Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഡ്രീം ഗേളിന്' പ്രചാരണത്തിനിറങ്ങണമെങ്കിൽ കൂളിങ് ഗ്ലാസിന് പുറമേ കൂളറും വേണം; കുടചൂടാനായി പ്രത്യേക പരിവാരം മെഴ്‌സിഡസ് ബെൻസ് എസ്‌യുവിയിൽ ചവിട്ടി നിന്നപ്പോൾ സൺറൂഫിൽ രാജകീയമായി ഉയർന്ന് നിന്ന് താരറാണി; പരിപാടി കഴിഞ്ഞ് പോകവേ കാത്തുനിന്ന ജനങ്ങൾക്ക് ഒരു നോക്ക് നൽകാതെ സ്മാർട്ട് ഫോണിൽ പരതൽ; മഥുരയിൽ ഹേമാ മാലിനി നടത്തുന്ന പ്രചരണ പരിപാടികളുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല

'ഡ്രീം ഗേളിന്' പ്രചാരണത്തിനിറങ്ങണമെങ്കിൽ കൂളിങ് ഗ്ലാസിന് പുറമേ കൂളറും വേണം; കുടചൂടാനായി പ്രത്യേക പരിവാരം മെഴ്‌സിഡസ് ബെൻസ് എസ്‌യുവിയിൽ ചവിട്ടി നിന്നപ്പോൾ സൺറൂഫിൽ രാജകീയമായി ഉയർന്ന് നിന്ന് താരറാണി; പരിപാടി കഴിഞ്ഞ് പോകവേ കാത്തുനിന്ന ജനങ്ങൾക്ക് ഒരു നോക്ക് നൽകാതെ സ്മാർട്ട് ഫോണിൽ പരതൽ; മഥുരയിൽ ഹേമാ മാലിനി നടത്തുന്ന പ്രചരണ പരിപാടികളുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

മഥുര: പൊരിവെയിലിൽ കൂളിങ് ഗ്ലാസും ധരിച്ച് പരിവാരങ്ങളുമായി വരുന്ന ബോളിവുഡിന്റെ ഡ്രീം ഗേൾ ഹേമാ മാലിനിയെ സിനിമാ ലൊക്കേഷനിൽ കാണാത്തവരില്ല. ഫിലിം മാഗസീനുകളിലും ഇത്തരം ചിത്രങ്ങൾ അരങ്ങു വാണ കാലവും കഴിഞ്ഞ് പോയി. എന്നാൽ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ വ്യക്തമുദ്ര പതിപ്പിച്ച ഹേമാ മാലിനി ഇക്കുറി തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്ന് അത്യാഡംബരത്തിന്റെ പര്യായമായിട്ടാണ്. ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നും രണ്ടാം തവണ ജനവിധി തേടുന്ന ഹേമയുടെ 'സ്റ്റൈലിഷ് കം കോസ്റ്റ്‌ലി' പ്രചാരണ പരിപാടികൾക്ക് സമൂഹ മാധ്യമത്തിലടക്കം വൻ പ്രതിഷേധമാണ് ഉയരുന്നതും.

വാർത്താ ഏജൻസിയായ എഎൻഐ ഹേമാ മാലിനി മഥുരയിലെ ഗോവർധനിൽ കൂടി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലലെ ഇതിൽ ഘടിപ്പിച്ചിരികുന്ന ഡ്രം പോലുള്ള ഉപകരണം കൂളറാണെന്ന വാർത്തയും പുറത്ത് വന്നത്. ഇത് ട്വിറ്ററിൽ ട്രണ്ടിങ്ങായതിന് പിന്നാലെയാണ് ഹേമയെ വിമർശന ട്രോളുകൾ വേട്ടയാടാൻ തുടങ്ങിയത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായിരുന്ന ഒമൽ അബ്ദുല്ലയും സംഭവത്തിൽ ഹേമയെ വിമർശിച്ചു രംഗത്തെത്തി. സ്വർണ നിറമുള്ള സാരി ധരിച്ച് ഗോവർധൻ ക്ഷേത്രയിലെ പാടത്ത് വിളവെടുക്കുന്ന ചിത്രങ്ങൾ ഹേമ തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

 

എന്നാൽ തന്നെ വിജയിപ്പിച്ച് വിട്ട മണ്ഡലത്തിൽ തിരിഞ്ഞ് നോക്കാതെ ഇലക്ഷൻ വന്നപ്പോൾ ക്യാമറയ്ക്ക് മുന്നിൽ വന്ന് നിന്ന് ഷൈൻ ചെയ്യുകയാണ് താരമെന്നാണ് ഹെലിക്കോപ്റ്ററിൽ പാടത്തിന് അടുത്തേക്ക് വന്നിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നിനെ തേടിയെത്തിയ കമന്റ്. മഥുര മണ്ഡലത്തിലെ പ്രചാരണം ഹേമമാലിനി 'സ്‌റ്റൈലിഷ്' ആയി ആരംഭിച്ചത് ഗോതമ്പു പാടത്ത് വിളവെടുത്തു കൊണ്ടായിരുന്നു. സ്വർണ നിറമുള്ള സാരി ധരിച്ച് ഗോവർധൻ ക്ഷേത്രയിലെ പാടത്തു വിളവെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഹേമ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകളോടു സംസാരിക്കാൻ കിട്ടിയ അവസരമാണിതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

കറുത്ത മെർസിഡസ് ബെൻസ് ജിഎൽഇ എസ്യുവിയിൽ ഗോകുൽ മേഖലയിൽ പ്രചാരണത്തിനിറങ്ങിയ ഹേമ, തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ ആളുകൾ തടിച്ചുകൂടുന്നിടത്തു കാർ നിർത്തി ഇറങ്ങാൻ മെനക്കെട്ടില്ല. നടിയെ കാണാൻ പലയിടങ്ങളിലുമെത്തിയ ജനക്കൂട്ടം നിരാശരാകേണ്ടി വന്നുവെന്നാണു റിപ്പോർട്ടുകൾ. മൊബൈലിൽ നോക്കിയിരുന്ന അവർ വാഹനത്തിന്റെ ചില്ലുകൾ താഴ്‌ത്തി ജനങ്ങളോടു സംവദിക്കാനോ കൈ കൊടുക്കാനോ മുതിർന്നില്ല.

പ്രസംഗിക്കാൻ നിശ്ചയിച്ച സ്ഥലത്തെത്തുമ്പോൾ വാഹനത്തിന്റെ സൺറൂഫിൽ നിന്ന്, അംഗരക്ഷകർ എസ്യുവിയുടെ സൈഡ്ബാറിൽ ചവിട്ടിനിന്നു ചൂടിക്കുന്ന കുടയുടെ സംരക്ഷണയിലാണ് അവർ സംസാരിച്ചിരുന്നത്. കണ്ണുകളിൽ ചൂട് അടിക്കാതിരിക്കാനായി, വച്ചിരുന്ന സൺഗ്ലാസ് മാറ്റിയിരുന്നില്ല. റോഡ് ഷോകളിലും ഇതായിരുന്നു അവസ്ഥ. ഈ സുഖശീതളിമയിൽനിന്നു കാവി നിറമുള്ള സ്‌കാർഫുകൾ അവർ ജനങ്ങൾക്കു വിതരണം ചെയ്തു. റോഡ് ഷോകളിൽ ബിജെപി ചിഹ്നമായ താമരയും കയ്യിലേന്തിയാണ് അവർ പങ്കെടുത്തത്. എന്നാൽ കാര്യമായ പ്രസംഗം നടത്താൻ തയാറായില്ല.

എസ്യുവിയുടെ മുൻസീറ്റിലിരിക്കുന്ന ഹേമ ഫോണിൽ മുഴുകിയിരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയുമാണു ചെയ്യുന്നതെന്നും ചില്ലുകൾ താഴ്‌ത്തി ജനങ്ങളോട് ആശയവിനിമയം നടത്തുന്നില്ലെന്നും ദേശീയമാധ്യമങ്ങൾ അടക്കമുള്ളവ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഗോകുലിലെ പ്രസിദ്ധമായ ക്ഷേത്രം സന്ദർശിക്കാനും അവർ തുനിഞ്ഞില്ല. ഇത് പ്രദേശവാസികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. പ്രസംഗങ്ങൾ ആരംഭിക്കുന്നത് 'രാധേ... ബോലോ നന്ദ്ലാൽ കി ജയ്' എന്ന വാക്കുകൾ ഉരുവിട്ടുകൊണ്ടാണ്. തുടർന്ന് മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ അവർ പറയും.

 

തയാറാക്കി വച്ചിരിക്കുന്ന പ്രസംഗം വായിക്കും ഗോകുലിൽ അഴുക്കുചാൽ നിർമ്മിച്ചത്, മഹാവനിൽ സോളർ വിളക്കുകൾ സ്ഥാപിച്ചത് തുടങ്ങിയവ അതിലുണ്ടാകും. പിന്നീടു പറയുന്നത് 5 വർഷം വളരെക്കുറവാണ് കുറച്ചുസമയം കൂടി തനിക്കു വേണമെന്നാണ്. അതിനുശേഷം പറയുക നരേന്ദ്ര മോദിക്ക് വീണ്ടും അവസരം കൊടുക്കണമെന്നും. രാജ്യത്തെ സുരക്ഷിതമാക്കി നിർത്തണമെങ്കിൽ മോദിജിയെപ്പോലുള്ള പ്രധാനമന്ത്രിയെയാണ് ആവശ്യമെന്നും കൂട്ടിച്ചേർക്കും. മണ്ഡലം സന്ദർശിക്കാറില്ലെന്ന വിമർശകരുടെ ചോദ്യത്തിന് മറുപടിയായി '250 സന്ദർശനങ്ങൾ' താൻ നടത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP