Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വിജയം ഉറപ്പിച്ചതോടെ മലപ്പുറം ആവേശത്തിൽ; ലീഗ് സ്ഥാനാർത്ഥികളുടെ വിജയം ആഘോഷിക്കാൻ പ്രത്യേക ഗാനങ്ങൾ വരെ സജ്ജം; വിജയം ഉറപ്പിച്ച് പാർട്ടിയും പ്രവർത്തകരും; റമദാൻ ആയതിനാൽ ആഘോഷ പ്രകടനങ്ങളിൽ മിതത്വം പാലിക്കാൻ പാണക്കാട് ഹൈദരലി തങ്ങളുടെ ആഹ്വാനം

കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വിജയം ഉറപ്പിച്ചതോടെ മലപ്പുറം ആവേശത്തിൽ; ലീഗ് സ്ഥാനാർത്ഥികളുടെ വിജയം ആഘോഷിക്കാൻ പ്രത്യേക ഗാനങ്ങൾ വരെ സജ്ജം; വിജയം ഉറപ്പിച്ച് പാർട്ടിയും പ്രവർത്തകരും; റമദാൻ ആയതിനാൽ ആഘോഷ പ്രകടനങ്ങളിൽ മിതത്വം പാലിക്കാൻ പാണക്കാട് ഹൈദരലി തങ്ങളുടെ ആഹ്വാനം

ജംഷാദ് മലപ്പുറം

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിച്ച് പാർട്ടിയും പ്രവർത്തകരും, നേതാക്കളുടെ വിജയാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രത്യേക ഗാനങ്ങൾവരെ തെയ്യാറാക്കികഴിഞ്ഞു. മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയും, പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും വൻഭൂരിപക്ഷത്തിൽവിജയിക്കുമെന്നു നേതൃത്വം ഉറപ്പിച്ചതോടെ റമദാൻ നോമ്പുമാസമായതിനാൽ അമിതാഹ്ളാദംവേണ്ടെന്ന ആഹ്വാനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളും രംഗത്തുവന്നു.

തീപാറും പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ച പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എംഎ‍ൽഎയുമായ പി.വി.അൻവറിനെ അപഹാസ്യമാക്കുന്ന രീതിയിലുള്ള പാരഡിഗാനങ്ങളെല്ലാം മുസ്ലിംലീഗ് അണിയറിയിൽ ഒരുക്കിക്കഴിഞ്ഞു. മലപ്പുറത്ത് വിജയം ഉറപ്പാണെന്നതിനാൽ തന്നെ കടുത്ത ഇവിടുത്തെക്കാൾ കൂടുതൽ ആഹ്ളാദം പൊന്നാനി മണ്ഡലത്തിലാണ് ലീഗ് പ്രവർത്തകർ നടത്തുക. പി.വി.അൻവറിന്റെ പ്രചരണ പരിപാടികളിൽ വൻതോതിൽ ആളുകളുണ്ടായതും, വിവാദ പ്രസ്താവനകൾ നടത്തി രംഗത്തുവന്നതുമെല്ലാം ലീഗ് അണികൾക്കിടയിൽ അൻവറിനെതിരെ കൂടുതൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ആഹ്ളാദ പ്രകടത്തിൽ കാണിക്കാനാണ് ലീഗ് പ്രവർത്തകർ കരുതുന്നത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടർന്നുള്ള പ്രകടനങ്ങളിലും മറ്റു വിജയാഹ്ലാദ പരിപാടികളിലും മിതത്വം പാലിക്കണമെന്നും റമസാന്റെ പവിത്രത ഉയർത്തിപിടിക്കുന്നതായിരിക്കണം പ്രവർത്തകരുടെ ഓരോ പ്രതികരണവുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രവർത്തകരോടും യുഡിഎഫ് അനുഭാവികളോടും ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളെ രാഷ്ട്രീയ കാഴ്‌ച്ചപ്പാടോടെ സമീപിക്കാനും പ്രതിപക്ഷ ബഹുമാനം പുലർത്താനും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനം സംബന്ധിച്ച പ്രകടനങ്ങളിലോ മുദ്രാവാക്ക്യങ്ങളിലോ സംസാരങ്ങളിലോ വ്യക്തിപരമായ അധിക്ഷേപങ്ങളോ സഭ്യേതരമായ പദപ്രയോഗങ്ങളോ ചമയങ്ങളോ നാടിന്റെ സമാധാനത്തിനും മൈത്രിക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളോ ഉണ്ടാവാതിരിക്കാൻ സൂക്ഷ്മത പുലർത്തണം. മറുപക്ഷത്തുനിന്ന് പ്രകോപനപരമായ സമീപനങ്ങളുണ്ടായാൽ പോലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും മാത്രമേ പ്രതികരിക്കാവൂ.

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രകടനം കഴിഞ്ഞാൽ എതിർകക്ഷിയുടെ ഓഫീസുകളും ബോർഡുകളും അലങ്കാരങ്ങളും മറ്റും നശിപ്പിക്കുന്ന പ്രവണതയും ഗതാഗതം തടസ്സപ്പെടുത്തുകയും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന രീതികളും സമീപ കാലത്ത് വർദ്ധിച്ചുവരികയാണ്. നാടിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് നിരക്കാത്ത ഇത്തരം നടപടികളിൽ യാതൊരു കാരണവശാലും മുസ്ലിംലീഗിന്റെയോ യുഡിഎഫിന്റെയോ പ്രവർത്തകർ ഉൾപെടരുത്. രാഷ്ട്രീയം നാടിന്റെ നന്മക്കും വിമോചനത്തിനുമുള്ളതാണെന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്നതായിരിക്കണം ഓരോ പ്രവർത്തനവും. ജനമാണ് നാടിന്റെ സമ്പത്ത്. സമൂഹത്തിന് ഏതെങ്കിലും തരത്തിൽ അലോസരമുണ്ടാക്കുന്നതൊന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും ഉണ്ടാവാൻ പാടില്ല. ഇക്കാര്യത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ബദ്ധശ്രദ്ധരായിരിക്കണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

പൊന്നാനിയിൽ ഇങ്ങനെ

എംപിയും എംഎ‍ൽഎയും തമ്മിൽ നടന്ന മത്സരത്തിൽ ആരാകും പൊന്നാനിയിൽ വിജയിച്ചുകയറുകയെന്നതാണ് പൊന്നാനി ലോകസഭാമണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. മുസ്ലിംലീഗിന്റെ തട്ടകമായ പൊന്നാനി മണ്ഡലത്തിൽ കഴിഞ്ഞ തവണ നിലമ്പൂരിൽ അട്ടിമറി വിജയം നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം ഗുണംചെയ്യുമോ, അതോ തിരിച്ചടിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്, സിറ്റിങ് എംപിയായ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം ഉറപ്പിക്കുമ്പോൾ, എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി രമ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽവോട്ടുനേടാനാകുമെന്ന പ്രതീക്ഷയിലാണ്.

മണ്ഡലത്തിൽപോളിങ് 75.37 ശതമാനമായി ഉയർന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലാണ്, 50,000 മുതൽ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പ്രതീക്ഷിക്കുന്നത്. എന്നാൽ മണ്ഡലത്തിൽ പതിനായിരത്തിൽതാഴെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാർത്ഥി പി.വി.അൻവർ ജയിക്കുമെന്ന് എൽ.ഡി.എഫും കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലിൽനിന്നും, തിരൂരങ്ങാടിയിൽനിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്, മറ്റു മണ്ഡലങ്ങളായ തിരൂർ, താനൂർ, തൃത്താല മണ്ഡലങ്ങളിൽനിന്നും പതിനായിരംമുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

പൊന്നാനിയിലും മുമ്പിലെത്തുമെന്ന് പ്രതീക്ഷയുണ്ട്, തവനൂരിൽ എൽ.ഡി.എഫിന് മൂൻതൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നു. എന്നാൽ കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളിൽനിന്നെല്ലാം താന്മുന്നിട്ടുനിൽക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ, അടിയൊഴുക്കുകൾ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകൾ ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അൻവറിന്റെ അവകാശ വാദം. അതേ സമയം മുൻതവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും, എസ്.ഡി.പി.ഐയും.ഇത്തവണ തങ്ങളുടെ സ്ഥാനാർത്ഥിയുടെ വോട്ടുകൾ കാണിച്ച് ഇരുമുന്നണികളേയും ഞെട്ടിക്കാനുള്ള നീക്കത്തലാണ് പി.ഡി.പി.യും.75.37 ശതമാനം പോളിങ് നടന്ന പൊന്നാനി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് താനൂർ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് ഇവിടെ നടന്നത്.

ഏറ്റവും കുറവ് പോളിങ് നടന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതലും, കുറവും പോളിങ് നടന്നത് എൽ.ഡി.എഫിന്റെ നിയമസഭാ മണ്ഡലങ്ങളലാണ്. അതേ സമയം പോളിംഗിന് ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവർ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമാകുകയും അൻവറിന് പാർട്ടി താക്കീത് നൽകുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ സിപിഐ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും സിപിഐ നേതാവും, വയനാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.പി.സുനീറിന് കൂറ് മുസ്ലിംലീഗിനോടാണെന്നും തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതിനെ തുടർന്ന് അൻവറിനെതിരെ ജില്ലയിൽ വ്യപാക പ്രതിഷേധ പ്രകടനങ്ങളും, കോലംകത്തിക്കലുംവരെ സിപിഐ പ്രവർത്തകർ നടത്തി.

്എൽ.ഡി.എഫ് പതിനായിരത്തിൽതാഴെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾവലിയ തോൽവിയുണ്ടാകുമെന്ന ഭയപ്പാടിലാണ് എൽ.ഡി.എഫ്, നിരവധികേസുകളിലും, വിവാദങ്ങളിലും ആരോപണ വിധേയനായ അൻവറിന് മണ്ഡലത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണ ജനകീയ സ്ഥാനാർത്ഥിയുമായി രംഗത്തുണ്ടായിരുന്ന വെൽഫെയർപാർട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കണക്ക് കുട്ടുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് ദോഷംചെയ്യുമെന്ന കണക്ക്കൂട്ടലുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇ.ടിക്കെതിരെ ഇടഞ്ഞു നിന്ന ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടാകുമോയെന്നും, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പി.വി.അൻവറിന് ലഭിച്ചതും ഗുണമാകുമോയെന്നതും കാത്തിരുന്നുതന്നെകാണണം.

മലപ്പുറത്ത് ഇങ്ങനെ

യു.ഡി.എഫ് വിജയംഉറപ്പിക്കുന്ന സീറ്റുളിൽ ഒന്നാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറം ലോകസഭാ മണ്ഡലം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് എസ്.എഫ്.ഐയുടെ അഖിലേന്ത്യാപ്രസിഡന്റും, സിപിഎമ്മിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയുമായ വി.പി.സാനുവാണ്(30). 75.37ശതമാനമായി ഇത്തവണ പോളിങ് ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക്കൂട്ടിലിലാണ് ഇരുമുന്നണികളും, അതോടൊപ്പം മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ സാധിക്കുമെന്ന കണക്കകൂട്ടിലിലാണ് എൻ.ഡി.എയും. മണ്ഡലത്തിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെ കുറിച്ചുമാത്രമാണ് ചർച്ച, വിജയം ഉറപ്പിച്ച യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയംനേടുമോയെന്നാണ് ഉറ്റുനോക്കുന്നത്, അതേ സമയം ഇത്തവണ യുവരക്തത്തെ പരീക്ഷിച്ച എൽ.ഡി.എഫ് വി.പി.സാനുവിന് വിജയിക്കാനായില്ലെങ്കിലും ശക്തമായ മത്സരംകാഴ്‌ച്ചവെക്കാൻ സാധിച്ചുവെന്ന കണക്ക്കൂട്ടലിലാണ്. സാനുവിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കുഞ്ഞാലിക്കുട്ടി ഭുരിപക്ഷം ഇത്തവണ കറക്കാനാകുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.

2017ൽ നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി നേടിയ 1.72,000ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കില്ലെന്നും സിപിഎമ്മിന്റെ യുവസ്ഥാനാർത്ഥിയുടെ കടന്ന്വരവ് ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനംചെലുത്തിയിട്ടുണ്ടെന്നും സിപിഎം കണക്ക്കൂട്ടുന്നു.  സിപിഎം. തോൽവി ഉറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നാണ് മലപ്പുറം. വെൽഫെയർ പാർട്ടിയുടെ പിന്തുണയടക്കം പ്രതീക്ഷിക്കാത്ത കോണുകളിൽ നിന്ന് അനുകൂലമായി സമീപനമുണ്ടായതും വിവിധ സാമുദായിക സംഘടനകളുടെ വോട്ടുകളുടെ ഏകീകരണവും അനുകൂലഘടകങ്ങളായി ലീഗ് വിലയിരുത്തുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ തുടക്കത്തിലുണ്ടായ വിവാദങ്ങളെല്ലാം കെട്ടടങ്ങിയത് തുണയ്ക്കുമെന്ന് ലീഗ്
വിലയിരുത്തുന്നു. ഇടതിന് വേരോട്ടമുള്ള പെരിന്തൽമണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ പോളിങ് ഉയർന്നത് തുണയ്ക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമുണ്ടാവുമെന്നും എൽ.ഡി.എഫ് ക്യാമ്പ് വിലയിരുത്തി.

അതേ സമയം മണ്ഡലത്തിൽ ഇത്തവണ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതായാണ് ബിജെപി വിലയിരുത്തൽ. കേന്ദ്ര സർക്കാറിന്റെ അഴിമതിരഹിത ഭരണം, ജനക്ഷേമ പദ്ധതികൾ, ശബരിമല വിഷയം തുടങ്ങിയവ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ഇവയെല്ലാം ഫലംവരുമ്പോൾ വ്യക്തമാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. എസ്.ഡി.പി.ഐ ഇത്തവണ മൂൻതവണത്തേക്കാൾ വോട്ടുനേടുമെന്ന പ്രതീക്ഷയിലാണ്.പി.ഡി.പി.യും ശുഭാപ്തി വിശ്വാസത്തിലാണ്.75.37 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയതുകൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലാണ്.

78 ശതമാനമാണ് ഇവിടെ പോളംഗ് നടന്നത്, ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് വേങ്ങര മണ്ഡലത്തിലാണ്. ഇവിടെ 71.88 ശതമാനമാണ് പോളിങ്, വി.പി.സാനു തുടക്ക സമയങ്ങളിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് വൻതോതിൽ പ്രചരണം നടത്തിയിരുന്നതെങ്കിലും അവസാന നിമിഷങ്ങളിൽ കുടുംബയോഗങ്ങളിൽ സജീവമായത് യുവനിരക്കൊപ്പം കുടുംബവോട്ടർമാരേയും സ്വാധീനിക്കാൻ സഹായകമായതായി പാർട്ടി കണക്ക്കൂട്ടുന്നു. സ്വന്തംമണ്ഡലത്തിന് പുറമെ മറ്റു മണ്ഡലങ്ങളിലും പ്രചരണ പരിപാടികളിൽ പങ്കെടുക്കേണ്ടി വന്നതിനാൽ റോഡ്ഷോകളിലൂടെയും മറ്റുമാണ് കൂഞ്ഞാലിക്കുട്ടി കാര്യമായ പ്രചരണം നടത്തിയത്. അതോടൊപ്പംതന്നെ ജനങ്ങളെ നേരിട്ടുകാണാനും പരമാവധി സ്ഥലങ്ങളിൽ ഓടിയെത്തിയതും ഗുണകരമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പിന് പ്രചരണ സമയത്ത് കുഞ്ഞാലിക്കുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ ചർച്ചയും, മുത്തലാഖ് വിഷയത്തിൽ പാർലിമെന്റിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതും തങ്ങൾക്ക് ഗുണംചെയ്യുമെന്നാണ് എൽ്ഡി.എഫ് പ്രതീക്ഷിക്കുന്നത്. സിപിഎമ്മിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥി മത്സരിച്ചത് കൂടുതൽ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിപ്പിക്കാൻ സാധിച്ചതായും സിപിഎം വിലയിരുത്തുന്നു. മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇത്തവണ കുറക്കാൻ സാധിച്ചാൽ അത് യുവസ്ഥാനാർത്ഥിക്ക് മണ്ഡലം നൽകുന്ന സ്വീകാര്യതയായി സിപിഎം കണക്കാക്കും. എന്നാൽ വയനാട് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഏറെ ഗുണംചെയ്തതിനാൽ ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയിൽതന്നെയാണ് യു.ഡി.എഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP