Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളാരംകുത്തിയിലെ ചായക്കടയിൽ നിന്ന് അപ്പവും ചമ്മന്തിയും പ്രാതലാക്കി പ്രചാരണത്തുടക്കം; കോതമംഗലത്തേക്ക് പുറപ്പെടാൻ നിന്ന ബസ്സിലെ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം കൈകൊടുത്ത് മറ്റു കേന്ദ്രങ്ങളിലേക്ക്; ആന്റണി ജോൺ എംഎൽഎയ്‌ക്കൊപ്പം ആദിവാസി-കുടിയേറ്റ മേഖലയിൽ ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ് ജോയ്‌സ് ജോർജിന്റെ പര്യടനം

വെള്ളാരംകുത്തിയിലെ ചായക്കടയിൽ നിന്ന് അപ്പവും ചമ്മന്തിയും പ്രാതലാക്കി പ്രചാരണത്തുടക്കം; കോതമംഗലത്തേക്ക് പുറപ്പെടാൻ നിന്ന ബസ്സിലെ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം കൈകൊടുത്ത് മറ്റു കേന്ദ്രങ്ങളിലേക്ക്; ആന്റണി ജോൺ എംഎൽഎയ്‌ക്കൊപ്പം ആദിവാസി-കുടിയേറ്റ മേഖലയിൽ ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ് ജോയ്‌സ് ജോർജിന്റെ പര്യടനം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആദിവാസി -കുടിയേറ്റ മേഖലകളിൽ ജനഹൃദയം തൊട്ടറിഞ്ഞ് ഇടുക്കിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ: ജോയിസ് ജോർജ്ജിന്റെ പര്യടനം. രാവിലെ എട്ടു മണിയോടെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ വെള്ളാരം കുത്തിലെത്തിയ ജോയിസ് കാത്തു നിന്നിരുന്ന എൽഡിഎഫ് പ്രവർത്തകരും വോട്ടർമാരുമായി സംവദിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആന്റണി ജോൺ എംഎൽഎയും സ്ഥലത്തെത്തി. തുടർന്ന് ചായ കുടിക്കാം എന്നുള്ള എൽഡിഎഫ് നേതാക്കളുടെ ക്ഷണം സ്വീകരിച്ചു ഇരുവരും.

സ്ഥാനാർത്ഥിയും കൂടെ വന്ന ഏതാനും പേരും തൊട്ടടുത്ത ചായക്കടയിൽ കയറി. ഒരു അപ്പം മതിയെന്ന് നീട്ടി പറഞ്ഞതിനാൽ കൈ കഴുകിയെത്തിയപ്പോഴേയ്ക്കും ഒരു പ്ലേറ്റിൽ അപ്പവും മറ്റൊരു പ്ലേറ്റിൽ ചമ്മന്തിയും മേശപ്പുറത്തെത്തി. പിന്നാലെ ആവി പറക്കുന്ന കട്ടൻ ചായയും. എം എൽ എ യ്ക്കും കടക്കാരൻ അപ്പം എടുത്തെങ്കിലും വേണ്ടെന്നായി ആന്റണി ജോൺ.

ടി വി പരിപാടിയും കണ്ട് നിമിഷങ്ങൾ കൊണ്ട് അപ്പം അകത്താക്കി വീണ്ടും അപ്പം കൊണ്ടുവന്ന കടക്കാരനോട് നോ പറഞ്ഞ് തിരക്കിട്ട് കൈ കഴുകി വോട്ടർമാരെ കാണാനിറങ്ങി ജോയ്‌സ്. കോതമംഗലത്തേക്ക് പുറപ്പെടാൻ തയ്യാറായി കിടന്ന ബസ്സിലെ യാത്രക്കാർക്കും സമീപത്ത് കിടന്നിരുന്ന സ്‌കൂൾ ബസ്സിലെ ജീവനക്കാർക്കും ഇതുവഴി വന്ന വാഹനയാത്രക്കാർക്കുമെല്ലാം കൈ കൊടുത്ത് പ്രചരണം തുടങ്ങി സ്ഥാനാർത്ഥി.

വീണ്ടും വാഹനത്തിൽ കയറുന്നതിന് മുമ്പായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തന രംഗത്തെ മൂന്നേ റ്റത്തെകുറിച്ചും വിജയ പ്രതീക്ഷയെ കുറിച്ചും മറുനാടനോട് വിശദമായി പ്രതികരിച്ചു. കഴിഞ്ഞ തവണ അപരിചിതത്വമായിരുന്നു നേരിട്ട പ്രധാന വെല്ലുവിളിയെന്നും ഇക്കുറി കൂടുതൽ അനുകൂല ഘടകങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരി പക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം പ്രതികരണത്തിൽ വ്യക്തമാക്കി.

അടുത്ത പോയിന്റ് മണികണ്ടം ചാൽ ആയിരുന്നു. കാർ നിർത്തി പുറത്തിറങ്ങി വ്യാപാര സ്ഥാപനങ്ങളിൽ കയറി ഓരോരുത്തരെയും കണ്ട് സഹായം അഭ്യർത്ഥിച്ചായിരുന്നു യാത്ര. ബ്ലാവനയ്ക്കടുത്തെത്തിയപ്പോൾ സ്ഥാനാർത്ഥിയും എംഎൽഎയും കയറിയ കാർ പെട്ടെന്ന് ഇടത്തേയ്ക്കുള്ള വഴിയിലേയ്ക്ക് തിരിഞ്ഞു. അന്വേഷിച്ചപ്പോൾ പരിസരത്ത് രണ്ട് പേർ മരണപ്പെട്ടിട്ടുണ്ടെന്നും അവരുടെ വീടുകളിലേയ്ക്കാണ് യാത്രയെന്നും അറിഞ്ഞു. വീടുകളിൽ പരേതരുടെ ബന്ധുക്കളെ കണ്ട് അനുശോചനമറിയിച്ച ശേഷം വീണ്ടും പ്രധാന പാതയിലേയ്‌ക്കെത്തി യാത്ര തുടർന്നു .ഇടയ്ക്ക് പുയംകൂട്ടി പള്ളിയും സന്ദർശിച്ചു.

ബ്ലാവനയായിരുന്നു അടുത്ത പോയിന്റ്. സ്ഥാനാർത്ഥി എത്തുന്നതറിഞ്ഞ് എൽഡിഎഫ് പ്രവർത്തകരും പ്രദേശിക നേതാക്കളും ഇവിടെ കാത്തു നിന്നിരുന്നു. കുട്ടമ്പുഴയായിരുന്നു അടുത്ത ലക്ഷസ്ഥാനം. ബ്ലാവനയിൽ നിന്നും ഇവിടേയ്ക്കുള്ള യാത്രയ്ക്കിടയിൽ ആൾക്കൂട്ടം കണ്ടിടത്തെല്ലാം വാഹനം നിർത്തി സ്ഥാനാർത്ഥി വോട്ടു തേടി. കുട്ടമ്പുഴയിലെത്തിയപ്പോഴേയ്ക്കും സമയം പത്തരയോട് അടുത്തിരുന്നു. വെയിലിന് അസഹ്യമായ ചൂട്. പൂയംകൂട്ടി കവലയിൽ ഇറങ്ങിയ ശേഷം കവലയുടെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ കയറി പരിചയപ്പെടുത്തി മടങ്ങി.

ഇടയിൽ ആവശ്യങ്ങളുടെ പട്ടിക നിരത്തിയവരെ നെഞ്ചോട് ചേർത്ത് നിർത്തി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ജോയ്‌സ് ജോർജ്. സത്രപ്പടി, തട്ടേക്കാട്, പുന്നേക്കാട്, ഊഞ്ഞാപ്പാറ, നാടുകാണി, ചെങ്കര ,ഭുതത്താൻകെട്ട്, വടാട്ടുപാറ എന്നീ സ്ഥലങ്ങളിലും സ്ഥാനാർത്ഥി എത്തി. വീണ്ടും കോതമംഗലത്തേയ്ക്ക് മടക്കം. ചുട്ടുപൊള്ളും ഉച്ചവെയിൽ അല്പം വിശ്രമം. മൂന്നു മണിയോടെ സമീപ പ്രദേശങ്ങളിൽ ഒരു വട്ടം ചുറ്റികറങ്ങി ഇന്നത്തെ സന്ദർശന പരിപാടി അവസാനിപ്പിക്കുന്നതിനാണ് നേതാക്കൾ ലക്ഷ്യമിട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP