Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് മാണിയുടെ സ്ഥാനാർത്ഥിയാകാൻ ആദ്യം പരിഗണിച്ചത് വിദ്യാർത്ഥിയായിരിക്കെ കേരളാ കോൺഗ്രസിൽ പ്രവർത്തിച്ച ജസ്റ്റീസ് കുര്യൻ ജോസഫിനെ; ദുരൂഹമായി മാണി മൗനം തുടരുമ്പോൾ വലവീശി പിടിക്കാൻ ഒരുങ്ങി എൽഡിഎഫ്; എറണാകുളത്തോ ചാലക്കുടിയിലോ മുൻ സുപ്രീംകോടതി ജഡ്ജിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം; യുഡിഎഫ് സ്ഥാനാർത്ഥികളെ നേരിടാൻ സർവ്വസമ്മതരായ സ്വതന്ത്രരെ തേടി നടക്കുന്ന സിപിഎം കാത്തിരിക്കുന്നത് കുര്യൻ ജോസഫിന്റെ മനസ്സറിയാൻ

കോട്ടയത്ത് മാണിയുടെ സ്ഥാനാർത്ഥിയാകാൻ ആദ്യം പരിഗണിച്ചത് വിദ്യാർത്ഥിയായിരിക്കെ കേരളാ കോൺഗ്രസിൽ പ്രവർത്തിച്ച ജസ്റ്റീസ് കുര്യൻ ജോസഫിനെ; ദുരൂഹമായി മാണി മൗനം തുടരുമ്പോൾ വലവീശി പിടിക്കാൻ ഒരുങ്ങി എൽഡിഎഫ്; എറണാകുളത്തോ ചാലക്കുടിയിലോ മുൻ സുപ്രീംകോടതി ജഡ്ജിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം; യുഡിഎഫ് സ്ഥാനാർത്ഥികളെ നേരിടാൻ സർവ്വസമ്മതരായ സ്വതന്ത്രരെ തേടി നടക്കുന്ന സിപിഎം കാത്തിരിക്കുന്നത് കുര്യൻ ജോസഫിന്റെ മനസ്സറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാർച്ച് എട്ടുമുതൽ അഞ്ചുവർഷത്തിലേറെ നീണ്ട ജുഡിഷ്യൽ സർവീസിൽ 1034 വിധിന്യായങ്ങളാണ് കുര്യൻ ജോസഫ് എഴുതിയത്. ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യമലയാളി. പട്ടികയിൽ പത്താംസ്ഥാനത്താണ് അദ്ദേഹം. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച കുര്യൻ ജോസഫ് സാമൂഹിക ഇടപെടലുമായി സജീവമായി പൊതുരംഗത്തുണ്ട്. വിരമിച്ചതിന് ശേഷം സർക്കാർ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന് മുൻക്കൂട്ടി വ്യക്തമാക്കിയ ഈ ന്യായാധിപൻ. സമൂഹത്തിന് ഗുണമുണ്ടാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കുര്യൻ ജോസഫിന്റെ തീരുമാനം. ഇതിനിടെയാണ് കേരളത്തിലെ രാഷ്ട്രീയം കുര്യൻ ജോസഫിന്റെ പേര് ചർച്ചയാക്കുന്നത്. വലതിനും ഇടതിനും കുര്യൻ ജോസഫിനെ വേണം.

ഭാരതമാത കോളേജിലും കാലടി ശ്രീശങ്കര കോളേജിലും വിദ്യാർത്ഥിയായിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും മറ്റും അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞൊരു രാഷ്ട്രീയക്കാരന്റെ മനസ്സ് അദ്ദേഹത്തിനുണ്ട്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിനൊപ്പമായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ കോട്ടയത്ത് കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസിൽ ചർച്ച സജീവമായിരുന്നു. ജോസ് കെ മാണി രാജ്യസഭാ അംഗമായ ഒഴിവിൽ കുര്യൻ ജോസഫ് മികച്ച സ്ഥാനാർത്ഥിയാണെന്നും വിലയിരുത്തി. കെ എം മാണി പക്ഷേ തീരുമാനം എടുക്കാതെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷവും കുര്യൻ ജോസഫിനെ നോട്ടമിട്ട് രംഗത്ത് വരുന്നത്. എറണാകുളത്തോ ചാലക്കുടിയിലോ കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യം. കുര്യൻ ജോസഫിന്റെ മനസ്സ് അറിഞ്ഞ ശേഷമേ ഈ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ.

എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയാവുമെന്ന ഉറപ്പിൽ കെ.വി. തോമസ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. അദ്ദേഹത്തെ തളയ്ക്കാൻ കുര്യൻ ജോസഫിനെ രംഗത്തിറക്കിയാൽ കഴിയുമെന്നാണ് ഇടതുപ്രവർത്തകർ കണക്കുകൂട്ടുന്നത്. എറണാകുളത്ത് പറ്റില്ലെങ്കിൽ ചാലക്കുടിയിൽ ഇടതുമുന്നണിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയായി കുര്യൻ ജോസഫിനെ ഇടതു പക്ഷം കാണുന്നുണ്ട്. ചാലക്കുടിയിലാണെങ്കിൽ സിറ്റിങ് എംപി. ഇന്നസെന്റ് ഇനിയൊരങ്കത്തിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് സ്വതന്ത്രരെ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാവും. രണ്ടുസീറ്റിലേക്കും ഒരുപോലെ പരിഗണിക്കാവുന്ന പേരായാണ് കുര്യൻ ജോസഫിനെ ഇടതുപക്ഷം പരിഗണിക്കുന്നത്. ക്രൈസ്തവ സഭയുമായുള്ള കുര്യൻ ജോസഫിന്റെ അടുത്ത ബന്ധമാണ് ആകർഷിക്കുന്ന പ്രധാനഘടകം. ഡൽഹിയിൽ സംഘപരിവാർ രാഷ്ട്രീയത്തിനെതിരേ ശക്തനായ പോരാളിയായി ഉയർത്തിക്കൊണ്ടുവരാനുള്ള സാഹചര്യങ്ങളും പ്രേരകമാവുന്നു. ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന കാലടി സ്വദേശിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപന്മാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . 2013 മാർച്ച് 8 നു സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു. വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു. മുതാലാഖ് അടക്കമുള്ള ചരിത്രവിധികളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി. കുര്യൻ ജോസഫ് കുടുംബ വഴക്ക് പോലെയുള്ള കേസുകൾ അദ്ദേഹത്തിന്റെ ചേമ്പറിൽ വെച്ചു പലപ്പോഴും മധ്യസ്ഥതയിൽ ഒത്തു തീരുന്ന അപൂർവമായ പ്രവണത ഉണ്ടായിട്ടുണ്ട്. ഒരു കുടുംബവഴക്ക് ഒത്തു തീർത്തതിന്റെ ഭാഗമായി തന്റെ മാതാപിതാക്കളെ ഒരുമിപ്പിച്ച അദ്ദേഹത്തിന് അവരുടെ കുട്ടി നൽകിയ ഗ്രീറ്റിങ് കാർഡ് അദ്ദേഹം വിധി ന്യായത്തിൽ ഉൾപെടുത്തുകയുണ്ടായി.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കുര്യൻ ജോസഫിന് നേർത്ത സംശയം പോലുമുണ്ടായിരുന്നില്ല. മുത്തലാഖിനെ അനുകൂലിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിനെ തിരുത്തി. മുത്തലാഖിനെതിരെ അഞ്ചംഗഭരണഘടനാബെഞ്ചിലെ കുര്യൻ ജോസഫ് അടക്കം മൂന്ന് ജഡ്ജിമാർ ഭൂരിപക്ഷവിധിയെഴുതിയത് ചരിത്രമായി. മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണവാറന്റ് കുര്യൻ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയിൽ മാത്രമല്ല രാജ്യത്തിനകത്തും വൻചർച്ചയായി. വധശിക്ഷയ്‌ക്കെതിരെയുള്ള മേമന്റെ ഹർജി തീർപ്പാക്കിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജഡ്ജിമാർ തമ്മിൽ ഭിന്നാഭിപ്രായം ഉയർന്നതോടെ ദീപക് മിശ്രയുടെ നേതൃത്വത്തിൽ പുതിയ ബെഞ്ച് വന്നു. അർധരാത്രി സിറ്റിങ് നടത്തി വധശിക്ഷയ്‌ക്കെതിരെയുള്ള ഹർജി തള്ളി. അടുത്ത പുലർച്ചെ വധശിക്ഷയും നടപ്പാക്കി. റിട്ടയർമെന്റിന് മണിക്കൂറുകൾക്ക് മുൻപും വധശിക്ഷ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനുള്ള സമയമായെന്ന് ഒരു കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി. അങ്ങനെ സ്വന്തം വ്യക്തിത്വം വിധിന്യായത്തിലും ഉയർത്തിക്കാട്ടിയ ജഡ്ജിയായിരുന്നു കുര്യൻ ജോസഫ്.

ശബരിമല യുവതീപ്രവേശവിഷയം ആദ്യഘട്ടത്തിൽ പരിഗണിച്ചത് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചാണ്. അഞ്ചംഗഭരണഘടനാബെഞ്ചിന് വിടാൻ തീരുമാനിച്ചപ്പോൾ കുര്യൻ ജോസഫിനെ ദീപക് മിശ്ര ഉൾപ്പെടുത്തിയില്ല. ഇതിൽ പലരും പലതും സംശയിക്കുന്നു. വളയാത്ത നട്ടെല്ലുമായി സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച കുര്യൻ ജോസഫിന് മലയാളികൾക്കിടയിലും സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസും ഇടതു പക്ഷവും കുര്യനെ ലോക്‌സഭയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ കാരണം. കോട്ടയത്ത് കുര്യൻ ജോസഫിനെ മാണി വിഭാഗം സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. എന്നാൽ ജോസ് കെ മാണിയുടെ കേരള യാത്ര കാരണം പാർട്ടി യോഗങ്ങൾ നടക്കുന്നില്ല. ഇതു കൊണ്ട് മാണി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മൗനം തുടരുകയാണ്. ഈ സാഹചര്യത്തെ അനുകൂലമാക്കി കുര്യൻ ജോസഫിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ പ്രഖ്യാപിക്കാനാണ് ഇടതു പക്ഷത്തിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP