Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്‌ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99 സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും

മാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്‌ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99  സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും

മറുനാടൻ ഡെസ്‌ക്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഏറെ നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിജയം ബിജെപിക്കൊപ്പം. തുടർച്ചയായ ആറാം തവണയും ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തി. എക്്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെച്ചു കൊണ്ട് തന്നെ ബിജെപി അധികാരത്തിലെത്തിയപ്പോൾ, കോൺഗ്രസിനും അഭിമാനിക്കാൻ ഏറെ വക നൽകുന്നതാണ് ഫലം. പ്രധാനമന്ത്രി മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിൽ രാഹുൽ ഗാന്ധി നടത്തിയ ഒറ്റയാൾ പോരാട്ടം ഒരു പരിധിവരെ ഫലം കണ്ടു. വീരോചിതമായ പോരാട്ടമാണ് ഇവിടെ കോൺഗ്രസ് കാഴ്‌ച്ച വെച്ചത്.

ജാതി-മത സമവാക്യങ്ങളെ കോർത്തിണക്കി കൊണ്ടുള്ള രാഹുലിന്റെ പരീക്ഷണം ഏറെക്കുറെ വിജയം കണ്ടപ്പോൾ ബിജെപിയുടെ ചില കാവിക്കോട്ടകളും നിലംപൊത്തി.അതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹിമാചലിൽ കോൺഗ്രസിനെ താഴെയിറക്കി ബിജെപി അധികാരത്തിൽ തിരിച്ചെത്തി. ഇതോടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ ഒറ്റക്കും നാലിടത്ത് മുന്നണിയായും ബിജെപി ഭരണത്തിന് കീഴിലായി.

ഏറ്റവും ഒടുവിൽ റിപോർട്ട് ലഭിക്കുമ്പോൾ 182 അംഗ ഗുജറാത്ത് നിയമ സഭയിൽ ബിജെപി 99 സീറ്റ് നേടി. അതേസമയം, രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 80 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 2012ൽ കോൺഗ്രസിന് 61 സീറ്റാണ് ലഭിച്ചിരുന്നത്. പാട്ടീദാർ സമുദായത്തിേന്റയും ഭരണ വിരുദ്ധ വികാരത്തിന്റെയും ആനുകൂല്യം കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. 1985നു ശേഷം കോൺഗ്രസിന് ഗുജറാത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സീറ്റുകളാണ് ഇത്തവണത്തേത്.

ഗുജറാത്ത്

  • ബിജെപി - 99
    കോൺഗ്രസ് -80
    മറ്റുള്ളവർ -6

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാവിസഖ്യം കഠിനമായി ശ്രമിച്ചിട്ടും കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ ബിജെപിക്കായില്ല. 2012ൽ 115 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 150 സീറ്റ് നേടുമെന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനത്തിന് അടുത്തെത്താൻ ബിജെപിക്ക് സാധിച്ചില്ല. പാർട്ടിയും മോദിയും കാടടച്ച പ്രചരണമാണ് ഇക്കുറി നടത്തിയത്. 31റാലികളാണ് ഗുജറാത്തിൽ പ്രധാനമന്ത്രി നടത്തിയത്. അതേസമയം, സ്വന്തം സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിൽ നിലനിർത്താനായത് മോദിയുടെ വിജയം തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളേക്കാളുപരി ഗുജറാത്തിന്റെ അഭിമാനം, ഗുജറാത്തി 'അസ്മിത' സംരക്ഷിക്കണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് ഫലം ചെയ്തു എന്നു വേണം കരുതാൻ.

അതേസമയം, ദലിത് നേതാവും ബിജെപി വിരുദ്ധനുമായ മേവാനിയുടെ വിജയം ഗുജ്‌റാത്തിൽ സംഘ്പരിവാറിനേറ്റ തിരിച്ചടിയാണ്. സൗരാഷ്ട്ര മേഖലയിലെ കോൺഗ്രസിന്റെ മുന്നേറ്റവും ബിജെപിയെ തളർത്തുന്നതാണ്. പാട്ടീദാർ സമുദായത്തിന്റെ സർക്കാർ വിരുദ്ധ നിലപാട് ഇവിടെ കോണഗ്രസിന് തുണയാവുകയായിരുന്നു.

ഹിമാചലിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിനെ തറപറ്റിച്ചത്. അഴിമതിയും സി.ബി.െഎ കേസുകളുമാണ് ബിജെപി ഇവിടെ പ്രചരണായുധമാക്കിയത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വീരഭദ്ര സിങിനും കുടുംബത്തിനുമെതിരായ അഴിമതി കേസുകൾ ഏറെ ചർച്ചചെയ്യപ്പെട്ടു. വീരഭദ്ര സിങിനെ ജാമ്യത്തിലിറങ്ങിയ സ്ഥാനാർത്ഥിയെന്നാണ് മോദി വിശേഷിപ്പിച്ചത്. അതേസമയം, കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേം കുമാർ ധുമൽ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. 68 അംഗ നിയമസഭയിൽ ബിജെപി 40ലേറെ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്.

കടുത്ത മത്സരത്തിന് ഒടുവിലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിധിൻ പട്ടേലും വിജയിച്ചു. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും പിന്നാക്കം പോയ ഇരുവരും അവസാന നിമിഷം ലീഡിലേക്ക് തിരികെയെത്തുകയായിരുന്നു. രാജ്കോട്ട് വെസ്റ്റിൽ നിന്നാണ് വിജയ് രൂപാണി ജനവിധി നേടിയത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രൂപാണിക്ക് ഇക്കുറി വിജയത്തിന്റെ തിളക്കം കുറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സിന്റെ ശക്തനായ സ്ഥാനാർത്ഥി ഇന്ദ്രനീൽ രാജ്ഗുരു ആയിരുന്നു രൂപാണിയുടെ എതിരാളി. താൻ തോൽക്കുമെന്ന് ഭയമുണ്ടെന്ന് രൂപാണി പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നത് പ്രചാരണത്തിരക്കുകൾക്കിടെ വിവാദമായിരുന്നു.

തപാൽ വോട്ടുകളെണ്ണിയപ്പോൾ പിന്നിലായിരുന്നു രൂപാണി. രണ്ട് മണിക്കൂറുകൾക്ക ശേഷമാണ് വ്യക്തമായ ലീഡിലേക്ക് രൂപാണി എത്തിയത്. പിന്നീടും ലീഡ് നില മാറിമറിയുന്ന സ്ഥിതിയുണ്ടായി. അവസാനഘട്ടവോട്ടെണ്ണലായപ്പോഴേക്കും വ്യക്തമായ മുൻതൂക്കം രൂപാണി നേടി. ഒടുവിൽ 20,800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. മെഹ്സാനയിൽ നിന്ന് ജനവിധി നേടിയ നിധിൻ പട്ടേലും ലീഡ് നിലയിൽ പല ഘട്ടത്തിലും പിന്നാക്കം പോയി. ഒരു ഘട്ടത്തിൽ കോൺഗ്രസ്സിന്റെ ജീവ്ഭായി പട്ടേൽ വിജയം ഉറപ്പിച്ചതുമാണ്. എന്നാൽ,അവസാനവട്ട വോട്ടെണ്ണലിൽ വിജയം നിധിൻ പട്ടേലിനെ തുണച്ചു.

കോൺഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്ര-കച്ച് മേഖലയിലാണ്. ഇവിടെ കോൺഗ്രസ് സീറ്റുകൾ 16ൽനിന്ന് 31 ആയി ഉയർന്നു. ബിജെപിയുടേത് 32 സീറ്റുകളിൽനിന്ന് 22 സീറ്റുകളായി കുറഞ്ഞു. കാർഷിക മേഖലയായ ഇവിടെ കർഷകർക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിർപ്പും ബിജെപിക്ക് തിരിച്ചടിയായി എന്നുവേണം കരുതാൻ. വലിയ കർഷക സമരങ്ങൾ നടന്ന മേഖലയുമാണിത്. അതേസമയം, മധ്യഗുജറാത്തിൽ കോൺഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന സീറ്റുകൾ നിലനിർത്താനായില്ല. കഴിഞ്ഞ തവണയുണ്ടായിരുന്ന 39 സീറ്റിൽനിന്ന് 42 സീറ്റുകളിലേക്ക് ബിജെപി ഉയർന്നു. കോൺഗ്രസിന്റെ സീറ്റുനില 22ൽനിന്ന് 18ലേക്ക് കുറഞ്ഞു. മധ്യ ഗുജറാത്തിലെ പ്രകടനം മോശമായതാണ് കോൺഗ്രസിന് തിരിച്ചടി മാറിയത്.

ന്യൂനപക്ഷ മേഖലകളിലടക്കം മികച്ച നേട്ടമുണ്ടാക്കാൻ ബിജെപിക്കു സാധിച്ചു. ദളിത് മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. അതേസമയം, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നിരും വിജയിച്ചു. വടക്കൻ ഗുജറാത്തിലും സൗരാഷ്ട്രയിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രാമീണ മേഖലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നതാണ് പ്രധാന നേട്ടം.

കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP