Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എളുപ്പമല്ല ഈ തിരഞ്ഞെടുപ്പ്! വാക്കുകൾക്ക് മൂർച്ച കൂട്ടി നരേന്ദ്ര മോദി; രാജീവ് ഗാന്ധിയുടെ മിസ്റ്റർ ക്ലീൻ പരിവേഷത്തിൽ കരിവാരിതേച്ച് ഭ്രഷ്ടാചാരി നമ്പർ വൺ പ്രയോഗം; അഞ്ചാം ഘട്ടത്തിലെ പോരിലും അജണ്ട നിശ്ചയിക്കുന്നത് മോദി തന്നെ; താൻ വെറും പപ്പുവല്ലെന്ന് തെളിയിച്ച് രാഹുലിന്റെ കൗശലം നിറഞ്ഞ മറുപടി ട്വീറ്റും; വാക്‌പോര് മുറുകുന്നത് ബിജെപിക്ക് ഈസി വാക്കോവറല്ലെന്ന സൂചന കിട്ടിയതോടെ; മുഖം തിരിച്ചുനിന്ന മായാവതി അമേഠിയിലും റായ്ബറേലിയിലും തുണയ്ക്കാനെത്തിയതോടെ ആശ്വാസത്തോടെ കോൺഗ്രസും

എളുപ്പമല്ല ഈ തിരഞ്ഞെടുപ്പ്! വാക്കുകൾക്ക് മൂർച്ച കൂട്ടി നരേന്ദ്ര മോദി; രാജീവ് ഗാന്ധിയുടെ മിസ്റ്റർ ക്ലീൻ പരിവേഷത്തിൽ കരിവാരിതേച്ച് ഭ്രഷ്ടാചാരി നമ്പർ വൺ പ്രയോഗം; അഞ്ചാം ഘട്ടത്തിലെ പോരിലും അജണ്ട നിശ്ചയിക്കുന്നത് മോദി തന്നെ; താൻ വെറും പപ്പുവല്ലെന്ന് തെളിയിച്ച് രാഹുലിന്റെ കൗശലം നിറഞ്ഞ മറുപടി ട്വീറ്റും; വാക്‌പോര് മുറുകുന്നത് ബിജെപിക്ക് ഈസി വാക്കോവറല്ലെന്ന സൂചന കിട്ടിയതോടെ; മുഖം തിരിച്ചുനിന്ന മായാവതി അമേഠിയിലും റായ്ബറേലിയിലും തുണയ്ക്കാനെത്തിയതോടെ ആശ്വാസത്തോടെ കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'നിങ്ങളുടെ അച്ഛന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായാണ്', രാഹുൽ ഗാന്ധിയെയും, കോൺഗ്രസിനെയും നിരായുധരാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോഗിച്ച ബ്രഹ്മാസ്ത്രം. രാജീവ് ഗാന്ധിയെ മോശക്കാരനായി ചിത്രീകരിക്കുക. തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് തൊട്ടുമുമ്പുള്ള മോദിയുടെ പരാമർശം സ്വാഭാവികമായും വിവാദമായി. യുപിയിലെ പ്രതാപ്ഗഡിലാണ് രാജീവ് ഗാന്ധിയെ മോദി ഭ്രഷ്ടാചാർ നമ്പർ 1 എന്ന് വിശേഷിപ്പിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ രാഹുൽ നിരന്തരം ആക്രമണം അഴിച്ചുവിടുന്നതിന്റെ തിരിച്ചടി കൂടിയായിരുന്നു ഈ പ്രയോഗം. അനുയായികൾ നിങ്ങളുടെ അച്ഛനെ മിസ്റ്റർ ക്ലീൻ എന്നുവിളിച്ചിരിക്കാം. എന്നാൽ, അദ്ദേഹത്തിന്റെ അന്ത്യം ഭ്രഷ്ടാചാരി നമ്പർ വണ്ണായിട്ടായിരുന്നുവെന്ന് പറയുമ്പോൾ അഴിമതിയുടെ കുന്തമുന കോൺഗ്രസിന് നേരേ തിരിക്കുകയാണ് മോദി.

രാഹുൽ വെറും പപ്പുവല്ല; പക്വതയുള്ള പ്രതികരണം

സമ്മർദ്ദങ്ങൾക്ക് നടുവിലും എതിരാളിക്ക് ഒരിഞ്ചുപോലും വിട്ടുകൊടുക്കാത്ത അന്തസ്സോടെയുള്ള പ്രതികരണം-അതാണ് യഥാർഥ നേതാവിനുള്ള ടെസ്റ്റ് ഡോസ്. താൻ പഴയ പപ്പുമോൻ അല്ലെന്ന് രാഹുൽ തന്റെ മറുപടി ട്വീറ്റിലൂടെ തെളിയിക്കുകയും ചെയതു. മോദി ജി, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. താങ്കളെ കുറിച്ചുള്ള സ്വയം തോന്നലുകൾ എന്റെ അച്ഛന് മേൽ ആരോപിച്ചതുകൊണ്ട് താങ്കൾ രക്ഷപ്പെടില്ല. എന്റെ എല്ലാ സ്‌നേഹവും. ഒപ്പം വലിയൊരു ആലിംഗനവും. ഇതായിരുന്നു രാഹുലിന്റെ ട്വീറ്റിലെ വാചകങ്ങൾ. തന്റെ അച്ഛനെ മോശക്കാരനാക്കാനുള്ള മോദിയുടെ ശ്രമം വിലപ്പോവില്ലെന്ന് രാഹുൽ വാക്കുകളിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഒരുരാഷ്ട്രീയ യുദ്ധമാണെന്നും അതിന്റെ പേരിൽ മുൻകാലങ്ങളിലെ പോലെ വ്യക്തിപരമായി ആക്രമിച്ചാലും തനിക്ക് എതിരാളിയോട് വിദ്വേഷമുണ്ടാവുകയില്ലെന്നും സൂചിപ്പിക്കുകയും ചെയ്യുന്നു.

ജൂലൈയിലെ ആലിംഗനത്തേക്കാൾ മാർക്ക്

കഴിഞ്ഞ വർഷം ജൂലൈയിലാണ് പാർലമെന്റിലെ ചർച്ചയ്ക്കിടെ രാഹുൽ മോദിയെ ആലിംഗനം ചെയ്തത്. അന്ന് അത് വെറും നാടകമാണെന്ന് ഭരണപക്ഷം പരിഹസിച്ചിരുന്നു. ആലിംഗനത്തിന് ശേഷം ജ്യോതിരാദ്യ സിന്ധ്യയെ നോക്കി കണ്ണിറുക്കി കാണിച്ചതോടെ ആലിംഗനം നാടകമാണെന്ന് ആരോപണത്തിന് ശക്തി കൈവരുകയും ചെയ്തു. എന്നാൽ, ഞായറാഴ്ചത്തെ പ്രതികരണം നേതാവെന്ന നിലയിൽ രാഹുൽ പക്വത നേടി എന്നതിന്റെ ഉദാഹരണം കൂടിയാണ്. മോദിയുടെ തന്നെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും തനിക്കും അനുകൂലമായി ഉപയോഗിക്കാനും രാഹുൽ പഠിച്ചിരിക്കുന്നു. ചൗക്കിധാർ ചോർ ഹൈ മുദ്രാവാക്യം ഇപ്പോൾ തന്റെ റാലികളിൽ മമത ബാനർജിയും പ്രയോഗിക്കുന്നുണ്ടെന്ന് ഓർക്കുക.

കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം

രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച നേതാവ് രാജീവ് ഗാന്ധിയെക്കുറിച്ച് തരംതാണ പരാമർശം നടത്തിയ മോദി പ്രധാനമന്ത്രിയുടെ കസേരയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രധാനമന്ത്രി പറഞ്ഞതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ? ബോഫോഴ്സ് കേസിൽ ഡൽഹി ഹൈക്കോടതി 2005 ൽ രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയതാണ്. അതിനെതിരെ സിബിഐ ഫയൽചെയ്ത ഹർജി സുപ്രീംകോടതിയും തള്ളി. പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ കേസിലാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊക്കെ കാണേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്ക് തുടർച്ചയായി ക്ലീൻചിറ്റ് നൽകിക്കൊണ്ടിരിക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു.

മോദിക്കുള്ള ക്ലീൻ ചിറ്റുകൾ ചർച്ചയാവുന്നു

തിരഞ്ഞെടുപ്പിൽ മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമാരോപിച്ച് പ്രതിപക്ഷം നൽകിയ പരാതികളിൽ ആറും തള്ളി ക്ലീൻ ചിറ്റ് നൽകിയതോടെ വിമർശനങ്ങൾ ഉയർന്നുതുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷനിൽ മോദിയുടെ ചില പ്രസംഗങ്ങളുടെ കാര്യത്തിൽ ചില അംഗങ്ങൾക്ക് എതിരഭിപ്രായമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കമ്മീഷന് നട്ടെല്ലില്ലെന്ന ആരോപണങ്ങളും ചില ചാനൽ ചർച്ചകളിൽ ഉയർന്നുകേട്ടു.
പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ക്ലീൻചിറ്റാണ്. മരിച്ച വ്യക്തിയെപ്പറ്റി പറയുമ്പോൾ സാമാന്യ മര്യാദ പാലിക്കണമെന്നാണ് എല്ലാ വിശ്വാസങ്ങളിലും പറയുന്നത്. അതുപോലും പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായില്ലെന്നും കെ.സി വേണുഗോപാൽ പറയുന്നു.

ബിജെപിക്ക് ഈസി വാക്കോവറല്ലെന്ന് തിരിച്ചറിവ്

പ്രധാനമന്ത്രിയുടെ സംസാരത്തിലെ മൂർച്ച തിരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവർ അല്ലെന്ന തിരിച്ചറിവുകൊണ്ടാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ആദ്യം കരുതിയതിനേക്കാൾ കടുപ്പമാണ് ഇത്തവണ മത്സരം. 'തീവ്രവാദികൾക്ക് സ്വൈരവിഹാരത്തിന് അനുമതി കൊടുക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും മത്സരിക്കുന്നത്. രാഹുൽ ഗാന്ധി തന്റെ അച്ഛന്റെ പാപങ്ങൾ ഓരോ ദിവസവും കഴുകി കൊണ്ടിരിക്കുകയാണ്.'-ഇങ്ങനെയുള്ള മോദിയുടെ പരാമർശങ്ങളും എതിരാളിയെ എങ്ങനെയെങ്കിലും ദുർബലനാക്കാനുള്ള സൈക്കോളജിക്കൽ മൂവാണ്.

ചുനാവി ഹിന്ദൂസ് എന്നുപരിഹസിച്ച് അരുൺ ജെയ്റ്റലിയും മോദിയുടെ പാത പിന്തുടർന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് പ്രിയങ്കയും രാഹുലുമൊക്കെ ക്ഷേത്രങ്ങളിൽ പോകുന്നതെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ കളിയാക്കൽ.

മായാവതിയുടെ മനംമാറ്റം

യുപിയിൽ ബിഎസ്‌പി-എസ്‌പി സഖ്യത്തിൽ നിന്ന് തന്നെ മാറ്റി നിർത്തിയ മായാവതിയുടെ മനം മാറ്റവും രാഹുലിന് അനുകൂലമാണ്. അഖിലേഷ് യാദവ് കോൺഗ്രസുമായി ചേർന്ന് മായാവതിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് മോദി ഇന്നലെ റാലിയിൽ പ്രസംഗിച്ചിരുന്നു,

. ഇതിന് മായാവതി തിരിച്ചടിച്ചത് ഇങ്ങനെ: ബിജെപി തിരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണ്. തന്റെ മാനം കാക്കാനാണ് എസ്‌പിെയയും ബിഎസ്‌പിയെയും മോദി ഭിന്നിപ്പിക്കാൻ നോക്കുന്നത്. അമേഠിയിലും റായ്ബറേലിയിലും കോൺഗസിനെ തുണയ്ക്കാൻ അനുയായികളോട് തുറന്ന ആഹ്വാനം നടത്തുകയും ചെയ്തു. രാഹുലിന് ഈ ഘട്ടത്തിൽ ചിരിക്കാൻ സഹായിക്കുന്നതും മായാവതിയുടെ വാക്കുകളുടെ കരുത്തുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP