Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

മാജിക് നമ്പർ കടന്നതോടെ ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും; ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയാകും; മുഖ്യമന്ത്രി രഘുബർ ദാസിന് ബിജെപി വിമതനോട് തോൽവി; ബിജെപിക്ക് അടിതെറ്റിയത് ഗോത്ര മേഖലകളിൽ തിരിച്ചടി നേരിട്ടതോടെ; ഹരിയാനയിലെ പോലെ ഝാർഖണ്ഡിലും പാർട്ടിയെ തോൽപിച്ചത് മുഖ്യമന്ത്രിയുടെ നയങ്ങളെന്നും വിമർശനം; രാഹുലിന്റെ നേതൃമികവിനേക്കാൾ കോൺഗ്രസിന് തുണയായത് സംസ്ഥാന നേതൃത്വത്തിന്റെ ഉശിരൻ സർക്കാർ വിരുദ്ധ പ്രചാരണവും

മാജിക് നമ്പർ കടന്നതോടെ ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും; ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയാകും; മുഖ്യമന്ത്രി രഘുബർ ദാസിന് ബിജെപി വിമതനോട് തോൽവി; ബിജെപിക്ക് അടിതെറ്റിയത് ഗോത്ര മേഖലകളിൽ തിരിച്ചടി നേരിട്ടതോടെ; ഹരിയാനയിലെ പോലെ ഝാർഖണ്ഡിലും പാർട്ടിയെ തോൽപിച്ചത് മുഖ്യമന്ത്രിയുടെ നയങ്ങളെന്നും വിമർശനം; രാഹുലിന്റെ നേതൃമികവിനേക്കാൾ കോൺഗ്രസിന് തുണയായത് സംസ്ഥാന നേതൃത്വത്തിന്റെ ഉശിരൻ സർക്കാർ വിരുദ്ധ പ്രചാരണവും

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഝാർഖണ്ഡിൽ മാജിക് നമ്പറായ 41 കടന്നതോടെ, കോൺഗ്രസ് ജാർഖണ്ഡ് മുക്തിമോർച്ച രാഷ്ട്രീയ ജനതാദൾ മഹാസഖ്യം അധികാരത്തിലേക്ക്. 81 സീറ്റുകളിൽ 46 ഇടത്താണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. ജെഎംഎമ്മാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 24 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അന്തിമഫലങ്ങൾ പുറത്തുവന്നിട്ടില്ല. സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെഎംഎം അറിയിച്ചു. ഹേമന്ത് സോറനായിരിക്കും നിയുക്ത മുഖ്യമന്ത്രി. ഭാവി കാര്യങ്ങൾ സഖ്യകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഹേമന്ത് സോറൻ അറിയിച്ചു. മഹാസഖ്യത്തിന് അനുകൂലമാണ് ട്രൻഡ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി. ലാലു പ്രസാദ് യാദവ് ഇവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഷിബു സോറന്റെ കഠിന പ്രയത്‌നത്തിന്റെയും അനുഗ്രഹങ്ങളുടെയും ഫലമായാണ് ജെഎംഎം, ഈ നേട്ടം കൈവരിച്ചതെന്നും ഹേമന്ത് സോറൻ പറഞ്ഞു.

സർക്കാർ വിരുദ്ധവികാരവും, ഗ്രാമീണമേഖലയിലെ അസംതൃപ്തിയും, തൊഴിലില്ലായ്മ എന്നിവയിൽ മുങ്ങിയാണ് അഞ്ച് വർഷം ഭരണം പൂർത്തിയാക്കിയ ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസ് പുറത്തുപോകുന്നത്. ജംഷദ്പൂർ ഈസ്റ്റിൽ രഘുബർ ദാസ് പരാജയപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി സരയു റായിയോട് ഏഴായിരത്തിലേറെ വോട്ടുകൾക്കാണ് തോൽവി. ഹേമന്ത് സോറൻ ബർഹായിത്ത് മണ്ഡലത്തിൽ നിന്ന് 11000 ത്തിലേറെ വോട്ടുകൾക്കും ധുംകയിൽ രണ്ടായിരത്തിലേറെ വോട്ടുകൾക്കും ലീഡ് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് കോട്ടമൊന്നും വന്നിട്ടില്ലെങ്കിലും സസ്ഥാന തിരഞ്ഞെടുപ്പ് വരുമ്പോൾ ആ പ്രഭാവത്തിന് പരിമിതികൾ ഉണ്ടെന്നാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പും തെളിയിക്കുന്നത്. മഹാരാഷ്ട്രയിലെയും, ഹരിയാനയിലെയും പോലെ തന്നെ രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370, പുതിയ പൗരത്വ ഭേദഗതി നിയമം എന്നിവയെല്ലാം ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം നയിച്ചത്. എന്നാൽ, കോൺഗ്രസും ജെഎംഎമ്മും പ്രാദേശിക പ്രശ്‌നങ്ങളിലും സർക്കാർ വിരുദ്ധ പ്രചാരണത്തിലുമാണ് ശ്രദ്ധയൂന്നിയത്. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെയുള്ള ജനവികാരം ബിജെപിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നു. എന്നാൽ, ഗോത്ര ഇതര മേഖലകളിലെ ധ്രുവീകരണവും സ്ഥിരതയുള്ള സർക്കാരിന് വേണ്ടിയുള്ള പ്രചാരണവും തുണയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. അതുതെറ്റി. അതിന് പുറമേ ഷിബു സോറന്റെ തണലിൽ നിന്ന് ഹേമന്ത് സോറൻ പുറത്തുവരുന്നതും ഈ തിരഞ്ഞെടുപ്പിൽ കണ്ടു.

നരേന്ദ്ര മോദി സർക്കാരിനെ ആരും തള്ളിപ്പറഞ്ഞില്ലെങ്കിലും, സംസ്ഥാനത്തേക്ക വന്നപ്പോൾ വോട്ടർമാർ മുഖം തിരിച്ചു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും, സ്റ്റാഫ് സെലക്ഷൻ കമ്മീഷനും പുതിയ നിയമനങ്ങൾ നടത്താത്തത്, അംഗനവാടി ടീച്ചർമാരുടെ സമരത്തെ രഘുബർ ദാസ് കൈകാര്യം ചെയ്ത രീതി എല്ലാം ബിജെപിക്ക് തിരിച്ചടിയായി. ഹരിയാനയ്ക്ക് പുറമേ ഇപ്പോൾ ഝാർഖണ്ഡിലും മുഖ്യമന്ത്രി തന്നെ പാർട്ടിയെ തോൽപ്പിച്ചുവെന്ന വികാരമാണ് ഉയരുന്നത്.

കോൺഗ്രസിനും ഈ തിരഞ്ഞെടുപ്പ് വ്യക്തമായ സന്ദേശം നൽകുന്നുണ്ട്. ജെഎംഎമ്മിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഇപ്പോഴും ബിജെപിയാണ്. ഹരിയാനയിലെയും, മഹാരാഷ്ട്രയിലെയും പോലെ മേധാവിത്വമുള്ള രാഷ്ട്രീയ കക്ഷിയായി ബിജെപി ഝാർഖണ്ഡിലും തുടരുന്നു. ബിജെപിക്ക് ബദലായി കോൺ്ഗ്രസിനെ സംസ്ഥാനത്തെ ജനങ്ങൾ കാണുന്നില്ലെന്നതും പാർട്ടിയെ അലട്ടുന്ന വിഷയമാണ്. രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന മുറവിളികൾ ഉയരുന്നുണ്ടെങ്കിലും, ഹരിയാനയിലും, ഇപ്പോൾ ഝാർഖണ്ഡിലും ഉണ്ടായ ജയങ്ങൾ രാഹുലിന്റെ നേതൃത്വഗുണത്തേക്കാൾ ഉപരി സംസ്ഥാന നേതൃത്വത്തിന്റെ ഊർജ്ജസ്വലമായ സമീപനത്തിന്റെ നേട്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP