Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ നിയമം നടപ്പാകുമ്പോൾ എല്ലാ വോട്ടർമാരും ആധാറുമായി ബന്ധിപ്പിക്കണം; വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരും; കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകും; കള്ളവോട്ട് തടയാൻ പുതിയ നിയമം

പുതിയ നിയമം നടപ്പാകുമ്പോൾ എല്ലാ വോട്ടർമാരും ആധാറുമായി ബന്ധിപ്പിക്കണം; വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരും; കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകും; കള്ളവോട്ട് തടയാൻ പുതിയ നിയമം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി വോട്ട് ചെയ്യാൻ അധാർ കാർഡും നിർബന്ധം. വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പരുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെ നിർദേശങ്ങളടങ്ങിയ തിരഞ്ഞെടപ്പുനിയമ ഭേദഗതിബിൽ ലോക്‌സഭ പാസാക്കി. രാജ്യസഭയും ഇത് ഇന്ന് പാസാക്കുന്നതോടെ നിയമമായി ബിൽ മാറും.

ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം അവഗണിച്ചാണു കേന്ദ്ര സർക്കാർ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചതും പാസാക്കിയതും. പാർലമെന്ററി സമിതിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 2.45നു പരിഗണനയ്‌ക്കെടുത്ത ബിൽ, 3.10 ആയപ്പോഴേക്കും പാസായി. ബിൽ രാജ്യസഭ ഇന്നു പരിഗണിക്കും. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി.

കേരളത്തിൽ 2.74 കോടി വോട്ടർമാരാണുള്ളത്. പുതിയ നിയമം നടപ്പാകുമ്പോൾ ഇവരെല്ലാം ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരും. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകുമെന്നാണു നിഗമനം.

കള്ളവോട്ടിനായി പലവട്ടം പട്ടികയിൽ പേരു ചേർത്തവരും സ്ഥലം മാറിപ്പോകുമ്പോൾ പുതിയ അപേക്ഷ നൽകിയതു കാരണം പേര് ഇരട്ടിച്ചവരുമായി 20 ലക്ഷത്തോളം പേരുണ്ടെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരോപണം. ഇവരെല്ലാം പുറത്തേക്ക് പോകും. വ്യാജ വോട്ടർമാരെ ഒഴിവാക്കേണ്ടതുണ്ട്. നിലവിലെ നിയമത്തിലെ പഴുതുകൾ പരിഹരിക്കാനാണ് ഭേഗഗതിയെന്നും കേന്ദ്രം വ്യക്തമാക്കി. വോട്ടർപട്ടികയിൽ പേരുചേർക്കാൻ വർഷത്തിൽ നാലു തവണ അവസരം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പറയുന്നതെന്നും കേന്ദ്രം പ്രതികരിച്ചു. 'കള്ളവോട്ട് തടയാനാണു സർക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്രനിയമമന്ത്രാലയം കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആധാർ ഉപയോഗിക്കുന്നത് വോട്ടർമാരുടെ മേൽവിലാസമാറ്റം സുഗമമാക്കാൻ സഹായിക്കുമെന്ന് നിർദേശിച്ചിരുന്നു. വോട്ടർകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് വോട്ടർപ്പട്ടികയിലെ ഇരട്ടിപ്പും കള്ളവോട്ടും തടയാൻ സഹായിക്കും. ഇത് രാജ്യതാൽപര്യം സംരക്ഷിക്കാൻ സഹായകരമാകും.

യു ഐഡിഎ ഐയും കേന്ദ്രസർക്കാരും സമ്മതിച്ചാൽ ആധാറും വോട്ടർകാർഡും യോജിപ്പിക്കാൻ ഇപ്പോഴത്തെ ജനപ്രാതിനിധ്യനിയമം (1950), ആധാർ നിയമം (2016) എന്നിവയിൽ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല. 2015ൽ ആധാറുമായി വോട്ടർകാർഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നൽകിയില്ല. പകരം എൽപിജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമായി ആധാർ ഉപയോഗിച്ചാൽ മതിയെന്ന് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. എന്തായാലും യു ഐഎ ഡി ഐ അനുവാദം നൽകിയാൽ കള്ളവോട്ടും ഇരട്ടവോട്ടും തടയുന്നതിന് അത് ഫലപ്രദമായ മാർഗ്ഗമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ് ആധാർ.

വോട്ടർപട്ടിക തയ്യാറാക്കാൻ ആധാർ ഉപയോഗിക്കാമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം എഴുതി നൽകിയ ചോദ്യത്തിന് ഉത്തരമായി ലോക്സഭയിൽ പ്രസ്താവിച്ചിരുന്നു. ആധാർ ഉപയോഗിക്കുന്നത് വോട്ടറുടെ ഐഡിയുടെ ആധികാരികത കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് കള്ളവോട്ടിലൂടെയും ഇരട്ടവോട്ടിലൂടെയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ഫലപ്രദമായി തടയിടും.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രൊജക്ട് വിജയകരമായതോടെയാണ് ഭേദഗതി അവതരിപ്പിച്ചതെന്നും ഇത് നിലവിൽ വരുന്നതോടെ ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാനാകൂവെന്നും സർക്കാർ പറഞ്ഞു.ഭൂമി ഇടപാടും ഇത്തരത്തിൽ ആധാർ ബന്ധിതമാക്കും. എന്നാൽ ഇതിന് സർക്കാർ നിർബന്ധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വോട്ടർ കാർഡിൽ പേര് ചേർക്കാൻ ഇനി ആധാർ കാർഡ് നമ്പരും ചോദിക്കാം എന്നാൽ ഇത് ഹാജരാക്കാൻ കഴിയാത്തതിനാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാതിരിക്കരുതെന്നും അവർക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുമതി നൽകണമെന്നും ബില്ലിൽ പറയുന്നു. സൈനികർക്ക് നാട്ടിൽ വോട്ടർപട്ടികയിൽ പങ്കാളിക്കൊപ്പം പേര് ചേർക്കുന്നതിനും അനുമതി ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP