Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് വൻ അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ് ; ബാലുശേരിയിൽ ധർമജൻ, വടകരയിൽ രമ; നാദാപുരവും കൊയിലാണ്ടിയും യുഡിഎഫ്; കൊടുവള്ളിയിൽ എം കെ മുനീറും ബേപ്പൂരിൽ റിയാസും പിന്നിലെന്നും മനോരമ; പേരാവൂർ എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ്

കോഴിക്കോട് വൻ അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ് ; ബാലുശേരിയിൽ ധർമജൻ, വടകരയിൽ രമ; നാദാപുരവും കൊയിലാണ്ടിയും യുഡിഎഫ്; കൊടുവള്ളിയിൽ എം കെ മുനീറും ബേപ്പൂരിൽ റിയാസും പിന്നിലെന്നും മനോരമ; പേരാവൂർ എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഭരണത്തുടർച്ച പ്രവചിക്കുമ്പോഴും പല മണ്ഡലങ്ങളിലും വലിയ അട്ടിമറികൾ നടന്നേക്കുമെന്ന സൂചന പുറത്തുവിടുന്നു. കോഴിക്കോട് ജില്ലയിൽ വൻ അട്ടിമറികൾ നടക്കുമെന്നാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം പ്രവചിക്കുന്നത്. വടകരയിൽ പൊരിഞ്ഞ പോരാട്ടമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ കെ.കെ.രമ മുന്നിലെത്തും. മനയത്ത് ചന്ദ്രനേക്കാൾ 2% വോട്ടിന് മുന്നിലാണ് കെ.കെ.രമയെന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 36.80%, എൽഡിഎഫ് 34.80%, എൻഡിഎ 15.10% വോട്ടും നേടും. വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ.രമ 2 % മാർജിനിൽ എൽജെഡിയിലെ മനയത്ത് ചന്ദ്രനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി.കെ.നാണു 7.34% (9511 വോട്ട്) മാർജിനിൽ വിജയിച്ച മണ്ഡലമാണ്. 2016ൽ കെ.കെ.രമ ഒറ്റയ്ക്കുനിന്ന് 15.82 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ 4.8% വോട്ട് പിടിച്ച മറ്റുകക്ഷികൾക്ക് ഇത്തവണ പ്രവചിക്കുന്ന വിഹിതം 13.30 %. എസ്ഡിപിഐ സ്ഥാനാർത്ഥിയും കെ.കെ.രമയുടെ അപരസ്ഥാനാർത്ഥികളും കൂടുതൽ വോട്ട് പിടിക്കും.

നാദാപുരത്ത് അട്ടിമറിയെന്നാണ് എക്‌സിറ്റ് പോളിലെ പ്രവചനം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ യുഡിഎഫ് 2.80% മുന്നിലെന്ന് പ്രവചനം പറയുന്നു. കെ.പ്രവീൺ കുമാർ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 43.80 %, എൽഡിഎഫ് 41.00%, എൻഡിഎ 8.80 %. 2.80 % വ്യത്യാസത്തിൽ കോൺഗ്രസിലെ കെ.പ്രവീൺ കുമാർ സിപിഐയിലെ സിറ്റിങ് എംഎൽഎ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. 2016ൽ ഇ.കെ.വിജയൻ പ്രവീൺ കുമാറിനെ തോൽപ്പിച്ചത് 2.92 ശതമാനത്തിന്റെ (4759 വോട്ട്) മാർജിനിലായിരുന്നു. ബിജെപി വോട്ടിൽ ഇത്തവണ നേരിയ കുറവ് കാണുന്നു. ഇത്തവണ മറ്റുള്ളവർ 6.40 % വോട്ട് നേടുമെന്ന് പ്രവചനം.

കൊയിലാണ്ടിയിൽ തീപാറും എന്നാണ് പ്രവചനം. എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് മുന്നിലെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. എൻ.സുബ്രഹ്മണ്യന്റെ ലീഡ് ഒരുശതമാനം മാത്രമാണ്. വോട്ടുശതമാനം: യുഡിഎഫ് 38.40 %, എൽഡിഎഫ് 37.40%, എൻഡിഎ 12.50% വോട്ടും നേടും. കടുത്ത പോരാട്ടത്തിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ യുഡിഎഫിലെ എൻ.സുബ്രഹ്മണ്യൻ എൽഡിഎഫിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കാനത്തിൽ ജമീലയെ പരാജയപ്പെടുത്തുമെന്ന് പ്രവചനം. 2016ൽ കെ.ദാസൻ 8.70 % മാർജിനിൽ (13369 വോട്ട്) എൻ.സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയ മണ്ഡലമാണ്. ഇത്തവണ ബിജെപിക്ക് വോട്ട് കുറയുമെന്ന് എക്‌സിറ്റ് പോൾ. 11.80 % വോട്ട് മറ്റുള്ളവർക്ക് പോകുമെന്നാണ് പ്രവചനം. ഇതു നിർണായകമായേക്കാം.

കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. ബിജെപിയിലെ നവ്യ ഹരിദാസ് രണ്ടാമതെത്തുമെന്നതാണ് ശ്രദ്ധേയ പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 46.40 %, എൻഡിഎ 28.70 %, എൽഡിഎഫ് 22.20 ശതമാനം വോട്ടും നേടും. വലിയ വ്യത്യാസത്തിൽ (17.70%) യുഡിഎഫ് സ്ഥാനാർത്ഥി നൂർബീന റഷീദ് ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.കെ.മുനീർ 5.47% മാർജിനിൽ ജയിച്ച മണ്ഡലത്തിലാണ് ലീഗിന്റെ ഏക വനിതാസ്ഥാനാർത്ഥി മികച്ച ലീഡ് നേടുന്നത്. ബിജെപി രണ്ടാംസ്ഥാനത്ത് വരുന്നു എന്ന രാഷ്ട്രീയ അട്ടിമറി കൂടിയുണ്ട്. ഐഎൻഎൽ മൂന്നാമതാകും. 28.70 % ആണ് ബിജെപിയുടെ നവ്യ ഹരിദാസിന് പ്രവചിക്കുന്ന വിഹിതം.

ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ധർമജന് സച്ചിൻ ദേവിനുമേൽ ഒരുശതമാനം വോട്ടിന്റെ ലീഡെന്ന് പ്രവചനം പറയുന്നു. വോട്ടുശതമാനം: യുഡിഎഫ് 44.00 %, എൽഡിഎഫ് 43.00%, എൻഡിഎ 10.20 % വോട്ടും നേടും. കടുത്ത പോരാട്ടത്തിൽ ഒരുശതമാനം വോട്ടിന് യുഡിഎഫിലെ ധർമജൻ ബോൾഗാട്ടി എസ്എഫ്‌ഐ നേതാവ് കെ.എം.സച്ചിൻ ദേവിനെ മറികടക്കുമെന്ന് പ്രവചനം. യാഥാർഥ്യമായാൽ ഈ തിരഞ്ഞെടുപ്പിലെ യഥാർഥ അട്ടിമറികളിലൊന്നാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി 8.86 % വോട്ട് വ്യത്യാസത്തിൽ (15464 വോട്ട്) ജയിച്ച മണ്ഡലമാണ്. ഇത്തവണ ബിജെപി വോട്ടിൽ നേരിയ കുറവ് കാണുന്നു.

ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് പിന്നിലെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ. ബേപ്പൂരിൽ യുഡിഎഫ് 3.10 % വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു. യുഡിഎഫ് വോട്ടിലും ബിജെപി വോട്ടിലും വർധനയ്ക്ക് സാധ്യതയേറെ കാണുന്നതാണ് സർവേ. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.30%, എൽഡിഎഫ് 38.20%, എൻഡിഎ 19.80% വോട്ടും നേടും. വി.കെ.സി. മമ്മദ് കോയ 9.22 % മാർജിനിൽ (14363 വോട്ട്) കഴിഞ്ഞ തവണ വിജയിച്ച ബേപ്പൂരിൽ മുഖ്യമന്ത്രിയുടെ മരുമകൻ പി.എ.മുഹമ്മദ് റിയാസ് തോൽക്കുമെന്നാണ് പ്രവചനം. ബിജെപി നേരിയതോതിൽ വോട്ട് വർധിപ്പിക്കുമെന്ന് എക്‌സിറ്റ് പോൾ.

കുന്നമംഗലത്ത് അട്ടിമറി സൂചനയാണ് എക്‌സിറ്റ് പോൾ നൽകുന്നത്. സിറ്റിങ് എംഎൽഎ പി.ടി.എ.റഹീം 5.30% വോട്ടിന് പിന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചനം പറയുന്നു. യുഡിഎഫ് വോട്ടിൽ ഗണ്യമായ വർധന പ്രവചിച്ച് എക്‌സിറ്റ് പോൾ സീറ്റുറപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 41.60 %, എൽഡിഎഫ് 36.30 %, എൻഡിഎ 18.40 % എന്നിങ്ങനെയാണ് വോട്ടിങ് നില. സിറ്റിങ് എംഎൽഎ പിടിഎ റഹീമിനെ ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ 5.30% വോട്ടിന് പിന്നിലാക്കുമെന്നാണ് എക്‌സിറ്റ് പോൾ. കഴിഞ്ഞതവണ 6.21 % വോട്ട് വ്യത്യാസത്തിലാണ് (11205 വോട്ട്) പി.ടി.എ.റഹീം വിജയിച്ചത്. ഇത്തവണ മറ്റുള്ളവർക്ക് 3.80 % വോട്ട് വിഹിതം കാണുന്നു. ബിജെപി വോട്ടിൽ നേരിയ മാറ്റം മാത്രം.

കൊടുവള്ളിയിൽ എം.കെ.മുനീർ പിന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. സിറ്റിങ് എംഎ‍ൽഎ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ടിന് മുന്നിലെന്ന് പ്രവചനം സൂചിപ്പിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 41.50 %, യുഡിഎഫ് 40.50%, എൻഡിഎ 9.90 % എന്നിങ്ങനെയാണ് വോട്ടുശതമാനക്കണക്ക്. കടുത്ത മൽസരത്തിനൊടുവിൽ സിറ്റിങ് എംഎൽഎ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ട് വ്യത്യാസത്തിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. ഇത് സംഭവിച്ചാൽ വലിയ രാഷ്ട്രീയ അട്ടിമറി കൂടിയാകും. മണ്ഡലം മാറിവന്ന എം.കെ.മുനീറാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് ഒന്നരശതമാനം വോട്ട് വർധിക്കുമെന്ന് പ്രവചനം. കഴിഞ്ഞ തവണയുടെ തലനാരിഴയ്ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. മാർജിൻ 0.42 % (573 വോട്ട്). ഇത്തവണ ഇവിടെ മറ്റുള്ളവർ 8.10 % വോട്ട് നേടുമെന്ന് പ്രവചനം. 3.71 % ആണ് 2016ൽ മറ്റുള്ളവർ നേടിയത്. എസ്ഡിപിഐയും എം.കെ.മുനീറിന്റെ അപരന്മാരും കാര്യമായി വോട്ട് പിടിക്കുമെന്ന സൂചനയാകാം ഇത്.

തിരുവമ്പാടിയിൽ യുഡിഎഫ് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ലീഗിലെ സി.പി.ചെറിയമുഹമ്മദിന് പ്രവചിക്കുന്ന മാർജിൻ 9.50% ആണ്. വോട്ടുവിഹിതം നോക്കാം: യുഡിഎഫ് 47.40%, എൽഡിഎഫ് 37.90 %, എൻഡിഎ 10.80 ശതമാനം വോട്ടും നേടാം. മുസ്‌ലിം ലീഗിലെ സി.പി.ചെറിയ മുഹമ്മദ് 9.50 % മാർജിനിൽ സിപിഎമ്മിലെ ലിന്റോ ജോസഫിനെ തോൽപിക്കുമെന്ന് എക്‌സിറ്റ് പോൾ. കഴിഞ്ഞ തവണ എൽഡിഎഫിലെ ജോർജ് എം.തോമസ് 2.22% വ്യത്യാസത്തിൽ (3008 വോട്ട്) വിജയിച്ച മണ്ഡലമാണ്. എൻഡിഎ വോട്ട് വിഹിതം വർധിപ്പിക്കുമെന്ന് പ്രവചനം.

മന്ത്രി ടി.പി.രാമകൃഷ്ണൻ പേരാമ്പ്ര നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. ടി.പി.രാമകൃഷ്ണൻ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും പ്രവചനം. വോട്ടുശതമാനം ഇങ്ങനെയാണ്: എൽഡിഎഫ് 46.30 %, യുഡിഎഫ് 40.50%, എൻഡിഎ 10.10% വോട്ടും നേടും. മാർജിൻ 5.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.67 % (4101 വോട്ട്) ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപി വോട്ട് ഇത്തവണ 4 ശതമാനമെങ്കിലും വർധിക്കുമെന്ന് എക്‌സിറ്റ് പോൾ. യുഡിഎഫിന് 4 ശതമാനം വോട്ട് കുറയും.

കുറ്റ്യാടി സിറ്റിങ് സീറ്റിൽ യുഡിഎഫിന് എൽഡിഎഫിനുമേൽ 1.10% മാത്രം ലീഡോടെ ജയമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മറ്റുകക്ഷികൾ ഇവിടെ നിർണായകം ആകുമെന്നും സൂചനയുണ്ട്. എക്‌സിറ്റ് പോളിലെ മറ്റുള്ളവരുടെ വോട്ട് വിഹിതം 9.10% ആണ്. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.00 %, എൽഡിഎഫ് 39.90 %, എൻഡിഎ 10.00 ശതമാനം വോട്ടും നേടും. കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫ് 1.10 % വോട്ടിന് മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം. പാറയ്ക്കൽ അബ്ദുല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ മാർജിൻ 0.73 % (1157 വോട്ട്). ഇത്തവണ മറ്റുള്ളവർ 9.10 % വോട്ട് നേടുമെന്നാണ് പ്രവചനം.

എലത്തൂരിൽ എ.കെ.ശശീന്ദ്രൻ വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എ.കെ.ശശീന്ദ്രൻ 2016ലെ ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചനമാണ്. വോട്ടുശതമാനം: എൽഡിഎഫ് 50.30%, യുഡിഎഫ് 28.50 %, എൻഡിഎ 17.00% എന്നിങ്ങനെയാണ് വോട്ടുശതമാനം. മന്ത്രി എ.കെ.ശശീന്ദ്രൻ അനായാസം മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 21.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18.51 % (29057 വോട്ട്) ആയിരുന്നു ശശീന്ദ്രന്റെ ഭൂരിപക്ഷം. ബിജെപി വോട്ടിൽ നേരിയ കുറവ് കാണുന്നു. എൻസിപി പിളർന്നുണ്ടായ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ ആദ്യമൽസരം. എ.കെ.ശശീന്ദ്രൻ നേരിട്ട ആരോപണങ്ങളും പാർട്ടിയിൽ ഉയർന്ന എതിർപ്പും വോട്ടർമാരെ കാര്യമായി സ്വാധീനിച്ചില്ലെന്ന് കരുതണം.

മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് നോർത്ത് നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 13.90 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.പ്രദീപ് കുമാർ നേടിയ മാർജിൻ 21.02 % ആയിരുന്നു. കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്താണ് യുഡിഎഫ് സ്ഥാനാർത്ഥി. എം ടി.രമേശ് മത്സരിച്ചിട്ടും ബിജെപി വോട്ടിൽ വൻ ഇടിവുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ. തോട്ടത്തിൽ രവീന്ദ്രൻ എക്‌സിറ്റ് പോളിൽ 13.90% വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം: എൽഡിഎഫ് 48.80%, യുഡിഎഫ് 34.90 %, എൻഡിഎ 15.90 % എന്നിങ്ങനെയാണ് വോട്ടുനില.

കാസർകോട് ജില്ലയിലെ ഉദുമയിൽ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് അട്ടിമറിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ. 1.20 % വോട്ടിന് കോൺഗ്രസിലെ സി.ബാലകൃഷ്ണൻ സി.എച്ച് കുഞ്ഞമ്പുവിനെ മറികടക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സി.ബാലകൃഷ്ണൻ 43.40 ശതമാനം, എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.കുഞ്ഞമ്പു 42.20, എൻഡിഎ 12.70 എന്നിങ്ങനെയാണ് വോട്ടുനില. 2016 ൽ കെ.കുഞ്ഞിരാമൻ കെ.സുധാകരനെ തോൽപ്പിച്ച മാർജിൻ 2.38 % (3832 വോട്ട്). ഇത്തവണ എൽഡിഎഫിന്റെ വോട്ട് വിഹിതവും കുറയുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

കണ്ണൂരിൽ സതീശൻ പാച്ചേനി അട്ടിമറി വിജയം നേടുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കുമേൽ സതീശൻ പാച്ചേനിക്ക് 3.60 % ലീഡുണ്ടാകും എന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 41.00 %, എൽഡിഎഫ് 37.40 %, എൻഡിഎ 14.60 %, മറ്റുള്ളവർ 7.00 ശതമാനം വോട്ടും നേടും. സതീശൻ പാച്ചേനി 3.60 % മാർജിനിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തവണ രാമചന്ദ്രൻ കടന്നപ്പള്ളി 0.95 % (1,196 വോട്ട്) മാർജിനിലാണ് പാച്ചേനിയെ മറികടന്നത്. മറ്റുള്ളവർക്ക് ഇത്തവണ 7.10% വോട്ട് ലഭിക്കും. കഴിഞ്ഞ തവണ 4.37% ആയിരുന്നു. ബിജെപി വോട്ടിലെ വർധനയും മറ്റുള്ളവർ പിടിക്കുന്ന വോട്ടുകളും എൽഡിഎഫിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് വ്യക്തം. യുഡിഎഫ് വിഹിതത്തിലും നേരിയ കുറവുണ്ട്.

അതേ സമയം കണ്ണൂർ ജില്ലയിൽ യുഡിഎഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് എന്ന് വിശേഷിപ്പിക്കാറുള്ള മണ്ഡലമായ പേരാവൂർ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായ സണ്ണി ജോസഫിനെ അട്ടിമറിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈൻ ഇക്കുറി നിയമസഭയിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം. സ്മിത ജയമോഹനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരമാണ് ഇവിടെ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP