Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലായിൽ മാണി സി കാപ്പനെ ജോസ് കെ.മാണി അട്ടിമറിക്കും; കോട്ടയത്ത് എട്ട് മണ്ഡലങ്ങൾ എൽഡിഎഫ് നേടുമെന്ന് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ; എൽഡിഎഫ് അഞ്ച് മണ്ഡലങ്ങളിൽ ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്സിറ്റ് പോൾ; യുഡിഎഫിന് മൂന്ന് മാത്രം; പൂഞ്ഞാറിൽ ജോർജ് കോട്ട കാക്കുമെന്നും പ്രവചനം

പാലായിൽ മാണി സി കാപ്പനെ ജോസ് കെ.മാണി അട്ടിമറിക്കും; കോട്ടയത്ത് എട്ട് മണ്ഡലങ്ങൾ എൽഡിഎഫ് നേടുമെന്ന് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ; എൽഡിഎഫ് അഞ്ച് മണ്ഡലങ്ങളിൽ ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്സിറ്റ് പോൾ; യുഡിഎഫിന് മൂന്ന് മാത്രം; പൂഞ്ഞാറിൽ ജോർജ് കോട്ട കാക്കുമെന്നും പ്രവചനം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: പാലായിൽ കടുത്ത പോരിനൊടുവിൽ ജോസ് കെ.മാണി മുന്നിലെന്ന് മനോരമ ന്യൂസിന്റെയും മാതൃഭൂമി ന്യൂസിന്റെയും എക്‌സിറ്റ്‌പോൾ ഫലങ്ങൾ. കേരള കോൺഗ്രസ് എം പാലാ തിരിച്ചുപിടിക്കുമെന്നാണു പ്രവചനം. ജോസ് കെ.മാണി മാണി സി.കാപ്പനേക്കാൾ 6.10% വോട്ടിന് മുന്നിലെത്തുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

ജോസ് കെ മാണി വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേയും പ്രവചിക്കുന്നത്. 2016ൽ കെ എം മാണി 4703 വോട്ടിനും 2019ൽ മാണി സി കാപ്പനും(എൽഡിഎഫ്)വിജയിച്ച മണ്ഡലമാണ് പാലാ. ജോസ് കെ മാണി(എൽഡിഎഫ്)മാണി സി കാപ്പൻ(യുഡിഎഫ്),ജെ പ്രമീളാ ദേവി(എൻഡിഎ)എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ (11 പേർ) മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിൽ ഒന്നാണ് പാലാ.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ് നേടുമെന്നും മൂന്ന് മണ്ഡലങ്ങൾ യുഡിഎഫ് ജയിക്കുമെന്നും മനോരമയുടെ പ്രവചനം. പൂഞ്ഞാർ മണ്ഡലം പി സി ജോർജ് നിലനിർത്തുമെന്നും മനോരമ ന്യൂസിന്റെ സർവെ വിലയിരുത്തുന്നു. അതേ സമയം കോട്ടയത്ത് എൽഡിഎഫ് -8, യുഡിഎഫ് -1 എന്നതാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത്.

കടുത്തുരുത്തി യുഡിഎഫിന് ഒപ്പം നിൽക്കുമെന്നാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ ഫലം. മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നേരിട്ട ഏറ്റവും കടുത്ത പോരാട്ടമാണ് ഇക്കുറി. കഴിഞ്ഞ തവണ 33.23 % മാർജിനിൽ (42256 വോട്ട്) തകർപ്പൻ ജയം നേടിയ മോൻസിന് എക്‌സിറ്റ് പോൾ പ്രവചിക്കുന്ന മാർജിൻ 2.90 % മാത്രം.

കേരള കോൺഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായ കടുത്തുരുത്തി നിലനിർത്താൻ മോൻസിന് കഴിഞ്ഞാൽ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്നാകും. മോൻസിന്റെ വോട്ട് വിഹിതത്തിൽ 15.23 % ഇടിവാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 15.1% വർധനയും കാണുന്നു. എൻഡിഎ വോട്ടിൽ കാര്യമായ വ്യത്യാസമില്ല.

വൈക്കത്ത് സിപിഐയ്ക്ക് അനായാസജയം പ്രവചിച്ച് എക്‌സിറ്റ് പോൾ. സിറ്റിങ് എംഎൽഎ സി.കെ.ആശ 24.30 % വോട്ടിന് മുന്നിലെത്തും. മൂന്ന് വനിതകളുടെ പോരാട്ടത്തിൽ 24.30% എന്ന വമ്പൻ മാർജിനിൽ ആശ കോൺഗ്രസിലെ പി.ആർ.സോനയെ മറികടക്കും. 2016ൽ 18.62% (24584 വോട്ട്) മാർജിനിൽ വിജയിച്ച ആശ ഭൂരിപക്ഷം വർധിപ്പിക്കും. കോൺഗ്രസിനും ബിഡിജെഎസിനും ഒന്നുമുതൽ രണ്ടുശതമാനം വരെ വോട്ട് നഷ്ടമുണ്ടാകും.

ഏറ്റുമാനൂരിൽ വി.എൻ.വാസവൻ 7.60% വോട്ടിന് മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യത അടച്ച് ലതിക സുഭാഷിന്റെ സാന്നിധ്യം തെളിയുന്നു. കോൺഗ്രസ് വിമത ലതിക സുഭാഷിന്റെ സ്ഥാനാർത്ഥിത്വം ഏറ്റുമാനൂരിൽ പ്രതീക്ഷിച്ചത്ര ചലനം സൃഷ്ടിച്ചില്ലെങ്കിലും യുഡിഎഫിന്റെ സാധ്യത അടച്ചു.

കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കെ.അനിൽകുമാറിനെതിരെ തിരുവഞ്ചൂർ 16.90 % ലീഡ് നേടും. യുഡിഎഫിനായി തിരുവഞ്ചൂർ 53.40 ശതമാനം വോട്ട് നേടും. കെ.അനിൽ കുമാർ തിളക്കമാർന്ന പ്രചാരണം നടത്തിയെങ്കിലും തിരുവഞ്ചൂരിന്റെ ജനകീയത കുറഞ്ഞിട്ടില്ലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തവണ 26.15 % (33632 വോട്ട്) ആയിരുന്നു മാർജിൻ.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് 10.55 % വോട്ടിന്റെ ലീഡെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫ് വോട്ട് 5.50 % വർധിക്കുമെന്നും പ്രവചനം പറയുന്നു. യുഡിഎഫ് ഇവിടെ 49.25 ശതമാനം വോട്ട് നേടുമെന്നും എൽഡിഎഫ് 38.70 ശതമാനം വോട്ട് നേടുമെന്നുമാണു പ്രവചനം. ഉമ്മൻ ചാണ്ടി തുടർച്ചയായ പന്ത്രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കുറിക്കും.

1970 മുതൽ പുതുപ്പള്ളിയിൽനിന്നാണ് എല്ലാ തിരഞ്ഞെടുപ്പും ജയിച്ചത്. നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ രണ്ടാമത്തെ സാമാജികനാണ്. ഉമ്മൻ ചാണ്ടിയുടെ വോട്ട് വിഹിതം 4.17 ശതമാനം കുറയും. ജെയ്ക്കിന്റേത് 5.50 ശതമാനം കൂടും. 2016ൽ 20.21% (27092 വോട്ട്) ആയിരുന്നു മാർജിൻ.

ചങ്ങനാശേരി എൽഡിഎഫിലേക്ക് എന്ന് വ്യക്തമാക്കുന്നു എക്‌സിറ്റ്‌പോൾ. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ്എം 13.60 % വോട്ടിന് മുന്നിലെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. അന്തരിച്ച സി.എഫ്.തോമസിന്റെ മണ്ഡലം 13.60% മാർജിനിൽ കേരള കോൺഗ്രസ് എമ്മിലൂടെ എൽഡിഎഫ് പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ.

കഴിഞ്ഞതവണ നേരിയ മാർജിനിലാണ് (1.47 % 1849 വോട്ട്) സി.എഫ്.തോമസ് മണ്ഡലം നിലനിർത്തിയത്. ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റുമായ ജി.രാമൻ നായരുടെ സ്ഥാനാർത്ഥിത്വം മത്സരം കടുപ്പിച്ചു. ബിജെപിയുടെ വോട്ട് വിഹിതം മൂന്നര ശതമാനം കൂടി.

കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എംഎൽഎ എൻ.ജയരാജ് വിജയം ആവർത്തിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് വോട്ട് 9 ശതമാനത്തോളം കുറയും. മുന്നണി മാറിയ എൻ.ജയരാജ് 12.80% മാർജിനിൽ വിജയം ആവർത്തിക്കുമെന്നാണ് എക്‌സിറ്റ് പോൾ. 2016ൽ 2.85 % (3890 വോട്ട്) ആയിരുന്നു ജയരാജിന്റെ ഭൂരിപക്ഷം.

ജോസഫ് വാഴയ്ക്കൻ മത്സരിച്ചിട്ടും കേരള കോൺഗ്രസ് മുന്നണി മാറ്റത്തിന്റെ ഫലമായി യുഡിഎഫ് വോട്ട് 9 ശതമാനത്തോളം കുറയുമെന്നാണ് പ്രവചനം. മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സ്വന്തം നാട്ടിൽ ബിജെപി വോട്ട് ഉയർത്താനാകുന്നില്ല. 2016ൽ വി.എൻ.മനോജ് നേടിയതിനേക്കാൾ ഒന്നര ശതമാനം കുറവാണ് എക്‌സിറ്റ് പോളിൽ കണ്ണന്താനത്തിന് കിട്ടിയത്.

പൂഞ്ഞാറിൽ പി.സി.ജോർജ് ജയിക്കുമെന്ന് സർവേ പറയുന്നു. 41 ശതമാനം വോട്ട് അദ്ദേഹം നേടും. ഇടതുമുന്നണി 22.8 ശതമാനം വോട്ടും യുഡിഎഫ് 16.80 ശതമാനം വോട്ടും നേടുമെന്ന് സർവേ പറയുന്നു. പ്രാദേശികമായ എതിർപ്പുകളെല്ലാം തരണം ചെയ്ത് പി.സി.ജോർജ് പൂഞ്ഞാറിൽ നിലയുറപ്പിക്കും. മാർജിൻ 17.80 %.

ചതുഷ്‌കോണ മത്സരത്തിൽ കേരള കോൺഗ്രസ് എമ്മിലൂടെ എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രവചനം. യുഡിഎഫിനാണ് നഷ്ടം. 2016 ൽ പി.സി.ജോർജ് 19.09 % (27821 വോട്ട്) മാർജിനിലാണ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറയുമെന്നും മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ പറയുന്നു.

കോട്ടയം ജില്ലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കം പ്രവചിക്കുന്നതാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ ഫലം. എൽഡിഎഫ് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ് സർവേ പ്രവചിക്കുന്നത്.

പാലാ മണ്ഡലത്തിൽ ജോസ് കെ മാണി വിജയിക്കും. കടുത്തുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജ് വിജയിക്കും. മോൻസ് ജോസഫാണ് യുഡിഎഫ് സ്ഥാനാർത്ഥി. ലിജിൻ ലാൽ ആണ് എൻഡിഎ സ്ഥാനാർത്ഥി

ഏറ്റുമാനൂർ - എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ വിജയിക്കും.പ്രിൻസ് ലൂക്കോസ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ടി.എൻ ഹരികുമാർ ആണ് എൻഡിഎ സ്ഥാനാർത്ഥി

വൈക്കം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സികെ ആശ വിജയിക്കുമെന്ന് എക്സിറ്റ് പോൾ സർവേ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സികെ ആശ 24584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈക്കത്ത് നിന്ന് വിജയിച്ചത്. ഡോ.പിആർ സോന(യുഡിഎഫ്), അജിത സാബു എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികളാണ്.

കോട്ടയം മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി. എൽഡിഎഫ് സ്ഥാനാർത്ഥി കെ അനിൽ കുമാർ വിജയിക്കും. സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തോൽക്കും. ബിജെപിക്ക് വേണ്ടി മിനർവ മോഹനാണ് എൻഡിഎ സ്ഥാനാർത്ഥി. 2016ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പുതുപ്പള്ളി- ഇത്തവണയും ഉമ്മൻ ചാണ്ടി മണ്ഡലം നിലനിർത്തും. ജെയ്ക്ക് സി തോമസ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി

ചങ്ങനാശ്ശേരി -എൽഡിഎഫ് സ്ഥാനാർത്ഥി ജോബ് മൈക്കിൾ വിജയിക്കും. ജി രാമൻ നായർ ആണ് എൻഡിഎ സ്ഥാനാർത്ഥി . വി.ജെ ലാലിയാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടിയത്.

കാഞ്ഞിരപ്പള്ളി മണ്ഡലം സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എൻ ജയരാജ് നിലനിർത്തും. ജോസഫ് വാഴയ്ക്കൻ(യുഡിഎഫ്), അൽഫോൻസ് കണ്ണന്താനം(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എന് ജയരാജ് 3890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പൂഞ്ഞാർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കളത്തുങ്കൽ വിജയിക്കും. സിറ്റിങ് എംഎൽഎയും കേരള ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി ജോർജ് തോൽക്കും. ടോമി കല്ലാനി(യുഡിഎഫ്), എംപി സെൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ പിസി ജോർജ് 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൂഞ്ഞാറിൽ വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP