Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കി മലയാളികൾ; ആവേശത്തോടെ വോട്ടർമാർ ഒഴുകിയെത്തിയപ്പോൾ കനത്ത പോളിങ്; വോട്ടർമാരുടെ നിര നീണ്ടതോടെ രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്നു; 77 ശതമാനവും കവിഞ്ഞ് മുന്നോട്ട്; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ; രാഹുലിന്റെ വരവ് കൊണ്ടാടിയ വയനാട്ടിലും റെക്കോഡ് പോളിങ്; ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലും പോളിങ് കുതിച്ചുയർന്നു; ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ പോളിങ് സമാധാനപരം

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കി മലയാളികൾ; ആവേശത്തോടെ വോട്ടർമാർ ഒഴുകിയെത്തിയപ്പോൾ കനത്ത പോളിങ്; വോട്ടർമാരുടെ നിര നീണ്ടതോടെ രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്നു; 77 ശതമാനവും കവിഞ്ഞ് മുന്നോട്ട്; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ; രാഹുലിന്റെ വരവ് കൊണ്ടാടിയ വയനാട്ടിലും റെക്കോഡ് പോളിങ്; ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലും പോളിങ് കുതിച്ചുയർന്നു; ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ പോളിങ് സമാധാനപരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടർമാർ ആവേശത്തോടെ തിരഞ്ഞെടുപ്പിനെ വരവേറ്റപ്പോൾ സംസ്ഥാനത്ത് റെക്കോഡ് പോളിങ്. എല്ലാ മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കവിഞ്ഞു. ആറുമണിക്ക് പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നിര നീണ്ടതോടെ രാത്രിയിലും വോട്ടെടുപ്പ് തുടർന്നു. രാത്രി 10 മണിക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം 77.13 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കഴിഞ്ഞ വട്ടം-73.06% ഇതിൽ മാറ്റങ്ങൾ വരാം.

കണ്ണൂരിലാണ് ഏറ്റവും ഉയർന്ന പോളിങ്-82.26%

വയനാട്-80.01 %,

വടകര-79.86%,

കോഴിക്കോട്-79.39%,

കാസർകോഡ്-79.65%

മലപ്പുറം-75.22%

പൊന്നാനി-74.35 %

പാലക്കാട്-77.38%

ആലത്തൂർ-79.81%

തൃശൂർ-77.49%

ചാലക്കുടി-79.94%

എറണാകുളം-76.48%

ഇടുക്കി-76.21%

കോട്ടയം-75.25%

ആലപ്പുഴ-79.87%

മാവേലിക്കര-74.04%

പത്തനംതിട്ട-75.04%

കൊല്ലം-74.33%

ആറ്റിങ്ങൽ-74.13%

തിരുവനന്തപുരം-73.37 %

ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും, തൃശൂരും, പത്തനംതിട്ടയിലും പോളിങ് ശതമാനം ഗണ്യമായി ഉയർന്നതാണ് ശ്രദ്ധേയമായ സവിശേഷത. തിരുവനന്തപുരത്തും, തൃശൂരും നാലുശതമാനവും, പത്തനംതിട്ടയിൽ എട്ടുശതമാനവും പോളിങ് ഉയർന്നു. ഇത് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്നുമുന്നണികളും അവകാശപ്പെട്ടു. വയനാട് റെക്കോഡ് പോളിങ് രേഖപ്പെടുത്തി. ശതമാനം 80 കവിഞ്ഞു. മൂന്നു നിയമസഭാ മണ്ഡലങ്ങളിലും പോളിങ് 80 ശതമാനമാണ്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ വോട്ടുചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. എട്ടുശതമാനത്തോളം വർദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു. എല്ലായിടത്തും വോട്ടർമാർ രാവിലെ മുതൽ തന്നെ ആവേശത്തോടെ പോളിങ് ബൂത്തുകളിലേക്ക് എത്തി. പോളിങ് അവസാനിക്കുന്ന വൈകുന്നേരം ആറു മണിക്കും നൂറുകണക്കിനു പേർ വോട്ട് രേഖപ്പെടുത്താൻ വരിയിൽ കാത്തുനിൽക്കുന്ന കാഴ്ചയാണ് പലബൂത്തുകളിലും കാണാൻ സാധിച്ചത്. നിരയിലുണ്ടായിരുന്നവർക്കു സ്ലിപ്പ് നൽകിയതിനാൽ വോട്ടെടുപ്പു രാത്രിയിലേക്കു നീണ്ടു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാജ്യശ്രദ്ധയിൽ ഇടംനേടി വയനാട്ടിൽ ഇക്കുറി പ്രതീക്ഷച്ചതുപോലെ റിക്കാർഡ് പോളിംഗാണ് ഉണ്ടായത്. ബത്തേരിയിലും കൽപ്പറ്റയിലും കനത്ത മഴയെ അവഗണിച്ചാണ് വോട്ടർമാർ സമ്മദിദാന അവകാശം രേഖപ്പെടുത്താൻ എത്തിയത്. ശബരിമല വിഷയത്തോടെ ശ്രദ്ധേയമായ മണ്ഡലമായ പത്തനംതിട്ടയിലും അതിശക്തമായ പോളിംഗാണ് ഉണ്ടായത്. മണ്ഡലത്തിൽ 75.04 ശതമാനം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 65.47 ശതമാനം മാത്രമായിരുന്നു പോളിങ്. സംസ്ഥാനത്തെ കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഇത്.

ത്രികോണ മത്സരം അരങ്ങേറുന്ന തിരുവനന്തപുരം മണ്ഡലത്തിലും റിക്കാർഡ് പോളിംഗാണ് ഉണ്ടായത്. 73.37 ശതമാനം പോളിങ് തലസ്ഥാനത്ത് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 68 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരത്തെ പോളിങ്. കണ്ണൂരിലും ഇത്തവണ കനത്ത പോളിംഗായിരുന്നു. 82.26%

സംസ്ഥാനത്തു പലയിടങ്ങളിലും വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്നു വോട്ടെടുപ്പു മണിക്കൂറുകളോളം തടസപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്ത ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. ചെയ്ത വോട്ട് കാണാൻ കഴിയുന്ന വിവി പാറ്റ് ഉപയോഗിച്ചതിനാലാണ് അധിക സമയം വേണ്ടി വന്നതെന്നാണു വിശദീകരണം.

സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയർന്നു. തിരുവനന്തപുരം ചൊവ്വരയിൽ കൈപ്പത്തിയിൽ വോട്ട് ചെയ്യുമ്പോൾ താമരചിഹ്നം തെളിയുന്നുവെന്ന് പരാതി ഉയർന്നു. ചേർത്തലയിൽ മോക്ക് പോളിൽ ചെയ്ത വോട്ടെല്ലാം താമരയിൽ പതിഞ്ഞതും വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.എന്നാൽ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങൾ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളിൽ ഒരു മണിക്കൂർ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം പാൽകുളങ്ങര യുപി സ്‌കൂളിലെ 37ാം ബൂത്തിൽ കള്ളവോട്ടെന്ന് ആരോപണം ഉയർന്നിരുന്നു. പൊന്നമ്മാൾ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി എത്തിയത്. വോട്ടിന് കൈയിൽ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാൾ വോട്ട് ചെയ്തെന്ന് ബൂത്ത് ഏജൻുമാർ അറിയിച്ചതിനെ തുടർന്നാണ് വോട്ട് നിഷേധിച്ചത്.

തിരുവനന്തപുരം പാൽകുളങ്ങരയിലും കൊല്ലത്തും കള്ളവോട്ടുകളും റിപ്പോർട്ട് ചെയ്തു.പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചു വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവർ ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം . ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പോളിങ്ങിനിടെ 9 പേർ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാൻ വരി നിൽക്കുന്നതിനിടയിലാണ് മരണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂർ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ (74) എന്നിവരാണ് മരിച്ചത്.

മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്‌കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരൻ കുഴഞ്ഞ് വീണ് മരിച്ചത്. പാറപ്പുറം കുമാരനാശാൻ മെമോറിയൽ യുപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

പാനൂരിനടുത്ത് ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിങ് ബൂത്തിൽ വച്ചാണ് ചാക്കോ മത്തായി മരിച്ചത്

കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിങ് ബൂത്തിൽ കുഴഞ്ഞ് വീണ മണി മരിച്ചത് ആശുപത്രിയിൽ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്‌കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമസംഭവങ്ങൾ

സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധനപരമായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായെങ്കിലും പൊലീസിന്റെയും നേതാക്കളുടെയും അവസരോചിതമായ ഇടപെടൽ കൊണ്ട് പ്രശ്നം രൂക്ഷമായില്ല. കാസർകോട് തെക്കിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകൻ ജലീലിനാണ് കുത്തേറ്റത്. മൂന്ന് പേർക്ക് പരിക്കേറ്റു. ടിബി കബീർ, അബ്ദുൾ ഖാദർ, എന്നിവർക്കാണ് പരിക്കേറ്റത്.

കാസർഗോഡ് ഉദുമ നിയോജക മണ്ഡലത്തിലെ 132-ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റിന് മർദനമേറ്റു. ആളു മാറി വോട്ടു ചെയ്യാനെത്തിയത് ബിജെപിയുടെ ബൂത്ത് ഏജന്റായ സന്ദീപ് ചോദ്യം ചെയ്തതാണ് പ്രശനങ്ങൾക്ക് തുടക്കം. ഇതിനെത്തുടർന്ന് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ മകൻ പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദിച്ചതായാണ് ആരോപണം. കള്ളവോട്ട് ചോദ്യം ചെയ്തതിനെതുടർന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മർദിച്ചതെന്നാണ് പരാതി.സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ജില്ലാ കളക്ടർക്കും ഡിവൈഎസ്‌പിക്കും പരാതി നൽകി.

കായംകുളം കട്ടച്ചിറ ക്യാപ്റ്റൻ മെമോറിയൽ സ്‌കൂളിന് മുന്നിൽ നേരിയ സംഘർഷമുണ്ടായി. പോളിങ് ബൂത്തിന് മുന്നിലേക്ക് വാഹനം കയറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതോടെ പൊലീസും വാഹനം കയറ്റാൻ ശ്രമിച്ചവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിപിഎം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.

ചൊക്ലിയിൽ കെ.മുരളീധരന് നേരെ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. നോർത്ത് മേനപ്രം എൽ.പി സ്‌കൂളിലെ 157 നമ്പർ ബൂത്തിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു മുരളീധരനെ ഒരു സംഘം സി പി എമ്മുകാർ തടഞ്ഞ് അസഭ്യ വർഷം നടത്തുകയും,കൈയറ്റം ചെയ്യാൻ ശ്രമിച്ചതും. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

വൈകിട്ട് ബൂത്ത് സന്ദർശനത്തിന് കായംകുളത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിനിടയാക്കി. ഷാനിമോൾ ഉസ്മാനെ ബൂത്തിൽ കയറ്റാൻ അനുവദിക്കില്ലെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നിലപാട്. ഷാനിമോൾ ബൂത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP