Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി പീഡനത്തിൽ മനംനൊന്ത് പ്രവർത്തനം അവസാനിപ്പിച്ച സിപിഎം മുൻ തലശേരി നഗരസഭാംഗം മത്സരിക്കുന്നത് പി. ജയരാജനെതിരെ; പാർട്ടിക്കുള്ളിലുള്ള കൊള്ളരുതായ്മകൾ പിണറായി വിജയനോട് പോലും തുറന്ന് പറഞ്ഞ് പാർട്ടിയുടെ പടിയിറങ്ങിയ സി.ഒ.ടി നസീർ പ്രചരണ രംഗത്തെ ആവേശമാകുന്നു; നസീറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് അനുഗ്രഹമാകുമെന്നും വിലയിരുത്തൽ

പാർട്ടി പീഡനത്തിൽ മനംനൊന്ത് പ്രവർത്തനം അവസാനിപ്പിച്ച സിപിഎം മുൻ തലശേരി നഗരസഭാംഗം മത്സരിക്കുന്നത് പി. ജയരാജനെതിരെ; പാർട്ടിക്കുള്ളിലുള്ള കൊള്ളരുതായ്മകൾ പിണറായി വിജയനോട് പോലും തുറന്ന് പറഞ്ഞ് പാർട്ടിയുടെ പടിയിറങ്ങിയ സി.ഒ.ടി നസീർ പ്രചരണ രംഗത്തെ ആവേശമാകുന്നു; നസീറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് അനുഗ്രഹമാകുമെന്നും വിലയിരുത്തൽ

സജീവൻ വടക്കുമ്പാട്

കോഴിക്കോട്: പാർട്ടി പീഡനത്തിൽ മനംനൊന്ത് പ്രവർത്തനം നിർത്തിയ സിപിഎം മുൻ തലശ്ശേരി നഗരസഭാംഗം പി.ജയരാജനെതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം മുൻ തലശ്ശേരി ലോക്കൽ കമ്മറ്റി അംഗം കൂടിയായ സി.ഒ.ടി നസീറാണ് ഇന്ന് ഉച്ചക്ക് വരണാധികാരിയായ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു മുമ്പാകെ പത്രിക നൽകി പോരിനിറങ്ങിയത്. ഒരേ ലാവണത്തിൽ പയറ്റി തെളിഞ്ഞവർ കളത്തിലിറങ്ങിയതോടെ പ്രചരണ രംഗത്തും ആവേശമായി മാറി.

കമ്യൂണിസത്തിലെ ഇന്നത്തെ കൊള്ളരുതായ്മക്കെതിരെ പാർട്ടിയുടെ നേതാവായ പിണറായി വിജയനോട് പോലും പറയേണ്ട കാര്യങ്ങൾ നെഞ്ച് വിരിച്ച് പറഞ്ഞ് പാർട്ടി പ്രവർത്തനം നിർത്തി പടിയിറങ്ങിയ സി.ഒ.ടി നസീർ വീണ്ടും താരമാകുകയാണ്. തലശ്ശേരി മേഖലയിൽ യുവാക്കളുടെ സാമൂഹ്യബോധം എന്തെന്ന് കാട്ടിക്കൊടുത്ത നസീറിന്റെ കീഴിലുള്ള കീവീസ് ക്ലബ്ബ് നൽകിയ ഊർജ്ജം ഉൾക്കൊണ്ടാണ് നസീർ സിപിഎമ്മിന്റെ കരുത്തനായ പി.ജയരാജനെ തന്നെ നേരിടാൻ കളത്തിലിറങ്ങിയതും. ആം ആദ്മി പാർട്ടി നസീറിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ വഴി പിഴച്ച പോക്കിനെതിരെ ശബ്ദമുയർത്തിയ സി.ഒ.ടി നസീറിന് പാർട്ടി പീഡനം തുടർക്കഥയായിരുന്നു. ആർ.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദർശിച്ച ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നസീറിന് നേരെ ശകാര വർഷങ്ങളും ഭീഷണിയും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു.വെറുപ്പും വിധ്വേഷവും പ്രചരിപ്പിക്കൽ അല്ല രാഷ്ട്രീയം സേവനവും സൗഹാർദ്ദവും പിൻതുടരലാണെന്ന് ഓർമ്മിപ്പിച്ച് രക്തസാക്ഷി ടി.പിയുടെ പത്‌നി കെ.കെ രമചേച്ചിയുടെ കൂടെ എന്ന അടിക്കുറിപ്പോടെ നസീർ സാമൂഹ്യ മാധ്യമങ്ങളിൽ അന്ന് പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നത്.

കുലംകുത്തികൾ ഒന്നിച്ചെന്നും വർഗശത്രുക്കൾ ഒരുകുടക്കീഴിലെന്നുമൊക്കെ കമന്റുകൾ നിറഞ്ഞപ്പോൾ തന്നെ ഭീഷണിയും നസീറിനെ തേടിയെത്തിയിരുന്നു. ഇതിന് നസീർ സോഷ്യൽ മീഡിയ വഴി തന്നെ ഇട്ട മറുപടിയും പാർട്ടി സഖാക്കളെ അന്ന് ചൊടിപ്പിച്ചിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ചവരോട് ക്ഷമിച്ചതല്ലേ പിന്നെയെന്തിന് തന്നോട് കുതിരകയറുന്നതെന്ന മറുപടിയും മനുഷ്യത്വം നഷ്ടപ്പെട്ടാൽ കമ്യൂണിസ്റ്റാകില്ലെന്ന നസീറിന്റെ മറുപടിയും സിപിഎമ്മിനെ ഏറെ അന്ന് പ്രകോപിപ്പിച്ചിരുന്നു.

നേരത്തെ നസീറിന്റെ പാസ്‌പോർട്ട് കാലാവധി തീർന്ന് പുതുക്കുന്നതിനെ പാർട്ടി വിലങ്ങ് തടിയായപ്പോൾ ഈ മുൻ കൗൺസിലർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. ബിസിനസ് ആവശ്യത്തിന് ഇടക്കിടെ വിദേശ സന്ദർശനം നടത്തുന്ന യുവസംരംഭകനായ നസീറിന്റെ പാസ്‌പോർട്ടിലെ പേജുകൾ തീർന്നപ്പോൾ അത് കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയെങ്കിലും കാലാവധി തീരാറായതിനാൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകിയതോടെയാണ് പാർട്ടിക്ക് അനഭിമതനായ നസീറിനെ പഴയ ഒരു കേസിൽ കുടുക്കി പാസ്‌പോർട്ട് നിഷേധിക്കാൻ സിപിഎം രംഗത്തെത്തിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.

മുഖ്യമന്ത്രിയായിരുന്ന വേളയിൽ കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ സി.ഒ.ടി നസീറിനെ പ്രതിയാക്കിയിരുന്നു. എന്നാൽ തന്നെ പാർട്ടി നേതൃത്വം ഇതിലും കുടുക്കുകയായിരുന്നെന്ന് നസീർ പിന്നീട് വിളിച്ച് പറയുകയും ഉമ്മൻ ചാണ്ടി തലശ്ശേരി ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

പൊലിസിനെ കൂട്ടുപിടിച്ച് സിപിഎം നേതൃത്വം പാസ്‌പോർട്ട് നിഷേധിച്ചപ്പോൾ തന്റെ ബിസിനസ് തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഈ യുവ നേതാവ് പരാതിപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ 2014ൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിന്റെ പേരിലുള്ള കേസിലാണ് നസീറിന് പാസ്‌പോർട്ട് നിഷേധിച്ചിരുന്നത്. ഇതിന് പിന്നിൽ കളിച്ചത് സിപിഎം നേതൃത്വമാണെന്ന് നസീർ ഇന്നും വിശ്വസിക്കുന്നു. നേരത്തെ പാർട്ടി അംഗത്വം പുതുക്കുന്ന വേളയിൽ മത ന്യൂനപക്ഷമാണോ എന്ന കോളം നസീർ ഒഴിച്ചിട്ടിരുന്നു.

എന്നാൽ നസീർ അറിയാതെ പാർട്ടി നേതൃത്വം അത് പൂരിപ്പിച്ചു. സഖാക്കൾക്കെന്തിന് ജാതിയും മതവും എന്ന് ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് നസീർ അന്ന് കത്ത് നൽകിയിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും സഖാക്കൾക്ക് ജാതി വേണമോയെന്ന നസീറിന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം പാർട്ടിക്ക് അനഭിമതനാവുകയും ചെയ്യുകയായിരുന്നു.

തലശ്ശേരിയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ആയിരക്കണത്തിന് യുവാക്കളുടെ കൂട്ടായ്മയായ കീവിസ് ക്ലബ്ബിന്റെ ചുക്കാൻ പിടിക്കുന്ന അമരക്കാരനാണ് നസീർ. പാർട്ടിയുമായി ഇപ്പോൾ അടുത്ത ബന്ധമില്ലെങ്കിലും നസീറിന്റെ നീക്കം പാർട്ടി നേതൃത്വം നിരീക്ഷിക്കുകയാണ്. കീവീസ് ക്ലബ്ബ് കേന്ദ്രീകരിച്ച് നസീറിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ജനസമ്മിതിയും പാർട്ടി നേതൃത്വത്തെ എന്നും അങ്കലാപ്പിലാക്കാറുണ്ട്. ആം ആദ്മി പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗം ഷൗക്കത്തലി ഏരോത്ത് , സി.നൗരിഫ്, ശ്വേത, ബിനീതുകൊട്ടാരത്തിൽ, ആയിഷ ഷംന, മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കൊപ്പമെത്തിയാണ് നസീർ പത്രിക സമർപ്പിച്ചത്.

ഈ മാസം 5 മുതൽ പ്രചരണ രംഗത്ത് ഇറങ്ങാനാണ് തീരുമാനമെന്ന് നസീർ മറുനാടൻ മലയാളിയോട് പറഞ്ഞു. സോഷ്യൽ മീഡിയ വഴി നസീറിന് വേണ്ടി നേരത്തെ തന്നെ പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നസീറിന്റെ അനുയായികൾ വോട്ട് തേടുന്നത്. ഇത് സിപിഎമ്മിന് നേരെയുള്ള ഒളിയമ്പാണോയെന്നാണ് വോട്ടർമാർ ഉറ്റ് നോക്കുന്നത്. നസീർ വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു.

തലശ്ശേരിയിൽ കുടുംബപരമായും സൗഹൃദവലയത്തിലും ഏറെ കണ്ണികളുള്ള നസീറിന് നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര ഉൾപ്പെടുന്ന മേഖലയിലും നല്ല ജന ബന്ധമുണ്ട്,ഇതൊക്കെ വോട്ടാക്കി മാറ്റുകയാണ് നസീറിന്റെ ലക്ഷ്യം. ഇതിന് ചുക്കാൻ പിടിക്കാൻ യുവ നിര തന്നെ കൂടെയുണ്ട്. തലശ്ശേരി മേഖലയിലെ പൗര പ്രമുഖന്മാരായ ഡോ.എ.എൻ.പി ഉമ്മർക്കുട്ടി, എൻ.ശശിധരൻ എന്നിവരെ നേരിൽ കണ്ട് നേരത്തെ തന്നെ നസീർ അനുഗ്രഹം വാങ്ങിയിരുന്നു. നസീറിന്റെ പെട്ടിയിൽ വീഴുന്ന ഓരോ വോട്ടും സിപിഎമ്മിനെയാണ് തിരിഞ്ഞ് കുത്തുക. യു.ഡി.എഫിന് നസീറിന്റെ സ്ഥാനാർത്ഥിത്വം ഏറെ അനുഗ്രഹമാവുകയും ചെയ്യുമെന്നാണ് പലരും വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP