Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്ധ്രാപ്രദേശിൽ തിരഞ്ഞെടുപ്പ് ചൂട് കത്തി ജ്വലിക്കുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കിണഞ്ഞ് ശ്രമിച്ച് കോൺഗ്രസ്; തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും നേർക്കു നേരെ കൊമ്പു കോർക്കുമ്പോൾ ചെറിയ അടയാളമെങ്കിലും ആന്ധ്രയിൽ ഒറ്റയ്ക്ക് നിന്ന് സൃഷ്ടിച്ചെടുക്കാൻ ബിജെപി; തെലങ്കാന വിഭജനവും ചന്ദ്ര ബാബു നായിഡുവിന്റെ ഭരണത്തിലെ പാളിച്ചയും ജഗൻ മോഹന് തുണയാകുമെന്നും നിഗമനം; അധികാരം നിലനിർത്താൻ തെലുങ്ക് ദേശം പാർട്ടിയുടെ തീപ്പൊരി പ്രചാരണം

ആന്ധ്രാപ്രദേശിൽ തിരഞ്ഞെടുപ്പ് ചൂട് കത്തി ജ്വലിക്കുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കിണഞ്ഞ് ശ്രമിച്ച് കോൺഗ്രസ്; തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും നേർക്കു നേരെ കൊമ്പു കോർക്കുമ്പോൾ ചെറിയ അടയാളമെങ്കിലും ആന്ധ്രയിൽ ഒറ്റയ്ക്ക് നിന്ന് സൃഷ്ടിച്ചെടുക്കാൻ ബിജെപി; തെലങ്കാന വിഭജനവും ചന്ദ്ര ബാബു നായിഡുവിന്റെ ഭരണത്തിലെ പാളിച്ചയും ജഗൻ മോഹന് തുണയാകുമെന്നും നിഗമനം; അധികാരം നിലനിർത്താൻ തെലുങ്ക് ദേശം പാർട്ടിയുടെ തീപ്പൊരി പ്രചാരണം

മറുനാടൻ ഡെസ്‌ക്‌

അമരാവതി: രാജ്യം രണ്ട് ദേശീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന് വേദിയാകുമ്പോൾ ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും ചിത്രത്തിലേയില്ല. അത്തരം തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ആന്ധ്രാപ്രദേശ് ഇത്തവണ വേദിയാകുന്നത്. ആന്ധ്രയിൽ അധികാരം നിലനിർത്താനും പിടിച്ചെടുക്കാനുമായി പ്രാദേശിക പാർട്ടികളായ തെലുങ്ക് ദേശവും വൈഎസ്ആർ കോൺഗ്രസും നേർക്കുനേർ മത്സരിക്കുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാനായില്ലെങ്കിലും നില മെച്ചപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് കോൺഗ്രസ്. രാജ്യം ഭരിക്കുന്ന ബിജെപിയാകട്ടെ തങ്ങളുടെ സാന്നിധ്യമെങ്കിലും അടയാളപ്പെടുത്താനുള്ള നെട്ടോട്ടത്തിലും.

ഏപ്രിൽ 11 ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒന്നിച്ചാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്. നിലവിലെ ഭരണ കക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിക്ക് എതിരാളി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ആണ്. നിലവിൽ, 175 അംഗ നിയമസഭയിൽ 99 സീറ്റുകളുമായാണ് തെലുങ്ക് ദേശം ഭരിക്കുന്നത്. പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന് 66 സീറ്റുകളും ബിജെപിക്ക് മൂന്ന് സീറ്റുകളുമുണ്ട്. 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപത്തിയഞ്ച് ലോക്സഭാ സീറ്റിൽ പതിനഞ്ചിടത്ത് തെലുങ്ക് ദേശം പാർട്ടിയും എട്ടിടത്ത് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും രണ്ട് സീറ്റിൽ ബിജെപിയും ജയിച്ചുകയറി.

1998 ൽ 12 സീറ്റും 1999ൽ 29 സീറ്റും നേടിയ ടിഡിപി 2004 ൽ അഞ്ചും 2009 ൽ ആറും സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാന വിഭജനത്തെ തുടർന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയ സംസ്ഥാനത്ത് 2014 ൽ 15 സീറ്റുകൾ നേടിയാണ് ടിഡിപി കരുത്ത് തെളിയിച്ചത്. എന്നാൽ സംസ്ഥാന ഭരണത്തിനെതിരായ വികാരവും എൻഡിഎ മുന്നണിവിട്ടതും തെലുങ്ക് ദേശം പാർട്ടിയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ടിഡിപിയുടെ ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിന് ജഗന്മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് വലിയ ഭീഷണിയാണുയർത്തുന്നത്.

രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ജഗൻ സാധാരണക്കാരന്റെ പരിവേഷമിട്ടാണു ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്. തെലങ്കാന വിഭജനവും ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിലെ പാളിച്ചകളും ഇത്തവണ ജഗന് തുണയാകും. പുറത്തുവരുന്ന സർവ്വേ ഫലങ്ങളും ഈ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ മാർച്ച് 15 ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ശരീരപരിശോധനയിൽ നെറ്റിയിലും തലയ്ക്കു പിറകിലും തുടയിലും കൈത്തണ്ടയിലും മുറിവുകൾ കണ്ടതിനെ തുടർന്ന് സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ ആവശ്യം. വിവേകാനന്ദ റെഡ്ഡിയുടെ അസ്വാഭാവിക മരണത്തെ രാഷട്രീയ പ്രചരണായുധമാക്കുകയാണ് ജഗൻ.

2004 ലും 2009 ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ വലിയ മുന്നേറ്റം നടത്തിയ കോൺഗ്രസിന്റെ പതനം ദയനീയമായിരുന്നു. 1998ൽ 22 സീറ്റുകൾ നേടിയ കോൺഗ്രസ് 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. എന്നാൽ 2004 ൽ 29 സീറ്റും 2009 ൽ 33 സീറ്റും നേടി വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണവും 2013 ലെ സംസ്ഥാന വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാർട്ടിയെ തളർത്തി. ഫലം, 2014ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.

മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറിൽ വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നു രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈഎസ്ആർ കോൺഗ്രസിന്റെ പിറവിക്കു വഴിതെളിച്ചത്. ക്രമേണ ആന്ധ്രയിൽ ഒരുകാലത്ത് പ്രതാപത്തോടെ വാണ കോൺഗ്രസ് വിസ്മൃതിയിലേക്ക് സ്വയം ചുരുങ്ങുകയായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. മുന്മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുൾപ്പെടെ ചിലർ പാർട്ടിയിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷമൊടുവിൽ തെലങ്കാനയിൽ ടിഡിപിയുമായി നടത്തിയ സഖ്യപരീക്ഷണം അമ്പേ പരാജയപ്പെട്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യനീക്കത്തിൽ നിന്നു പിന്മാറി. ഇതോടെ ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ബിജെപി എന്നിവർക്കെതിരെ മൽസരിച്ച് കരുത്തുതെളിയിക്കേണ്ട അവസ്ഥയിലാണ് ആന്ധ്രയിലെ കോൺഗ്രസ്.

നിലവിലെ ഭരണകക്ഷിയായ ടിഡിപിയുമായുള്ള സഖ്യത്തിലൂടെയാണ് ബിജെപി ഏറെ കാലമായി സംസ്ഥാനത്തു സാന്നിധ്യം അറിയിച്ചിരുന്നത്. 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ ജയിച്ച ബിജെപി 1999 ൽ ഏഴു സീറ്റുകളിൽ ജയിച്ച് നില മെച്ചപ്പെടുത്തി. എന്നാൽ 2004 ലും 2009 ലും ഒരു സീറ്റു പോലും നേടാനായില്ല. 2014 ൽ മോദി തരംഗത്തിലും രണ്ടു സീറ്റിൽ മാത്രമാണ് ബിജെപിക്കു ജയിക്കാനായത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപി പക്ഷേ സംസ്ഥാനത്ത് ഒരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ല.

പടനയിച്ച് ജഗൻ

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ് വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി. മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറിൽ വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നു രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈഎസ്ആർ കോൺഗ്രസിന്റെ പിറവിക്കു വഴിതെളിച്ചത്. മുഖ്യമന്ത്രി പദത്തിനായി രാജശേഖര റെഡ്ഡിയുടെ മകൻ ജഗന്മോഹൻ റെഡ്ഡി ഉന്നയിച്ച അവകാശവാദം തള്ളിയ കോൺഗ്രസ്, ധനകാര്യമന്ത്രി കെ. റോസയ്യയെ മുഖ്യമന്ത്രിയാക്കി. വൈകാതെ 2011ൽ പുതിയ പാർട്ടി രൂപീകരിച്ച ജഗന്മോഹൻ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ നേടി കരുത്തുതെളിയിച്ചു. സജീവ പ്രവർത്തനങ്ങളുമായി സദാസമയം ജഗന്മോഹൻ ജനങ്ങൾക്കിടയിലുണ്ട്. സാധാരണക്കാരനായ രാഷ്ട്രീയക്കാരൻ എന്ന ഇമേജ് സൃഷ്ടിക്കുന്നതിനും ഈ 46 കാരന് കഴിഞ്ഞിട്ടുണ്ട്.

ജഗന്മോഹൻ റെഡ്ഡിക്ക് 375 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. എന്നാൽ ഇത്രയും രൂപയുടെ ആസ്തി ഉണ്ടായിട്ടും സ്വന്തമായി ഒരു വാഹനം പോലും ഇല്ലാത്തയാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 339 കോടി രൂപയുടെ ജംഗമസ്വത്താണ് ജഗൻ മോഹനുള്ളത്. സ്ഥാവരസ്വത്തിനത്തിൽ സ്വന്തമായുള്ളത് 35 കോടി രൂപയുടെ ആസ്തിയും. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 343 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ജഗന്റെ ഭാര്യയും ബിസിനസ്സുകാരിയുമായ ഭാരതി റെഡ്ഡിക്ക് 124 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് പെൺമക്കളാണ് ഈ ദമ്പതിമാർക്കുള്ളത്. അവരുടെ പേരിലുള്ളത് 11 കോടി രൂപയുടെ സ്വത്താണ്. സ്വന്തം പേരിൽ ജഗന്മോഹൻ റെഡ്ഡിക്ക് വാഹനങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാല് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെയും ഉടമസ്ഥർ മറ്റുള്ളവരാണ്. തന്റെ പേരിൽ 31 ക്രിമിനൽ കേസുകളുണ്ടെന്നും ജഗന്മോഹൻ റെഡ്ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഈ കേസുകളിലൊന്നും ജഗന്മോഹൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആന്ധ്രപ്രദേശിലെ പുലിവെന്തുല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജഗൻ മോഹൻ റെഡ്ഡി ജനവിധി തേടുന്നത്.

പിടിച്ചുനിൽക്കാനാകുമോ ഇന്ത്യൻ സിലിക്കൺവാലിയുടെ ശില്പിക്ക്

ഹൈദരാബാദിനെ ഇന്ത്യയുടെ സിലിക്കൺവാലി എന്ന പദവിയിലേക്കെത്തിച്ച ചന്ദ്രബാബു നായിഡുവിന് പക്ഷേ ഇക്കുറി ആന്ധ്രയിൽ കാലിടറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ഭരണത്തിനെതിരായ ജനരോഷവും ജഗന്മോഹൻ റെഡ്ഡിയുടെ ജനപിന്തുണയുമാണ് ചന്ദ്രബാബു നായിഡുവിന് തലവേദനയാകുന്നത്. 1994 മുതൽ 2004വരെയും പിന്നീട് 2014 മുതലും ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു. ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന 1994 മുതൽ 2004 വരെയുള്ള 10 വർഷം കൊണ്ടാണ് ഐടി വ്യവസായത്തിന്റെ കേന്ദ്രമായി ഹൈദരാബാദ് മാറുന്നത്.

യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്ട്രീയത്തിലെത്തിയ ചന്ദ്രബാബു നായിഡു 1978ൽകോൺഗ്രസ് ടിക്കറ്റിൽ ചന്ദ്രഗിരി മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുകയും മന്ത്രിയാകുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു 28കാരനായ ചന്ദ്രബാബു നായിഡു. 1982ൽ എൻടിആർ തെലുങ്ക് ദേശം പാർട്ടി രൂപീകരിച്ചതിന് ശേഷം നടന്ന 1983ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രഗിരിയിൽ തെലുങ്ക് ദേശം സ്ഥാനാർത്ഥിയോട് തോറ്റതിനെ തുടർന്നാണ് അദ്ദേഹം തെലുങ്ക് ദേശം പാർട്ടിയിൽ ചേരുന്നത്. തുടർന്നിങ്ങോട്ട് തെലുങ്ക് ദേശത്തിന്റെയും ആന്ധ്രയുടെയും ചന്ദ്രബാബു നായിഡുവിന്റെയും ചരിത്രം പരസ്പരം ഇഴചേർന്നു കിടക്കുന്നതായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP