Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിലെ പൊരിവെയിലിൽ നിന്നും നാട്ടിലെ കൊടും വെയിലേറ്റ് നടക്കുന്നത് പ്രചരണച്ചൂടിന്റെ ആവേശം മൂലം; ഗൾഫ് ഞങ്ങളുടെ അന്നമാണെന്നും പാർട്ടിയാണ് ഞങ്ങളുടെ വികാരമെന്നും ഉച്ചത്തിൽ വിളിച്ച് നാട്ടിലെത്തിയ പ്രവാസികൾ; ലീവ് നീട്ടി പ്രചരണ രംഗത്ത് സജീവമാകുമ്പോഴും ഇവർക്ക് പറയാനുള്ളത് ടിക്കറ്റ് നിരക്കിലെ കൊള്ളയും പ്രവാസികളുടെ മൃതദ്ദേഹം 'തൂക്കി നോക്കി' നിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള പരാതികൾ

ഗൾഫിലെ പൊരിവെയിലിൽ നിന്നും നാട്ടിലെ കൊടും വെയിലേറ്റ് നടക്കുന്നത് പ്രചരണച്ചൂടിന്റെ ആവേശം മൂലം; ഗൾഫ് ഞങ്ങളുടെ അന്നമാണെന്നും പാർട്ടിയാണ് ഞങ്ങളുടെ വികാരമെന്നും ഉച്ചത്തിൽ വിളിച്ച് നാട്ടിലെത്തിയ പ്രവാസികൾ; ലീവ് നീട്ടി പ്രചരണ രംഗത്ത് സജീവമാകുമ്പോഴും ഇവർക്ക് പറയാനുള്ളത് ടിക്കറ്റ് നിരക്കിലെ കൊള്ളയും പ്രവാസികളുടെ മൃതദ്ദേഹം 'തൂക്കി നോക്കി' നിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള പരാതികൾ

ജംഷാദ് മലപ്പുറം

മലപ്പറം: ഗൾഫ് ജീവിതമാണ് ഞങ്ങളുടെ അന്നം, ജീവിതത്തിന്റെ നല്ലൊരു ഭാഗം അതുകൊണ്ടു തന്നെയാണ് അവിടെ ചെലവിടുന്നത്. എന്നാൽ നാട്ടിലെ ചെറിയ വിശേഷങ്ങൾ പോലും അറിയാൻ വളരെ ആഗ്രഹമുണ്ട്, നാട്ടിലുണ്ടായിരുന്ന സമയത്തൊന്നും ഇക്കാര്യങ്ങളിലൊന്നും വലിയ താൽപര്യമുണ്ടായിരുന്നില്ല, പക്ഷെ നാടുവിട്ടുപോയപ്പോഴാണ് ഇവയെല്ലാം മിസ്സ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇത്തവണ അവധിയെടുത്ത് നാട്ടിലെത്തിയത് വോട്ട്ചെയ്യുക മാത്രമല്ല ലക്ഷ്യം, പ്രചരണ രംഗത്ത് സജീവമാകുകയും വേണം. മലപ്പുറം സ്വദേശിയും മുസ്ലിംലീഗ് പ്രവർത്തകനുമായ സമീറിന്റെ വാക്കുകളാണിത്, സമീറിന്റെ സുഹൃത്തുക്കളായ പലരും തെരഞ്ഞെടുപ്പ് പ്രചരണത്തിനും വോട്ടു ചെയ്യാനുമായി ഇനിയും നാട്ടിൽ വരാനിരിക്കുകയാണ്, നിരവധി പ്രവാസികളാണ് തെരഞ്ഞെടുപ്പിനായി നാട്ടിലേക്കു വന്നുകൊണ്ടിരിക്കുന്നത്.

പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രചരണം ശക്തമാക്കാനായാണ് കോട്ടക്കൽ കാവതിക്കുളത്തെ ഒരു കൂട്ടം പ്രവാസി യുവാക്കൾ തങ്ങളുടെ ലീവ് നീട്ടി പ്രചരണ രംഗത്ത് സജീവമാകുന്നത്. ഉള്ളാടശ്ശേരി സഹീർ, അരീകാടൻ ശുകൂർ, അരീക്കാടൻ ജാബിർ എന്നിവരാണ് ലീവ് നീട്ടി പ്രചരണ രംഗത്ത് സജീവമായിട്ടുള്ളത്. നാട്ടിൽ എത്തിയ സമയം തെരഞ്ഞെടുപ്പ് ആയതിനാൽ മൂന്നു പേരും ലീവ് ആവശ്യപെടുകയായിരുന്നു വാശിയേറിയ മത്സരം നടക്കുന്ന പൊന്നാനി മണ്ഡലത്തിൽ ദിവസവും പ്രവാസി സുഹൃത്തുക്കളെയും കുടുബത്തിലെ വോട്ടർമാരെ കണ്ടു പ്രചരണം നടത്തുകയാണ്. വേനലിന്റ ചൂട് കൂടിയെങ്കിലും ഇവർക്കതൊന്നും ഒരു പ്രശ്നമല്ല, പൊന്നാനിയിൽ 2004ൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുന്നത് 102758 വോട്ടുകൾക്കാണെങ്കിൽ 2009ൽ അത് 82684ആയും 2014ൽ 25410ആയും ഭൂരിപക്ഷം കുറഞ്ഞത് എൽഡിഎഫിന് ശക്തി കൂടിയതായി പറയുന്നുണ്ടെങ്കിലും ഇത്തവണ ഇ.ടി ഭൂരിപക്ഷം കൂട്ടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

ഞങ്ങളുടെ പ്രശ്നങ്ങൾ

രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം എത്തിച്ചു തരുന്നവരാണ് ഞങ്ങൾ പ്രവാസികൾ. ഇന്ത്യ പോലെ ഒരു രാജ്യത്തിന്റെ സാമ്പത്തിക നെടുംതൂൺ എന്ന് വരെ വിശേഷിപ്പിക്കാവുന്ന വിഭാഗം. എന്നാൽ, പ്രവാസത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും എന്നും അവഗണനകൾ മാത്രം നേരിടുന്നവരാണ് ഞങ്ങൾ. കാലങ്ങളായിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് നടുവിലാണ് രാജ്യത്തെ പ്രവാസി സമൂഹം. രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. പ്രവാസികളുെട പ്രശ്നങ്ങൾ കൂടി സജീവമായി ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ്. എന്നാൽ, മറ്റ് പല വിഷയങ്ങളും കയറി വരുന്നതോടെ തെരഞ്ഞെടുപ്പ് കാലത്ത് എന്നും പരിധിക്ക് പുറത്താണ് പ്രവാസി വിഷയങ്ങൾ. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. വരുന്ന തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയും വിജയിക്കുന്നവർ പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം തേടേണ്ടതുമായ പ്രവാസി വിഷയങ്ങൾ പരിശോധിക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്.

ടിക്കറ്റ് നിരക്കിലെ കൊള്ള

എത്രയോ വർഷങ്ങളായി ഉന്നയിച്ചിട്ടും ഇന്ന് പരിഹാരമാകാതെ കിടക്കുന്ന ഒന്നാണ് പ്രവാസികളുടെ വിമാന യാത്രനിരക്ക്. പത്തും പതിനഞ്ചും മണിക്കൂർ തുടർച്ചയായി പറക്കുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോഴാണ് നാല് മണിക്കൂർ ദൈർഘ്യമുള്ള ഗൾഫ് സെക്ടറിലേക്ക് വിമാന കമ്പനികൾ വൻതുക ഈടാക്കുന്നത്. പതിറ്റാണ്ടുകളായിട്ടും പ്രശ്ന പരിഹാരത്തിന് ഒരു വഴി തേടാൻ പോലും ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിഹാരമുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല എന്നതാണ് യാഥാർഥ്യം.

പ്രവാസികളുടെ മൃതദേഹങ്ങൾ തൂക്കിനോക്കി നിരക്ക് നിശ്ചയിക്കൽ

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ തൂക്കിനോക്കിയാണ് ഇത്രയും കാലം രാജ്യത്തേക്ക് എത്തിച്ചിരുന്നത്. മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന പ്രാകൃത രീതിക്ക് മാറ്റം വന്നത് ഈ വർഷം ജനുവരിയിലാണ്. ഇന്ത്യയെക്കാളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അവരുടെ പൗരന്മാരുടെ മൃതദേഹം സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. അപ്പാഴും മറ്റു രാജ്യങ്ങൾ ചെയ്യുന്ന രീതിയിൽ സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്രം തയ്യാറല്ല. എമിഗ്രേഷൻ ഫണ്ട് എന്ന ഇനത്തിൽ പ്രവാസികളിൽ നിന്നും പിരിച്ച 33,000 കോടിയോളം രൂപ ഇപ്പോഴും കേന്ദ്ര സർക്കാറിന്റെ കൈവശമുണ്ട്. ഈ തുക പിരിക്കുന്നത് അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും പ്രവാസി ക്ഷേമത്തിനായി ഇതുവരെ ചെലവഴിച്ചിട്ടില്ല.

വീടില്ലാത്തവർക്കായി നിരവധി ഭവന പദ്ധതികളാണ് നിലവിലുള്ളത്. പ്രവാസികളാകുന്നതോടെ എല്ലാ ഭവന പദ്ധതികളിൽ നിന്നും ഇവർ പൂർണമായും പുറത്താണ്. കുറഞ്ഞ വരുമാനത്തിൽ വിദേശത്ത് ജോലി ചെയ്യുന്നവരെയും ഭവന പദ്ധതികളുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തണം. ശതകോടീശ്വരന്മാരെ മാത്രം ഉൾപ്പെടുത്തിയുള്ള പ്രവാസി പരിപാടികൾ സർക്കാർ ഉപേക്ഷിക്കണം. സാധാരണക്കാരായ പ്രവാസികളെ ഉൾപ്പെടുത്തി അവർക്ക് നാട്ടിൽ തൊഴിൽ ചെയ്തു ജീവിക്കാൻ സാധിക്കുന്ന പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാകണം ഇത്തരം ദിനാഘോഷം.

ഗൾഫ് നാടുകളിലെ സ്വദേശിവത്കരണത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവർക്ക് സംസ്ഥാന സർക്കാർ പുനരധിവാസത്തിനായി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക ചലനമൊന്നും ഇവയുണ്ടാക്കിയിട്ടില്ല. തിരിച്ചുവരുന്നവരെല്ലാം വിവിധ തൊഴിലുകളിൽ വൈദഗ്ധ്യം നേടിയവരാണ്. ഇവരെ ഉൾപ്പെടുത്തി സിയാൽ മാതൃകയിൽ പ്രവാസി പുനരധിവാസ ബോർഡ് രൂപവത്കരിച്ചു സർക്കാർ നിയന്ത്രണത്തിൽ പദ്ധതികൾ കൊണ്ടുവരണം. ഇതിനായി പ്രവാസികളിൽ നിന്ന് തന്നെ നിക്ഷേപവും സ്വീകരിക്കാൻ സാധിക്കും. കാർഷിക മേഖലക്ക് നൽകുന്ന അതേ പ്രാധാന്യം തിരിച്ചുവരുന്ന പ്രവാസികൾക്കും ലഭിക്കണം.

പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് ചെയ്യണമെങ്കിൽ ഇത്തവണയും നാട്ടിലെത്തണം. ലോക്സഭ പാസാക്കിയെങ്കിലും പ്രോക്സി വോട്ട് ബിൽ രാജ്യസഭയിൽ കൊണ്ടു വരാനോ ഓർഡിനൻസ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. പ്രവാസികൾക്ക് വോട്ടവകാശം അനുവദിച്ച് 2010ൽ ജനപ്രാതിനിധ്യ നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് ഒരു പതിറ്റാണ്ടായിട്ടും നീണ്ടുപോകുന്നത്. വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ രണ്ടാംതരം പൗരന്മാരെ പോലെയാണ് ഗൾഫിൽ നിന്നും വരുന്ന പ്രവാസികളോട് പെരുമാറുന്നത്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിലാണ് ഇത് പ്രകടമായി കാണുന്നത്. ഒരു ദിവസം എട്ടായിരത്തോളം അന്താരാഷ്്ട്ര യാത്രക്കാരുള്ള കരിപ്പൂരിൽ വിരലിലെണ്ണാവുന്നവർ മാത്രം നടത്തുന്ന സ്വർണകടത്ത് തടയുന്നതിന് വേണ്ടിയാണത്രേ മോശം പെരുമാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP