Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഝാർഖണ്ഡിന്റെ ജനവിധി ഇന്നറിയാം; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചൂടുപിടിച്ച പൗരത്വ നിയമത്തിൽ ജനത്തിന്റെ വിധിയെഴുത്തായി മാറുമെന്ന് വിശ്വസിച്ച് കോൺഗ്രസും സഖ്യകക്ഷികളും; ഭരണ തുടർച്ചയിൽ കുറയാത്തത് കാത്ത് ബിജെപി; തൂക്ക് നിയമസഭ എന്ന് പ്രവചനങ്ങൾ: പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്ന ഫലം കാത്ത് ഇന്ത്യ  

ഝാർഖണ്ഡിന്റെ ജനവിധി ഇന്നറിയാം; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചൂടുപിടിച്ച പൗരത്വ നിയമത്തിൽ ജനത്തിന്റെ വിധിയെഴുത്തായി മാറുമെന്ന് വിശ്വസിച്ച് കോൺഗ്രസും സഖ്യകക്ഷികളും; ഭരണ തുടർച്ചയിൽ കുറയാത്തത് കാത്ത് ബിജെപി; തൂക്ക് നിയമസഭ എന്ന് പ്രവചനങ്ങൾ: പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്ന ഫലം കാത്ത് ഇന്ത്യ   

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഝാർഖണ്ഡിന്റെ ജനവിധി ഇന്നറിയാം. ഇന്ന് രാവിലെ എട്ടു മണിക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഝാർഖണ്ഡിൽ ജനം ആർക്കൊപ്പം എന്ന് എക്‌സിറ്റ് പോളുകൾക്കു പോലും കൃത്യമായി പ്രവചിക്കാനാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചൂടുപിടിച്ച പൗരത്വ നിയമത്തിൽ ജനത്തിന്റെ വിധിയെഴുത്തായി മാറുമെന്ന വിശ്വാസമാണ്് കോൺഗ്രസിനും സഖ്യകക്ഷികൾക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ വോട്ടെടുപ്പ് നടന്നത്.

നവംബർ 30നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 13 മണ്ഡലങ്ങളിലായി 62.87% ആയിരുന്നു പോളിങ്. ഡിസംബർ ഏഴിന് രണ്ടാം ഘട്ട വോട്ടെടുപ്പ് 20 മണ്ഡലങ്ങളിലായി 63.36% പോളിങ്. ഇതോടെയാണ് കാര്യങ്ങളെ ആകെ മാറ്റി മറിച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്‌സഭയിൽ പാസാക്കിയതിനു പിന്നാലെ ഡിസംബർ 10ന് രാജ്യത്തു പ്രതിഷേധം ശക്തമായത്. 11ന് രാജ്യസഭയും നിയമം പാസാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തി. ഝാർഖണ്ഡിൽ പിന്നീടങ്ങോട്ട് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 48 മണ്ഡലങ്ങളിലെ പ്രചാരണത്തിൽ പൗരത്വ നിയമം മറ്റു പാർട്ടികൾ ബിജെപിക്കെതിരെ പ്രധാന വിഷയമാവുകയായിരുന്നു.

സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു. ഇപ്പോഴും പ്രതിഷേധത്തീയിൽ രാജ്യം കത്തുമ്പോഴാണ് തിരഞ്ഞെടുപ്പു ഫലം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ബിജെപിക്ക് നിർണായകമാണ് ഇന്നത്തെ ഫലം. തോൽവിയാണെങ്കിൽ പ്രതിപക്ഷത്തിനു ലഭിക്കുന്ന വലിയ രാഷ്ട്രീയ പ്രചരണായുധമായിരിക്കും അത്. ബിജെപിക്കു വിജയമാണെങ്കിലോ, രാജ്യമെമ്പാടും പൗരത്വബില്ലിന്മേൽ പ്രതിഷേധം ഉയർന്നിട്ടും ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം പാർട്ടിക്കു ലഭിക്കും.

ആദ്യമൊക്കെ അയോധ്യാ വിഷയവുമായാണ് ബിജെപി ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ച ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും വിജയമെന്ന മട്ടിലാണ് അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ സംഭവത്തിൽ നാണക്കേടിന്റെ നിഴൽ ബിജെപിയുടെ മേൽ നിന്നു മാറിയിരുന്നില്ല അപ്പോഴും.

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കോൺഗ്രസാണ് അക്രമം അഴിച്ചുവിടുന്നതെന്നും ഇറ്റാലിയൻ സൺഗ്ലാസ് ധരിക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രമറിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയിൽത്തന്നെ. മെയ്ക് ഇൻ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വന്നതും ഝാർഖണ്ഡിൽ. 5 റാലികളിലാണ് രാഹുൽ പ്രസംഗിച്ചത്. പ്രിയങ്ക ഗാന്ധി ഒരു റാലിയിലും. മോദിയും അമിത് ഷായും 9 വീതം റാലികളിലും പങ്കെടുത്തു.

17 മണ്ഡലങ്ങളിലേക്ക് ഡിസംബർ 12നു നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 61 ശതമാനമായിരുന്നു പോളിങ്. ഡിസംബർ 16നായിരുന്നു നാലാം ഘട്ടം 15 മണ്ഡലങ്ങളിലായി 62.54% പോളിങ്. ഡിസംബർ 20ന് അവസാന ഘട്ട വോട്ടെടുപ്പ് 16 മണ്ഡലങ്ങളിലേക്കു നടന്നു പോളിങ് 71.96%. സംസ്ഥാന രൂപീകരണത്തിനു ശേഷം കാര്യമായ മാവോയിസ്റ്റ് ആക്രമണമില്ലാതെ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പുമായി ഇത്തവണത്തേത്. 81 മണ്ഡലങ്ങളിൽ 65.17% ആയിരുന്നു 5 ഘട്ടം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ ആകെ പോളിങ്. 2014ൽ ഇത് 66.53 ആയിരുന്നു.

ഇന്ന് രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഏകദേശ ഫലം വ്യക്തമാകും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വിനയ് കുമാർ ചൗബെ അറിയിച്ചു. ഭരണ തുടർച്ചയിൽ കുറയാത്തതാണ് ഝാർഖണ്ഡിൽ ബിജെപിയുടെ പ്രതീക്ഷ. എന്നാൽ തൂക്ക് നിയമസഭ എന്നാണ് വിവിധ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്ന ഫലം കാത്തിരിക്കുകയാണ് ഇന്ത്യ.

ഝാർഖണ്ഡിൽ തൂക്ക് സഭയൊ?
എക്‌സിറ്റ് പോളുകളിലേറെയും ഝാർഖണ്ഡിൽ പ്രവചിച്ചിരിക്കുന്നത് തൂക്കുസഭയാണ്. ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പോൾ പ്രവചിക്കുമ്പോൾ, ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് മറ്റുള്ള പ്രവചനങ്ങൾ.

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം ജെഎംഎം കോൺഗ്രസ് ആർജെഡി സഖ്യത്തിന് 38 മുതൽ 50 വരെ സീറ്റുകൾ ലഭിക്കാം (കോൺഗ്രസ് 1218, ജെഎംഎം 2428, ആർജെഡി 24) ബിജെപിക്ക് 22 മുതൽ 32 വരെ സീറ്റുകൾ. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് 35 സീറ്റും ജെവിഎമ്മിന് 24 സീറ്റും മറ്റുള്ളവർക്ക് 47 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. 2014ലെ ഇന്ത്യാ ടുഡേസിസേറോ എക്‌സിറ്റ്‌പോളിൽ 41നും 49നും ഇടയ്ക്കു സീറ്റുകളാണ് ബിജെപിക്കു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ലഭിച്ചത് 37 എണ്ണം മാത്രവും!

ആജ് തക് പോൾ പ്രകാരം ബിജെപിക്ക് 2232 സീറ്റ് ലഭിക്കും. മഹാസഖ്യത്തിന് 3850 സീറ്റും. ജെവിഎമ്മിന് 24 സീറ്റും എജെഎസ്യുവിന് 35ഉം മറ്റുള്ളവർക്ക് 47 സീറ്റുമാണു പ്രവചിച്ചിരിക്കുന്നത്. ഹിന്ദി വാർത്താ ചാനലായ ന്യൂസ് തകന്റെ എക്‌സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 3015 സീറ്റ് ലഭിക്കും. ജെഎംഎം (1722), കോൺഗ്രസ് (912), എജെഎസ്യു(812), ജെവി എം (46), മറ്റുള്ളവർ (810) എന്നിങ്ങനെയാണു പ്രവചനം.

ജൻ കി ബാത് എക്‌സിറ്റ് പോൾ പ്രകാരം സംസ്ഥാനത്തു തൂക്കുസഭയാണ്: ബിജെപി (2230), ജെഎംഎം (2823), കോൺഗ്രസ് (1510), ആർജെഡി (34), എജെഎസ്യു (35), ജെവി എം (34), മറ്റുള്ളവർ (75).

ഇത്തവണ ഐഎഎൻസ്/എബിപി/സിവോട്ടർ എക്‌സിറ്റ് പോൾ പറയുന്നത് മഹാസഖ്യത്തിന് 35 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ്. ബിജെപിക്ക് 32ഉം എജെഎസ്യുവിന് അഞ്ചും ജെവിഎമ്മിന് രണ്ടുംം മറ്റുള്ളവർക്ക് ഏഴും സീറ്റ് ലഭിക്കും. 2014ലെ എബിപിനീൽസൺ എക്‌സിറ്റ് പോളിൽ 52 സീറ്റാണ് ബിജെപിക്ക് പ്രവചിച്ചിരുന്നത്. സംസ്ഥാനം ജാർഖണ്ഡാകുമ്പോൾ എക്‌സിറ്റ് പോളുകൾക്കു പോലും വോട്ടർമാരുടെ മനസ്സ് പിടിച്ചെടുക്കാനാകുന്നില്ലെന്നാണ് മുൻവർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ആരു ജയിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP