Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ താക്കറെയ്ക്ക് മുഖ്യമന്ത്രിയുമാകാം'; മോദിക്കെതിരെ വിമർശനവുമായി ഉദ്ധവ് താക്കറെ; ബിജെപിയും ശിവസേനയും അടുക്കാനാവാത്ത വണ്ണം അകലുകയാണോ?

'ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ താക്കറെയ്ക്ക് മുഖ്യമന്ത്രിയുമാകാം'; മോദിക്കെതിരെ വിമർശനവുമായി ഉദ്ധവ് താക്കറെ; ബിജെപിയും ശിവസേനയും അടുക്കാനാവാത്ത വണ്ണം അകലുകയാണോ?

മുബൈ: ചായക്കച്ചവടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ തനിക്ക് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമാകാം-ശിവസേനാ തലവൻ ഉദ്ദവ് താക്കറെ എന്താണ് ഉദ്ദേശിക്കുന്നത്. അടുത്ത മറാത്ത മുഖ്യമന്ത്രി താൻ തന്നെയെന്ന ഉദ്ദവ് താക്കറെയുടെ പ്രഖ്യാപനമായി ശിവസേന അണികൾ ഇതിനെ വിലയിരുത്തുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി നേതൃത്വവും ആരോപിക്കുന്നു. അങ്ങനെ മഹായുതി സഖ്യത്തിലെ കൂട്ടുകാർ തമ്മിലെ ഉടക്ക് പുതിയ തലത്തിലെത്തുന്നു.

മഹാരാഷ്ട്ര വോട്ടെടുപ്പിന്റെ തൊട്ടുമുമ്പാണ് ശിവസേനാ തലവൻ ഉദ്ദവ് താക്കറെ നിലപാട് വിശദീകരിച്ചത്. മഹായുതി സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ നടക്കുമ്പോഴും ഉദ്ദവാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സേനാ നേതൃത്വം പരോക്ഷ സൂചന നൽകിയിരുന്നു. എന്നാൽ സഖ്യം തകർന്നതോടെ ഉദ്ദവ് കൃത്യമായ നിലപാട് എടുത്തില്ല. പ്രചരണത്തിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ശിവസേന അർത്ഥ ശങ്കയക്കിടയില്ലാതെ ഒന്നും വ്യക്തമാക്കിയില്ല. ഇതിന് അവസാനമിട്ടാണ് പാർട്ടി മുഖപത്രമായ സാമ്‌ന ഉദ്ദവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

ചായവാലയ്ക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ തനിക്ക് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമാകാമെന്ന ആത്മവിശ്വാസമാണ് അഭിമുഖത്തെ ചർച്ചയാക്കിയത്. മഹാരാഷ്ട്രയിലെ ജനങ്ങളാണ് പ്രധാനം. അവർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡൽഹിയിലുള്ളവർക്ക് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയില്ല-താക്കറെ വിശദീകരിക്കുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുമുണ്ട് സേനാ തലവന്റെ വിമർശനം. സേനയെ എലിയോട് ഉപമിച്ച് പ്രചരണ യോഗത്തിൽ ഷാ പ്രസംഗിച്ചതാണ് ഉദ്ദവിനെ പ്രകോപിപ്പിക്കുന്നത്. ശിവസേനയെ അത്തരത്തിൽ താരതമ്യം ചെയ്തതിന് മഹാരാഷ്ട്രയിലെ ജനങ്ങൾ ഷായ്ക്ക് ഒരിക്കലും മാപ്പു നൽകില്ലെന്നും താക്കറെ പറയുന്നു. ബിജെപിയെ നേരിട്ട് ആക്രമിക്കുന്ന ശൈലിയാണ് അഭിമുഖത്തിലുള്ളത്. കേന്ദ്ര സർക്കാരിൽ ഇപ്പോഴും പങ്കാളിയായ സേന ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനെ ബിജെപിയും വിമർശിക്കുന്നു.

പ്രധാനമന്ത്രിയേയും ബിജെപിയേയും വിമർശിക്കാൻ ഉപയോഗിച്ച ഭാഷ ഉത്തരവാദിത്തമില്ലത്ത രാഷ്ട്രീയക്കാരന്റേതാണ്. ഇതിനെ അങ്ങയറ്റം അപലപിക്കുന്നു എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവന്ദ്ര ഫഡ്‌നാവിസ് പ്രതികിരിച്ചത്. ഒരു പടി കൂടി മുന്നോട്ട് പോയാണ് ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷും കേന്ദ്ര നഗര വികസന മന്ത്രിയുമായ നിഥിൻ ഗഡ്കിരി സേനയെ വിമർശിച്ചത്.

ഞങ്ങൾ എല്ലാവരേയും ബഹുമാനിക്കുന്നു. എന്നാൽ ഞങ്ങളോട് ബഹുമാനക്കേട് കാട്ടിയാൽ അതിനെ സഹിഷ്ണതയോടെ മാത്രം കാണാനുമാകില്ല-ഗഡ്ഗരി വ്യക്തമാക്കി. ചായാവാല പരാമർശം വിവാദമായപ്പോൾ സേന നേതൃത്വം ചെറുതായൊന്ന് പിൻവലിയുകയും ചെയ്തു. പ്രധാനമന്ത്രിയെ കൊച്ചാക്കാനല്ല. സാധാരണക്കാരന് പോലും പ്രധാനമന്ത്രിയാകാമെന്നത് ചൂണ്ടിക്കാട്ടുകയാണ് താക്കറെ ചെയ്തതെന്നാണ് വിശദീകരണം.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ മോദിയും സജീവമായിരുന്നു. കോൺഗ്രസിനേയും എൻസിപിയേയും കടന്നാക്രമിച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ബാൽ താക്കറെയോടുള്ള ബഹുമാനം കണക്കിലെടുത്ത് ശിവസേനയെ വിമർശിക്കില്ലെന്നും പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം പലതുമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ശിവസേനയോട് മോദി കാട്ടിയ ബഹുമാനം ഉദ്ദവ് തരിച്ച് നൽകാത്തതിലാണ് ബിജെപിയുടെ അമർഷം.

ചതുഷ്‌കോണ മത്സരത്തിന്റെ ചൂടവസാനിച്ച് വോട്ടെണ്ണലിനുള്ള കാത്തിരിപ്പിലേക്ക് മഹാരാഷ്ട്ര നീങ്ങുകയാണ്. തൂക്ക് നിയമസഭയാണ് പ്രവചിക്കപ്പെടുന്നത്. അങ്ങനെ വന്നാൽ മഹായുതി സംഖ്യം പുനരവതിക്കുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ താക്കറെയുടെ ചായാവാല പരാമർശം അതിനുള്ള സാധ്യതകൾ ഇല്ലതാക്കിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തിൽ. ബിജെപിയും ശിവസേനയും അടുക്കാനാവത്ത വണ്ണം അകലാനാണ് സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP