Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

എക്‌സിറ്റ് പോളുകൾ തൂക്കുഫലം പ്രവചിച്ചതോടെ കിങ്‌മേക്കറാകുമെന്ന് കരുതി; സംഭവിച്ചത് വിലപേശാനുള്ള പവർ പോലും ഇല്ലാത്ത വിധം തകർച്ച; 209 സീറ്റിൽ മത്സരിച്ച ഗൗഡയുടെ പാർട്ടി വിജയിച്ചത് 19 സീറ്റിൽ മാത്രം; കോൺഗ്രസിന്റെ തേരോട്ടത്തിൽ മൈസൂരു മേഖലയിലും കാലിടറി ദൾ; കന്നഡനാട്ടിൽ ഇത് ദൾ രാഷ്ട്രീയത്തിന്റെ അസ്തമനകാലം

എക്‌സിറ്റ് പോളുകൾ തൂക്കുഫലം പ്രവചിച്ചതോടെ കിങ്‌മേക്കറാകുമെന്ന് കരുതി; സംഭവിച്ചത് വിലപേശാനുള്ള പവർ പോലും ഇല്ലാത്ത വിധം തകർച്ച; 209 സീറ്റിൽ മത്സരിച്ച ഗൗഡയുടെ പാർട്ടി വിജയിച്ചത് 19 സീറ്റിൽ മാത്രം; കോൺഗ്രസിന്റെ തേരോട്ടത്തിൽ മൈസൂരു മേഖലയിലും കാലിടറി ദൾ; കന്നഡനാട്ടിൽ ഇത് ദൾ രാഷ്ട്രീയത്തിന്റെ അസ്തമനകാലം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കന്നഡ രാഷ്ട്രീയത്തിൽ എന്നും ഒരു റോൾ വഹിച്ചിരുന്ന പാർട്ടിയാണ് ജനതാദൾ (എസ്). അവിചാരിതമായി പല പദവികളും ഈ പാർട്ടിയെ തേടി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായി എച്ച് ഡി ദേവഗൗഡ എത്തിയതും കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുമാരസ്വാമിയുടെ കടന്നുവരവുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്നാൽ, ഇപ്പോൾ ദൾ രാഷ്ട്രീയം ഒരു അസ്തമന പാതയിലാണ്. ഇന്നലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കോൺഗ്രസ് കുതിച്ചു മുന്നേറിയപ്പോൾ ജെഡിഎസ് തകർന്നടിയുകയായിരുന്നു.

ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും തൂക്കുഫലം പ്രവചിച്ചതോടെ കോൺഗ്രസിനോടും ബിജെപിയോടും വിലപേശി നേട്ടമുറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ജനതാദൾ (എസ്). പക്ഷേ, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ പാർട്ടി 19 സീറ്റിലേക്കു നിലംപൊത്തി. 209 സീറ്റിൽ മത്സരിച്ചിട്ടും വൻ പതനമായിയിരുന്നു പാർട്ടിക്ക്. 2018ൽ 37 സീറ്റാണു കിട്ടിയത്. അന്ന് വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മറികടന്ന് കോൺഗ്രസുമായി ചേർന്ന് ദൾ സർക്കാർ രൂപീകരിച്ചപ്പോൾ എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായി. പക്ഷേ കസേരയുടെ ഉറപ്പ് ഒരു വർഷമേ നിലനിന്നുള്ളൂ.

5 വർഷത്തിനു ശേഷം ഇതാവർത്തിക്കുമെന്നു ധരിച്ചു കെട്ടിയ മനക്കോട്ടയാണ് തകർന്നത്. ദളിന്റെ ശക്തിമേഖലയായ പഴയ മൈസൂരു മേഖല വൊക്കലിഗ, കർഷക ഹൃദയഭൂമിയാണ്. 59 സീറ്റുള്ള ഈ മേഖലയിൽ പക്ഷേ ഇക്കുറി ദൾ വെറും 14 സീറ്റിലേക്ക് തകർന്നടിഞ്ഞു. ഇവിടെ 37 സീറ്റുകളിൽ കോൺഗ്രസ് പിടിമുറിക്കിയതോടെയാണു ദളിനു കാലിടറിയത്. കോൺഗ്രസ് വിജയത്തിൽ പഴയമൈസൂരു നിർണായകമാകുകയും ചെയ്തു.

പാർട്ടി ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കുടുംബത്തർക്കത്തിൽ നിന്നു തുടങ്ങുന്നു അസ്വാരസ്യങ്ങളുടെ നീണ്ട നിര. ഹാസൻ മണ്ഡലത്തിൽ ഗൗഡയുടെ മകനും എംഎൽഎയുമായ എച്ച്.ഡി രേവണ്ണയുടെ ഭാര്യ ഭവാനിക്ക് സീറ്റ് നൽകില്ലെന്ന കാര്യത്തിൽ പാർട്ടി നിയമസഭാ കക്ഷിനേതാവും മറ്റൊരു മകനുമായ കുമാരസ്വാമി ഉറച്ചു നിന്നു. ഈ സീറ്റിൽ ദൾ സ്ഥാനാർത്ഥി ജയിച്ചെങ്കിലും മേഖലയിലുടനീളം ഈ അസ്വാരസ്യങ്ങൾ തിരിച്ചടിയായി. കുമാരസ്വാമിയുടെ മകൻ നിഖിൽ രാമനഗരയിൽ തോൽക്കുകയും ചെയ്തു.

മുൻ പ്രധാനമന്ത്രിയും പരമോന്നത നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ പ്രതാപം അസ്തമിക്കുന്നതിനൊപ്പം ജെ.ഡി.എസിന്റെ ശക്തിയുമാണ് ചോരുന്നത്. എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണത്ത് വിജയിച്ചെങ്കിലും മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. കോൺഗ്രസിന്റെ ഇഖ്ബാൽ ഹുസൈൻ 10,715 വോട്ടിനാണ് നിഖിലിനെ പരാജയപ്പെടുത്തിയത്. പഴയ മൈസൂരു മേഖലയിൽ 2018ൽ ജെ.ഡി.എസിന് 29 സീറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് 16 ആയി കുറഞ്ഞു. മുംബൈ കർണാടകയിൽ രണ്ട് സീറ്റുള്ളത് ഒന്നായി കുറഞ്ഞു. ഹൈദരാബാദ് കർണാടകയിൽ നാലുള്ളത് മൂന്നായും കുറഞ്ഞു. ബംഗളൂരു അർബൻ മേഖലയിൽ നാല് സീറ്റുള്ളത് മുഴുവനും ഇത്തവണ കൈവിട്ടു.

തിരഞ്ഞെടുപ്പിനു മുന്നോടിയായി കുമാരസ്വാമി നടത്തിയ പഞ്ചരത്‌ന യാത്രയിൽ കർഷക, വിദ്യാഭ്യാസ, ആരോഗ്യ, ഭവന, തൊഴിൽ ക്ഷേമ വാഗ്ദാനങ്ങൾ ഒട്ടേറെ നൽകിയിട്ടും ഇതു ഫലം കണ്ടില്ല. ഹൃദ്രോഗത്തിനു തുടർ ചികിത്സ തേടുന്നതിനിടെയാണ് കുമാരസ്വാമി പ്രചാരണത്തിൽ സജീവമായത്. 89 വയസ്സുള്ള ദേവെഗൗഡയെ വീൽ ചെയറിലിരുത്തിയാണ് വേദികളിൽ എത്തിച്ചത്. ബെംഗളൂരു മേഖലയിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്ത ദൾ, മധ്യ, തീരദേശ, കിട്ടൂർ കർണാടക മേഖലകളിൽ ഓരോ സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കല്യാണ കർണാടക മേഖലയിൽ 3 സീറ്റാണു നേടിയത്.

അതേസമയം, മൈസൂരു മേഖലയിൽ കോൺഗ്രസിന്റെ കടന്നുകയറ്റമാണ് ഇത്തവണ. 2018ൽ മൈസൂരു മേഖലയിൽ കോൺഗ്രസിന് 17സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. അത് ഇത്തവണ 37 ആക്കി വർധിപ്പിച്ചു. ബിജെപിക്കാകട്ടെ ഈ മേഖലയിൽ 11 സീറ്റുണ്ടായിരുന്നത് അഞ്ചിലേക്ക് കൂപ്പുകുത്തി. ഇത്തവണ മൈസൂരു പിടിക്കാൻ വൻതന്ത്രങ്ങളാണ് ബിജെപി പയറ്റിയിരുന്നത്. മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയും നടിയുമായ സുമലത ബിജെപിക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയെങ്കിലും ഏശിയില്ല.

മാണ്ഡ്യയിൽ കോൺഗ്രസിന്റെ പി. രവികുമാർ 2019 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെ.ഡി.എസിന്റെ ബി.ആർ. രാമചന്ദ്രയെയാണ് തോൽപിച്ചത്. 30,661 വോട്ടുകൾ നേടി മൂന്നാംസ്ഥാനത്തായത് ബിജെപിക്ക് വൻ തിരിച്ചടിയായി. മൈസൂരു-ബംഗളൂരു അതിവേഗ പത്തുവരിപ്പാതയുടെ ഉദ്ഘാടനം മാണ്ഡ്യയിൽ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ച് നടത്തിയതടക്കം മൈസൂരു മേഖലയിൽ ബിജെപി തന്ത്രങ്ങൾ ഒരുപാട് പയറ്റിയെങ്കിലും പാർട്ടി തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP