Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: അണികൾക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുന്നുവെന്ന സവിശേഷതയാണു കെ സുധാകരന്റെ എല്ലാ കാലത്തെയും കരുത്ത്. സ്വന്തം വാക്കുകൾ കാരണം വിവാദം ഉണ്ടായാലും നിലപാടിൽ വെള്ളംചേർക്കാതെ ഉറച്ചുനിൽക്കുമെന്നതും കണ്ണൂരിൽ നിന്നുള്ള ഈ കോൺഗ്രസ് നേതാവിന്റെ പ്രത്യേകതയാണ്. സുധാകരൻ കണ്ണൂരിലുള്ള ദിവസം പാറക്കണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നൂറുകണക്കിനു പേരാണ് എത്തുക. തന്റെ വീട്ടിലെത്തുന്ന ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസിലാക്കി ഇടപെടുന്നതു കൊണ്ടു തന്നെയാണു കണ്ണൂരിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ സുധാകരൻ മത്സരിക്കണമെന്ന് പ്രവർത്തകർ പാർട്ടി നേതൃത്വത്തോട് ഒരുപോലെ ആവശ്യം ഉന്നയിക്കുന്നത്.

സംസ്ഥാന കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ ശക്തനായ വക്താവാണെങ്കിലും എല്ലാവിഭാഗം പ്രവർത്തകർക്കും സ്വീകാര്യനാണ് അദ്ദേഹം.നാലുതവണ സംസ്ഥാന നിയമസഭയിലും ഒരുതവണ ലോക്സഭയിലും അംഗമായിട്ടുണ്ട് സുധാകരൻ. നിയമസഭയിൽ മൂന്നുതവണ കണ്ണൂരിനെയും ഒരുതവണ എടക്കാടിനെയും പ്രതിനിധീകരിച്ചു. കെ.കെ രാഗേഷിനെ പരാജയപ്പെടുത്തിയാണു 2009ൽ സുധാകരൻ ലോക്സഭയിൽ എത്തിയത്. എ.കെ ആന്റണി മന്ത്രിസഭയിൽ വനംകായിക വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. 1948 മെയ് 11ന് എടക്കാട് നടാലിലെ രാമുണ്ണിയുടെയും മാധവിയുടെയും മകനായാണു ജനനം. കാടാച്ചിറ ഹൈസ്‌കൂളിലെ പഠനത്തിനുശേഷം തലശ്ശേരി ബ്രണ്ണൻ കോളജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മംഗളൂരുവിൽ നിന്ന് എൽ.എൽ.ബിയും പാസായി. ജനതാപാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ൃനേതാക്കളായ കെ ഗോപാലൻ, എം.കമലം എന്നിവരെ ലീഡർ കെ കരുണാകരൻ കോൺഗ്രസിൽ എത്തിച്ചപ്പോഴാണു സുധാകരനും കോൺഗ്രസുകാരനായത്. പിന്നീടു ലീഡറുടെ അടിയുറച്ച അനുയായിയായതു പിൽക്കാല ചരിത്രം.

1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിലെ ഒ.ഭരതനെ തോൽപിച്ചാണു കെ സുധാകരൻ ആദ്യമായി സംസ്ഥാന നിയമസഭയിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തോറ്റ സുധാകരനെ നിയമപോരാട്ടങ്ങൾക്കൊടുവിലാണു വിജയിയായി പ്രഖ്യാപിച്ചത്. ആദ്യം ഫലം വന്നപ്പോൾ സുധാകരനായിരുന്നു തോൽവി. 219 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭരതനെ വിജയിയായി പ്രഖ്യാപിച്ചു. ഭരതന് 54965 വോട്ടും സുധാകരന് 54746 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ ഒന്നിലധികം വോട്ടുള്ളവർ കള്ളവോട്ടുചെയ്തതിനെ തുടർന്നാണു താൻ പരാജയപ്പെട്ടതെന്നും ഈ വോട്ട് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് സുധാകരൻ തെളിവുസഹിതം ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ 1992ൽ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

1996ലെ അടുത്ത തെരഞ്ഞെടുപ്പിൽ സുധാകരൻ കോൺഗ്രസിന്റെ ഉറച്ചകോട്ടയായ കണ്ണൂരിലേക്കു മാറി. അന്നു കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതിനെ തുടർന്നു എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുന്മന്ത്രി എൻ രാമകൃഷ്ണനെ 7862 വോട്ടിനാണു സുധാകരൻ തോൽപിച്ചത്. 2001ൽ ഐ.എൻ.എല്ലിലെ കാസിം ഇരിക്കൂറിനെ 19133 വോട്ടിനു പരാജയപ്പെടുത്തി. 2006ൽ 8613 വോട്ടിനു സിപിഎമ്മിലെ കെ.പി സഹദേവനെ തറപറ്റിച്ചു. 2009ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.കെ രാഗേഷിനെ 43151 വോട്ടിനു തോൽപിച്ചാണു സുധാകരൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറ്റിങ് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച് എ.പി അബ്ദുല്ലക്കുട്ടിയിലൂടെ സിപിഎം പിടിച്ചെടുത്ത സീറ്റ് അടുത്ത തെരഞ്ഞെടുപ്പിലും അവർ നിലനിർത്തി. സിപിഎം വിട്ട് അബ്ദുല്ലക്കുട്ടി കോൺഗ്രസിൽ എത്തിയപ്പോഴാണു സുധാകരൻ ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരനു 6566 വോട്ടിനു പി.കെ ശ്രീമതിയോട് അടിയറവു പറയേണ്ടി വന്നു.
2009ൽ സുധാകരൻ രാജിവച്ച ഒഴിവിൽ അബ്ദുല്ലക്കുട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ണൂരിൽ നിന്നു നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ എത്തിച്ചതും എംഎ‍ൽഎയാക്കിയതും സുധാകരന്റെ തന്ത്രങ്ങളായിരുന്നു.

സുധാകരനെ വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കാൻ മുറവിളി ഉയരുന്നതും കാലത്തിന്റെ ചരിത്രം. ജില്ലയിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെയാണു സുധാകരൻ ഡി.സി.സി പ്രസിഡന്റായത്. 2001ൽ മന്ത്രിസ്ഥാനം ലഭിക്കുന്നതു വരെ ആസ്ഥാനത്തു തുടർന്നു. എൻ രാമകൃഷ്ണനു ശേഷം സുധാകരൻ ഡി.സി.സി പ്രസിഡന്റായതോടെ അണികളും ഉഷാറായി. ബദൽരേഖ വിവാദത്തിൽ നിന്നു സിപിഎമ്മിൽ നിന്നു പുറത്തായ എം.വി രാഘവനെ യു.ഡി.എഫ് പാളയത്തിൽ എത്തിക്കാൻ കരുക്കൾ നീക്കിയതും സുധാകരനായിരുന്നു. സിപിഎം നേതാവ് ഇ.പി ജയരാജനു ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രയിലെ ഓങ്കോളിൽ വെടിയേറ്റ സംഭവത്തിലും ഡി.സി.സി പ്രചാരണ ജാഥയ്ക്കിടെ സിപിഎം പ്രവർത്തകർ വാഹനം തടഞ്ഞതിനെ തുടർന്ന് അംഗരക്ഷകന്റെ വെടിയേറ്റ് മട്ടന്നൂർ ഇടവേലിക്കലിലെ സിപിഎം പ്രവർത്തകൻ നാൽപാടി വാസു കൊല്ലപ്പെട്ട കേസിലും സുധാകരൻ പ്രതിയായി.

പിന്നീടു നിയമപോരാട്ടങ്ങൾക്കൊടുവിൽ രണ്ടുകേസുകളിലും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. പരിയാരം മെഡിക്കൽകോളജ് വൈസ് ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി, പാർലിമെന്റിലെ നിരവധി സമിതികളിൽ അംഗത്വം എന്നീ പദവികൾ അലങ്കരിച്ച സുധാകരൻ നിലവിൽ കെപിസിസി വർക്കിംങ് പ്രസിഡന്റും തലമുതിർന്ന കോൺഗ്രസ് നേതാവുമാണ്. കാടാച്ചിറ ഹൈസ്‌കൂൾ റിട്ടയേഡ് അദ്ധ്യാപിക സ്മിതയാണു ഭാര്യ. മക്കൾ: സഞ്ജോഗ്, സൗരബ്. രണ്ടു പേരും എം.ബി.എ വിദ്യാഭ്യാസം പൂർത്തിയാക്കി.

എല്ലാകാലവും എതിരാളികൾക്കെതിരേയുള്ള പാർട്ടിയിലെ പോരാട്ടനായകനായ സുധാകരൻ ഇക്കുറി കണ്ണൂരിൽ പോരിനുണ്ടാകുന്നതിന്റെ ത്രില്ലിലാണ് പാർട്ടി അണികൾ. സിപിഎമ്മിന്റെ സിറ്റിങ് എംപി മത്സരിക്കുന്ന സാഹചര്യത്തിൽ സുധാകരൻ കണ്ണൂരിൽ തന്നെ വേണമെന്നു ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുമ്പോൾ തിരിച്ചുപിടിക്കാൻ സുധാകരൻ തന്നെ എത്തണമെന്നാണു പാർട്ടി പ്രവർത്തകരുടെ വികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP