Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

2017 മുതൽ എനിക്ക് ജോലിയില്ല... വണ്ടിയില്ല... ഓഫീസില്ല.... സസ്പെൻഷനിലാണെങ്കിലും ഒരു അലവൻസ് ലഭിക്കുന്നുണ്ട്; ഒരു ജോലിയും ചെയ്യാത്ത ഒരാൾക്ക് നികുതിദായരുടെ പണം ഇങ്ങനെ വെറുതേ കൊടുക്കുന്നത് ശരിയാണോ? ഇദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല.. ജോലി ചെയ്യിച്ചേ മതിയാകൂ എന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ അപ്പോൾ നോക്കാം: ഉറച്ച നിലപാടുമായി ചാലക്കുടിയിൽ മത്സരിക്കാനുറച്ച് ജേക്കബ് തോമസ്; രാജി അംഗീകരിക്കുന്നത് വൈകിപ്പിച്ച് ട്വന്റി ട്വന്റി കളിക്ക് പിണറായി സർക്കാരും

2017 മുതൽ എനിക്ക് ജോലിയില്ല... വണ്ടിയില്ല... ഓഫീസില്ല.... സസ്പെൻഷനിലാണെങ്കിലും ഒരു അലവൻസ് ലഭിക്കുന്നുണ്ട്; ഒരു ജോലിയും ചെയ്യാത്ത ഒരാൾക്ക് നികുതിദായരുടെ പണം ഇങ്ങനെ വെറുതേ കൊടുക്കുന്നത് ശരിയാണോ? ഇദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല.. ജോലി ചെയ്യിച്ചേ മതിയാകൂ എന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ അപ്പോൾ നോക്കാം: ഉറച്ച നിലപാടുമായി ചാലക്കുടിയിൽ മത്സരിക്കാനുറച്ച് ജേക്കബ് തോമസ്; രാജി അംഗീകരിക്കുന്നത് വൈകിപ്പിച്ച് ട്വന്റി ട്വന്റി കളിക്ക് പിണറായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നൂലാമാലകൾ ഒഴിവാക്കാൻ സ്വയം വിരമിക്കലിനായി ഡിജിപി ജേക്കബ് തോമസ് വെള്ളക്കടലാസിൽ കയ്യൊപ്പോടെ അപേക്ഷ നൽകി. ഇന്നലെ ചീഫ് സെക്രട്ടറിക്കാണ് ഇത് എത്തിച്ചത്. 22 ന് അദ്ദേഹം ഇമെയിൽ വഴി നൽകിയ കത്ത് സർക്കാർ പരിഗണിച്ചിരുന്നില്ല. കയ്യൊപ്പില്ലാത്ത ഇമെയിൽ കത്തു പരിഗണിക്കാൻ കഴിയില്ലെന്നും കടലാസിൽ കയ്യൊപ്പോടെയുള്ള കത്തു നൽകണമെന്നും ജേക്കബ് തോമസിനെ ചീഫ് സെക്രട്ടറി തിങ്കളാഴ്ച അറിയിച്ചിരുന്നു. ചാലക്കുടിയിൽ ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജേക്കബ് തോമസ് ആലോചിക്കുന്നുണ്ട്. ഇതിന് സംസ്ഥാന സർക്കാർ അനുകൂലമല്ല. ജേക്കബ് തോമസിന്റെ രാജി നൂലാമാലകളുടെ പേരു പറഞ്ഞ് വൈകിപ്പിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം.

ജേക്കബ് തോമസ് സസ്‌പെൻഷനിലായതിനാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമേ സംസ്ഥാന സർക്കാർ തീരുമാനം എടുക്കുകയുള്ളൂ. സ്വയം വിരമിക്കലിനു 3 മാസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്ന വ്യവസ്ഥയിൽ ഇളവു നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. മുമ്പ് അൽഫോൻസ് കണ്ണന്താനത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അതിവേഗ അനുമതി സർക്കാർ നൽകിയിരുന്നു. ഈ മാതൃക തന്റെ കാര്യത്തിലും ഉണ്ടാകണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത്. എന്നാൽ ചാലക്കുടിയിൽ ഇടത് സർക്കാരിനെതിരായ ആരോപണങ്ങൾ ജേക്കബ് തോമസ് ഉയർത്തും. ഇത് ചർചചയാകുന്നത് തടയാൻ ജേക്കബ് തോമസിന്റെ രാജി അനുവദിക്കുന്നത് വൈകിപ്പിക്കാനാണ് നീക്കം.

എന്നാൽ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ സ്വയം വിരമിക്കലിനുള്ള അപേക്ഷ നൽകിയാൽ സർക്കാരിന് തടയാനാകില്ലെന്ന് ജേക്കബ് തോമസ് പറയുന്നു. വിആർഎസിന് അപേക്ഷ നൽകിയ സാഹചര്യത്തിൽ സ്വയം വിരമിച്ചതായാണ് താൻ കണക്കാക്കുന്നതെന്നും ചാലക്കുടിയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'വിരമിക്കലിനായി കഴിഞ്ഞ ആഴ്ച അപേക്ഷ നൽകിയിരുന്നു. ഇന്നലെ വിശദീകരണം ചോദിച്ചു. ഇന്ന് വിശദീകരണം നൽകുകയും ചെയ്തു. വിരമിക്കൽ അനുവദിക്കാതിരിക്കാൻ ഇനി സാങ്കേതിക തടസ്സങ്ങളൊന്നുമില്ല,' ജേക്കബ് തോമസ് പറയുന്നു. 'ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ സ്വയം വിരമിക്കാൻ തീരുമാനിച്ചാൽ നിർബന്ധിച്ച് പിടിച്ചു നിർത്തേണ്ടതില്ലെന്നാണ് 2017ലെ കേന്ദ്ര നയം. വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയാണ്.'

'1958 ലെ നിയമമനുസരിച്ചാണ് അപേക്ഷ നൽകുന്നത്. 30 വർഷം സർവീസ് പൂർത്തിയാക്കിയവരെ ഇനിയും ജോലി ചെയ്യണമെന്ന് നിർബന്ധിക്കാൻ ആർക്കുമാകില്ല. അല്ല ഇദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല, ജോലി ചെയ്യിച്ചേ മതിയാകൂ എന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ അപ്പോൾ നോക്കാം. '2017 മുതൽ എനിക്ക് ജോലിയില്ല. വണ്ടിയില്ല. ഓഫീസില്ല. സസ്പെൻഷനിലാണെങ്കിലും ഒരു അലവൻസ് ലഭിക്കുന്നുണ്ട്. ഒരു ജോലിയും ചെയ്യാത്ത ഒരാൾക്ക് നികുതിദായരുടെ പണം ഇങ്ങനെ വെറുതേ കൊടുക്കുന്നത് ശരിയാണോ' എന്നും അദ്ദേഹം ചോദിച്ചു. ചാലക്കുടിയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ചാലക്കുടിയിൽ സ്ഥാനാർത്ഥിയായല്ല തിരഞ്ഞെടുപ്പ് വിദ്യാർത്ഥിയായാണ് എത്തുന്നത്. ഏത് ജോലി ചെയ്യുന്നവർക്കും സ്ഥാനാർത്ഥിയാകമെന്നും ജോലി സംബന്ധിച്ച വിവേചനം പാടില്ലെന്നുമാണ് ജനപ്രാതിനിധ്യ നിയമം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ജേക്കബ് തോമസ് വിശദീകരിച്ചിട്ടുണ്ട്.. ഓഖി ദുരന്തത്തിന്റെ സമയത്ത് മൽസ്യ തൊഴിലാളികൾക്കൊപ്പം നിന്നതിനാലാണ് തന്നെ സർവീസിൽ നിന്ന് സർക്കാർ പുറത്താക്കിയത്. തുടർന്ന് വെറുതെ ഇരിക്കേണ്ട സാഹചര്യം ഉണ്ടായി. ഈ അവസ്ഥയിലാണ് ജനങ്ങൾക്കൊപ്പം നടക്കാനായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ജേക്കബ് തോമസ് 20 ട്വന്റിയുടെ കിഴക്കമ്പലം സൂപ്പർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കന്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20 എന്ന സംഘടനയുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായാണ് അദ്ദേഹം ഡിജിപി സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കത്ത് നൽകിയത്. 20-20യുടെ വികസന മാതൃകകൾ ചാലക്കുടി മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രചാരണ രംഘത്തേക്ക് കടക്കുമെന്ന കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

എന്നാൽ സ്വയം വിരമിക്കലിലിന് ഡിജിപി ജേക്കബ് തോമസിന് പിണറായി സർക്കാർ ഉടനൊന്നും അനുമതി നൽകില്ലെന്നാണ് സൂചന. പിണറായിയുടെ വൈരാഗ്യ ബുദ്ധിയുടെ ഇരയാണ് ജേക്കബ് തോമസ്. ഒന്നരവർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്. അഴിമതി വിരുദ്ധ പോരാട്ടം സത്യസന്ധമായി നടത്തിയ ഉദ്യോഗസ്ഥനെ അഴിമതിയുടെ പേരിൽ പോലും അച്ചടക്ക നടപടിക്ക് വിധേയനാക്കി. അങ്ങനെയാണ് അവസാനം സ്വയം വിരമിച്ച് ചാലക്കുടിയിൽ ജനവിധി നേടാൻ തീരുമാനിച്ചത്. അപ്പോഴും പാര തുടരുകയാണ് സർക്കാർ. ജേക്കബ് തോമസ് സസ്പെൻഷനിലായതിനാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. സ്വയം വിരമിക്കലിനു 3 മാസത്തെ മുൻകൂർ നോട്ടിസ് നൽകണം. സാധാരണഗതിയിൽ ആ കാലപരിധിയിൽ സംസ്ഥാന സർക്കാരിന് ഇളവു നൽകാം. എന്നാൽ സസ്പെൻഷനിലായതിനാൽ അതിനു കഴിയില്ല. അതിനാൽ കത്തു ലഭിച്ചാൽ അതു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനു കൈമാറും. കേന്ദ്രത്തിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും സംസ്ഥാന സർക്കാരിന്റെ തുടർ നടപടി. ഇതിന് ദിവസങ്ങളുടെ കാലതമാസമെടുക്കും. ഇതെല്ലാം ജേക്കബ് തോമസിനെ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനാണ് ഇത്. സസ്പെൻഷനെതിരെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

2017 ഡിസംബറിലാണു ജേക്കബ് തോമസിനെ സസ്പെൻഡു ചെയ്തത്. ഓഖി ദുരന്തത്തിന്റെ തുടർ നടപടികളിൽ സർക്കാരിനെ വിമർശിച്ചതിനായിരുന്നു സസ്പെൻഷൻ. പിന്നീട് ഇതു 4 പ്രാവശ്യം നീട്ടി. 2020 ഏപ്രിൽ വരെ അദ്ദേഹത്തിനു സർവീസ് കാലാവധിയുണ്ട്. പിണറായി മന്ത്രിസഭയുടെ കാലത്ത് ജേക്കബ് തോമസിന് സർവ്വീസിൽ തിരിച്ചെത്തിയാലും നിർണ്ണായക പദവികളൊന്നും കൊടുക്കില്ല. ഇത് മനസ്സിലാക്കിയാണ് സ്വയം വിരമിക്കലിന് തയ്യാറായത്. ഇന്നലെ ചാലക്കുടിയിലെത്തിയ ജേക്കബ് തോമസ് അനൗദ്യോഗിക പ്രചരണം തുടങ്ങിയിരുന്നു. രാജി അപേക്ഷ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കേണ്ടെന്നാണ് പിണറായിയുടെ നിലപാട്.

എൽ.ഡി.എഫിനായി ഇന്നസെന്റും യു.ഡി.എഫിനായി ബെന്നി ബെഹനാനും ഏറ്റുമുട്ടുന്ന ചാലക്കുടി മണ്ഡലത്തിലെ പോരാട്ടത്തിന് പുതിയ തലം നൽകിയാണ് ജേക്കബ് തോമസ് എത്തുന്നത്. ഇരുമുന്നണികളോടും പോരാടി കിഴക്കമ്പലം പഞ്ചായത്തു ഭരണം പിടിച്ച ട്വന്റി-ട്വന്റിക്ക് രാഷ്ട്രീയേതര വോട്ടുകളിലാണ് വിശ്വാസം. ബിജെപിക്കായി എഎൻ രാധാകൃഷ്ണനും ചാലക്കുടിയിൽ മത്സരിക്കുന്നുണ്ട്. ത്രികോണ പോരിന് അപ്പുറത്തേക്കുള്ള ചൂട് ചാലക്കുടിയിൽ ജേക്കബ് തോമസ് ഉയർത്തും. അഴിമതി ചർച്ചയാക്കിയാകും പ്രചരണം. സാധാരണക്കാരുടെ വികാരങ്ങൾ വോട്ടാക്കി മാറ്റാൻ കഴിയുന്ന പ്രമുഖരും മണ്ഡലത്തിൽ പ്രചരണത്തിനായി എത്തും. ഇതോടെ ചാലക്കുടിയിലെ സ്ഥിതി പ്രവചനാതീതമാവുകയാണ്. പിണറായി വിജയന്റെ വൈരാഗ്യ ബുദ്ധിയിൽ ഒന്നര വർഷമായി സസ്‌പെൻഷനിലാണ് കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ. ഈ സാഹചര്യത്തിലാണ് മുൻ വിജിലൻസ് ഡയറക്ടർ ജനാധിപത്യത്തിന്റെ വഴിയിലൂടെ ജന പിന്തുണ തേടി ചാലക്കുടിയിൽ എത്തുന്നത്. ഇതും പിണറായി തടയുകാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP