ ലെനിൻ ഗ്രാഡിൽ മഹാസഖ്യത്തെയും ബിജെപിയെയും വിറപ്പിച്ച് ജെഎൻയുവിലെ പോരാളിയുടെ തേരോട്ടം

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: തെരഞ്ഞെടുപ്പുകളിൽ ചില ഒറ്റയാൾ പോരാട്ടങ്ങൾ ശ്രദ്ധേയമാകാറുണ്ട്. ഇത്തവണ അത്തരത്തിൽ ശ്രദ്ധ നേടുകയാണ് ബീഹാറിലെ ബഗുസരായി പാർലമെന്റ് മണ്ഡലം. കനയ്യ കുമാർ എന്ന ഫാസിസ്റ്റ് വിരുദ്ധ പോരാളിയാണ് ബീഹാറിലെ ബഗുസരായി മണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കനയ്യകുമാർ ചെറിയൊരു കാലം കൊണ്ട് ലോക ശ്രദ്ധനേടിയ യുവ നേതാവാണ്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാനാർത്ഥിയായ തൻവീർ ഹസനാണ് സിപിഐ സ്ഥാനാർത്ഥിയും മുൻ ജെഎൻയു വിദ്യാർത്ഥി നേതാവുമായ കനയ്യ കുമാറിന്റെ പ്രധാന എതിരാളി. വോട്ട് കനയ്യ കുമാറിനൊ അതോ തൻവീറിനോ എന്ന ഒരു പ്രദേശിക യുട്യൂബ് ചാനലിന്റെ ചോദ്യത്തിന് ഭൂരിപക്ഷം മുസ്ലിംകൾക്കും പറയാനുള്ളത് തങ്ങൾ കനയ്യ കുമാറിനെ പിന്തുണയ്ക്കുന്നുവെന്നാണ്. കനയ്യ വരുന്നത് ദരിദ്ര പശ്ചാത്തലത്തിലാണെന്നും അതിനാൽ അങ്ങനെയുള്ളവർക്ക് മാത്രമെ ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു എന്നുമാണ് ദരിദ്ര സംസ്ഥാനമെന്ന് പേരുകേട്ട ബീഹാറിലെ ഗ്രാമവാസികൾ പറയുന്നത്.

കനയ്യയെ കുറിച്ചുള്ള മറ്റൊരു വീഡിയോയിൽ കനയ്യ താമസിക്കുന്ന കുടിലിനെ ചൂണ്ടികാണിച്ച് പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ കുടിലിൽ നിന്നുള്ളവനെ വേണോ അതോ കോട്ടിട്ടവനെ വേണോ (ഹട്ട് വാല അതോ കോട്ട് വാല) എന്ന് സ്വയം ചോദിക്കണമെന്ന് ആവശ്യപ്പെടുന്നു. നരേന്ദ്ര മോദിയെ 'കോട്ട് വാല' എന്ന് ചൂണ്ടികാണിക്കുന്ന വിഡിയോയിൽ ദരിദ്ര ചുറ്റുപാടിൽ നിന്ന് വരുന്ന ഒരാൾക്ക് മാത്രമെ പട്ടിണിയെന്താണെന്ന് മനസിലാകുകയും പാവപ്പെട്ടവന്റെ കാവൽകാരനാകാൻ കഴിയുകയുള്ളു എന്നും പറയുന്നുണ്ട്. കുടിലിൽ നിന്നുള്ളവനെ വേണോ അതോ കോട്ടിട്ടവനെ വേണോ (ഹട്ട് വാല തോ കോട്ട് വാല) എന്നാണ് ബഗുസാരായിൽ നിന്നുയരുന്ന ചോദ്യം.ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കനയ്യ കുമാർ വരുന്ന ദരിദ്ര ചുറ്റുപാടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ ചർച്ച.

താൻ മത്സരിക്കുന്നത് ആർജെഡിക്ക് എതിരെയല്ല എന്നും ബിജെപിക്ക് എതിരെയാണ് എന്നുമാണ് കനയ്യയുടെ നിലപാട്. ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ സിപിഐയും സ്ഥാനംപിടിക്കും എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ബഗുസരായ് മണ്ഡലത്തിനു വേണ്ടിയുള്ള പിടിവലി സിപിഐയെ മഹാസഖ്യത്തിൽ നിന്നും പുറത്താക്കി. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായതിനാൽ കനയ്യ കുമാറിനെ മത്സരിപ്പിക്കാനാകില്ല എന്നായിരുന്നു കോൺഗ്രസ്, ആർജെഡി നിലപാട്. എന്തുവന്നാലും കനയ്യ തന്നെ ബഗുസരായിയിൽ മത്സരിക്കും എന്ന നിലപാട് സിപിഐ എടുത്തതോടെ മുന്നണി സാധ്യത അടയുകയായിരുന്നു. ബിജെപിക്കെതിരേയും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടക്കുന്നത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെയാണ് ബിജെപി ബെഗുസാരായിൽ മത്സരിപ്പിക്കുന്നത്. ഇദ്ദേഹം മൈക്രോ, ചെറുകിട, ഇടത്തര സംരംഭകത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി നേരത്തെ ജനങ്ങളോട് ഒരു രൂപ ധനസഹായമഭ്യർത്ഥിച്ച് കനയ്യ രംഗത്തെത്തിയിരുന്നു. നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഈ തെരഞ്ഞെടുപ്പ് പണത്തിന്റെ ശക്തിയും ജനങ്ങളുടെ ശക്തിയും തമ്മിലാണ്. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരും സംഘടിക്കണം. ഒരു തുകയും ചെറുതോ വലുതോ അല്ല, നിങ്ങളാൽ ആവുന്നത് സംഭാവന ചെയ്യൂ എന്നും കനയ്യ അഭ്യർത്ഥിച്ചിരുന്നു. കനയ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മെവാനി എംഎൽഎയും ബഗുസരായിൽ എത്തിയിട്ടുണ്ട്.

ബീഹാറിലെ ലെനിൻഗ്രാഡ് അഥവാ ബെഗുസരായ്

കമ്മ്യൂണിസ്റ്റ് നിഘണ്ടുവിൽ ബീഹാറിലെ ലെനിൻഗ്രാഡ് എന്നാണ് ബെഗുസരായ് അറിയപ്പെടുന്നത്. അതിനാൽ തന്നെ സിപിഐയുടെ യുവനേതാവായ കനയ്യ കുമാർ ഈ ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചത് തികച്ചും സ്വാഭാവികമാണ്. ഒരു സോഷ്യലിസ്‌റ് തൊഴിലാളി വർഗ വിപ്ലവത്തിനും സാക്ഷ്യം വഹിച്ച മണ്ഡലമല്ല ബെഗുസരായ്. അങ്ങനെയൊരു വിപ്ലവം അവിടെ സംഭവിക്കാനുള്ള വിദൂര സാധ്യതയുമില്ല. നക്സൽ ബാരി കാലഘട്ടത്തിൽ പോലും രാജ്യത്ത് ഒന്നും സംഭവിക്കാത്ത വിധം ശാന്തമായിരുന്നു ബെഗുസരായ്. സമീപ ജില്ലയായ മുസഫർപൂരിലെ മുസാഹാരിയിലും മധ്യ ബീഹാറിലും നക്സലൈറ്റുകൾ കർഷകരെ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലും ബെഗുസരായ് സമാധാനപൂർണ്ണമായിരുന്നു.

ബീഹാറിൽ സിപിഐക്ക് ഇപ്പോഴും സ്വാധീനമുള്ള അപൂർവം സ്ഥലങ്ങളിലൊന്നാണ് ബെഗുസരായ്.കൂടാതെ മണ്ഡലത്തിലെ ചില നിയമസഭാ സീറ്റുകളിൽ ജയിക്കാനും സിപിഐക്ക് സാധിച്ചിരുന്നു. 1967ൽ സിപിഐ നേതാവ് യോഗേന്ദ്ര ശർമ്മ ബെഗുസരായ് മണ്ഡലത്തിൽ നിന്നും പാർലമെന്റിലും എത്തിയിരുന്നു. സിപിഐക്ക് ബെഗുസരായ് മണ്ഡലത്തോട് ഇഷ്ടം കൂടാനുള്ള ഒരു കാരണങ്ങൾ ഇവയാണ്.
കനയ്യ കുമാർ ഇത്തവണ ബെഗുസരായ് മണ്ഡലത്തിൽ ജയിക്കുകയാണെങ്കിൽ സിപിഐയെ സംബന്ധിച്ചിടത്തോളം അത് വലിയ വിജയമായിരിക്കും. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായിരുന്ന രാജേന്ദ്ര പ്രസാദ് സിങ് 17 .8 ശതമാനം വോട്ടു നേടി ബിജെപിക്കും ആർജെഡിക്കും പിന്നിൽ മൂന്നാമതായിരുന്നു.ആ അർത്ഥത്തിൽ കനയ്യ കുമാറിന്റെ വിജയം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ വലിയ മാറ്റമുണ്ടാക്കും.


ബെഗുസരായ് അഥവാ ഭൂമിഹാർ കോട്ട

ബെഗുസരായ് ഒരിക്കലും ഒരു കമ്മ്യൂണിസ്‌റ് കോട്ട ആയിരുന്നില്ല. എന്നാൽ അത് എക്കാലത്തും ഭൂമിഹാർ ബ്രാഹ്മണരുടെ ശക്തികേന്ദ്രമായിരുന്നു. ഭൂമിഹാർ ബ്രാഹ്മണനായ സ്വാമി സജാന്ദ സരസ്വതിയാണ് 1936 ൽ അഖിലേന്ത്യാ കിസാൻ സഭ സ്ഥാപിക്കുകയും സ്വന്തം ജാതിക്കാരെ ഭൂഅവകാശങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുകയും ചെയ്തത്. കിസാൻ സഭ പിൽക്കാലത്ത് സിപിഐയുടെ കർഷക
സംഘടനയായി രൂപാന്തരം പ്രാപിച്ചു. ബീഹാറിലെ സിപിഐയിൽ ഭൂമിഹാർ ബ്രാഹ്മണർക്കുള്ള മേധാവിത്വത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. തങ്ങളുടെ ആധിപത്യം അവർ ഇടത് ആധിപത്യമാക്കി മനസ്സിലാക്കി. സിപിഐ ബീഹാറിൽ ഒരുകാലത്തും നിർണായകമായ ഒരു ശക്തിയായിരുന്നില്ല. ബീഹാറിന്റെ ചരിത്രത്തിൽ രാഷ്ട്രീയമോ സാമൂഹികമോ ആയ യാതൊരു മാറ്റങ്ങൾക്കും തുടക്കം കുറിക്കാൻ അതിനാൽ തന്നെ അവർക്ക് സാധിച്ചിട്ടില്ല.

ഭൂരഹിതരായ കർഷകരെ അണികളായി സംഘടിപ്പിക്കുന്നതിലും എന്നാൽ ഭൂമിഹാറുകൾ അടക്കമുള്ള സവർണ ജാതികൾക്ക് പാർട്ടി നേതൃത്വത്തിൽ വ്യക്തമായ മേധാവിത്വം നൽകുകയും ചെയ്യുന്നതിൽ യാതൊരു വൈരുധ്യവും സിപിഐ കാണുന്നില്ല. ഈയൊരു പശ്ചാത്തലത്തിൽ പാർട്ടി നേതൃസ്ഥാനങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നൽകുകയും അതേസമയം പാവങ്ങളുടെ പാർട്ടിയെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുകയാണ് സിപിഐ. ഭൂമിഹാർ ജാതിയിൽ പെട്ട ആളാണ് കനയ്യ കുമാർ. തനിക്ക് ജാതിയില്ലെന്നു അദ്ദേഹം അവകാശപ്പെട്ടേക്കാം. എന്നാൽ ജാതി അതിൽ അന്തർലീനമാണ്. തങ്ങളിൽ ഒരാളായാണ് ഭൂമിഹാറുകൾ കനയ്യകുമാറിനെ കാണുന്നത്.

കനലാണ് കനയ്യ

ബീഹാറിലെ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കനയ്യകുമാർ ജാതിയുടെ മേന്മ കൊണ്ടോ പിന്തുണ കൊണ്ടോ നേതാവായ ആളല്ല. എന്നുമാത്രവുമല്ല വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ കനയ്യയാണ് യഥാർത്ഥ പോരാളിയെന്ന് കോൺഗ്രസുകാർ പോലും സമ്മതിക്കും. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്‌ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.

കനയ്യയുടെ വളർച്ചയെ കോൺഗ്രസും ബിജെപിയും ഒരുപോലെ ആശങ്കയോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ കനയ്യയെ തോൽപ്പിക്കാൻ ഇരു പാർട്ടികളും വളരെ ശ്ക്തമായി തന്നെശ്രമിക്കും. പക്ഷേ പട്ടിണിക്കാരന്റെ സ്വപ്‌നങ്ങളും ജാതി രാഷ്ട്രീയത്തിന്റെ ആനുകൂല്യവും രക്തം തിളപ്പിക്കുന്ന കനയ്യയുടെ സംവാദങ്ങളും പ്രസംഗങ്ങളും എല്ലാം ബഗുസരായിയെ ഒരിക്കൽ കൂടി ചുവപ്പിക്കും എന്നപ്രതീക്ഷയിലാണ് ഇന്ത്യൻ ഇടതുപക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP