Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹിയിൽ ഇരുന്ന് 'ആലപ്പുഴ'യിൽ മത്സരിക്കുന്നതാണ് വോട്ടർമാരോടുള്ള നീതികേട്! ഭാരിച്ച ചുമതലകളുടെ പേരിൽ ആലപ്പുഴയിൽ നിന്ന് പിന്മാറിയ വേണുഗോപാൽ മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നൽകി മുല്ലപ്പള്ളി; വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്; മറ്റിടങ്ങളിൽ മത്സരിക്കുന്നില്ല എന്നർഥമില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കാൻഡിന്റെ സമ്മർദ്ദമില്ലെന്നും മുല്ലപ്പള്ളി

ഡൽഹിയിൽ ഇരുന്ന് 'ആലപ്പുഴ'യിൽ മത്സരിക്കുന്നതാണ് വോട്ടർമാരോടുള്ള നീതികേട്! ഭാരിച്ച ചുമതലകളുടെ പേരിൽ ആലപ്പുഴയിൽ നിന്ന് പിന്മാറിയ വേണുഗോപാൽ മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നൽകി മുല്ലപ്പള്ളി; വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്; മറ്റിടങ്ങളിൽ മത്സരിക്കുന്നില്ല എന്നർഥമില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കാൻഡിന്റെ സമ്മർദ്ദമില്ലെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന നൽകി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രമാചന്ദ്രൻ. കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുന്നില്ല എന്നാണ് പറഞ്ഞത്. അതിനർഥം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ഇതോടെ വയനാട്ടിൽ വേണുഗോപാൽ മത്സരിക്കാനുള്ള സാധ്യത ഏറി.
'കോൺഗ്രസിലെ സീറ്റുചർച്ചകൾ 15ാം തീയതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക ചർച്ചകളെല്ലൊ കഴിഞ്ഞു. 15ം ാ തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ സ്ഥാനാർത്ഥി പട്ടിക അവതരിപ്പിച്ച് അനുമതി വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥിയെ നിർണയിക്കേണ്ടതുണ്ട്. പ്രാദേശിക പാർട്ടിയല്ലല്ലോ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ദേശീയ അദ്ധ്യക്ഷൻ തന്നെ അദ്ധ്യക്ഷത വഹിക്കേണ്ടതുണ്ട്. അതാണ് കാലതാമസം.

ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 2014 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മത്സരിക്കാനാലില്ലെന്ന് കേന്ദ്ര നേതൃത്വത്തെയും ബന്ധപ്പെട്ടവരെയും അറിയിച്ചതാണ്. അതനുസരിച്ചാണ് പാർട്ടി അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. നിർണായകമായ തിരഞ്ഞെടുപ്പിൽ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എന്റെ സാന്നിധ്യം ആവശ്യമുണ്ട്. ഈ തിരഞ്ഞെടുപ്പ് അത്രയും ശക്തമായ പോരാട്ടമായിട്ടാണ് കോൺഗ്രസ് കാണുന്നത്. ഇക്കാര്യത്തിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള സമ്മർദ്ദവും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയുന്നു. ഉമ്മൻ ചാണ്ടി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ്.

ആറ് എംഎൽഎമാരെ മത്സരിപ്പിക്കുന്ന എൽഡിഎഫിന് എന്ത് ധാർമികതയാണ് ഉള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് എംഎൽഎമാരെ കോൺഗ്രസ് മത്സരിപ്പിച്ചപ്പോൾ ചന്ദ്രഹാസമിളക്കിയവരാണ് സിപിഎം. ആ പാർട്ടി ആറ് എംഎൽഎമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചുവെന്ന് പറഞ്ഞാൽ നേതൃത്വ ദാരിദ്ര്യമായിരിക്കുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. അതുകൊണ്ടാണല്ലോ കുപ്രസിദ്ധ കുറ്റവാളികളെയൊക്കെ രംഗത്തിറക്കിയിരിക്കുന്നത്. 'രണ്ടുകൊലപാതകക്കേസിൽ പ്രതിയായ മനുഷ്യനെയാണ് അവർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചിരിക്കുന്നതെന്നും പി.ജയരാജനെ പരോക്ഷമായി പരാമർശിച്ച് മുല്ലപ്പള്ളി പറഞ്ഞു.

വേണുഗോപാൽ മത്സര രംഗത്ത് നിന്ന് തന്നെ മാറുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഇത് തെറ്റിച്ചാണ് വയനാട്ടിൽ മത്സരിക്കാനുള്ള നീക്കം നടക്കുന്നത്. നേരത്തെ തനിക്ക് ഭാരിച്ച ചുമതലകൾ ഉള്ളതുകൊണ്ട് മത്സരിക്കുന്നില്ലെന്ന ്‌സൂചനയാണ് വേണുഗോപാൽ നൽകിയത്. എന്നാൽ, അതാണ് മുല്ലപ്പള്ളിയുട പ്രസ്താവനയോടെ മാറിമറിഞ്ഞത്. ഇതോടെ വയനാട് സീറ്റ് ഏതാണ്ടുറപ്പിച്ചിരുന്ന ഷാനിമോൾ ഉസ്മാന്റെ കാര്യത്തിൽ അനിശ്ചിതത്വമായി.

കോൺഗ്രസിന്റെ എല്ലാ സംസ്ഥാനങ്ങളിലേയും സ്ഥാനാർത്ഥി നിർണ്ണയ സമിതികളിൽ വേണുഗോപാലുണ്ട്. സീറ്റ് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്ന വ്യക്തി. ഇതിനൊപ്പം കോൺഗ്രസ് പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതും വേണുഗോപാലാണ്. സീറ്റ് കിട്ടുന്ന പലരും പലതും വാഗ്ദാനം ചെയ്യാറുമുണ്ട്. താനൊരു സ്ഥാനാർത്ഥിയായാൽ ഇത്തരം പണം വാങ്ങലുകൾ എളുപ്പമാകുമെന്നാണ് വേണുഗോപാലിന്റെ നിഗമനം. തന്റെ പ്രചരണ ചെലവിനായി രാജ്യത്തുടനീളം ഫണ്ടും ലഭിക്കും. ഈ സാഹചര്യത്തിൽ മത്സരിക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്നാണ് കെസിയുടെ വിലയിരുത്തൽ. ആലപ്പുഴയിൽ ജയിച്ചു കയറണമെങ്കിൽ വിയർപ്പൊഴുക്കണം. വയനാട്ടിൽ ജയിക്കാൻ ഡൽഹിയിൽ ഇരുന്നു പോലും സാധിക്കും. അത്രയേറെ യുഡിഎഫിന് സാധ്യതകൾ വയനാട്ടിലുണ്ട്. താൻ സംഘടനാ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ കേരളത്തിലെ സുരക്ഷിത മണ്ഡലം തനിക്ക് അവകാശപ്പെട്ടതെന്നാണ് വേണുഗോപാലിന്റെ നിലപാട്. പാർട്ടിയിൽ രാഹുലിന് പിന്നിൽ രണ്ടാമനാണ് വേണുഗോപാൽ. അതുകൊണ്ട് തന്നെ എകെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമൊന്നും കെസിയെ തൊടാൻ കഴിയില്ല.

വേണു പിടിമുറുക്കുമ്പോൾ വെട്ടിലാകുന്നത് ഷാനിമോൾ ഉസ്മാനാണ്. അലപ്പുഴക്കാരിയായ ഷാനിമോൾ ആലപ്പുഴയിൽ മത്സരിക്കട്ടേയെന്നാണ് വേണുവിന്റെ നിലപാട്. ഇതിനിടെ താൻ ആലപ്പുഴയിൽ മത്സരിക്കാമെന്ന് അടൂർ പ്രകാശും പറയുന്നു. ഐ ഗ്രൂപ്പ് അടൂർ പ്രകാശിനൊപ്പമാണ്. അങ്ങനെ വന്നാൽ ഷാനിമോൾക്ക് ആലപ്പുഴയും കിട്ടില്ല. ആറ്റിങ്ങൽ പോലൊരു മണ്ഡലത്തിലേക്ക് മാറേണ്ടിവരും. ആറ്റിങ്ങലിൽ കോൺഗ്രസിന് വിജയസാധ്യത കുറവാണ്. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയിലേക്ക് മാറാൻ അടൂർ പ്രകാശ് തയ്യാറെടുക്കുന്നത്. എസ് എൻ ഡി പി വോട്ടുകൾ സമാഹരിക്കാൻ തനിക്കാകുമെന്നാണ് അടൂർ പ്രകാശ് പറയുന്നത്. ഇതോടെ ആലപ്പുഴ, വയനാട്, ആറ്റിങ്ങൽ തുടങ്ങിയ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം വെട്ടിലാവുകയാണ്. ഇനിയെല്ലാം രാഹുൽ ഗാന്ധിയാകും നിശ്ചയിക്കുക. എന്നാൽ അതിനെ സ്വാധീനിക്കാൻ വേണുഗോപാലിന് കഴിയുകയും ചെയ്യും.

13നും 14നും കേരളത്തിലുള്ള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയ ശേഷം 15നു ഡൽഹിയിൽ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടർന്ന് അന്തിമ രൂപം നൽകി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു പട്ടിക കൈമാറും. തിരഞ്ഞെടുപ്പ് സമിതി 16ന് യോഗം ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അഞ്ചു സീറ്റുകളുടെ കാര്യത്തിലാണു സ്‌ക്രീനിങ് കമ്മിറ്റി ധാരണയിലെത്തിയത്. സിറ്റിങ് എംപിമാരിൽ ശശി തരൂർ തിരുവനന്തപുരത്തും കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിലും എം.കെ. രാഘവൻ കോഴിക്കോട്ടും വീണ്ടും മത്സരിക്കും. കണ്ണൂരിൽ കെ. സുധാകരനും ആറ്റിങ്ങലിൽ അടൂർ പ്രകാശിനും സ്ഥാനാർത്ഥിത്വം ഉറപ്പായി. കെ.സി. വേണുഗോപാൽ പിന്മാറിയ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ അടൂർ പ്രകാശിനെ പരിഗണിക്കണമെന്ന് ഐ ഗ്രൂപ്പ് പറുമ്പോൾ അതും അനിശ്ചിതത്വത്തിലാകുന്നു. ഇതിനൊപ്പം സിറ്റിങ് സീറ്റുകളായ എറണാകുളവും പത്തനംതിട്ടയും ഉൾപ്പെടെ 11 സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും മൽസരത്തിനില്ലെന്ന് ആവർത്തിച്ചെങ്കിലും ഇരുവരും വേണമെന്ന കാര്യത്തിൽ മറ്റു നേതാക്കൾക്ക് ഏക സ്വരം. അന്തിമ തീരുമാനം രാഹുലിനു വിട്ടു. എന്നാൽ, താൻ മത്സരികകുന്നില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ ആ സാധ്യത അടഞ്ഞു. പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളുടെ കാര്യത്തിലും ഹൈക്കമാൻഡ് നിലപാട് നിർണായകം. എറണാകുളത്ത് ഹൈബി ഈഡന് സാധ്യതയുണ്ട്. കെവി തോമസിനെ എറണാകുളത്ത് നിന്ന് മാറ്റണമെന്നാണ് വലിയൊരു വിഭാഗത്തിന്റെ നിലപാട്. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും എതിർപ്പുണ്ട്. മന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനാൽ ഇക്കാര്യത്തിലുള്ള തീരുമാനവും ഹൈക്കമാൻഡിന് വിട്ടു. ഇടുക്കിയിലും വടകരയിലുമായാണ് ഇവരുടെ പേരുകളുള്ളത്. ഇതിൽ ഉമ്മൻ ചാണ്ടി മത്സരിക്കാൻ സാധ്യത.ുണ്ടെന്നാണ് റിപ്പോർട്ട്.

വി എം. സുധീരൻ തൃശ്ശൂരിൽ മത്സരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലേക്ക് മുൻ കെപിസിസി. പ്രസിഡന്റുകൂടിയായ സുധീരനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. എം.എം. ഹസനും എത്തിയില്ല. മുല്ലപ്പള്ളി മത്സരിക്കില്ലെങ്കിൽ വടകര ടി. സിദ്ദിഖിന് ലഭിക്കും. എന്നാൽ, സിദ്ദിഖിനും വയനാടിനോടാണ് താത്പര്യം. തൃശ്ശൂരിൽ ടി.എൻ. പ്രതാപനും ജോസ് വള്ളൂരിനുമാണ് മുൻഗണന. പക്ഷേ, ഇത് ചാലക്കുടിയിലെ സ്ഥാനാർത്ഥിത്വം അനുസരിച്ചാവും. ചാലക്കുടിയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥി ആണെങ്കിൽ തൃശ്ശൂരിൽ ഹിന്ദുസ്ഥാനാർത്ഥി. അല്ലെങ്കിൽ തിരിച്ചുമെന്നാണ് ഫോർമുല. ചാലക്കുടിയിൽ പി.സി. ചാക്കോയുടെ പേരുണ്ട്. ആലത്തൂരിൽ എ.പി. അനിൽ കുമാറിന്റെ പേരിനാണ് മുൻതൂക്കമെങ്കിലും എംഎൽഎ.മാരെ മത്സരിപ്പിക്കേണ്ടെന്നാണ് നിലവിൽ തീരുമാനം. ഇത് ഹൈക്കമാൻഡ് അംഗീകരിക്കണം. കണ്ണൂരിൽ സുധാകരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായി. കാസർകോട് മുൻ എംപി. രാമറായിയുടെ മകനായ ബി. സുബ്ബയ്യ റായിയാണ് പരിഗണനയിൽ.എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ജെ. കുര്യൻ, പി.സി. ചാക്കോ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, പി.സി. വിഷ്ണുനാഥ്, എ. ശ്രീനിവാസ് കൃഷ്ണൻ, ബെന്നി ബെഹനാൻ എന്നിവരാണ് ഡൽഹിയിലെ ചർച്ചകളിൽ പങ്കാളികളായത്. 13-നും 14-നും അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലുള്ളതിനാൽ അവിടെയാവും ഇനി ചർച്ച. 15-ന് വീണ്ടും ഡൽഹിയിൽ തുടർചർച്ചയ്ക്കുശേഷം വൈകീട്ട് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണിപ്പോൾ ആലോചന. തർക്കം തുടരുകയാണെങ്കിൽ അന്തിമപ്രഖ്യാപനം 16-നായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP