Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയും പാലക്കാടും തൃശൂരും തിരുവനന്തപുരവുമൊന്നും കെ സുരേന്ദ്രന് കിട്ടില്ല; സുകുമാരൻ നായർക്ക് താൽപ്പര്യമുണ്ടെങ്കിലും ശബരിമല വിഷയം മുതലാക്കി സുരേന്ദ്രൻ ഉഴുതു മറിച്ച് വിത്തെറിഞ്ഞ പത്തനംതിട്ട കൊയ്യാൻ സുരേന്ദ്രന് പകരം എംടി രമേശ് വരും; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും വിഭാഗീയതയിൽ വലഞ്ഞ് സംസ്ഥാന ബിജെപി

പത്തനംതിട്ടയും പാലക്കാടും തൃശൂരും തിരുവനന്തപുരവുമൊന്നും കെ സുരേന്ദ്രന് കിട്ടില്ല; സുകുമാരൻ നായർക്ക് താൽപ്പര്യമുണ്ടെങ്കിലും ശബരിമല വിഷയം മുതലാക്കി സുരേന്ദ്രൻ ഉഴുതു മറിച്ച് വിത്തെറിഞ്ഞ പത്തനംതിട്ട കൊയ്യാൻ സുരേന്ദ്രന് പകരം എംടി രമേശ് വരും; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും വിഭാഗീയതയിൽ വലഞ്ഞ് സംസ്ഥാന ബിജെപി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ ബിജെപിയിൽ വിഭാഗീയത രൂക്ഷം. കൃഷ്ണദാസ് പക്ഷവും മുരളീധര വിഭാഗവും കടുംപിടുത്തം തുടരുമ്പോൾ വിജയസാധ്യതയുള്ള സീറ്റുകളിൽ പോലും പ്രതീക്ഷ അസ്തമിക്കുകയാണ്. സമീപകാലത്ത് ബിജെപി ഏറ്റെടുത്ത ഏറ്റവും ശക്തമായ പ്രതിഷേധം ശബരിമല യുവതി പ്രവേശത്തോട് അനുബന്ധിച്ചായിരുന്നു. മൊത്തത്തിൽ നോക്കിയാൽ സമരം പൊളിഞ്ഞെങ്കിലും കെ സുരേന്ദ്രൻ എന്ന യുവനേതാവിന്റെ ഉദയമാണ് ശബരിമലയിൽ കണ്ടത്.

എൻഎസ്എസ്, പന്തളം കൊട്ടാരം, തന്ത്രി സമൂഹം, പൊതുജനം എന്നിങ്ങനെ അയ്യപ്പവിശ്വാസികളായ മുഴുവൻ പേർക്കും പ്രചോദനമായത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഇടപെടലായിരുന്നു. ശബരിമല വിഷയം ദേശീയ ശ്രദ്ധ ആകർഷിച്ചതും സുരേന്ദ്രൻ നയിച്ച സമരത്തിന്റെ ഫലമായിരുന്നു. എന്നാൽ, തീപ്പൊരി നേതാവ് സുരേന്ദ്രനെ വിജയ സാധ്യതയുള്ള സീറ്റുകളിൽ നിന്ന് അകറ്റാനാണ് കൃഷ്ണദാസ് പക്ഷം ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ഈ സീറ്റുകളിൽ ഏതെങ്കിലുമൊന്നിൽ സുരേന്ദ്രൻ മൽസരിക്കും എന്നാണ് നേരത്തേ കരുതിയിരുന്നത്.

എന്നാൽ, ഇതൊന്നും സുരേന്ദ്രന് കിട്ടില്ല എന്നാണ് നിലവിലുള്ള അവസ്ഥ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് സുരേന്ദ്രൻ പത്തനംതിട്ടയിൽ മൽസരിക്കുന്നതിനോട് താൽപര്യമുണ്ട്. എന്നാൽ, ഇവിടെ കഴിഞ്ഞ തവണ മൽസരിച്ച എംടി രമേശ് രണ്ടാമൂഴത്തിന് ഇറങ്ങും. കഴിഞ്ഞ തവണ ബിജെപിയെപ്പോലും അമ്പരപ്പിച്ച പ്രകടനമാണ് എംടി രമേശ് കാഴ്ചവച്ചത്. 2009 ൽ ബി രാധാകൃഷ്ണ മേനോൻ 56,294 വോട്ട് നേടിയ പത്തനംതിട്ടയിൽ എംടി രമേശ് 2014 ൽ നേടിയത് 1,38,954 വോട്ടായിരുന്നു. ഇതൊരിക്കലും ബിജെപിയുടെ നേട്ടമായിരുന്നില്ല. അന്ന് പുറത്ത് നിന്ന് പിന്തുണച്ച ബിഡിജെഎസിന്റെ എഫക്ട് കൂടിയായിരുന്നു.

അപ്പോഴും നായർ സമുദായത്തിന്റെ വോട്ട് കുറെക്കൂടി ലഭിച്ചിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഒപ്പം നിന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാനും കഴിഞ്ഞിരുന്നില്ല. ഇത്തവണ പക്ഷേ, സ്ഥിതിഗതികൾ പത്തനംതിട്ടയിൽ വ്യത്യസ്തമാണ്. ഇടതുമുന്നണിക്ക് യാതൊരു പ്രതീക്ഷയുമില്ലാത്ത മണ്ഡലമാണിത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിലാണ് യുവതി പ്രവേശന സമരത്തിന്റെ അലയൊലികൾ ഏറെയുമുള്ളത്. സുരേന്ദ്രൻ ഇവിടെ മൽസരിക്കുമെന്നായിരുന്നു സാധാരണ ജനങ്ങളുടെ പോലും പ്രതീക്ഷ.

എംടി രമേശ് അടക്കമുള്ള ബിജെപി നേതാക്കൾ ചാനലുകളിലും ശബരിമലയിൽ നിന്ന് കിലോമീറ്ററുകൾ അകലെ എരുമേലിയിലും നിലയ്ക്കലിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ഇരുന്ന് സമരം നയിച്ചപ്പോൾ കെ സുരേന്ദ്രൻ മാത്രമാണ് സന്നിധാനത്ത് എത്തി സമരം ഏറ്റെടുത്തത്. കാടും മലയും വനവും താണ്ടി ത്യാഗങ്ങൾ സഹിച്ചായിരുന്നു അദ്ദേഹത്തിന്റെ സമരം. സംസ്ഥാന സർക്കാർ ഏറ്റവുമധികം ഭയക്കുന്ന നേതാവായി സുരേന്ദ്രൻ മാറി. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്രനെ ജയിലിൽ നിന്ന് പുറത്തിറക്കാതിരിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്തു. ഇല്ലാത്ത കേസുകൾ പോലും ഇദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ചു. ബിജെപിയുടെ ശബരിമല സമരത്തിന്റെ പേരിൽ ജയിൽ വാസം അനുഭവിച്ച ഏക നേതാവും സുരേന്ദ്രനായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രനെ തന്ത്രി കുടുംബവും സുകുമാരൻ നായരും വിളിച്ചു വരുത്തി നന്ദിയും പിന്തുണയും അറിയിച്ചിരുന്നു. സുരേന്ദ്രൻ പത്തനംതിട്ടയിൽ മൽസരിച്ചാൽ ബിജെപിക്ക് നേട്ടമാകുമെന്ന നിർദേശവും മുന്നോട്ടു വച്ചു. പിതാവും പുത്രനും വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കുന്ന ബിഡിജെഎസിനെക്കൊണ്ട് ഇക്കുറി പ്രത്യേകിച്ച് ഗുണമുണ്ടാകില്ല എന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. അതേസമയം, എൻഎസ്എസിന്റെ പിന്തുണ ഇതാദ്യമായി ലഭിക്കുകയും ചെയ്യും. എന്നാൽ, സ്ഥാനാർത്ഥി സുരേന്ദ്രനല്ലെങ്കിൽ ഇത്രയും പിന്തുണ ലഭിക്കുമോ എന്ന കാര്യത്തിലും സംശയം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP