Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റമദാൻ നോമ്പിന് മുമ്പേ ഒറ്റ ഘട്ട വോട്ടെടുപ്പ്; ഏപ്രിൽ രണ്ടാം ആഴ്ച മലയാളികളെ പോളിങ് ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ധാരണ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വരുന്നത് ഒരുക്കം വിലയിരുത്താൻ; ഫെബ്രുവരി 20ന് ശേഷം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തീയതി പ്രഖ്യാപിക്കും

റമദാൻ നോമ്പിന് മുമ്പേ ഒറ്റ ഘട്ട വോട്ടെടുപ്പ്; ഏപ്രിൽ രണ്ടാം ആഴ്ച മലയാളികളെ പോളിങ് ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ധാരണ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വരുന്നത് ഒരുക്കം വിലയിരുത്താൻ; ഫെബ്രുവരി 20ന് ശേഷം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തീയതി പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ ഫെബ്രുവരി അവസാന ആഴ്ചയാകും പ്രഖ്യാപനം എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏപ്രിലിൽ കേരളത്തിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഉത്സവങ്ങളും പരീക്ഷകളും കാലാവസ്ഥും എല്ലാം പരിഗണിച്ചാകും തീരുമാനം.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷൻ 12നു തിരുവനന്തപുരത്തെത്തും. 15 വരെ ഇവിടെ തങ്ങും. ഉദ്യോഗസ്ഥരുമായും കക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇവർ മടങ്ങുന്നതിനു പിന്നാലെ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കുമെന്നാണു സൂചന. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കാനാണ് സാധ്യത. ഏപ്രിൽ 15നകം കേരളത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസറായ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു.

റമദാൻ നോമ്പ് തുടങ്ങുന്നതിനാൽ ഏപ്രിൽ 15നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്. ബംഗാൾ, ആസ്സാം, സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ടം തെരഞ്ഞെടുപ്പ്. സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാർട്ടികളും വേഗത്തിൽ കടക്കും. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ കേരളം പോളിംങ് ബൂത്തിലേക്ക് പോകുമെന്ന സൂചനയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ നൽകിയത്. എന്നാൽ അന്തിമ തീരുമാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും എടുക്കുക.

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചിട്ടുണ്ട് . ആകെ 2.67 കോടി വോട്ടർമാർ. സ്ത്രീവോട്ടർമാർ 1,37,79263, പുരുഷവോട്ടർമാർ 10295202. ട്രാൻസ് ജെൻണ്ടർ വോട്ടർമാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് 32,14943 പേർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ വോട്ടർമാർ കോഴിക്കോടാണ്. 2.99 ലക്ഷം കന്നി വോട്ടർമാരുണ്ട്. കൂടുതൽ പേരുള്ളത് കോഴിക്കോട്.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1000 വോട്ടർമാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനിൽ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്. 15,730 പോളിങ് സ്റ്റേഷനുകൾകൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി. വോട്ടർപട്ടികയിൽ വരാത്തവർക്ക് അപേക്ഷിക്കാൻ ഇനിയും അവസരം ഉണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനു 10 ദിവസം മുൻപുവരെ അപേക്ഷിക്കാം. അങ്ങനെ കേരളത്തിൽ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവർത്തനമെല്ലാം പൂർത്തിയായിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താൻ എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യെല്ലാം വിലയിരുത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും 15 വരെ കേരളത്തിൽ ഉണ്ടാകും. 12നു രാത്രി തിരുവനന്തപുരത്ത് എത്തുന്ന സംഘം 13നു 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, പൊലീസ് നോഡൽ ഓഫിസർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 11നു രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച.

വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരുമായും എസ്‌പിമാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയം നടത്തും. 14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി വീണ്ടും ചർച്ച. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് 5നു മാധ്യമപ്രവർത്തകരെ കാണും. 15നു രാവിലെ സംഘം മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP