Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്കെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ; അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 ഇടങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ; കോഴിക്കോടും കണ്ണൂരും വയനാടും അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ് വി എംആർ സർവേ; മഞ്ചേശ്വരം ബിജെപിക്ക് ഒപ്പമെന്നും മനോരമ

വടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്കെന്ന് ഏഷ്യാനെറ്റ് ന്യൂസ്  - സീ ഫോർ സർവേ; അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 ഇടങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ; കോഴിക്കോടും കണ്ണൂരും വയനാടും അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ്  വി എംആർ സർവേ; മഞ്ചേശ്വരം ബിജെപിക്ക് ഒപ്പമെന്നും മനോരമ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ എൽഡിഎഫിന് മുൻതൂക്കമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ ഫലം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ പോസ്റ്റ് പോൾ ഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുറത്തുവിട്ടത്. ഇതിൽ നാല് ജില്ലകളിലും വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്കുണ്ട്.

അതേ സമയം ഉത്തരകേരളത്തിൽ എൽഡിഎഫ് വന്മുന്നേറ്റമുണ്ടാക്കുമെന്നാണ് മാതൃഭൂമിന്യൂസ്-ആക്സിസ് മൈഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 എണ്ണത്തിലും ഇടതുമുന്നണിക്ക് മുൻതൂക്കം നൽകുന്നതാണ് മാതൃഭൂമിന്യൂസിന്റെ എക്‌സിറ്റ് പോൾ ഫലം.

എന്നാൽ കോഴിക്കോട്, കണ്ണൂർ. വയനാട് ജില്ലകളിൽ വൻ അട്ടിമറികൾ നടക്കുമെന്നാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ ഫലം. വടകരയിൽ കെ കെ രമ മുന്നിലെത്തും. കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മേൽക്കൈയെന്നും പ്രവചിക്കുന്നു. നാദാപുരത്തും കൊയിലാണ്ടിയിലും ബാലുശേരിയിലും യുഡിഎഫ് വിജയം നേടുമെന്ന് മനോരമ ന്യൂസ് വി എംആർ സർവെ പ്രവചിക്കുന്നു.

കുന്ദമംഗലത്തും തിരുവമ്പാടിയിലും യുഡിഎഫിന് മേൽക്കൈയെന്നാണ് പ്രവചനം. കണ്ണൂർ വയനാട് ജില്ലകളിലും അട്ടിമറികൾ ഉണ്ടാകുമെന്നും മനോരമ ന്യൂസ് വി എംആർ സർവേ വിലയിരുത്തുന്നു. മഞ്ചേശ്വരത്ത് യുഡിഎഫിന് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസും മാതൃഭൂമിയും വിലയിരുത്തുമ്പോൾ ബിജെപി മുന്നിലെന്നാണ് മനോരമ ന്യൂസ് പ്രവചിക്കുന്നത്.

കാസർകോട് ജില്ലയിൽ ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്തും ഉദുമയിലും യഥാക്രമം യുഡിഎഫിനും എൽഡിഎഫിനുമാണ് മേൽക്കൈ. മഞ്ചേശ്വരത്ത് ബിജെപിയും ഉദുമയിൽ കോൺഗ്രസുമാണ് തൊട്ടുപിന്നിലുള്ളത്. കാസർകോട് പതിവുപോലെ യുഡിഎഫിന് ഒപ്പവും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എൽഡിഎഫിന് ഒപ്പവും നിലയുറപ്പിക്കും.

കണ്ണൂരിൽ എട്ട് മുതൽ ഒൻപത് സീറ്റ് വരെയാണ് എൽഡിഎഫിന് പ്രവചിക്കപ്പെടുന്നത്. ഇതിൽ ശക്തമായ മത്സരം നടക്കുന്ന കൂത്തുപറമ്പിൽ യുഡിഎഫിനും കണ്ണൂരിൽ എൽഡിഎഫിനും നേരിയ മേൽക്കൈയുണ്ട്. പേരാവൂരിൽ എൽഡിഎഫ് അട്ടിമറി വിജയം നേടും. അഴീക്കോട് സിറ്റിങ് എംഎൽഎ കെഎം ഷാജി നിലനിർത്തും. എൽഡിഎഫിന് ഒപ്പം പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമ്മടം, തലശേരി, മട്ടന്നൂർ എന്നീ മണ്ഡലങ്ങൾ നിലയുറപ്പിക്കും. ഇരിക്കൂറാണ് യുഡിഎഫ് നിലനിർത്തുന്ന മറ്റൊരു മണ്ഡലം.

വയനാട് ജില്ലയിൽ മൂന്ന് സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെയുള്ള മൂന്നിൽ രണ്ട് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മാനന്തവാടി മണ്ഡലത്തിൽ എൽഡിഎഫിനാണ് വിജയസാധ്യത കൂടുതൽ. സുൽത്താൻ ബത്തേരിയിൽ യുഡിഎഫിനും കൽപ്പറ്റയിൽ എൽഡിഎഫിനും നേരിയ മേൽക്കൈയുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത് വടകരയിലും നാദാപുരത്തും കോഴിക്കോട് സൗത്തിലുമാണെന്ന് സർവേ പറയുന്നു. ഇതിൽ വടകരയിൽ എൽഡിഎഫിനും നാദാപുരത്ത് യുഡിഎഫിനും നേരിയ മേൽക്കൈയുണ്ട്. കോഴിക്കോട് സൗത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. കുറ്റ്യാടിയിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് പ്രവചനം. കൊടുവള്ളിയാണ് യുഡിഎഫിന് ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, തിരുവമ്പാടി എന്നീ സീറ്റുകൾ എൽഡിഎഫിനാണ് ജയസാധ്യത. 13 സീറ്റുകളുള്ള ജില്ലയിൽ 10 മുതൽ 11 വരെ സീറ്റുകളാണ് ഇടതിനൊപ്പം നിൽക്കുന്നത്. രണ്ട് മുതൽ മൂന്ന് വരെ സീറ്റുകൾ യുഡിഎഫിനാണ് പ്രവചിക്കപ്പെടുന്നത്.

വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 എണ്ണത്തിലും ഇടതുമുന്നണിക്കാണ് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം മുൻതൂക്കം പ്രഖ്യാപിക്കുന്നത്. 12 മണ്ഡലങ്ങളിലാണ് യുഡിഎഫിന് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നിലമ്പൂരിലെ ഫലങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാസർകോട് ജില്ലയിലെ സിറ്റിങ് സീറ്റുകൾ ഇരുമുന്നണികളും നിലനിർത്തും, കണ്ണൂരിൽ ഒരു സീറ്റ് എൽഡിഎഫ് അധികം നേടും. വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നു. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കും. രണ്ട് അധിക സീറ്റുകളാണ് പ്രവചിക്കുന്നത്. മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നതായും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് എവിടേയും മുൻതൂക്കമില്ല.

28124 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 68 ശതമാനം ആളുകൾ പുരുഷന്മാരും 32 ശതമാനം പേർ സ്ത്രീകളുമാണ്.

മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശനാണ്. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ പി.ബി. അബ്ദുൾ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം

കാസർകോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ സർവേ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എൻഎ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസർകോട്. 8607 വോട്ടിന്റെ ഭീരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് മത്സരിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്.

ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത്

കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിച്ചത്.

തൃക്കരിപ്പൂരിൽ എം.രാജഗോപാൽ ഇത്തവണയും നിന്ന് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ.

പയ്യന്നൂർ ടിഐ മധുസൂദനനിലൂടെ എൽഡിഎഫ് നിലനിർത്തും. എം പ്രദീപ് കുമാർ(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരൻ എന്നിവരാണ് പയ്യന്നൂർ മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി സി കൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയിച്ചത്.

കല്ല്യാശ്ശേരി മണ്ഡലത്തിൽ എ വിജിൻ വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാർ(യുഡിഎഫ്), അരുൺ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയിൽ 2016ൽ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്.

തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദൻ മാസ്റ്ററിലൂടെ എൽഡിഎഫ് നിലനിർത്തും. വിപി അബ്ദുൾ റഷീദ്(യുഡിഎഫ്), എപി ഗംഗാധരൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പതിവ് തെറ്റിക്കാതെ യുഡിഎഫ് നിലനിർത്തും. സജി കുറ്റിയാനിമറ്റം(എൽഡിഎഫ്), ആനിയമ്മ രാജേന്ദ്രൻ(ബിജെപി)എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ. 2016ൽ 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെസി ജോസഫ് വിജയിച്ചത്.

അഴീക്കോട് മണ്ഡലത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവേ പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മുൻതൂക്കമാണ് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പ്രവചിക്കുന്നത്. കെഎം ഷാജി(യുഡിഎഫ്) കെവി സുമേഷ്(എൽഡിഎഫ്), കെ രഞ്ജിത്ത് (എൻഡിഎ)എന്നിവരാണ് അഴീക്കോട് മണ്ഡലത്തിൽ ജനവിധി തേടുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കണ്ണൂർ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ വിജയിക്കും.സതീശൻ പാച്ചേനി(യുഡിഎഫ്),അർച്ചന വണ്ടിച്ചാലിൽ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1196 വോട്ടിന്റെ നേരിയ മുൻതൂക്കത്തിലാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചത്.

ധർമ്മടം മണ്ഡലം മുഖ്യമന്ത്രി പിണറായി വിജയൻ നിലനിർത്തും. 63 ശതമാനമാണ് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം. സി രഘുനാഥ്(യുഡിഎഫ്), സികെ പത്മനാഭൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വിജയിച്ചത്.

തലശ്ശേരിയിലും അട്ടിമറികൾക്ക് ഇടകൊടുക്കാതെ എഎൻ ഷംസീർ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. എംപി അരവിന്ദാക്ഷൻ(യുഡിഎഫ്), സിഒടി നസീർ(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎൻ ഷംസീർ തലശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കൂത്തുപറമ്പ് മണ്ഡലത്തിൽ കെപി മോഹനൻ വിജയിക്കും. പൊട്ടങ്കണ്ടി അബ്ദുള്ള(യുഡിഎഫ്), സി സദാനന്ദൻ മാസ്റ്റർ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി കെകെ ശൈലജ 12291 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെപി മോഹനനെ തോൽപ്പിച്ച മണ്ഡലമാണ് കൂത്തുപറമ്പ്.

മട്ടന്നൂർ ആരോഗ്യമന്ത്രി കെകെ ശൈലജയിലൂടെ എൽഡിഎഫ് നിലനിർത്തും. ഇല്ലിക്കൽ അഗസ്തി(യുഡിഎഫ്), ബിജു എളക്കുഴി(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി ഇപി ജയരാജൻ 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാവൂർ മണ്ഡലത്തിൽ അട്ടിമറി നടക്കുമെന്ന് സർവേ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈനിലൂടെ എൽഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎൽഎ സണ്ണി ജോസഫ്(യുഡിഎഫ്)
സ്മിത ജയമോഹൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ സണ്ണി ജോസഫ് 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പേരാവൂരിൽ നിന്ന് വിജയിച്ചത്.

മാനന്തവാടി മണ്ഡലം സിറ്റിങ് എംഎൽഎ ഒആർ കേളു നിലനിർത്തും. പികെ ജയലക്ഷ്മി(യുഡിഎഫ്), മുകുന്ദൻ പള്ളിയറ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1307 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ഒആർ കേളു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

സുൽത്താൻബത്തേരി മണ്ഡലത്തിൽ അട്ടിമറി വിജയം പ്രവചിച്ച് സർവേ. എംഎസ് വിശ്വനാഥൻ ഇവിടെ വിജയിക്കും. സിറ്റിങ് എംഎൽഎ ഐസി ബാലകൃഷ്ണൻ(യുഡിഎഫ്), സികെ ജാനു(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. 2016ൽ ഐസി ബാലകൃഷ്ണൻ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് വിജയിച്ചത്.

കൽപ്പറ്റ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാർ വിജയിക്കും. അഡ്വ. ടി സിദ്ദിഖ്(യുഡിഎഫ്), ടിഎം സുബീഷ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സികെ ശശീന്ദ്രൻ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൽപ്പറ്റയിൽ നിന്ന് വിജയിച്ചത്.

വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ വിജയിക്കും. കെകെ രമ(യുഡിഎഫ്)എം രാജേഷ് കുമാർ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എൽഡിഎഫ് സ്ഥാനാർത്ഥി സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയിൽ നിന്ന് വിജയിച്ചത്.

കുറ്റ്യാടി മണ്ഡലത്തിൽ അട്ടിമറി പ്രവചിക്കുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി കെപി കുഞ്ഞമ്മദ് കുട്ടി വിജയിക്കും. സിറ്റിങ് എംഎൽഎ പാറക്കൽ അബ്ദുള്ള(യുഡിഎഫ്),പിപി മുരളി(എൻഡിഎ) എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ പാറക്കൽ അബ്ദുള്ള 1901 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് കുറ്റ്യാടിയിൽ നിന്ന് വിജയിച്ചത്.

നാദാപുരം മണ്ഡലം എൽഡിഎഫിന്റെ ഇ.കെ.വിജയൻ നിലനിർത്തും. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പ്രവീൺ കുമാറും എൻഡിഎ സ്ഥാനാർത്ഥി എംപി.രാജനുമാണ്. 47959 വോട്ടുകൾക്കാണ് ഇ.കെ.വിജയന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ചത്.

കൊയിലാണ്ടി മണ്ഡലം കാനത്തിൽ ജമീലയിലൂടെ എൽഡിഎഫ് നിലനിർത്തും. യുഡിഎഫിന് വേണ്ടി എൻ സുബ്രഹ്മണ്യൻ ബിജെപിക്ക് വേണ്ടി എൻപി രാധാകൃഷ്ണൻ എന്നിവരാണ് കൊയിലാണ്ടിയിൽ നിന്ന് ജനവിധി തേടിയത്. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ദാസൻ 13369 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാമ്പ്ര മണ്ഡലത്തിൽ ടി.പി.രാമകൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെടും. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി സിഎച്ച് ഇബ്രാഹിം കുട്ടിയാണ്. കെ.വി.സുധീറാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.പി.രാമകൃഷ്ണൻ ഇവിടെ നിന്ന് ജയിച്ചത്.

ബാലുശ്ശേരി കെഎം സച്ചിൻദേവിലൂടെ എൽഡിഎഫ് നിലനിർത്തും. 2016ൽ എൽഡിഎഫിലെ പുരുഷൻ കടലുണ്ടി 15466 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലുശ്ശേരിയിൽ നിന്ന് വിജയിച്ചത്. സിനിമാതാരം ധർമജൻ ബോൾഗാട്ടിയുഡിഎഫ്)ലിബിൻ ഭാസ്‌കർ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ വിജയിക്കും. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയാണ്. ടി.പി.ജയചന്ദ്രനാണ് ബിജെപി.സ്ഥാനാർത്ഥി. എലത്തൂരിൽ 2016ലും എൻസിപിയുടെ എ.കെ.ശശീന്ദ്രനാണ് വിജയിച്ചത്. 29,057 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

കോഴിക്കോട് നോർത്ത് മണ്ഡലം എൽഡിഎഫ് നിലനിർത്തും. എൽഡിഎഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ ഇവിടെ വിജയിക്കും. കെഎം അഭിജിത്ത്(യുഡിഎഫ്),എംടി രമേശ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എ പ്രദീപ് കുമാർ 27873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫിന്റെ അഹമ്മദ് ദേവർകോവിൽ വിജയിക്കും. ലീഗിന്റെ വനിതാസ്ഥാനാർത്ഥി നൂർബിനാറഷീദാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്. കോഴിക്കോട് സൗത്തിൽ 2016ൽ എം.കെ.മുനീറാണ് ജയിച്ചത്. 6327 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

ബേപ്പൂർ മണ്ഡലം പിഎ മുഹമ്മദ് റിയാസിലൂടെ എൽഡിഎഫ് നിലനിർത്തും. പിഎം നിയാസ്(യുഡിഎഫ്)കെപി പ്രകാശ് ബാബു(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എൽഡിഎഫിലെ വികെസി മമ്മദ് കോയ 14363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരിൽ നിന്ന് വിജയിച്ചത്.

കുന്ദമംഗലം മണ്ഡലത്തിൽ കടുത്ത മത്സരമെന്ന് സർവേ. അഡ്വ.പി.ടി.എ.റഹീമും യുഡിഎഫിന്റെ സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം. വി.കെ.സജീവനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.2016-ൽ എൽഡിഎഫിന്റെ അഡ്വ.പി.ടി.എ.റഹീം 11,205 വോട്ടുകൾക്ക് ജയിച്ചിരുന്നു.

കൊടുവള്ളി മണ്ഡലം എൽഡിഎഫ് നിലനിർത്തും. സിറ്റിങ് എംൽഎ കാരാട്ട് റസാഖ് ഇവിടെ വിജയിക്കും. ഡോ. എംകെ മുനീർ(യുഡിഎഫ്),ടി ബാലസോമൻ(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ കാരാട്ട് റസാഖ് 573 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കൊടുവള്ളിയിൽ നിന്ന് വിജയിച്ചത്.

തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് വിജയിക്കുമെന്ന് സർവേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദാണ്. എൻഡിഎ സ്ഥാനാർത്ഥി ബേബി അമ്പാട്ടാണ്. 2016-ൽ സിപിഎം സ്ഥാനാർത്ഥി ജോർജ് എം.തോമസാണ് ഇവിടെ ജയിച്ചത്. 3008 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നി വിജയം.

കൊണ്ടോട്ടി മണ്ഡലം സിറ്റിങ് എംഎൽഎ ടിവി ഇബ്രാഹിമിലൂടെ യുഡിഎഫ് നിലനിർത്തും. 2016ലെ തിരഞ്ഞെടുപ്പിൽ ടിവി ഇബ്രാഹിം 10654 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് കൊണ്ടോട്ടി. സുലൈമാൻ ഹാജി(എൽഡിഎഫ്),ഷീബ ഉണ്ണിക്കൃഷ്ണൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

ഏറനാട് മണ്ഡലത്തിൽ പി.കെ.ബഷീർ മൂന്നാംവട്ടവും എംഎൽഎ ആകും. 2016-ൽ ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ.ബഷീർ ആണ് വിജയിച്ചത്. 12,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.കെ.ടി.അബ്ദുറഹിമാനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.അഡ്വ സി.ദിനേശാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി

നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ എക്സിറ്റ് പോൾ ഫലം പുറത്തുവിടുന്നില്ല.

സിറ്റിങ് എംഎൽഎ പിവി അൻവർ(എൽഡിഎഫ്, വിവി പ്രകാശ്(യുഡിഎഫ്), അഡ്വ.ടികെ അശോക് കുമാർ എന്നിവരാണ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിവി അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് നിലമ്പൂർ.

വണ്ടൂർ മണ്ഡലത്തിൽ എ.പി.അനിൽ കുമാർ നിലനിർത്തും. 2016-ൽ ഇവിടെ നിന്ന് എ.പി.അനിൽകുമാർ ആണ് വിജയിച്ചത്. 23,864 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പി.മിഥുനയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥിഡോ.പി.സി.വിജയനാണ്.

മഞ്ചേരി മണ്ഡലത്തിൽ ഫലം പ്രവചനാതീതമാണെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നു. നേരിയ മുൻതൂക്കത്തിൽ യുഎ ലത്തീഫ്(യുഡിഎഫ്),ഡിബോണ നാസർ(എൽഡിഎഫ്) എന്നിവരിൽ ആരെങ്കിലും വിജയിച്ചേക്കാം.

പെരിന്തൽമണ്ണ മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.പി.എം.മുസ്തഫ വിജയിക്കുമെന്ന് സർവേഫലം. നജീബ് കാന്തപുരമാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. അഡ്വ.സുചിത്ര മാട്ടടയാണ് എൻഡിഎ സ്ഥാനാർത്ഥി. പെരിന്തൽമണ്ണയിൽ നിന്ന് 2016-ൽ വിജയിച്ചത് മഞ്ഞളാംകുഴി അലിയാണ്. 579 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

മങ്കട മണ്ഡലം മഞ്ഞളാംകുഴി അലിയിലൂടെ യുഡിഎഫ് നിലനിർത്തുമെന്ന് സർവേഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1508 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടിഎ അഹമ്മദ് കബീർ വിജയിച്ച മണ്ഡലമാണ് മങ്കട. ടികെ റഷീദലി(എൽഡിഎഫ്),സജേഷ് ഏലായിൽ എന്നിവരാണ് ഇക്കുറി ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

മലപ്പുറം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.ഉബൈദുള്ള വീണ്ടും വിജയിക്കും. 2016-ൽ മലപ്പുറത്ത് നിന്ന് വിജയിച്ചത് പി.ഉബൈദുള്ളയാണ്. 35,672 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. പാലോളി അബ്ദുറഹ്മാനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി എ.സേതുമാധവനാണ്

വേങ്ങര മണ്ഡലത്തിൽ പികെ കുഞ്ഞാലിക്കുട്ടി വിജയം ആവർത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടി 38057 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് വേങ്ങര. പി ജിജി(എൽഡിഎഫ്),എം പ്രേമൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

വള്ളിക്കുന്ന് മണ്ഡലത്തിൽ അട്ടിമറിയെന്ന് സർവേ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥിയായ എപി അബ്ദുൾവഹാബ് ഇവിടെ വിജയിക്കും. 2016-ലും ലീഗിന്റെ പി.അബ്ദുൾ ഹമീദാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുൾ ഹമീദ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി. പീതാംബരൻ പാലാട്ടാണ് എൻഡിഎ സ്ഥാനാർത്ഥി

തിരൂരങ്ങാടി മണ്ഡലം കെപിഎ മജീദിലൂടെ യുഡിഎഫ് നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ പികെ അബ്ദുറബ്ബ് 6043 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. നിയാസ് പുളിക്കലകത്ത്(എൽഡിഎഫ്), സത്താർഹാജി കള്ളിയത്ത്(എൻഡിഎ)എന്നിവരാണ് ഇക്കുറി തിരൂരങ്ങാടിയിൽ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

താനൂർ മണ്ഡലത്തിൽ പി.കെ.ഫിറോസ് വിജയിക്കും.എൽഡിഎഫ് സ്ഥാനാർത്ഥി വി.അബ്ദുറഹ്മാനാണ്. എൻഡിഎ സ്ഥാനാർത്ഥി കെ.നാരായണനാണ് താനൂരിൽ 2016-ൽ വി.അബ്ദുറഹ്മാനാണ് ഇവിടെ വിജയിച്ചത്.

തിരൂർ മണ്ഡലത്തിൽ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് ഇവിടെ വിജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ സി മമ്മൂട്ടി 7062 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് തിരൂർ. കുറുക്കോളി മൊയ്തീൻ(യുഡിഎഫ്), എം അബ്ദുൾ സലാം എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

കോട്ടയ്ക്കൽ മണ്ഡലത്തിൽ യുഡിഎഫ് നിലനിർത്തും. ആബിദ് ഹുസൈൻ തങ്ങൾ ഇവിടെ വിജയിക്കും. 2016-ൽ ആബിദ് തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. 15,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഇവിടെ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എ.മുഹമ്മദ്കുട്ടിയാണ്. പിപി ഗണേശനാണ് എൻഡിഎ സ്ഥാനാർത്ഥി.

തവനൂർ മണ്ഡലം മൂന്നാം വട്ടവും കെടി ജലീലിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില് തവനൂരിൽ നിന്ന് 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീൽ വിജയിച്ചത്. ഇക്കുറി ഫിറോസ് കുന്നംപറമ്പിൽ(യുഡിഎഫ്),രമേശ് കോട്ടയപ്പുറത്ത്(എൻഡിഎ)എന്നിവരാണ് തവനൂരിൽ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.നന്ദകുമാർ വിജയിക്കും. യുഡിഎഫ് സ്ഥാനാർത്ഥി എ.എം.രോഹിത്താണ്. സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ പി.ശ്രീരാമകൃഷ്ണൻ 15,640 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് പൊന്നാനി

കോഴിക്കോട് ജില്ലയിൽ വൻ അട്ടിമറികൾ നടക്കുമെന്നാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം പ്രവചിക്കുന്നത്. വടകരയിൽ പൊരിഞ്ഞ പോരാട്ടമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ കെ.കെ.രമ മുന്നിലെത്തും. മനയത്ത് ചന്ദ്രനേക്കാൾ 2% വോട്ടിന് മുന്നിലാണ് കെ.കെ.രമയെന്നാണ് പ്രവചനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി.കെ.നാണു 7.34% (9511 വോട്ട്) മാർജിനിൽ വിജയിച്ച മണ്ഡലമാണ്. 2016ൽ കെ.കെ.രമ ഒറ്റയ്ക്കുനിന്ന് 15.82 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ 4.8% വോട്ട് പിടിച്ച മറ്റുകക്ഷികൾക്ക് ഇത്തവണ പ്രവചിക്കുന്ന വിഹിതം 13.30 %. എസ്ഡിപിഐ സ്ഥാനാർത്ഥിയും കെ.കെ.രമയുടെ അപരസ്ഥാനാർത്ഥികളും കൂടുതൽ വോട്ട് പിടിക്കും.

കുറ്റ്യാടി സിറ്റിങ് സീറ്റിൽ യുഡിഎഫിന് എൽഡിഎഫിനുമേൽ 1.10% മാത്രം ലീഡോടെ ജയമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മറ്റുകക്ഷികൾ ഇവിടെ നിർണായകം ആകുമെന്നും സൂചനയുണ്ട്. എക്‌സിറ്റ് പോളിലെ മറ്റുള്ളവരുടെ വോട്ട് വിഹിതം 9.10% ആണ്. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.00 %, എൽഡിഎഫ് 39.90 %, എൻഡിഎ 10.00 ശതമാനം വോട്ടും നേടും.

നാദാപുരത്ത് അട്ടിമറിയെന്നാണ് എക്‌സിറ്റ് പോളിലെ പ്രവചനം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ യുഡിഎഫ് 2.80% മുന്നിലെന്ന് പ്രവചനം പറയുന്നു. കെ.പ്രവീൺ കുമാർ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 43.80 %, എൽഡിഎഫ് 41.00%, എൻഡിഎ 8.80 %. 2.80 % വ്യത്യാസത്തിൽ കോൺഗ്രസിലെ കെ.പ്രവീൺ കുമാർ സിപിഐയിലെ സിറ്റിങ് എംഎൽഎ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം.

കൊയിലാണ്ടിയിൽ തീപാറും എന്നാണ് പ്രവചനം. എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് മുന്നിലെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. എൻ.സുബ്രഹ്മണ്യന്റെ ലീഡ് ഒരുശതമാനം മാത്രമാണ്. വോട്ടുശതമാനം: യുഡിഎഫ് 38.40 %, എൽഡിഎഫ് 37.40%, എൻഡിഎ 12.50% വോട്ടും നേടും. കടുത്ത പോരാട്ടത്തിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ യുഡിഎഫിലെ എൻ.സുബ്രഹ്മണ്യൻ എൽഡിഎഫിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കാനത്തിൽ ജമീലയെ പരാജയപ്പെടുത്തുമെന്ന് പ്രവചനം.

മന്ത്രി ടി.പി.രാമകൃഷ്ണൻ പേരാമ്പ്ര നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. ടി.പി.രാമകൃഷ്ണൻ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും പ്രവചനം. വോട്ടുശതമാനം ഇങ്ങനെയാണ്: എൽഡിഎഫ് 46.30 %, യുഡിഎഫ് 40.50%, എൻഡിഎ 10.10% വോട്ടും നേടും. മാർജിൻ 5.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.67 % (4101 വോട്ട്) ഭൂരിപക്ഷമുണ്ടായിരുന്നു.

ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ധർമജന് സച്ചിൻ ദേവിനുമേൽ ഒരുശതമാനം വോട്ടിന്റെ ലീഡെന്ന് പ്രവചനം പറയുന്നു. വോട്ടുശതമാനം: യുഡിഎഫ് 44.00 %, എൽഡിഎഫ് 43.00%, എൻഡിഎ 10.20 % വോട്ടും നേടും. കടുത്ത പോരാട്ടത്തിൽ ഒരുശതമാനം വോട്ടിന് യുഡിഎഫിലെ ധർമജൻ ബോൾഗാട്ടി എസ്എഫ്‌ഐ നേതാവ് കെ.എം.സച്ചിൻ ദേവിനെ മറികടക്കുമെന്ന് പ്രവചനം.

എലത്തൂരിൽ എ.കെ.ശശീന്ദ്രൻ വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എ.കെ.ശശീന്ദ്രൻ 2016ലെ ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചനമാണ്. വോട്ടുശതമാനം: എൽഡിഎഫ് 50.30%, യുഡിഎഫ് 28.50 %, എൻഡിഎ 17.00% എന്നിങ്ങനെയാണ് വോട്ടുശതമാനം. മന്ത്രി എ.കെ.ശശീന്ദ്രൻ അനായാസം മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം.

മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് നോർത്ത് നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 13.90 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.പ്രദീപ് കുമാർ നേടിയ മാർജിൻ 21.02 % ആയിരുന്നു. കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്താണ് യുഡിഎഫ് സ്ഥാനാർത്ഥി. എം ടി.രമേശ് മത്സരിച്ചിട്ടും ബിജെപി വോട്ടിൽ വൻ ഇടിവുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ.

കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. ബിജെപിയിലെ നവ്യ ഹരിദാസ് രണ്ടാമതെത്തുമെന്നതാണ് ശ്രദ്ധേയ പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 46.40 %, എൻഡിഎ 28.70 %, എൽഡിഎഫ് 22.20 ശതമാനം വോട്ടും നേടും. വലിയ വ്യത്യാസത്തിൽ (17.70%) യുഡിഎഫ് സ്ഥാനാർത്ഥി നൂർബീന റഷീദ് ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് പിന്നിലെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ. ബേപ്പൂരിൽ യുഡിഎഫ് 3.10 % വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു. യുഡിഎഫ് വോട്ടിലും ബിജെപി വോട്ടിലും വർധനയ്ക്ക് സാധ്യതയേറെ കാണുന്നതാണ് സർവേ. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.30%, എൽഡിഎഫ് 38.20%, എൻഡിഎ 19.80% വോട്ടും നേടും.

കുന്നമംഗലത്ത് അട്ടിമറി സൂചനയാണ് എക്‌സിറ്റ് പോൾ നൽകുന്നത്. സിറ്റിങ് എംഎൽഎ പി.ടി.എ.റഹീം 5.30% വോട്ടിന് പിന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചനം പറയുന്നു. യുഡിഎഫ് വോട്ടിൽ ഗണ്യമായ വർധന പ്രവചിച്ച് എക്‌സിറ്റ് പോൾ സീറ്റുറപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 41.60 %, എൽഡിഎഫ് 36.30 %, എൻഡിഎ 18.40 % എന്നിങ്ങനെയാണ് വോട്ടിങ് നില. സിറ്റിങ് എംഎൽഎ പിടിഎ റഹീമിനെ ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ 5.30% വോട്ടിന് പിന്നിലാക്കുമെന്നാണ് എക്‌സിറ്റ് പോൾ.

കൊടുവള്ളിയിൽ എം.കെ.മുനീർ പിന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. സിറ്റിങ് എംഎ‍ൽഎ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ടിന് മുന്നിലെന്ന് പ്രവചനം സൂചിപ്പിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 41.50 %, യുഡിഎഫ് 40.50%, എൻഡിഎ 9.90 % എന്നിങ്ങനെയാണ് വോട്ടുശതമാനക്കണക്ക്. കടുത്ത മൽസരത്തിനൊടുവിൽ സിറ്റിങ് എംഎൽഎ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ട് വ്യത്യാസത്തിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. ഇത് സംഭവിച്ചാൽ വലിയ രാഷ്ട്രീയ അട്ടിമറി കൂടിയാകും.

തിരുവമ്പാടിയിൽ യുഡിഎഫ് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ലീഗിലെ സി.പി.ചെറിയമുഹമ്മദിന് പ്രവചിക്കുന്ന മാർജിൻ 9.50% ആണ്. വോട്ടുവിഹിതം നോക്കാം: യുഡിഎഫ് 47.40%, എൽഡിഎഫ് 37.90 %, എൻഡിഎ 10.80 ശതമാനം വോട്ടും നേടാം. മുസ്‌ലിം ലീഗിലെ സി.പി.ചെറിയ മുഹമ്മദ് 9.50 % മാർജിനിൽ സിപിഎമ്മിലെ ലിന്റോ ജോസഫിനെ തോൽപിക്കുമെന്ന് എക്‌സിറ്റ് പോൾ.

വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തിൽ മുന്മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. 0.40 % മാർജിനിൽ സിറ്റിങ് എംഎ‍ൽഎ ഒ.ആർ.കേളുവിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ. വോട്ടുശതമാനം: യുഡിഎഫ് 40.10 %, എൽഡിഎഫ് 39.70 %, എൻഡിഎ 10.20%. കഴിഞ്ഞതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 0.90 % (1307 വോട്ട്) മാർജിനിലാണ് ഒ.ആർ.കേളു വിജയിച്ചത്.

സുൽത്താൻ ബത്തേരി 2016ലേക്കാൾ മികച്ച മാർജിനിൽ ഐ.സി.ബാലകൃഷ്ണൻ മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 12.60 %. യുഡിഎഫ് 51.00 എൽഡിഎഫ് 38.40, എൻഡിഎ 9.70 എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 6.51 % (11198 വോട്ട്). 2016ൽ സ്വതന്ത്രയായി മൽസരിച്ചപ്പോൾ 16.23 % വോട്ട് നേടിയ സി.കെ.ജാനു ഇത്തവണ എൻഡിഎ ഔദ്യോഗിക സ്ഥാനാർത്ഥിയായി എത്തിയപ്പോൾ വോട്ട് വിഹിതം 3.17 % കുറയുമെന്ന് എക്‌സിറ്റ് പോൾ.

കൽപറ്റയിൽ ടി.സിദ്ദിഖ് 8.70 ശതമാനം എന്ന മികച്ച മാർജിനിൽ എം വിശ്രേയാംസ് കുമാറിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 47.30 ശതമാനം, എൽഡിഎഫ് 38.60 ശതമാനം, എൻഡിഎ 7.90 ശതമാനം വോട്ടും നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ എം വിശ്രേയാംസ് കുമാറിനെ തോൽപ്പിച്ചത് 8.67 % (13083 വോട്ട്) ഭൂരിപക്ഷത്തിലാണ്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ ഫലം. എന്നാൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്നും എക്‌സിറ്റ് പോൾ സൂചന നൽകുന്നു. എൽഡിഎഫ് യുഡിഎഫിനേക്കാൾ 5.50 % വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 45.40%, യുഡിഎഫ് 39.90%, എൻഡിഎ 12.50%. 5.50% മാർജിനിൽ എൽഡിഎഫ് പയ്യന്നൂരിൽ നിലനിർത്തുമെന്നാണ് പ്രവചനം.
ഇടതുകോട്ടയായി കല്യാശേരി തുടരുമെന്നാണ് പ്രവചനം. 23.50% മാർജിനിൽ കല്യാശേരി എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 53.70%, യുഡിഎഫ് 30.20%, എൻഡിഎ 13.50% വോട്ടും നേടും. സിപിഎമ്മിലെ എം.വിജിൻ മികച്ച വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

തളിപ്പറമ്പിൽ എം വിഗോവിന്ദൻ 16.90% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൽഡിഎഫ് വോട്ട് ഇത്തവണയും 50 ശതമാനം കടക്കുമെന്നാണ് പ്രവചനം. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 50.60 ശതമാനം, യുഡിഎഫ് 37.70 ശതമാനം, എൻഡിഎ 10.70 ശതമാനം. കഴിഞ്ഞ നിയമസഭയിലെ മികച്ച സാമാജികരിലൊരാളായ ജെയിംസ് മാത്യു 2016ൽ 40617 വോട്ടിന് (25.39 %) ജയിച്ച മണ്ഡലം എൽ.ഡി.എഫ് വലിയ മാർജിനിൽ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ.

ഇരിക്കൂറിൽ കനത്ത പോരാട്ടം ആണ് പോൾ പ്രവചിക്കുന്നത്. ഇരിക്കൂർ എക്‌സിറ്റ് പോളിൽ യുഡിഎഫ് ലീഡ് പക്ഷേ 1.90 % മാത്രം. ശക്തമായ പോരാട്ടം കാഴ്ചവച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തുന്നു എന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. ബിജെപിക്കും വോട്ട് വർധന പ്രവചിക്കുന്നുണ്ട്. വോട്ടുശതമാനം; യുഡിഎഫ് 45.20%, എൽഡിഎഫ് 43.30 %, എൻഡിഎ 11.00 %. കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് 1.90 % വോട്ടിന് മുന്നിലെന്നാണ് പ്രവചനം.

അഴീക്കോട്ട് കെ.എം.ഷാജി നേരിടുന്നത് കനത്ത വെല്ലുവിളിയെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. പക്ഷേ വിയർത്തെങ്കിലും ഷാജി തന്നെ ജയിക്കുമെന്ന് പോൾ പ്രവചിക്കുന്നു. എക്‌സിറ്റ് പോളിൽ കെ.എം.ഷാജിയുടെ ലീഡ് 1.50% മാത്രമാണ്. അഴീക്കോട് എൽഡിഎഫ് വോട്ട് 2016ലേതിനെക്കാൾ കുറയുമെന്നും സൂചന നൽകുന്നു ഫലം. വോട്ടുശതമാനം: യുഡിഎഫ് 42.00 %, എൽഡിഎഫ് 40.50 %, എൻഡിഎ 14.30 % എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ മറ്റുള്ളവർ 3.20 ശതമാനം നേടും.

കണ്ണൂരിൽ സതീശൻ പാച്ചേനി അട്ടിമറി വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കുമേൽ സതീശൻ പാച്ചേനിക്ക് 3.60 % ലീഡുണ്ടാകും എന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 41.00 %, എൽഡിഎഫ് 37.40 %, എൻഡിഎ 14.60 %, മറ്റുള്ളവർ 7.00 ശതമാനം വോട്ടും നേടും. സതീശൻ പാച്ചേനി 3.60 % മാർജിനിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

ധർമ്മടത്ത് പിണറായി വിജയൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 55.10 %, യുഡിഎഫ് 34.20 %, എൻഡിഎ 8.90 ശതമാനം വോട്ടും നേടും. പിണറായി വിജയൻ 20.90 % മാർജിനിൽ വിജയമുറപ്പിക്കുന്നു. യുഡിഎഫ് വോട്ടിൽ വർധന കാണുന്നു. 2016ൽ പിണറായിയുടെ മാർജിൻ 24.02 % (36,905 വോട്ട്) ആണ്.

തലശേരിയിൽ എ.എൻ.ഷംസീർ വൻഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫ് 54.20 %, യുഡിഎഫ് 24.60 %, എൻഡിഎ 19.00 ശതമാനം എന്നിങ്ങനെയാണ് വോട്ടുനില പ്രവചിക്കുന്നത്. തലശേരിയിൽ സിപിഎം അപ്രമാദിത്വം തുടരും എന്ന് ചുരുക്കം. എ.എൻ.ഷംസീർ 29.60 % മാർജിനിൽ വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ.

കൂത്തുപറമ്പിൽ എൽഡിഎഫ് മുന്നിലെന്നാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. കെ.പി.മോഹനൻ 6.30% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. വോട്ടുനില ഇങ്ങനെയാണ്: എൽഡിഎഫ് 43.00%, യുഡിഎഫ് 36.70 %, എൻഡിഎ 15.90 ശതമാനം വോട്ടും നേടും. 6.30 % മാർജിനിൽ എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ വിശദീകരിക്കുന്നു.

മട്ടന്നൂരിൽ കെ.കെ.ശൈലജ മൽസരം നേരിടുന്നുവെന്നാണ് എക്‌സിറ്റ് പോൾ ഫലസൂചന. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 39.20 %, യുഡിഎഫ് 34.60%, എൻഡിഎ 15.70 ശതമാനം വോട്ടും നേടും. മട്ടന്നൂരിൽ കെ.കെ.ശൈലജയ്ക്ക് പ്രവചിക്കുന്ന മാർജിൻ 4.60 % മാത്രം.

പേരാവൂരിൽ മൽസരം ശക്തമെങ്കിലും യുഡിഎഫ് 3.90% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 45.70 %, എൽഡിഎഫ് 41.80 ശതമാനം, എൻഡിഎ 9.10 ശതമാനം വോട്ടും നേടുന്നു. 3.90 % മാർജിനിൽ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് മത്സരം കടുപ്പമെന്ന സൂചനയുമായാണ് ആദ്യഫലം. മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തിൽ എൻഡിഎ മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. യുഡിഎഫ് രണ്ടാമതും എൽഡിഎഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നൽകുന്നു.

മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ 35.90 ശതമാനം വോട്ട് നേടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം.അഷ്‌റഫ് 35.30 ശതമാനം വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി വി.വി.രമേശൻ 27.00 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. ശക്തമായ മൽസരം തന്നെയാണ് മഞ്ചേശ്വരത്തെന്നാണ് എക്‌സിറ്റ് പോൾ സൂചന.

കാസർകോട്ട് യുഡിഎഫ് തന്നെ ജയിക്കുമെന്ന് മനോരമന്യൂസ്‌വി എം.ആർ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളിൽ ലീഗ് ബിജെപിയെക്കാൾ 11.70% മുന്നിലെന്ന് എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു.

ഉദുമയിൽ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് അട്ടിമറിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ. 1.20 % വോട്ടിന് കോൺഗ്രസിലെ സി.ബാലകൃഷ്ണൻ സി.എച്ച് കുഞ്ഞമ്പുവിനെ മറികടക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സി.ബാലകൃഷ്ണൻ 43.40 ശതമാനം, എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.കുഞ്ഞമ്പു 42.20, എൻഡിഎ 12.70 എന്നിങ്ങനെയാണ് വോട്ടുനില.

കാഞ്ഞങ്ങാട്ട് എൽഡിഎഫ് നല്ല മാർജിനിൽ എൽഡിഎഫ് ജയിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ. മന്ത്രി ഇ.ചന്ദ്രശേഖരൻ മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ വിശദമാക്കുന്നു. മാർജിൻ 14.30. എൽഡിഎഫ് 47.60 %, യുഡിഎഫ് 33.30 ശതമാനം, എൻഡിഎ 16.20 ശതമാനം എന്നിങ്ങനെയാണ് വോട്ടുശതമാനം.

തൃക്കരിപ്പൂരിൽ പൊരിഞ്ഞ പോരെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. തൃക്കരിപ്പൂരിൽ എൽഡിഎഫ് 1.20 % മാർജിനിൽ മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 44.60 ശതമാനം, യുഡിഎഫ് 43.40, എൻഡിഎ 8.00 ശതമാനം. കെ.എം.മാണിയുടെ മരുമകൻ എംപി.ജോസഫ് ശക്തമായ മൽസരം കാഴ്ചവച്ചു.

കാസർകോട് ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിച്ചാൽ യുഡിഎഫ് 2, എൽഡിഎഫ് 2, എൻഡിഎ 1 എന്ന നിലയിലാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP